ഞാൻ ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഒത്തിരി പ്രാർത്ഥിച്ചിട്ടും ആഗ്രഹിച്ചിട്ടുമാണ് ആ ജോലിയിൽ പ്രവേശിച്ചത്. 22 കൊല്ലവും ഞാൻ ജോലി ചെയ്തത് ഒമാനിലെ ഒരു ഉൾപ്രദേശത്തായിരുന്നു. ഉൾപ്രദേശത്തായതിനാൽ ഒന്ന് ദേവാലയത്തിൽ വരിക എന്നത് വളരേ പ്രയാസകരമായിരുന്നു. നൂറു കിലോമീറ്ററോളം യാത്ര ചെയ്താണ് ഓരോ ദിവസത്തേയും കുർബ്ബാനക്ക് പോയിരുന്നത്. ആ കാലഘട്ടത്തിലും പ്രാർത്ഥന ഗ്രൂപ്പുകളിലും വചന പ്രഘോഷണ ശുശ്രൂഷയിലും ദൈവാനുഗ്രഹത്താൽ സജീവമായിരുന്നു. എന്നും പ്രാർത്ഥിക്കുമായിരുന്നു ദേവാലയത്തിനടുത്തുള്ള ഓഫീസിലേക്ക് ജോലി മാറ്റം വേണമെന്ന്. ഞങ്ങളുടെ കമ്പനി റീജിയണൽ ഓഫീസ് ദുബായിൽ ആയിരുന്നു. എൻ്റെ ശുശ്രൂഷ അധികവും യു എ ഇ ലെ അലൈൻ എന്ന സ്ഥലത്തും ദുബായി ഭാഗത്തുമായിരുന്നു. അലൈൻ അടുത്ത സ്ഥലമാണെങ്കിലും കമ്പനിക്ക് ഓഫീസില്ല. അങ്ങിനെ ഒരിക്കലും ചിന്തിക്കാത്ത സമയത്താണ് പ്രൊമോഷനോടു കൂടി ദുബായ് റീജിയണൽ ഓഫീസിൽ എത്തുന്നത്. ഒഴിവു സമയങ്ങളിലെല്ലാം ദേവാലയത്തിലും ശുശ്രൂഷക്കും പോകും. ടൗണിലായതുകൊണ്ട് കുടുംബവും എത്തിച്ചേർന്നു. ജീവിതം വളരേ ശാന്തമായി ഒഴുകുവാൻ തുടങ്ങി. ആ ഇടയ്ക്കാണ് എൻ്റെ അപ്പച്ചന് അൾഷിമേഴ്സ് രോഗം പിടിപ്പെടുന്നത്. പല ഡോക്ടർമാർ ചികിത്സിച്ചെങ്കിലും കാര്യമായ മാറ്റം വന്നില്ല. വളരെ ശാന്ത പ്രകൃതിയായിരുന്ന അപ്പച്ചൻ കോപ പ്രകൃതിയിലേക്ക് മാറി. പരിചരിക്കുവാൻ വളരെ ബുദ്ധിമുട്ടായി. അമ്മയെ ബദ്ധശത്രുവിനെ കാണുന്നതുപോലെയായി. രാത്രിയും പകലും ഒരേ പോലെ ബഹളമായിരുന്നു . കൂടാതെ മലമൂത്രവിസർജനത്തിനു നിയന്ത്രണമില്ലാതെയായി. പാഡ് കെട്ടുവാനും അനുവദിക്കില്ല. ഞാൻ ആകെ ധർമ്മസങ്കടത്തിലായി. എനിക്ക് സഹോദരന്മാരില്ല. സഹോദരിമാർ അവർക്ക് ആവും വിധം സഹായിച്ചു തന്നിരുന്നു. അതിനു പരിമിധി ഉണ്ടല്ലോ. ഞങ്ങൾ തീക്ഷ്ണമായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു - ദൈവം ആഗ്രഹിക്കുന്ന ഒരു തീരുമാനത്തിന്. മേലധികാരികളെല്ലാം എൻ്റെ അടുത്ത സുഹൃത്തുക്കളും വിദേശികളുമാണ്. അവർ ഒരു Male നഴ്സിനെ അപ്പച്ചൻ്റെ കൂടെ നിറുത്തുവാനാണ് ഉപദേശിച്ചത്. ഇത്രയും നല്ലൊരു ജോലി കളയരുതെന്നാണ് ബന്ധുക്കളും പ്രാർത്ഥനാ ഗ്രൂപ്പിലെ കൂട്ടുകാരും ഉപദേശിച്ചത്. ഇനിയുള്ള പ്രമോഷനുകളെല്ലാം പെട്ടന്നു ലഭിക്കുമെന്ന് എനിക്കറിയാം. ഞാൻ ജീവിതത്തിലെ സുരക്ഷിതമായ അവസ്ഥയിലുമാണ്. എന്നാൽ എൻ്റെ ഈശോ എൻ്റെ എൽഡറിലൂടെ ജോലി രാജിവെച്ച് അപ്പച്ചനെ ശുശ്രൂഷിക്കാനാണ് നിർദ്ദേശിച്ചത്. ഞാനും എൻ്റെ ഭാര്യയും പ്രാർത്ഥനാപൂർവ്വം ഈ നിർദേശം സ്വീകരിച്ച് VRS എടുത്ത് നാട്ടിലേക്ക് പോരുവാൻ തീരുമാനിച്ചു. എൻ്റെ തീരുമാനം ആനമണ്ടത്തരമാണ് എന്ന് എല്ലാവരും പറഞ്ഞു. നാട്ടിലെത്തിയപ്പോൾ ഞങ്ങൾ എടുത്ത തീരുമാനം ശരിയാണെന്ന് മനസ്സിലായി. അപ്പച്ചൻ കൂടുതൽ മോശമായ അവസ്ഥയായി. വീട്ടിൽ നിന്നിരുന്ന ജോലിക്കാരി ഞങ്ങൾ വന്നതിൻ്റെ അടുത്ത ദിവസം പണി ഉപേക്ഷിച്ചു പോയി. എൻ്റെ ഭാര്യ നാട്ടിൽ വന്നപ്പോൾ ലീവ് ക്യാൻസൽ ചെയ്ത് ജോലിയിൽ തിരികെ പ്രവേശിച്ചു.അപ്പച്ചൻ്റെ ശുശ്രൂഷ മുഴുവൻ ഞാൻ ഏറ്റെടുത്തു. വീട്ടിൽ ഇറങ്ങിപ്പോകുന്ന ഒരു പ്രകൃതി കൂടി വന്നപ്പോൾ ഗേറ്റ് പൂട്ടിയിടേണ്ട അവസ്ഥയായി. മലമൂത്ര വിസർജനം നടന്നും കട്ടിളിലുമായി. കാലത്തു മുറിയെല്ലാം വൃത്തിയാക്കണം. അപ്പച്ചനെ കുളിപ്പിക്കണം. എപ്പോഴും നടന്നു മൂത്രമൊഴിക്കും. പാഡ് ധരിക്കുവാൻ സമ്മതിക്കുകയില്ല.അതിനാൽ ഡ്രസും എപ്പോഴും മാറ്റണം. ഞാൻ വീട്ടിൽ വന്നപ്പോൾ അപ്പച്ചൻ ശാന്തനായി. എന്നെ ചേട്ടൻ എന്നാണ് വിളിക്കുക. ആരു എന്തു ചോദിച്ചാലും ചേട്ടനോട് ചോദിച്ചു ചെയ്യണമെന്നാണു പറയുക. അമ്മയും അതേ പ്രായമായതിനാൽ ഒന്നും ചെയ്തു കൊടുക്കുവാൻ സാധിക്കുന്ന അവസ്ഥയുമല്ല. ഉച്ചതിരിഞ്ഞാൽ എൻ്റെ കൈക്ക് പിടിച്ച് മുറ്റത്ത് നടക്കും. ഇടക്കു പുറത്തുപോയി ചായ കുടിക്കണമെന്ന് പറയും. അപ്പച്ചൻ്റെ ആവശ്യങ്ങൾക്കായി ഒരു നാനോ കാർ വാങ്ങി. സീറ്റ് ഉയരമുള്ളതിനാൽ അപ്പച്ചന് അതിൽ കയറുവാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചായ കുടിക്കുവാനും, ഡോക്ടറെ കാണുവാനും ബാർബർ ഷാപ്പിലുമൊക്കെ ഞങ്ങൾ ആ കാറിൽ പോകും. സംസാരം ഒരു ബന്ധമില്ലാത്ത കാര്യങ്ങളായിരിക്കും. എത്ര തവണ കേട്ടാലും ഞാൻ ആദ്യമായി കേൾക്കുന്നതുപോലെ ശ്രദ്ധിച്ചിരിക്കും. ആൾക്കും രാത്രിയും പകലും ഒരു വ്യത്യാസമുണ്ടായിരുന്നില്ല. അതുകൊണ്ട് എൻ്റെ ഉറക്കവും അങ്ങിനെയായിരുന്നു. 2 വർഷത്തോളം ഞാൻ കാര്യമായി വീടിനു പുറത്തു പോയിരുന്നില്ല. എൻ്റെ ജീവിതത്തിലെ ഏറ്റവും അഭിഷേകമുള്ള കാലഘട്ടമായാണ് ഞാൻ ആ നാളുകളെ കാണുന്നത്. അപ്പോഴാണ് എനിക്ക് എഴുതാനുള്ള അഭിഷേകം ദൈവം തന്നത്. 2 വർഷം ഒരു കൂട്ടുകാരനെ പോലെ ഞാൻ കൊണ്ടു നടന്നു. അപ്പച്ചൻ ഞങ്ങളെ വിട്ടുപോയപ്പോൾ എൻ്റെ ഒരു കൂട്ടുകാരൻ നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. അപ്പച്ചൻ്റെ മരണശേഷം ഏതാണ്ട് 6 മാസത്തോളം കഴിഞ്ഞപ്പോൾ അമ്മയും ഏതാ b എത്രയോണ്ട് അപ്പച്ചൻ്റെ അവസ്ഥയിലെത്തി. അമ്മയേയും 3 വർഷത്തോളം പരിചരിക്കുവാനുള്ള ഭാഗ്യം ദൈവം തന്നു. വചനം പ്രസംഗിക്കുവാൻ എളുപ്പത്തിൽ സാധിക്കും. പക്ഷേ അതിൽ ജീവിക്കുവാൻ ദൈവകൃപ കൂടിയേ തീരൂ. മാതാപിതാക്കളെ ഭാരമായി കാണാതിരിക്കുക. അവർ നമ്മുടെ സമ്പത്താണ്. വീടിൻ്റെ അനുഗ്രഹമാണ്. നമ്മൾ ഇന്ന് നമ്മുടെ സമൃദ്ധിയിൽ നിന്നാണ് മാതാപിതാക്കളെ നോക്കുന്നത്. എന്നാൽ അവർ ഒത്തിരി ദുരിതപർവ്വം താണ്ടിയിട്ടാണ് നമ്മെ വളർത്തിയത്. നമുക്കു വേണ്ടി ഒത്തിരി ത്യാഗങ്ങളിലൂടെ അവർക്ക് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. പലതും ത്യജിക്കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ സൌകര്യത്തിനു വേണ്ടി മാതാപിതാക്കളെ വൃദ്ധ സദനങ്ങളിൽ വിടുന്നത് നമുക്ക് തന്നെയാണ് വിനയായി മാറുക. അല്പം നാം ഒന്നു മനസു വെച്ചാൽ ഈ അവസ്ഥ മാറ്റാവുന്നതേയുള്ളൂ. ‘തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു: നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. വാഗ്‌ദാനത്തോടുകൂടിയ ആദ്യത്തെ കല്‍പന ഇതത്രേ. (എഫേസോസ് 6 : 2-3 ) വചനം നമുക്കു നന്മയേ വരുത്തൂ എന്ന് കണ്ണുമടച്ചു വിശ്വസിക്കാം. ഈ വർഷം മാതാപിതാക്കളെ സ്നേഹത്തോടെ പരിചരിക്കുന്ന വർഷമായി മാറട്ടെ എന്ന് ആശംസിക്കുന്നു. അവരുടെ ബലഹീനതകൾ ക്ഷമിച്ചു നമുക്കവരെ സ്നേഹിക്കാം.

Showing verified guest comments