കുറേ നാൾ കൂടി ഒരു ധ്യാനത്തിനു പോയതാണ്. എന്നും ഓരോ കാരണം മൂലം നീട്ടി വെച്ച് ഇത്രയായി. മൂന്നു ദിവസത്തെ ധ്യാനം. കാലത്ത് ഒമ്പത് മണിക്ക് വീട്ടിൽ നിന്ന് പോയി ഉച്ചക്ക് രണ്ടു മണിക്ക് തിരിച്ചു വരാം. വീടിനടുത്താണ് ധ്യാനകേന്ദ്രം. പോകുന്നതിനു മുമ്പ് എല്ലാ ദിവസവും വീട്ടിൽ പണിക്കു വരുന്ന സരസ്വതി ചേച്ചിക്ക് അന്ന് ചെയ്യേണ്ട പണികളെല്ലാം ഭാര്യ ഏല്പിച്ചു കൊടുത്തു. വീടിനകം തുടച്ചു വൃത്തിയാക്കാനും പറഞ്ഞിരുന്നു. ധ്യാനം കഴിഞ്ഞു വീട്ടിൽ വന്നത് വലിയ സന്തോഷത്തോടെയായിരുന്നു. ധ്യാനത്തിലെ അന്നു നടന്ന പ്രസംഗങ്ങളെല്ലാം അത്രയും ഞങ്ങളെ സ്പർശിച്ചിരുന്നു. വീട്ടിലെത്തിയപ്പോൾ പണിക്കു വന്ന സരസ്വതി ചേച്ചി ആകെ പ്രയാസപ്പെട്ടു നില്ക്കുന്നു. കാരണം അറിഞ്ഞപ്പോൾ ഞങ്ങളും വലിയ മന:പ്രയാസത്തിലായി. ഞങ്ങളുടെ പുതിയ വീടാണ്. വീടിൻ്റെ അകം തറ മുഴുവൻ വെളുത്ത ടൈൽസാണ് പാകിയിരിക്കുന്നത്. ആ ടൈൽസിൽ മുമ്പിലത്തെ വാതിൽ മുതൽ പിറകിലെ വാതിൽ വരെ ടൈൽസിൽ ഒരു നേർ രേഖയായി ഭിത്തിയിൽ കാണുന്നതു പോലെ ഒരു ചെറിയ വിള്ളൽ. കാലത്തു പോകുമ്പോൾ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. നിലം തുടക്കുമ്പോൾ അതിൽ ചേർക്കുന്ന കെമിക്കൽ ലായിനി പുതിയൊരു ബ്രാൻഡ് മാറ്റിയിട്ടുണ്ടായിരുന്നു. അതായിരിക്കുമോ തറ ചിന്നുവാനുള്ള കാരണം ? എന്നാലും എന്തുകൊണ്ട് ഇങ്ങനെ നേർ രേഖയായി വിള്ളൽ വീണു ? മറ്റു മുറികൾക്കൊന്നും ഒരു കുഴപ്പവുമില്ല. ഒന്നും മനസ്സിലാകുന്നില്ല. താഴെ നോക്കുന്തോറും വലിയ സങ്കടമായി.എപ്പോഴെങ്കിലും ടൈൽസ് പൊട്ടിയാൽ മാറ്റുന്നതിന് ഏതാനും ടൈൽസ് വീട് പണിയുമ്പോൾ എടുത്തു വെച്ചിരുന്നു. ഒരു തവണ ലഭിക്കുന്ന അതേ നിറത്തിലുള്ള ടൈൽസ് പിന്നീട് ലഭിക്കുവാൻ പ്രയാസമായിരിക്കും. ആ ടൈൽസും ഇപ്പോൾ പൊട്ടിയ ടൈൽസ് മാറ്റുവാൻ മതിയാകില്ല. അത്ര അധികം ടൈൽസ് മാറ്റണം.പുതിയ ടൈൽസും പഴയ നിറത്തോടു ചേരില്ല. ധ്യാനത്തിൻ്റെ സന്തോഷമെല്ലാം നഷ്ടപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങളെല്ലാം ചിന്തിച്ചു തുടങ്ങി. പുതിയ വീടായതു കൊണ്ട് എല്ലാവരും വലിയ മന: പ്രയാസത്തിലായി. അന്നു രാത്രിയിലെ കുടുംബ പ്രാർത്ഥന കഴിഞ്ഞപ്പോൾ തറകിൽ ചിന്നിയ പോലുള ഈ അടയാളം ഒന്നു കൂടി നോക്കുവാൻ ദൈവാത്മാവ് പ്രേരിപ്പിച്ചു. കുനിഞ്ഞ് താഴെ ചിന്നിയ പോലെ നില്ക്കുന്ന തറയിൽ വിരലു തൊട്ടപ്പോൾ അതു ഒരു പശപോലെ തോന്നി. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മനസ്സിലായി അത് ചിന്നലല്ല ചക്കപ്പശയാണെന്ന് മനസ്സിലായി. അല്പം മണ്ണെണ്ണ തൊട്ട് തുടച്ചപ്പോൾ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ചക്കപ്പശ പോയി. ഞങ്ങൾക്ക് വലിയ സന്തോഷമായി. അടുത്ത ദിവസം സരസ്വതി ചേച്ചിയോട് ചോദിച്ചപ്പോഴാണ് കാര്യത്തിന് വ്യക്തത ലഭിച്ചത് : ഞാൻ ധ്യാനത്തിനു പോകും മുമ്പ് വീടിൻ്റെ മുമ്പിലുള്ള പ്ലാവിൽ നിന്ന് ഒരു ചക്കയിട്ടു വെച്ചിരുന്നു. സരസ്വതി ചേച്ചിയോട് അത് പശ പോയതിനു ശേഷം അടുക്കളയിൽ കൊണ്ടു വന്നു വെയ്ക്കണമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ ധ്യാനത്തിനു പോയപ്പോൾ മറന്നു പോകാതിരിക്കുവാൻ വേണ്ടി ചക്ക മുമ്പിലത്തെ വാതിലിൽ കൂടെ എടുത്ത് കൊണ്ടു പോയപ്പോൾ അതിൽ നിന്ന് നൂലു പോലെ ചക്കയുടെ പശ താഴെ വീണ് സംഭവിച്ചതായിരുന്നു ഈ ചിന്നിയ അടയാളം. എല്ലാവർക്കും സമാധാനമായി. നമ്മുടെയൊക്കെ ജീവിതത്തിൽ തെറ്റിദ്ധരിച്ച് ധർമ്മസങ്കടത്തിലാകുന്ന നിരവധി സന്ദർഭങ്ങൾ വരാം. പല തെറ്റിദ്ധാരണളും വളർന്ന് സംഘട്ടനങ്ങൾ ,വിവാഹ മോചനങ്ങൾ, കൊലപാതകങ്ങൾ എന്നിവയിലേക്കു വരെ കാര്യങ്ങൾ എത്താം. പല പ്രശ്നങ്ങളുടെയും പിന്നിൽ ചെറിയ തെറ്റിദ്ധാരണകളായിരിക്കും. ജീവിതത്തിൽ അകസ്മികമായി സംഭവിക്കുന്നതു കണ്ട് ഉടനെ പ്രതികരിക്കുന്ന സ്വഭാവം നമ്മളിലെല്ലാം ഉണ്ട് . എന്നാൽ സംഭവിച്ചവ അപഗ്രഥിക്കുമ്പോൾ പലതും ഒരു നോട്ടപ്പിശകായിരുന്നു എന്ന് നമുക്ക് മനസിലാകും. പഴയ തലമുറക്കാർ പറയുന്ന പോലെ "ഒറ്റ ദേഷ്യത്തിന് കിണറ്റിൽ ചാടാം - എന്നാൽ അവിടെ കിടന്ന് ആയിരം ദേഷ്യം എടുത്താലും പരസഹായം ഇല്ലാതെ കയറുവാൻ സാധിക്കുകയില്ലല്ലോ ". ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന രീതികൾ നമുക്ക് ഉൾകൊള്ളുവാൻ പ്രയാസമാണ്. പക്ഷേ പലപ്പോഴും പിൻ തിരിഞ്ഞു നോക്കുമ്പോഴാണ് നമ്മൾ ആശ്ച്ചര്യപ്പെടുക. നമ്മെക്കുറിച്ചുള്ള ദൈവത്തിൻ്റെ പ്ലാനുകൾ നമ്മുടെ കൊച്ചു ബുദ്ധിയിൽ മനസ്സിലാകുവാൻ എളുപ്പമല്ല. എന്നാൽ പ്രാർത്ഥിക്കുന്നവർക്ക് ദൈവത്തിൽ ആശ്രയിക്കുവാനുള്ള കൃപ തരും. പഴയ നിയമത്തിലെ ജോസഫാണ് നമ്മുടെ മുന്നിൽ ഇക്കാര്യത്തിൽ മാതൃകയായി നില്ക്കുന്നത്. പതിനേഴു വയസ്സ് മുതൽ മുപ്പതുവയസ്സു വരെയുള്ള കാലം നരകയാതനയിലൂടെയാണ് ജോസഫ് കടന്നുപോയത്. സ്വന്തം സഹോദരർ തന്നെയായിരുന്നു അവനെ ദ്രോഹിച്ചത്. ഈജിപ്തിലെ പൊത്തിഫറിൻ്റെ ഭവനത്തിൽ സൽപ്പേരിനു കളങ്കം പോലും വരത്തക്കവിധം പരീക്ഷിക്കപ്പെട്ട് നിരവധി നാൾ ജയിലിൽ കിടക്കേണ്ടി വന്നു. പക്ഷേ ജോസഫ് ഈജിപ്തിൻ്റെ ഭരണാധികാരിയായപ്പോഴാണ് പിന്നിട്ട നാൾ വഴികൾ എല്ലാം ദൈവം തന്നെ സംവിധാനം നേരിട്ടു ചെയ്തതാണെന്ന് ജോസഫിന് മനസ്സിലായത്. അതുകൊണ്ട് തന്നെ ദ്രോഹിച്ചവരോടെല്ലാം ജോസഫിന് ക്ഷമിക്കുവാനുള്ള കൃപ ലഭിച്ചു. അവന്‍ അവരോട്, എൻ്റെ അടുത്തേക്കു വരുക എന്നുപറഞ്ഞു. അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഈജിപ്‌തുകാര്‍ക്കു വിറ്റ നിങ്ങളുടെ സഹോദരന്‍ ജോസഫാണു ഞാന്‍. എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ടാ. കാരണം, ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ് എന്നെ നിങ്ങള്‍ക്കുമുന്‍പേ ഇങ്ങോട്ടയച്ചത്. അതുകൊണ്ട് നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. അവിടുന്ന് എന്നെ ഫറവോയ്‌ക്കു പിതാവും അവൻ്റെ വീടിനു നാഥനും ഈജിപ്‌തുദേശത്തിന് അധിപനുമാക്കിയിരിക്കുന്നു. പുറപ്പാട് 45 : 4-8. തൻ്റെ മൂത്ത മകന് മനാസ്സെ എന്ന പേരു പോലും വിളിച്ചു. ആ പേരിൻ്റെ അർത്ഥം : എൻ്റെ കഷ്ടപ്പാടും പിതാവിൻ്റെ വീടും എല്ലാം മറക്കാൻ ദൈവം ഇടയാക്കിയിരിക്കുന്നു എന്നാണ് .പുറപ്പാട് 41:51 നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നതെല്ലാം പരിഭ്രമിക്കാതെ ദൈവ കരങ്ങളിൽ നിന്ന് സ്വീകരിക്കാം. തരുന്ന സഹനങ്ങൾ ഭാരത്തോടെ നാം സ്വീകരിക്കുമ്പോൾ സഹനത്തിനു കൂടുതൽ മൂർച്ചയുള്ളതായി നമുക്കനുഭവപ്പെടും. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എൻ്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എൻ്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്. മത്തായി 11 : 28-30 നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ മാറ്റിത്തരുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം.
8th of July 2023
""