വി.പോൾ ആറാമൻ പാപ്പ

Image

വിശ്വതീര്‍ത്ഥാടകന്‍, സഭൈക്യ ശില്‍പ്പി, നയതന്ത്രജ്ഞന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുമായി ഒന്നര പതിറ്റാണ്ട് (1963-1978) സഭയെ ധീരോചിതം നയിച്ച വ്യക്തിയാണ് പോള്‍ ആറാമന്‍ പാപ്പ.

ജോവാന്നി ബാത്തിസ്താ മൊന്തീനി, അതായിരുന്നു പോള്‍ ആറാമന്‍ പാപ്പയുടെ ജ്ഞാനസ്‌നാന നാമം. വടക്കേ ഇറ്റലിയിലെ കൊന്‍ചേസിയോ എന്ന ഗ്രാമത്തില്‍ 1897-ല്‍ ജാതനായി. ജിയോര്‍ജിയോ മൊന്തീനിയും ജൂദേത്താ അള്‍ഗീസിയുമായിരുന്നു മാതാപിതാക്കള്‍. വക്കീല്‍, പത്രപ്രവര്‍ത്തകന്‍, ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ജിയോര്‍ജിയോ. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന കുട്ടിയായിരുന്നു മൊന്തീനി. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1916-ല്‍ സെമിനാരിയില്‍ ചേര്‍ന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാല്‍ വീട്ടില്‍ താമസിക്കാന്‍ അധികാരികള്‍ അനുവദിച്ചു. 1920ല്‍ തിരുപ്പട്ടം സ്വീകരിച്ച ശേഷം റോമില്‍ ഉപരിപഠനത്തിന് അയക്കപ്പെട്ടു. നയതന്ത്ര മേഖലയിലായിരുന്നു ഉപരിപഠനം. തുടര്‍ന്ന്, 1923-ല്‍ വാര്‍സോയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിയുക്തനായി. പക്ഷേ, പോളണ്ടിലെ കഠിനശൈത്യം വെല്ലുവിളിയായി. ഒരു വര്‍ഷത്തിനുശേഷം വത്തിക്കാനിലേക്ക് തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം, വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടേറിയറ്റില്‍ നിയോഗിതനായി. ഏതാണ്ട്, മൂന്ന് പതിറ്റാണ്ടോളം അവിടമായിരുന്നു സേവനമേഖല. 1955-ല്‍ മിലാനിലെ ആര്‍ച്ച്ബിഷപ്പായി നിയമിക്കപ്പെട്ടതോടെ പുതിയൊരു വിശേഷണവും അദ്ദേഹത്തെ തേടിയെത്തി: തൊഴിലാളികളുടെ മെത്രാപ്പോലീത്ത. സുവിശേഷത്തിലെ സാമൂഹികനീതിയെ ആസ്പദമാക്കി നടത്തിയ പ്രസംഗങ്ങളായിരുന്നു ആ വിശേഷണത്തിന് അടിസ്ഥാനം. പീയൂസ് 12-ാമന്‍ പാപ്പ 1958-ല്‍ കാലംചെയ്തതോടെ ജോണ്‍ 23-ാമന്‍ പാപ്പ വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു.

ആ തിരഞ്ഞെടുപ്പിനു പിന്നിലെ ദൈവപദ്ധതി വെളിപ്പെടുത്തുന്നതായിരുന്നു, അദ്ദേഹം വിളിച്ചുകൂട്ടിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. അധുനിക കാലത്ത് സഭയുടെ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്ന പ്രസ്തുത കൗണ്‍സില്‍ യാഥാര്‍ത്ഥ്യ മാകാനുള്ള പ്രധാന കാരണം ജോണ്‍ 23-ാമന്‍ പാപ്പയുടെ ധീക്ഷണാശക്തിയായിരുന്നു. അദ്ദേഹം വിളിച്ചുകൂട്ടിയ കൗണ്‍സില്‍ പൂര്‍ത്തിയാക്കാന്‍ പിന്‍ഗാമിയായ പോള്‍ ആറാമന്‍ പാപ്പ നിയുക്തനായി എന്നത് മറ്റൊരു ദൈവഹിതം.

പ്രക്ഷുബ്ധതയെ വെല്ലുവിളിച്ച് പാപ്പ ജോണ്‍ 23-ാമന്റെ കാലശേഷം 1963 ജൂണ്‍ 21-ന് കര്‍ദിനാള്‍ മൊന്തീനി, പോള്‍ ആറാമന്‍ എന്ന പേര് സ്വീകരിച്ച് കത്തോലിക്കാ സഭയുടെ വലിയ ഇടയനായി. പ്രക്ഷുബ്ധമായിരുന്നു പോള്‍ ആറാമന്‍ പാപ്പയുടെ സേവനകാലം (1963 1978). വത്തിക്കാന്‍ കൗണ്‍സിലിന്റെ പല സുപ്രധാന തീരുമാനങ്ങളും നടപ്പാക്കേണ്ട ഉത്തരവാദിത്തം പോള്‍ ആറാമന്‍ പാപ്പയുടേതായി. ബിഷപ്‌സ് സിനഡ് സംവിധാനം നിലവില്‍ കൊണ്ടുവന്നതും പോള്‍ ആറാമന്‍ പാപ്പയാണ്, 1965 സെപ്തംബര്‍ 14ന്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശമായിരുന്നു അതും. സഭാമാതാവിന്റെ ശില്‍പ്പി ഏഴു ചാക്രികലേഖനങ്ങളും നാല് അപ്പസ്‌തോലിക ലേഖനങ്ങളും അഞ്ച് അപ്പസ്‌തോലിക ഉപദേശങ്ങളും ഒരു അപ്പസ്‌തോലിക കോണ്‍സ്റ്റിറ്റ്യൂഷനും പോള്‍ ആറാമന്‍ പാപ്പ പുറപ്പെടുവിച്ചു. പ്രസിദ്ധമായ രണ്ടു സാമൂഹിക പ്രബോധന രേഖകളും അദ്ദേഹത്തിന്റേതായുണ്ട്: 1967ല്‍ രചിച്ച ‘പോപ്പുലോറും പ്രോഗ്രസിയോ’ (ജനതകളുടെ പുരോഗതി); 1971ല്‍ രചിച്ച ‘ഓക്താജേസിമ അഡ്‌വേനിയന്‍സ്’ (എണ്‍പതാം പിറന്നാള്‍). തൊഴിലാളികള്‍ക്കായി ലിയോ 13-ാമന്‍ പാപ്പ രചിച്ച ചാക്രികലേഖനം ‘റേവും നൊവാരും’ 80 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അതിന്റെ രചന.

സുവിശേഷവത്കരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വലിയ പ്രഖ്യാപനമാണ്, സുവിശേഷപ്രഘോഷണം (1975) എന്ന രേഖ. ആധുനികകാലത്തെ എല്ലാ പാപ്പമാരെയും പോലെ പോള്‍ ആറാമനും വലിയ മരിയഭക്തനായിരുന്നു. മരിയന്‍ കോണ്‍ഗ്രസുകളില്‍ അദ്ദേഹം തുടര്‍ച്ചയായി പ്രസംഗിച്ചു. മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. എഴുതിയ ചാക്രീക ലേഖനങ്ങളില്‍ മൂന്നും ദൈവമാതാവിനെക്കുറിച്ചുള്ളതായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍വെച്ച് പരിശുദ്ധ മറിയത്തെ സഭയുടെ മാതാവായി പ്രഖ്യാപിച്ചതും പോള്‍ ആറാമന്‍ പാപ്പയാണ്.

1809-നുശേഷം ഇറ്റലിക്കു പുറത്ത് യാത്ര ചെയ്ത ആദ്യ പാപ്പയായ ഇദ്ദേഹംതന്നെയാണ് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച ആദ്യപാപ്പയും. ഇദ്ദേഹമാണ് ഇന്ത്യയിലെത്തിയ പ്രഥമ പാപ്പയും. മുംബൈയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് 1964-ല്‍ അദ്ദേഹം ഇന്ത്യയിലെത്തിയത്.

കൃത്രിമ ജനന നിയന്ത്രണത്തിലെ അധാര്‍മികത ചൂണ്ടിക്കാട്ടി മനുഷ്യജീവന്റെ മഹത്വം പ്രഘോഷിച്ച ചാക്രികലേഖനം ‘ഹ്യൂമാനേ വീറ്റേ’ ഈ മാർപാപ്പയുടെ ചിന്തകളിൽ നിന്ന് വിരിഞ്ഞതാണ്.

മരണശേഷം അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്താൽ ധാരാളം അത്ഭുതങ്ങൾ നടന്നു. 1990-കളില്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് ആദ്യത്തെ അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മസ്തിഷ്‌കവുമായി ബന്ധപ്പെട്ട ഗുരുതര രോഗാവസ്ഥയുമായി ജനിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഭ്രൂണഹത്യ നടത്താനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. എന്നാല്‍, അതിന് ആ അമ്മ പോള്‍ ആറാമന്‍ പാപ്പയുടെ മാധ്യസ്ഥ്യം തേടി. ആ കുട്ടി പൂര്‍ണ ആരോഗ്യവാനാണ് ഇപ്പോഴും. അത് അത്ഭുതമായി സ്ഥിരീകരിച്ചതോടെ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള വാതില്‍ തുറന്നു. കുടുംബ സിനഡ് സമാപിച്ച 2014 ഒക്‌ടോബര്‍ 19ന് ഫ്രാന്‍സിസ് പാപ്പയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. വി.പോൾ ആറാമൻ മാർപാപ്പായേ ജീവിതത്തിൽ ധാർമ്മിക മൂല്യങ്ങൾക്ക് വേണ്ടി നിലനില്ക്കുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review