2004 ഡിസംമ്പർ 26 നാണ് തമിഴ് നാടിനേയും കേരള തീരത്തേയും വിറപ്പിച്ച സുനാമി ദുരന്തം ഉണ്ടായത്. ആ നാളുകളിൽ ഞാൻ ഒമാനിൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ പർച്ചേസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു. ദുരന്തവാർത്ത കേട്ടപ്പോൾ തന്നെ കമ്പനിയിൽ ജോലി ചെയ്യുന്ന എല്ലാവരും സഹായ ഹസ്തവുമായി മുന്നോട്ടു വന്നു. ഒരു container നിറയെ തുണികൾ, പാൽപ്പൊടി, കുടിവെള്ളം തുടങ്ങിയവയെല്ലാം എല്ലാവരും ഉത്സാഹത്തോടെ എത്തിച്ചു തന്നു. എനിക്കായിരുന്നു ഇതിൻ്റെ യെല്ലാം ചുമതല. Container അയയ്ക്കണ്ട ദിവസവും നിശ്ചയിച്ചു. അന്ന് രാത്രി ഞാൻ മുറിയിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ കണ്ടത് – ഞങ്ങളുടെ കമ്പനിയുടെ മെസ്സിൽ (Mess) ക്ലീനറായി ജോലി ചെയ്യുന്ന വയസ്സൻ പാക്കിസ്താനി – ചാച്ചയെന്ന് ഞങ്ങൾ വിളിക്കുന്ന വാരിസ് ഖാനെയാണ്. ഭയത്തോടെ നില്ക്കുന്ന അദ്ദേഹം ചോദിച്ചു ” സാറെ Container അയക്കുന്നത് ഒരു ദിവസമൊന്നു നീട്ടാമോ? ഇന്ന് സാധങ്ങൾ വാങ്ങാനുള്ള പണം ഒത്തില്ല. നാളെ ശമ്പളം കിട്ടും. അടുത്ത ദിവസം തന്നെ വലിയൊരു പൊതിയുമായി സന്തോഷത്തോടെ ‘ചാച്ച’ എൻ്റെ ഓഫീസിൽ വന്നു. പൊതി തുറന്നു നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു! എട്ടു വില കൂടിയ ഡ്രസ്സുകളായിരുന്നു ആ പൊതിയിൽ! എഴുതാനും, വായിക്കാനും അറിയാത്ത പാവപ്പെട്ട ആ സഹോദരനോട് ഞാൻ ചോദിച്ചു ‘ പഴയതു തന്നാൽ മതിയായിരുന്നില്ലേ’? കാരണം ഞങ്ങളെല്ലാവരും ഞങ്ങൾക്ക് ഉപയോഗമില്ലാത്ത പഴയ ഡ്രസ്സുകളാണ് അയച്ചുകൊടുക്കുവാൻ ഏല്പിച്ചിരുന്നത്! അദ്ദേഹത്തിൻ്റെ മറുപടി കേട്ട് ഞാൻ തരിച്ചിരുന്നു പോയി ” ഞനെൻ്റെ സ്വന്തം മക്കൾക്കാണ് ഇത് കൊടുക്കുന്നത്. മക്കൾക്കെങ്ങിനെയാ നമ്മുടെ പഴയ ഡ്രസ്സുകൾ കൊടുക്കുക സാറെ! എഴുതുവാനും വായിക്കാനുമറിയാത്ത ബൈബിൾ കാണാത്ത ആ സഹോദരൻ്റെ മുമ്പിൽ ഇത്രയും നാൾ വചനം വായിച്ച ഞാൻ എത്ര ചെറുതാണ്. “അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്‌ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍ നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ തന്‍െറ ദാരിദ്യ്രത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്‌ഷേപിച്ചിരിക്കുന്നു.” ലൂക്കാ 21:3-4
13th of July 2023
""