നവമ്പറിൽ മറന്നുപോയ ചിന്തകൾ

Image

നമ്മൾ നവമ്പർ മാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. മരിച്ച വിശ്വാസികളെക്കുറിച്ച് ഓർക്കാനും പ്രാർത്ഥിക്കാനുമുള്ള പുണ്യ മാസം . എന്നാൽ ഈ മാസത്തെക്കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങൾ ഏതുവരെ എത്തുന്നു എന്നൊന്നു ചിന്തിച്ചു നോക്കാം. ദേവാലയത്തിലെ ഭക്തസംഘടനകളിലൊക്കെ നാം പ്രവർത്തന നിരതരാണെങ്കിലും പലപ്പോഴും നിത്യജീവനെക്കുറിച്ചോ സ്വന്തം ആത്മാവിനെക്കുറിച്ചോ നമ്മൾ ചിന്തിക്കാറില്ല എന്നതല്ലേ സത്യം. മരിച്ചവർക്ക് മാത്രമല്ല ജീവിച്ചിരിക്കുന്നവർക്കുന്ന നമുക്കോരുത്തർക്കും ഒരു അമൂല്യമായ ആത്മാവുണ്ടെന്ന് നാം ഓർക്കാറില്ല .

വലിയ മിസ്റ്റിക്കായിരുന്ന വി. കത്രീന പുണ്യവതിക്ക് ഒരു ദർശനം ലഭിച്ചു. പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ സൂര്യനെപ്പോലെ തേജസ്വോടു കൂടിയ ഒരു രൂപം മുന്നിൽ വന്നു നിന്നു . ആ തേജസ്സ് കണ്ട് പുണ്യവതി മോഹാലസ്യപ്പെട്ടു വീണു. തന്റെ മുമ്പിൽ വന്നു നില്ക്കുന്നത് പരിശുദ്ധാത്മാവാണ് എന്നു കരുതി. എന്നാൽ വന്നു നിന്ന ആ രൂപം പുണ്യവതിയെ സ്പർശിച്ചു കൊണ്ട് പറഞ്ഞു. " കത്രീന എഴുന്നേല്ക്കൂ - ഞാൻ നിന്റെ സ്വന്തം ആത്മാവാണ് " ! അപ്പോഴാണ് കത്രീന പുണ്യവതിക്കു പോലും മനസ്സിലായത് എന്റെ ആത്മാവിനു ഇത്ര തേജസ്സുണ്ടെങ്കിൽ എന്തായിരിക്കും ദൈവാത്മാവിന്റെ തേജസ് ? ആ ദർശനത്തോടെ വിശുദ്ധയുടെ ആധ്യാത്മിക ജീവിതത്തിലെ ബോധ്യങ്ങളിൽ മാറ്റം വന്നു.വീണ്ടും വിശുദ്ധ പറയുന്നു " ലോകം മുഴുവൻ വജ്റം കൊണ്ട് നിറക്കുക. ആ വജ്റം നിറച്ച ലോകത്തിനേക്കാളും വിലയുണ്ട് ഓരോ വ്യക്തിയുടെയും ആത്മാവിന് " .അത്രമാത്രം വിലയുള്ള ആത്മാവിന്റെ ഉടമകളാണ് നാം എന്ന ചിന്തയാണ് നമ്മെ നയിക്കേണ്ടത്.

നമ്മൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും ഈ അമൂല്യമായ വിലയുള്ളവരാണ്. നമ്മൾ കാറ്റക്കിസം പഠിപ്പിക്കുന്ന കുഞ്ഞുങ്ങളും ഈ വിലയുള്ള ആത്മാവുകളാണെന്ന് ഓരോ കാറ്റക്കിസം അധ്യാപകനും തിരിച്ചറിഞ്ഞാൽ അത് എത്രയോ ധന്യമായി. ഓരോ ഭക്ത സംഘടനകൾക്കും ഈ ബോധ്യം ലഭിച്ചാൽ എത്ര സുന്ദരമാകും നമ്മുടെ സഭ. അതിലുപരി സ്വന്തം വീട്ടിലുള്ളവർ പോലും അമൂല്യ വിലയുള്ളവരാന്നെന്ന് തിരിച്ചറിഞ്ഞാൽ പരസ്പരം എന്തൊരു ബഹുമാനമായിരിക്കും. നീ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിൽ അവന് എന്ത് പ്രയോജനം?ഒരുവൻ സ്വന്തം ആത്മാവിനു പകരമായിഎന്തു കൊടുക്കും ?(മത്തായി 16:26). പകരം കൊടുക്കുവാൻ ഒന്നമില്ല എന്ന തിരിച്ചറിവാണ് നമുക്കോരുത്തർക്കും ലഭിക്കേണ്ടത്. സ്നേഹിതനായ ഇഗ്നേഷ്യസ് ലയോളയുടെ ഈ ചോദ്യമാണ് വി. ഫ്രാൻസീസ് സേവ്യറുടെ ജീവിതം ദിശ തിരിച്ചുവിട്ടത്.ഈ തിരിച്ചറിവു ലഭിച്ചവർക്കാണ് മാത്രമാണ് മിഷൻ രംഗത്ത് വിജയിക്കാനാകുക. ഈ ബോധ്യം ലഭിച്ചവരാണ് വിശുദ്ധരെല്ലാം . അതുകൊണ്ടാണ് അവർക്കെല്ലാം ഉപേക്ഷിച്ച് ആത്മാവുകളെ നേടാനായി ജീവൻ സമർപ്പിക്കാനായത്.ചിതറിക്കിടക്കുന്ന അമൂല്യമായ ആത്മാവുകളാൽ നിബിഢമാണ് ഈ ലോകം. ഈ ഉന്നത ബോധ്യം ലഭിക്കാതെ മൺമറഞ്ഞവർ എത്ര? നിത്യ ജീവനെക്കുറിച്ച് ബോധ്യങ്ങൾ ലഭിക്കാതെ നമുക്ക് ഇനി എത്രനാൾ മുന്നോട്ടു പോകാനാകും ? അനാവശ്യ ചർച്ചകളും തർക്കങ്ങളും ഒഴിവാക്കി ദേവാലയങ്ങളിൽ നിത്യ ജീവനെക്കുറിച്ച് നമുക്ക് പഠിപ്പിക്കാം. ദേവാലയം നിത്യജീവൻ ലഭിക്കുന്ന ഇടമായി മനസ്സിൽ പവിത്രമായി സൂക്ഷിക്കാം. മറ്റെല്ലാ സംഘടനാ കാര്യങ്ങൾക്കും രണ്ടാം സ്ഥാനം മാത്രം കൊടുക്കുവാൻ നമുക്ക് സാധിക്കട്ടെ. പത്രോസ് ഈശോയോട് പറഞ്ഞതു പോലെ - "ഞങ്ങൾ ആരുടെ അടുത്തേക്കു പോകും - (യോഹ 6: 68)? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്? കാറ്റക്കീസവും ഭക്തസംഘടനകളും നിത്യജീവനെക്കുറിച്ചുള്ള ചിന്തകളാൽ സമ്പുഷ്ടമാകട്ടെ.

ഈ നവമ്പർ മാസം നിത്യ ജീവനെക്കുറിച്ചുള്ള ചിന്തകളാൽ നാമെല്ലാവരും നിറയപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review