യു എ ഇ യിലെ ഞങ്ങളുടെ അൽ ഐൻ പള്ളി പ്രാർത്ഥന ഗ്രൂപ്പിലേക്ക് പ്രാർത്ഥനാ സഹായത്തിനായി ഒരു വിളി വന്നു. ദുബായ് ഗിസൈസ് പ്രാർത്ഥനാ ഗ്രൂപ്പിൽ നിന്ന് സണ്ണിച്ചേട്ടനാണ്. സണ്ണിച്ചേട്ടൻ ദുബായ് മേഖലയിൽ കുറേ വർഷങ്ങളായി തീക്ഷ്ണമായി ശുശ്രൂഷ ചെയ്യുന്ന വ്യക്തിയാണ്. പ്രത്യേകിച്ച് ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് സുവിശേഷ വേല ചെയ്യുന്നു . ഇത്തവണ അല്പം പ്രായമുള്ള ഒരു അക്രൈസ്തവ ലേഡി ഡോക്ടർക്ക് വേണ്ടിയാണ് വിളിച്ചത്. ഭാര്യയും ഭർത്താവും ഡോക്ടർമാരാണ്. രണ്ടു പേരും വളരേ പ്രശസ്ഥരായ ഡോക്ടർമാർ. ലേഡി ഡോക്ടറുടെ നമ്പറാണ് വിളിക്കുവാൻ വേണ്ടി തന്നിരുന്നത്. ഞങ്ങൾ ആ കുടുംബത്തിനു വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കുവാൻ ആരംഭിച്ചു. അടുത്ത ദിവസം ഞാൻ ലേഡി ഡോക്ടറെ വിളിച്ചു. കുറച്ചു സമയം സംസാരിച്ചു. ഡോക്ടറുടെ സംസാരത്തിൽ എന്തൊക്കെയോ താളപ്പിഴകൾ ഉണ്ട് എന്ന് ദൈവം തോന്നിപ്പിച്ചു. ഒരുപാടു കാര്യങ്ങൾ ഒളിപ്പിക്കുന്ന പ്രകൃതി. അവർ അജ്മാനിൽ വളരേ പ്രശസ്തയായ ഒരു ശിശുരോഗ വിദഗ്ദയാണ് (Pediatrician). ഫോണിലെ സംസാരത്തിനു ശേഷം പ്രാർത്ഥിക്കാനിരുന്നപ്പോൾ എന്തോ അപകടം സംഭവിക്കുവാൻ പോകുന്നു എന്നൊരു തോന്നൽ എന്റെ മനസ്സിൽ വരാൻ തുടങ്ങി. എത്രയും വേഗം പ്രതികരിക്കണമെന്നും .ഞാൻ ഉടനെ നാട്ടിലെ എന്റെ എൽഡറായ സിസ്റ്റർ മാർഗരറ്റ് MSMI യെ കുളത്തു വയൽ NRC യിലേക്ക് വിളിച്ച് ലേഡി ഡോക്ടറുടെ സംസാരത്തെയും എന്റെ മനസ്സിൽ ഡോക്ടർക്ക് എന്തോ അപകടം സംഭവിക്കുവാൻ പോകുന്ന ചിന്തകളും പങ്കു വെച്ചു. അല്പ സമയം ഒരുമിച്ചു ഫോണിലൂടെ പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുമ്പോൾ സിസ്റ്റർക്ക് ദൈവം കൃത്യമായ സന്ദേശം നല്കി. സിസ്റ്റർ ഉടൻ പറഞ്ഞു "വിൻസെന്റ് ഉടൻ ഡോക്ടറോട് വിളിച്ചു പറയുക - ലേഡി ഡോക്ടർ ആത്മഹത്യ ചെയ്യുവാൻ വേണ്ടി മേശയിൽ കരുതി വെച്ചിരിക്കുന്ന സിറിഞ്ചും വിഷക്കുപ്പിയും ദൈവം കണ്ടിരിക്കുന്നു. അവ ഇപ്പോൾ തന്നെ എടുത്ത് കളയുവാൻ ആവശ്യപ്പെടുക.. ദൈവം ഡോക്ടറുടെ ജീവിതത്തിൽ ഇടപെടുവാൻ പോകുന്നു എന്ന്". ഞാൻ ഉടനെ അജ്മാനിലുള്ള ലേഡീ ഡോക്ടർക്ക് വിളിച്ച് ഭയത്തോടെ ദൈവീക സന്ദേശം അറിയിച്ചു. സന്ദേശം കേട്ട ഉടനെ ഡോക്ടറുടെ ശബ്ദത്തിൽ മാറ്റം വന്നു.ഡോക്ടർ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു - ഞാൻ നാളെ കാലത്ത് ആത്മഹത്യ ചെയ്യുവാൻ വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന സിറിഞ്ചാണത്. എന്റെ ഭർത്താവിനു പോലും ഇക്കാര്യമറിയില്ല. എല്ലാമറിയുന്ന സത്യദൈവത്തെ ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു. ഇനി ആത്മഹത്യ ചെയ്യുകയില്ലെന്ന് എന്നോട് ഉറപ്പു തന്നു. ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു - തക്ക സമയത്ത് ഇടപെട്ടതിനെ ഓർത്ത്. പിന്നീട് ഞാൻ അവരുടെ വീട്ടിൽ പ്രാർത്ഥിക്കുവാൻ ചെന്നപ്പോഴാണ് ഡോക്ട്റിൽ നിന്നും കൂടുതൽ കഥകൾ അറിഞ്ഞത്. നാട്ടിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങുവാനുള്ള ഒരുക്കത്തിലാണ് ഭാര്യ ഭർത്താവും കൂടി ഒരുക്കങ്ങൾ ആരംഭിച്ചത്. രണ്ടു പേരും വളരേ അറിയപ്പെടുന്നവരായിരുന്നതിനാൽ ധാരാളം സുഹൃത്തുക്കൾ ആശുപത്രിയുടെ ഷെയർ എടുക്കുവാൻ തയ്യാറായി. ധാരാളം പണം ഷെയറുകളായി അവർക്കു ലഭിച്ചു. നാട്ടിൽ വലിയ തോതിൽ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. പക്ഷേ സ്ഥാപനത്തിന്റെ നിർമ്മാണം നിയമത്തിന്റെ പല നൂലാമാലകളിൽ കുടുങ്ങി നിന്നു. പ്രതീക്ഷിച്ച സമയത്തിന് സ്ഥാപനം തുടങ്ങുവാൻ കഴിഞ്ഞില്ല. അതോടു കൂടി വലിയ തുകക്ക് ഷെയർ എടുത്തവർ പണം തിരികെ ചോദിക്കുവാൻ തുടങ്ങി. ഉറപ്പിന് ധാരാളം പേർക്ക് ബാങ്ക് ചെക്കുകൾ കൊടുത്തിരുന്നു. പണമില്ലാതെ ചെക്കുകൾ മടങ്ങിയതോടു കൂടി ആകെ നില്ക്കക്കള്ളിയില്ലാത്ത സ്ഥിതിയായി. യു എ ഇയിൽ ചെക്കുകൾ മടങ്ങിയാൽ ഉടനെ അത് കർശന നിയമ നടപടികളിലേക്ക് കടക്കും. പോലീസ് ഏതു നിമിഷവും അവരെ അവസ്ഥയായി അറസ്റ്റു ചെയ്യുമെന്ന അവസ്ഥയായി . ഭർത്താവ് ഗവ. സർവ്വീസിലായതിനാൽ ഭാര്യയുടെ ചെക്കുകളാണ് ഈടായി എല്ലാവർക്കും കൊടുത്തിരുന്നത്. അവരുടെ അഭിമാനം നഷ്ടപ്പെട്ടു. ഈ കഥകൾ മലയാളികൾ എല്ലാവരും അറിഞ്ഞു പെരുപ്പിച്ചു വലുതാക്കി.അതിനിടെ ഭർത്താവ് നാട്ടിലെത്തി. അതോടു കൂടി പണം ലഭിക്കാനുള്ളവർ ലേഡീ ഡോക്ടറെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങി. ആ അവസ്ഥയിലാണ് അവർ ആത്മഹത്യക്ക് ഒരുങ്ങിയത്. . ഈ ഒളിപ്പിച്ചു വെച്ച സിറിഞ്ചിനെക്കുറിച്ചു പറഞ്ഞപ്പോൾ അവർ ദൈവത്തിൽ വിശ്വസിച്ചു - പ്രാർത്ഥിക്കാനാരംഭിച്ചു. പിന്നീട് അത്ഭുതകരമായ ദൈവത്തിന്റെ ഇടപെടലാണ് കണ്ടത്. പതുക്കെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നവരുടെ ഭാഗത്ത് നിന്ന് ഭീഷണികൾ കുറയുവാൻ തുടങ്ങി. പല പുതിയ നല്ല സുഹൃത്തുക്കളെ ദൈവം നല്കി സഹായിച്ചു. ആരും കൂടെയില്ല എന്ന ചിന്തകൾ മാറി പ്രത്യാശയോടെ അവർ നീങ്ങി. താമസിയാതെ ലേഡി ഡോക്ടറെ ദൈവം ഒരു പ്രശ്നങ്ങളുമില്ലാതെ നാട്ടിലെത്തിച്ചു. നാട്ടിലെത്തിയപ്പോൾ അവർ ആദ്യം കാണുവാൻ പോയത്, അവർക്ക് കൃത്യമായി സന്ദേശം നൽകിയ കുളത്തു വയൽ NRC യിലെ യശ:ശരീരനായ മോൺ. C J വർക്കിയച്ചനേയും, സിസ്റ്റർ മാർഗരറ്റിനേയും ആയിരുന്നു. ആ യാത്രയോടു കൂടി ആ ദമ്പതിമാരുടെ ബോധ്യങ്ങളിൽ ദൈവം ഇടപെടുവാൻ തുടങ്ങി. ആ അശുപത്രി നിർമ്മാണം ദൈവഹിത പ്രകാരമായിരുന്നില്ല എന്ന ബോധ്യം അവർക്കു ലഭിച്ചു. അവർ ആശുപത്രി നിർമ്മാണം നിറുത്തി വെച്ചു.. നാം എവിടെ എന്ത് ഒളിപ്പിച്ചു വെച്ചാലും അത് ദൈവത്തിനു കാണാം. ഭൂമിയിലെ ആരെ വേണമെങ്കിലും നമുക്ക് വിദഗ്ദമായി കബളിപ്പിക്കാം. ഏതു പാപങ്ങളും മൂടി വെച്ച് മറ്റുള്ളവരുടെ മുമ്പിൽ വലിയ വരും നന്മയുള്ളവരാകാം. എന്നാൽ ദൈവത്തിന്റെ മുമ്പിൽ മാത്രം അതിനു കഴിയുകയില്ല എന്നോർക്കുക. . മനുഷ്യനെമാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു;കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല;അവിടുന്ന് മനുഷ്യന്റെ എല്ലാ മാര്‍ഗങ്ങളും നിരീക്‌ഷിക്കുകയും നിഗൂഢസ്‌ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. പ്രഭാഷകന്‍ 23 : 19. നമുക്ക് മനുഷ്യരെ ഭയപ്പെടാതെ ദൈവത്തെ ഭയപ്പെടുന്നവരാകാം. നമ്മുടെ ഹൃദയ രഹസ്യങ്ങൾ പോലും അവിടത്തെ മുമ്പിൽ തുറന്നാണിരിക്കുന്നത് എന്ന ചിന്ത ഏതു പ്രവർത്തി ചെയ്യുമ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ.. പ്രാർത്ഥന: കർത്താവേ എന്റെ സകല ഹൃദയ രഹസ്യങ്ങളും അറിയുന്നവനേ അങ്ങയുടെ മുമ്പിൽ വിശുദ്ധിയോടെ ജീവിക്കുവാൻ ഞങ്ങൾക്ക് കൃപ തരേണണമേ . ആമേൻ
Jaison J Chirayath
2nd of July 2023
"Great Vincent chettan"