തിരുപ്പിറവിയെക്കുറിച്ച് ദൈവ മനുഷ്യൻ്റെ സ്നേഹഗീത ( The Poem of the Man – God) എന്ന വിശ്വ പ്രസിദ്ധമായ ഗ്രന്ഥത്തിൽ മിസ്റ്റിക്കായിരുന്ന മരിയ വാൾ തോർത്തക്കു് വെളിപ്പെട്ട ഹൃദയസ്പർശിയായ ഒരു രംഗം: മൃഗങ്ങളോടൊപ്പം രാത്രി ചെലവഴിക്കാനിടയായ മേരിയും, ജോസഫും പ്രവേശിച്ച ആ ഗുഹയുടെ ഉൾഭാഗം ഞാൻ കാണുന്നു. തീ പതുക്കെ കെട്ടുതുടങ്ങുന്നു. അതു സൂക്ഷിച്ചുകൊണ്ടിരുന്ന ജോസഫും ഒന്നു മയങ്ങിത്തുടങ്ങി. മേരി കിടക്കയിൽ നിന്നു തലയുയർത്തി ചുറ്റും നോക്കുന്നു. ജോസഫിന്റെ തല കുനിഞ്ഞു നെഞ്ചോടു ചേർന്ന്, ധ്യാനത്തിൽ മുഴുകിയതുപോലെയുണ്ട്. ഉണർന്നിരിക്കാൻ ആഗ്രഹിച്ചെങ്കിലും, ക്ഷീണം അധീകരിച്ചതിനാൽ, അതു കഴിയുന്നില്ല എന്നു മേരി കാണുന്നു. മേരി പുഞ്ചിരി തൂകുന്നു. പിന്നീടു മുട്ടുകുത്തുന്നു. ആനന്ദം നിറഞ്ഞ പുഞ്ചിരിയോടെ അവൾ പ്രാർത്ഥിക്കുന്നു.ഒരു മടുപ്പും കൂടാതെ ദീർഘസമയം പ്രാർത്ഥിക്കുന്നു. തീക്ഷ്ണമായ, ദീർഘമായ പ്രാർത്ഥന. – ജോസഫ് ഉണരുന്നു. തീ മിക്കവാറും കെട്ടുപോയെന്നും, കാലിക്കൂട് മുഴുവൻ ഇരുട്ടായെന്നും കാണുന്നു. കുറച്ചു ഉണക്കപ്പുല്ലു തീയിലിടുന്നു. തീയ് വീണ്ടും കത്താൻ തുടങ്ങി. രാത്രിയിൽ തണുത്ത് മരവിച്ചിട്ടുണ്ടാവണം. അത്രയും തണുപ്പാണ്. കാരണം വാതിലിനോടു ചേർന്നാണ് അദ്ദേഹം ഇരുന്നത്. സ്വന്തം പുറങ്കുപ്പായമാണ് വിരിയായി ഗുഹയുടെ വാതില്ക്കലിട്ടിരിക്കുന്നത്. കൈകൾ തീയ്ക്കടുത്തു പിടിച്ചു ചൂടാക്കുന്നു. മെതിയടി മാറ്റി കാലും ചൂടാ ക്കുന്നു. തീയ് ശരിക്കു കത്തിത്തുടങ്ങിയപ്പോൾ ജോസഫ് നോക്കുന്നു. എന്നാൽ ഒന്നും കാണുന്നില്ല. വൈക്കോലിൽ മേരിയുടെ വെള്ള ശിരോവസ്ത്രം നേരെ കിടക്കുന്നത് കാണുന്നില്ല. ജോസഫ് എഴുന്നേറ്റ് മേരിയുടെ കിടക്കയുടെ സമീപത്തേക്കു പോകുന്നു. പ്രകാശം കൂടിക്കൂടി വരുന്നു. എൻ്റെ കണ്ണുകൾക്കു താങ്ങാനാവാത്ത അത്ര ശക്തമായ പ്രകാശപ്പോൾ. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിമിത്തം,കാള ഉണർന്ന് എഴുന്നേറ്റ് നിന്ന് തറയിൽ ചവിട്ടിയും, മുക്രയിട്ടും ശബ്ദം പുറപ്പെടുവിക്കുന്നു. കഴുത തല തിരിഞ്ഞു നോക്കി കരയുന്നു.ആ പ്രകാശവലയത്തിനുള്ളിൽ പരിശുദ്ധ കന്യക മറയുന്നു. പ്രകാശത്തിന്റെ ധവളമായ ഒരുമ അവളെ അതിനുള്ളിലേക്കു ലയിപ്പിച്ചതുപോലെ. അതെ, പ്രകാശം എന്റെ കണ്ണുകൾക്കു സഹിക്കാറായപ്പോൾ മേരി തന്റെ അരുമജാതനെ കരങ്ങളിൽ വഹിച്ചിരിക്കുന്നതായി ഞാൻ കാണുന്നു. റോസ് നിറത്തിൽ തുടുതുടുത്ത ഒരു കുഞ്ഞ് റോസാപൂമൊട്ടുകൾ പോലെയുള്ള കൈകൾ ചലിപ്പിച്ചുകൊണ്ട് അത് ഒരു റോസാപ്പൂവിന്റെ ഉള്ളിലൊതുങ്ങുന്ന ചെറുപാദങ്ങൾ കൊണ്ടു ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. പുതുതായിപ്പിറന്ന ഒരാട്ടിൻ കുഞ്ഞിനെപ്പോലെ നേരിയ വിറക്കുന്ന സ്വരത്തിൽ കരയുന്നു. പ്രാർത്ഥനയിൽ മുഴുകി ചുറ്റും നടക്കുന്നതൊന്നും അറിയാതെയിരുന്ന ജോസഫിനു മുഖത്തോടു ചേർത്തുപിടിച്ചിരുന്ന കൈവി രലുകൾക്കിടയിലൂടെ, പ്രകാശം, കണ്ണിലേക്കു കടക്കുന്ന അനുഭവമു ണ്ടായി. കൈകൾ മാറ്റി തല ഉയർത്തി, ജോസഫ് ചുറ്റും നോക്കുന്നു. കാളയുടെ നിലകൊണ്ടു മേരിയെ കാണാൻ പറ്റുന്നില്ല. എന്നാൽ മേരി വിളിക്കുന്നു. “ജോസഫേ, വരൂ “. ജോസഫ് തിടുക്കത്തിൽ ചെല്ലുന്നു. മേരിയുടെ കരങ്ങളിൽ കുഞ്ഞിനെ കണ്ടുകഴിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു നില്ക്കുന്നു. ബഹുമാനത്തിന്റെ ആധിക്യം നിമിത്തം, നിന്നിടത്തുതന്നെ മുട്ടുകുത്താൻ തുടങ്ങുന്നു. എന്നാൽ മേരി നിർ ബന്ധമായിപ്പറയുന്നു. “വരൂ ജോസഫേ, അവൾ ഇടതുകൈ വൈക്കോലിൽ കുത്തി, വലതുകൈകൊണ്ടു ശിശുവിനെ ചങ്കിനോടു ചേർത്തുപിടിച്ച് എഴുന്നേറ്റ് ജോസഫിന്റെ അടുത്തേക്കു നടക്കുന്നു. ജോസഫ് സംഭ്രമത്തോടെ – മുന്നോട്ടു ചെല്ലണമോ അതു ബഹുമാനക്കുറവാകുമോ എന്നു സംശയിച്ചു ഭയത്തോടെ നടക്കുന്നു. വൈക്കോൽക്കിടക്കയുടെ ചുവട്ടിൽ അവർ രണ്ടു പേരും, എത്തി പരസ്പരം നോക്കി സന്തോഷാധിക്യത്താൽ കരയുന്നു.അനന്തരം രണ്ടു പേരും കൈകൾ ഉയർത്തി പരമ പിതാവിനോടു് നന്ദി പറയുന്നു. മേരി പറയുന്നു: “ജോസഫ് കുഞ്ഞിനെ എടുക്കൂ”. കുഞ്ഞിനെ ജോസഫിൻ്റെ കൈയിൽ കൊടുക്കുന്നു.” എന്ത്, ഞാനോ, വേണ്ട ദൈവത്തെ കൈ കൊണ്ട് സ്പർശിക്കാൻ ഞാൻ യോഗ്യനല്ല ” എന്ന് അത്ഭുതസ്തബ്ദനായി സംസാരിക്കുവാൻ വാക്കുകൾ ലഭിക്കാതെ വിഷമിക്കുന്നു. എന്നാൽ മേരി ജോസഫിനെ ആശ്വസിപ്പിച്ചു കൊണ്ടു പറയുന്നു” നീ മാത്രമാണ് യോഗ്യനായിട്ടുള്ളത്. അതു കൊണ്ടാണ് അത്യുന്നതനായ ദൈവം നിന്നെ തിരഞ്ഞെടുത്തത് “. ജോസഫ് വികാരാധീനനായി, വിവർണ്ണനായി, പരിഭ്രമിച്ച് കൈകൾ നീട്ടി ശിശുവിനെ എടുക്കുന്നു.ഹൃദയത്തോട് ചേർത്തു പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പറയന്നു “എൻ്റെ കർത്താവേ എൻ്റെ ദൈവമേ “. അനന്തരം കുനിഞ്ഞ് ഉണ്ണിയുടെ ചെറുപാദങ്ങളിൽ ചുംബിക്കുന്നു. വി. യൗസേപ്പിതാവിൻ്റെ വർഷം സമാപിക്കുന്ന ഈ വേളയിൽ നാം എത്രമാത്രം യേശുവിനോടും, പരി. അമ്മയോടൊപ്പവും ജീവിക്കാൻ ഭാഗ്യം ലഭിച്ച ഈ പുണ്യ പിതാവിൻ്റെ ജീവിതം ധ്യാനിക്കാറുണ്ട്? ധ്യാനിക്കും തോറും ആദരവ് വർദ്ധിച്ചു കൊണ്ടേയിരിക്കും. ‘നിശബ്ദവാചാലനായ’ ഈ വിശുദ്ധൻ്റെ മാധ്യസ്ഥം നമുക്ക് തേടാം. സ്വപ്നങ്ങളിൽ പോലും വിശുദ്ധിയുണ്ടായിരുന്ന വിശുദ്ധൻ. തനിക്കു മനസ്സിലാകാത്ത കാര്യങ്ങൾ ‘പണ്ഡിതരോട് ‘ അന്വേഷിക്കാതെ ദൈവത്തോട് മാത്രം ഹൃദയവും മനസ്സും ചേർത്ത് പിടിച്ച് തിരുക്കുടു:ബത്തെ നയിച്ചവൻ. ദൈവപുത്രനെ അദ്ധ്വാനത്തിൻ്റെ മഹത്വം പഠിപ്പിച്ചവൻ. മരണ സമയത്ത് അന്ത്യവിധിയാളനായ ഈശോയും, പരി.അമ്മയും മടിയിൽ കിടത്തി ആശ്വസിപ്പിച്ച ‘നൽമരണ മദ്ധ്യസ്ഥൻ’. ഈ നോമ്പുകാലവും,തിരുപ്പിറവിയും വി.യൗസേപ്പിതാവിനോടുള്ള ഭക്തിയിൽ വളരുവാൻ നമുക്ക് പരിശ്രമിക്കാം. എല്ലാവർക്കും തിരുപ്പിറവിയുടെ മംഗളങ്ങൾ നേരുന്നു.
11th of July 2023
""