2026 ജനുവരി 3 ന് എൻ്റെ ഒരു കൂട്ടുകാരൻ്റെ മകൻ്റെ വിവാഹ ചടങ്ങുകൾക്ക് ഇടപ്പിള്ളിയിൽ പോയി തിരിച്ചു വരികയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർക്ക് കേരള സുപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ജനറൽ കമ്പാർട്ടുമെൻ്റിലായിരുന്നു യാത്ര. ശനിയാഴ്ച്ച വൈകുന്നേരമായതിനാൽ നല്ല തിരക്കാണ് ട്രെയിനിൽ. നില്ക്കാൻ പോലും സ്ഥലം കിട്ടിയത് വാതിലിനടുത്താണ്. ആളുകൾ നിറഞ്ഞുനില്ക്കുന്നതിനാൽ കാറ്റു പോലും ഉള്ളിലേക്ക് വരുന്നില്ല. കൂടാതെ എന്തിൻ്റെയൊക്കയോ രൂക്ഷ ഗന്ധവും. ഒരു മണിക്കൂറിനുള്ളിൽ തൃശ്ശൂർ എത്തിപ്പെടാമെന്ന സമാധാനത്തിൽ വാതിലിൻ്റെ അടുത്ത സീറ്റിൻ്റെ മേൽ പിടിച്ച് നിലക്കുകയാണ്. അപ്പോഴാണ് ഒരു ചോദ്യം വന്നത്. ‘“ സാറു തൃശ്ശൂർക്കാണോ അതോ പാലക്കാട്ടേക്കോ? ഞാൻ പാലക്കാട്ടേക്കാണ്“. ഒരു പരിചയമില്ലാത്ത പ്രായമുള്ള ഒരു വ്യക്തിയാണ്. അദ്ദേഹത്തിനു ട്രെയിനിലെ തിരക്കുമൂലം ഒരു സ്ഥലത്തും ഒന്നു പിടിച്ചു നില്ക്കുവാൻ പോലും കിട്ടിയിട്ടില്ല. പ്രായം എഴുപത്തി അഞ്ചു വയസ്സിനടുത്തു വരും. നരച്ച മുടിയും വളരേ മെലിഞ്ഞ ശരീരമാണ്. ഞാൻ പറഞ്ഞു “ തൃശ്ശൂർക്കാണ് ‘’. ആൾ സംസാരം ആരംഭിച്ചു. എന്നോടു ചോദിച്ചു ‘ബൈബിൾ വായിച്ചിട്ടുണ്ടോ?’ ഞാൻ പറഞ്ഞു വായിച്ചിട്ടുണ്ട്. ആൾ തന്നെ എനിക്ക് പരിചയപ്പെടുത്തി. അദ്ദേഹം കേരളത്തിൽ PWD യിൽ എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു. ഏതാനും വർഷം മുമ്പ് റിട്ടയർ ചെയ്തു. ഭാര്യ പാലക്കാട് ജോലി ചെയ്യുന്നു. കൂടാതെ രണ്ടു വർഷം സീറോ മലബാർ സഭയിലെ ഒരു സെൻ്ററിൽ നിന്ന് തിയോളജിയും പഠിച്ചിട്ടുണ്ട്. ഒറ്റ ദിവസവും വിശുദ്ധ കുർബ്ബാന മുടങ്ങാറില്ല. സാധിക്കുന്നവരോടെല്ലാം വചനം പറയും. പ്രത്യേകിച്ചു - യാത്രയിലാണ് കൂടുതൽ വചനം പറയുവാൻ സമയം ഉപയോഗിക്കുന്നത്. ഞങ്ങൾ രണ്ടു പേരും നില്ക്കുന്നു - അദ്ദേഹം എൻ്റെ ചെവിയിലാണ് വചനം പറയുന്നത്.ശാന്തമായി ഞാൻ അദ്ദേഹത്തിൻ്റെ തീക്ഷ്ണത നോക്കി നിന്നു. എത്രയോ പേരാണ് അദ്ദേഹം പറയുന്നത് കേൾക്കുന്നത്. ആരുടേയും മുഖഭാവം അദ്ദേഹം ശ്രദ്ധിക്കുന്നില്ല. ആരുടെ മുഖഭാവവും അദ്ദേഹത്തെ തളർത്തുന്നില്ല. അദ്ദേഹം - “ നാം വചനം പറയുന്നില്ലെങ്കിൽ പിന്നെ ആരാണ് കർത്താവിൻ്റെ വചനം പറയുക? ഈ തിരക്കുള്ള ട്രെയിൻ യാത്ര ദൈവം തന്ന അനുഗ്രഹമല്ലേ? സീറ്റിലിരിക്കുകയായിരുന്നെങ്കിൽ എനിക്ക് സാറിൻ്റെ ചെവിയിൽ വചനം പറയുവാൻ കഴിയുമായിരുന്നോ? ട്രെയിൻ തൃശ്ശൂർ എത്തിയതറിഞ്ഞില്ല. ഒരു മണിക്കൂർ അഞ്ചു മിനിറ്റു പോലെ കടന്നുപോയി. ഞാൻ ഇറങ്ങുമ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചാണ് ഇറങ്ങിയത്. അപ്പോഴും അദ്ദേഹം പറഞ്ഞ വചനം എന്നെ അത്ഭുതപ്പെടുത്തി. ‘ ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിൽ എനിക്ക് അഹങ്കാരത്തിനു വകയില്ല. അത് എൻ്റെ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം (1 കോറി 9:16). എത്ര മാത്രം ആ വചനത്തിനോട് അദ്ദേഹം പ്രത്യുത്തരിക്കുന്നു. ഞാൻ തിരിച്ച് വീട്ടിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു ആത്മശോധന നടത്തി. ഞാൻ ഇനിയും എത്ര വളരണം? ഞാനും പ്രഘോഷണത്തിനും ശുശ്രൂഷകൾക്കും പോകുന്ന വ്യക്തിയാണ്. പക്ഷേ സമയവും സാഹചര്യങ്ങളുമൊക്കെ ഒത്തു വന്നാൽ മാത്രമല്ലേ നാമൊക്കെ വചനം പ്രഘോഷിക്കുന്നത്? ആ ട്രെയിനിൽ നിന്ന് തിരിയുവാൻ സ്ഥലമില്ലാത്ത ഒരിടത്തു പോലും സാഹചര്യത്തിലേക്ക് നോക്കാതെ വചനം പ്രസംഗിക്കുവാൻ ആ സഹോദരനെ പോലെ ആകുവാൻ സാധിക്കുന്നുണ്ടോ? ഇല്ലെങ്കിൽ നാം ഇനിയും ഒരു പാട് വളരേണ്ടതുണ്ട് എന്ന ഒരു തിരിച്ചറിവായിരുന്നു ആ യാത്ര. ഒത്തിരി തളർന്നാണ് ഞാൻ ചൂടിൽ യാത്ര ആരംഭിച്ചത് - പക്ഷേ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ വലിയ ഒരുണർവ്വും പുതിയ ബോധ്യങ്ങളും ആ വചന പ്രഘോഷണം സമ്മാനിച്ചു.

Jaison J Chirayath
28th of February 2026
"An inspiring experience to many, we are looking for opportunities with favourable conditions, these great people convert every oppoŕtunities to a favourable one. This would have gone as normal experience to others...but your observation and keeness as a writer,made it to a great piece of inspiration."