നഷ്ടപ്പെട്ട ശ്രവണ സഹായി (Hearing Aid)

Image

ഞാൻ കേൾവിക്കുറവുള്ള വ്യക്തിയാണ്. ചെറുപ്പത്തിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും കണ്ടിരുന്നില്ല. പക്ഷേ ഉദ്ദേശം മുപ്പതു വർഷം മുമ്പ് എന്നെ ഒരു അണലി പാമ്പു കടിച്ചതിനുശേഷമാണ് കേൾവിയിൽ പ്രകടമായ കുറവ് അനുഭവപ്പെടുവാൻ തുടങ്ങിയത്. അന്ന് മുതൽ ഞാൻ ശ്രവണ സഹായി ഉപയോഗിക്കുന്നണ്ട്. ഒരാൾ ശ്രവണ സഹായി ഉപയോഗിച്ചു തുടങ്ങിയാൽ പിന്നെ അതില്ലാതെ മുന്നോട്ടു പോകുക വളരേ ദുഷ്ക്കരമാണ്. പുറമേ നിന്നുള്ള പല ശബ്ദങ്ങളും നമുക്ക് തിരിച്ചറിയുവാൻ കഴിയുകയില്ല. കണ്ണട ഉപയോഗിക്കുന്ന വ്യക്തി കണ്ണടയില്ലാതെ വായിക്കുവാൻ പ്രയാസപ്പെടുന്നതുപോലെ തന്നെയാണ് ശ്രവണ സഹായി ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥ. പല ശബ്ദങ്ങളും നമുക്ക് അന്യമായിരിക്കും. കൂടാതെ ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ നിന്ന് ദൂരം മാറി നില്ക്കാനും ശ്രമിക്കും.

ഏതാനും നാൾ മുമ്പ് ഞാൻ ഭാര്യ - പുഷ്പയുമായി ഒരു സന്ധ്യാസമയത്ത് കുന്നംകുളം ടൗണിൽ കുറച്ച് വസ്ത്രങ്ങൾ വാങ്ങുവാൻ പോയിരുന്നു. നല്ല മഴയും ഉള്ള ദിവസം. തിരക്കുള്ള നാലോ അഞ്ചോ തുണിക്കടകളിൽ കയറി. തിരിച്ച് വീട്ടിൽ വന്നപ്പോഴാണ് ശ്രദ്ധിച്ചത് - എന്റെ ശരീരത്തിൻ്റെ ഭാഗം പോലെ കരുതുന്ന ശ്രവണ സഹായി എവിടെയോ വീണുപോയിരിക്കുന്നു. വലിയ മന:പ്രയാസമായി . മുപ്പതിനായിരം രൂപയോളം വിലയുണ്ട്. വിലയേക്കാളുപരി കുറേ നാളുകൾ അന്വേഷിച്ചിട്ടാണ് സ്വിറ്റ്സർലൻ്റെ കമ്പനിയായ 'ഫോണാക്ക് ' (Phonak) എന്ന തൃപ്തിയായ ഒരെണ്ണം ഒത്തു കിട്ടിയത്. ചെവിക്കുള്ളിൽ പ്രവർത്തിക്കുന്ന ശ്രവണ സഹായിയാണ്. മെഷീൻ പുറമേ നിന്ന് ആരും നോക്കിയാൽ കാണുകയില്ല. അത്രയും ചെറുതാണ്.അടുത്ത ദിവസം ജോലി സംബന്ധമായി ഞാൻ ദുബായിലേക്ക് തിരിച്ചു പോകേണ്ട ദിവസമായി അവിടെ ചെന്നാലും ധാരാളം മീറ്റിംഗുകളിൽ സംബന്ധിക്കേണ്ടതുമുണ്ട്. പുതിയ ശ്രവണ സഹായി ഓർഡർ ചെയ്താലും നാലോ അഞ്ചോ ദിവസം സമയമെടുക്കും കൊറിയറിൽ ലഭിക്കുവാൻ. വളരേ മന:പ്രയാസമായി . രാത്രി തന്നെ തുണിയെടുക്കുവാൻ കയറിയ കടകളിളല്ലാം കയറി ശ്രവണശ്രവണ സഹായി നഷ്ടപ്പെട്ട വിവരം അറിയിച്ചു. ഈ ചെറിയ സാധനം വീണ പോയാൽ ഇത്രയും തിരക്കുള്ള കടയിൽ എങ്ങിനെയാണ് അറിയുക ? അഥവാ ചവിട്ടിയാൽ തകർന്നു പോകുന്ന സാധനവുമാണല്ലോ എന്ന മറുപടിയാണ് ലഭിച്ചത്. മന:പ്രയാസത്തോടെ തിരികെ വന്ന് പ്രാർത്ഥിച്ചു. വിശ്വസിച്ചാൽ നീ ദൈവ മഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോടു ഞാൻ പറഞ്ഞില്ലേ (യോഹ 11:40 )എന്ന വചന ഭാഗമാണ് ദൈവം ഉത്തരം നല്കിയത്. ഞാൻ ആ വചനം വിശ്വസിച്ചു. വി. അന്തോണീസിൻ്റെ മധ്യസ്ഥവും യാചിച്ചു. ശ്രവണ സഹായി തിരികെ ലഭിക്കുമെന്ന ഉറപ്പു കൊണ്ട് ദൈവം എന്റെ മനസ്സു നിറച്ചു !

അടുത്ത ദിവസം കാലത്ത് പത്തു മണിയോടുകൂടി ടൌണിലെത്തി തലേ ദിവസം കയറിയ കടകളിൽ ഒന്നു കൂടി അന്വേഷിച്ചു. കാര്യമുണ്ടായില്ല. അവസാനം വാഹനം നിറുത്തിയിരിക്കുന്ന കുന്നംകുളം മുനിസിപ്പാലിറ്റി ഓഫീസിൻ്റെ സൈഡിലെത്തി. അവിടെ തന്നെയായിരുന്ന തലേ ദിവസവും വാഹനം പാർക്കു് ചെയ്തിരുന്നത്. കാറിൻ്റെ ഡോർ തുറക്കുന്ന സമയത്ത് തലേ ദിവസം പാർക്കു ചെയ്ത സ്ഥലമല്ലേ എന്നു കരുതി താഴേക്ക് വെറുതേ ഒന്നു കണ്ണോടിച്ചു. എനിക്കു വിശ്വസിക്കുവാൻ കഴിഞ്ഞില്ല - എൻ്റെ നഷ്ടപ്പെട്ട ശ്രവണ സഹായി ഇതാ താഴെ കിടക്കുന്നു!. ദൈവത്തിനു നന്ദി പറഞ്ഞു അത് കൈയിലെടുത്തു. നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും പോകുന്ന വഴിയുടെ സൈഡിൽ ദൈവം എന്നെ 'വിശ്വാസത്തിൻ്റെ കടുകുമണി'യുടെ അർത്ഥം പഠിപ്പിക്കുവാൻ വേണ്ടി ഈ മെഷീൻ സൂക്ഷിച്ചുവെച്ചിരുന്നു. തലേ രാത്രി മുഴുവൻ മഴ പെയ്തിട്ടും ഈ ഇലക്ട്രോണിക്ക് മെഷീന് ഒരു കേടും സംഭവിച്ചില്ല ! അതിലും വലിയ അത്ഭുതം കറുത്ത നിറമുള്ള ഈ കൊച്ചുമെഷീൻ ടാർ റോഡിൻ്റെ സൈഡിൽ കിടക്കുന്നത് എൻ്റെ കണ്ണുകൾക്ക് തിരിച്ചറിയാൻ സാധിച്ചു എന്നതാണ്. ഇന്നും ഞാൻ ആ ശ്രവണ സഹായി തന്നെയാണ് ഉപയോഗിക്കുന്നത് ! പ്രിയപ്പെട്ട വായനക്കാരാ ഇതാണ് ദൈവത്തിൻ്റെ കരുതൽ .

ദൈവം നമ്മെ പഠിപ്പിക്കുന്നത് ഹിമാലയം പോലുള്ള ഉദാഹരണങ്ങൾ കൊണ്ടാകണമെന്നില്ല. ഈശോക്ക് കടുകുമണി കൊണ്ടും നമ്മെ പഠിപ്പിക്കാം. അവൻ ഗോതമ്പുമണി കൊണ്ടും, അപ്പം കൊണ്ടും, വയലിലെ ലില്ലിയെ കൊണ്ടും, ആകാശത്തിലെ പക്ഷികളെക്കൊണ്ടും നമ്മെ പഠിപ്പിച്ച 'സാധാരണക്കാരനാണ്'. പരിശുദ്ധ അമ്മയെക്കുറിച്ച് പരിശുദ്ധാത്മാവ് എലിസബത്തിനെക്കൊണ്ട് ഭാഗ്യവതിയെന്ന് വിളിപ്പിച്ചു - കർത്താവ് അരുളി ചെയ്തത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി ! (ലൂക്കാ 1:45) .നമുക്കും അതുപോലെ വിശ്വസിക്കാം. നമ്മുടെ മുമ്പിലുള്ള ചെറിയ വഴികൾ പോലും നമ്മുടെ ജീവിതത്തിലെ ദേശീയ പാത കളാക്കി മാറ്റുവാൻ അല്പ സമയമേ ദൈവത്തിനു വേണ്ടൂ എന്നു വിശ്വസിക്കാം.

ദൈവം നമ്മുടെ എല്ലാ ആവശ്യങ്ങളും അറിയുന്നു. നിന്റെ മുടിയിഴ പോലും എണ്ണപ്പെട്ടിരിക്കുന്നു. ഈ വിലയില്ലാത്ത മുടിക്കുപോലും ദൈവത്തിന് കൃത്യമായ കണക്കുണ്ട്. സ്വന്തം തലയിലെ മുടിയുടെ കണക്ക് കൈവശമുള്ള മനുഷ്യർ ആരെങ്കിലും ഭൂമിയിലുണ്ടോ?

ഈ നോമ്പുകാലം വിശ്വാസത്തിൽ കരുത്തു നേടാനുള്ള പുണ്യകാലമായി മാറ്റുവാൻ പരിശ്രമിക്കാം. വിശ്വാസത്തിലും ഭക്തിയിലും നമ്മൾ ബലപ്പെടട്ടെ.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

3rd of July 2023

""

image

8th of November 2023

""

image

16th of January 2024

""

image

22nd of April 2024

""

image

27th of May 2024

""

image

19th of August 2024

""

image

7th of September 2024

""

image

15th of September 2024

""

Write a Review