ലോകം ഇന്ന് ഭീതിയോടെയാണ് മിഡിൽ ഈസ്റ്റിലെ വാർത്തകൾ കേൾക്കുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഒരു ആഗോള യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ഭരണാധികാരികളും സാധാരണക്കാരും. മിസൈലുകളുടെയും ഡ്രോണുകളുടെയും മുഴക്കം കേൾക്കുമ്പോൾ മനുഷ്യസഹജമായ ഭയം നമ്മെ പിടികൂടിയേക്കാം. ഒത്തിരി നിരപരാധികളുടെ ജീവൻ പൊലിഞ്ഞു , ജോലി നഷ്ടപ്പെട്ടു, ധാരാളം ബിസിനസ്സുകൾ തകർന്നു, പാചക ഗ്യാസ് ദൗർലഭ്യം, ഇന്ധന വില വർദ്ധനവ് എന്നിങ്ങനെ നിരവധി പ്രയാസപ്പെടുത്തുന്ന അവസ്ഥകൾ .ചരിത്രത്തിന്റെ താളുകൾ പരിശോധിക്കുന്ന ഒരു വിശ്വാസിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു സത്യമുണ്ട്: രാജ്യങ്ങൾക്കുമേൽ അധികാരം നടത്തുന്നത് മനുഷ്യനല്ല, ദൈവമാണ്. പ്രതിസന്ധികൾ ദൈവത്തിന്റെ പ്ലാനിന് തടസ്സമല്ല ബൈബിൾ ചരിത്രത്തിലുടനീളം നാം കാണുന്നത് വലിയ പ്രതിസന്ധികൾക്കിടയിലും ദൈവം തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതാണ്. ഈജിപ്തിലെ അടിമത്തമായാലും ബാബിലോണിലെ പ്രവാസമായാലും, പുറമെ നോക്കുമ്പോൾ എല്ലാം അവസാനിച്ചു എന്ന് തോന്നിയേക്കാം. എന്നാൽ ഇസ്രായേൽ-ഇറാൻ യുദ്ധം പോലുള്ള വലിയ രാഷ്ട്രീയ നീക്കങ്ങൾക്കിടയിലും ദൈവം അദൃശ്യമായി തന്റെ കരുനീക്കങ്ങൾ നടത്തുന്നുണ്ട്. മനുഷ്യന്റെ യുദ്ധതന്ത്രങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും അപ്പുറം ദൈവത്തിന് ഒരു മാസ്റ്റർ പ്ലാൻ ഉണ്ട്. പ്രതിസന്ധികൾ ആ പദ്ധതിയുടെ ഭാഗമാണോ അതോ അതിനെ തടസ്സപ്പെടുത്തുന്നതാണോ എന്ന് നാം ചിന്തിച്ചേക്കാം. എന്നാൽ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി. ജറെമിയാ 29 : 11 ദൈവത്തിന്റെ പ്ലാൻ വിജയിക്കും യുദ്ധങ്ങളും ക്ഷാമങ്ങളും മഹാമാരികളും ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളതാണ്. ഇവയൊന്നും ദൈവത്തെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളല്ല. ഭൂമിയിലെ അധികാരശക്തികൾ എത്ര വലിയ ആയുധങ്ങൾ നിരത്തിയാലും, ആത്യന്തികമായി വിജയിക്കുന്നത് ദൈവത്തിന്റെ നീതിയും അവന്റെ തീരുമാനങ്ങളുമാണ്. ഒരു വലിയ കെട്ടിടം പണിയുമ്പോൾ അവിടെ മണ്ണും കല്ലും പൊടിയും കൊണ്ട് വലിയ കുഴപ്പങ്ങൾ തോന്നിയേക്കാം. എന്നാൽ ആ ശിൽപ്പിയുടെ കയ്യിൽ പൂർത്തിയായ കെട്ടിടത്തിന്റെ പ്ലാൻ ഉണ്ട്. അതുപോലെ, ലോകം ഇന്ന് ഒരു 'നിർമ്മാണഘട്ടത്തിലെന്നപോലെ' അസ്വസ്ഥമായിരിക്കാം. പക്ഷേ, ചരിത്രത്തിന്റെ ശില്പിയായ ദൈവത്തിന്റെ കയ്യിൽ സമാധാനത്തിന്റെ ഒരു വലിയ പ്ലാൻ ഉണ്ട്. ഈ യുദ്ധവാർത്തകൾ കേൾക്കുമ്പോൾ നാം ഭയപ്പെടുകയല്ല, മറിച്ച് പ്രാർത്ഥനയോടെ ജാഗരിച്ചിരിക്കുകയാണ് വേണ്ടത്. വിശ്വാസത്തിൽ ഉറച്ചുനിൽക്കുക ലോകം മുഴുവൻ ഇളകിയാലും മാറാത്ത ഒരു രാജ്യം നമുക്കുണ്ടെന്ന് ഓർക്കുക. സമാധാനത്തിനായി പ്രാർത്ഥിക്കുക. അധികാരികളുടെ ഹൃദയങ്ങളെ മാറ്റാൻ ദൈവത്തിന് കഴിയുമെന്ന് വിശ്വസിക്കുക. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക മനുഷ്യന്റെ പദ്ധതികൾ പരാജയപ്പെടുമ്പോഴാണ് ദൈവത്തിന്റെ അത്ഭുതങ്ങൾ ആരംഭിക്കുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള ഈ പോരാട്ടം വെറുമൊരു മണ്ണ് പിടിച്ചെടുക്കലോ അധികാര മത്സരമോ ആയിരിക്കാം. എന്നാൽ സ്വർഗ്ഗസ്ഥനായ ദൈവം ഭൂമിയിലെ സകല ചലനങ്ങളെയും നിരീക്ഷിക്കുന്നു. പ്രതിസന്ധികൾ എത്ര രൂക്ഷമായാലും, ഒടുവിൽ ദൈവത്തിന്റെ പദ്ധതി തന്നെ വിജയിക്കും. ആ ഉറപ്പിൽ നമുക്ക് പ്രത്യാശയോടെ മുന്നോട്ട് പോകാം. (2026 May ജീവജ്വാല മാസികയിൽ പ്രസിദ്ധീകരിച്ചത് )

Showing verified guest comments