നല്ലൊരു കല്യാണ ആലോചനയായിരുന്നു. ചെറുക്കനും പെണ്ണും തമ്മിൽ നല്ല ചേർച്ച. പരസ്പരം ചേരാവുന്ന ഒരേ നിലവാരത്തിലുള്ള രണ്ടു കുടുംബങ്ങൾ. പെണ്ണു കാണുവാൻ വന്നവർക്കെല്ലാം കരിഷ്മയെ ഇഷ്ടമായി. നല്ല സൗമ്യതയുള്ള കുട്ടിയാണ് എന്നേ ആരുംഅവളെ കുറിച്ച് പറയൂ. കരിഷ്മ യുടെ മുടിയ്ക്ക് നൂറിൽ നൂറ് മാര്‍ക്ക് കൊടുത്തിട്ടാണ് കാണുവാൻ വന്നവര്‍ പോയത് .അത്രയും അഴകുള്ള മുടിയായിരുന്നു അവൾക്ക്. ചെറുക്കനാണെങ്കില്‍ സുമുഖൻ, ബാങ്ക് ഉദ്യോഗസ്ഥൻ, ഇടവകയിലെ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവൻ. സാമ്പത്തിക ഭദ്രതയും കുലീനത്വം ഉള്ള കുടുംബം.അടുത്തമാസം കല്യാണം ഉറപ്പിക്കാമെന്ന് തീരുമാനത്തിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. അടുത്ത രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ കരിഷ്മയുടെ തലയോട്ടിയിൽ ചെറിയ നിറവ്യത്യാസം വന്നുതുടങ്ങി. തലമുടി വട്ടം വട്ടം ആയി കൊഴിഞ്ഞു പോകാൻ തുടങ്ങി. രണ്ടാഴ്ച സമയം കൊണ്ട് തലയിലെ മുടി മുഴുവൻ കൊഴിഞ്ഞു പോയി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. വിദഗ്ദ ഡോക്ടറെ കാണിച്ചു ചികിത്സകൾ ചെയ്തെങ്കിലും തലയിൽ ഒരു മുടി പോലും ഇല്ലാതെ കഷണ്ടി ബാധിച്ചതു പോലെയായി. മാതാപിതാക്കൾ ആദ്യം ഈ സംഭവം പുറത്തു പറഞ്ഞില്ലെങ്കിലും പിന്നീട് പറയാതിരിക്കുവാൻ സാധിക്കാത്ത അവസ്ഥയായി. എല്ലാവർക്കും വലിയ പ്രയാസമായി കാരണം കരിഷ്മയെ ബന്ധുക്കൾക്കും കൂട്ടുകാർക്കും അത്ര ഇഷ്ടമായിരുന്നു. അടുത്ത ബന്ധുക്കൾ തമ്മിൽ കൂടിയാലോചിച്ചു. ചെറുക്കൻ്റെ വീട്ടുകാരെ വിവരം അറിയിക്കാം എന്ന് തീരുമാനിച്ചു.വിവരമറിഞ്ഞ ഉടനെ ചെറുക്കനും വീട്ടുകാരും വന്നു. കല്യാണം നീട്ടിവെക്കാൻ തീരുമാനിച്ചു. ഏതാനും നാളുകൾ കഴിഞ്ഞിട്ടും മുടികൊഴിച്ചിലിൻ്റെ കാരണം മനസ്സിലായില്ല. ചെറുക്കൻ്റെ വീട്ടുകാർ, ഈ കല്യാണം വേണ്ട എന്ന തീരുമാനത്തിലെത്തി-മറ്റൊരു വിവാഹം ഉറപ്പിച്ചു .ആ നാളുകളിൽ കരിഷ്മ ആരുടെയും മുമ്പിൽ വന്നിരുന്നില്ല. ഞായറാഴ്ച പള്ളിയിൽ പോയിരുന്നതു തന്നെ തലയിൽ ഒരു സ്ക്കാഫ് കെട്ടിയിട്ടാണ്. കുർബ്ബാന കഴിഞ്ഞാൽ ഉടനെ തിരിച്ചു പോരും. ആരോടും സംസാരിക്കില്ല. അവളും വീട്ടുകാരും മാനസികമായി ആകെ തകർന്നു. ഈ സമയത്താണ് കരിഷ്മ ഒരു നവീകരണ ധ്യാനം കൂട്ടുന്നത്. വലിയ ബോധ്യങ്ങൾ ദൈവം ഈ ദിവസങ്ങളിൽ നൽകി അവളെ അനുഗ്രഹിച്ചു. ദൈവത്തിന് അവളെക്കുറിച്ച് മറ്റെന്തോ പദ്ധതികൾ ഉണ്ടെന്ന് ഉറപ്പു കിട്ടിയ ദിവസങ്ങളായിരുന്നു അവ. എൻ്റെ പ്ലാനുകളല്ല ഈശോയുടെ പ്ലാനുകളാണ് എന്നിൽ നിറവേറേണ്ടത് എന്ന് ഉൾക്കാഴ്ച നൽകി ദൈവം അവളെ അനുഗ്രഹിച്ചു! വളരെ സന്തോഷവതിയായിട്ടാണ് കരിഷ്മ ധ്യാനം കഴിഞ്ഞു വന്നത്. അവളുടെ മുടങ്ങിയ PG പഠനം പുനരാരംഭിച്ചു. ഇതിനിടയ്ക്ക് മുടി വളരുവാനുള്ള ഏതാനും നാടൻ ആയുർവേദ ചികിത്സകളും ചെയ്തിരുന്നു. ഒരു വർഷത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്ന തിനേക്കാൾ അഴകും ഉറപ്പുമുള്ള മുടി തഴച്ചുവളർന്നുവന്നു! അടുത്ത ദിവസങ്ങളിൽ തന്നെ നല്ലൊരു കല്യാണക്കാര്യം, മുടിയുടെ വിവരങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് വന്നുചേർന്നു. ഒഴിഞ്ഞു പോയ വിവാഹത്തേക്കാൾ ഉയർന്ന വിദ്യാഭ്യാസവും, സൗന്ദര്യവും, സാമ്പത്തിക ഭദ്രതയും കുലീനത്വവുമുള്ള ഒരു വരനെയും കുടു:ബത്തേയും നൽകി ഈശോ അവളെ അനുഗ്രഹിച്ചു. ഇന്ന് രണ്ടു മക്കളുടെ അമ്മയായി സന്തോഷവതിയായി ഭർത്താവുമൊത്ത് അവൾ ജീവിക്കുന്നു. നമ്മുടെ ജീവിതത്തിലും ഓർക്കാപ്പുറത്ത് ഇങ്ങനെയുള്ള ‘മുടികൊഴിച്ചിൽ ‘ ദുരന്തങ്ങൾ ഉണ്ടാകാറുണ്ട്. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മുടങ്ങിപ്പോകുക, ഉന്നത പഠനത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുക, പ്രമോഷനുകൾ തഴയപ്പെടുക, വലിയ സാമ്പത്തിക തകർച്ചകൾ അപ്രതീക്ഷിതമായി കടന്നു വരിക, മാരക രോഗങ്ങൾ പിടികൂടുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് ഓർത്ത് വിഷമിച്ചു നിരാശപ്പെട്ടു കഴിയുന്ന ധാരാളം പേരെ നമുക്ക് കാണാം. കരിഷ്മയുടെ മുടി കൊഴിച്ചിലിനുപോലും ഒരു ദൈവീക പദ്ധതിയുണ്ടായിരുന്നു. നിസ്സാരമായി നമ്മൾ കരുതുന്ന മുടിക്ക് പോലും ദൈവത്തിൻ്റെ ലെഡ്ജറിൽ എണ്ണമുണ്ട്.നിങ്ങളുടെ തലമുടിയിഴ പോലും എണ്ണപ്പെട്ടിരിക്കുന്നു. ലൂക്ക 12:7.ദൈവം അറിയാതെ ഒരു മുടിയിഴ പോലും കൊഴിയില്ല. ചേർന്ന ഇണയെ തരുമെന്ന് വാഗ്ദാനം ചെയ്തവൻ വാക്കു മാറ്റില്ല.ഓരോരുത്തരെക്കുറിച്ചും മനോഹരമായ വ്യത്യസ്ഥപദ്ധതികളാണ് അനാദി കാലം മുതൽ ദൈവം കരുതി വെച്ചിരിക്കുന്നത്.തിരിയേണ്ട സ്ഥലത്ത് തിരിയാതെ വരുമ്പോൾ നമ്മൾ ലക്ഷ്യത്തിലെത്തില്ല എന്നറിയുന്ന ദൈവം നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ജീവിതറൂട്ട് തിരിക്കും. അതാണ് തകർച്ചകളായി നമുക്ക് അനുഭവപ്പെടുന്നത്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുമ്പോൾ തിരിയേണ്ട സ്ഥലം മനസ്സിലാക്കാതെ വീണ്ടും മുന്നോട്ടു പോകുമ്പോൾ അറിയിപ്പു കേൾക്കുന്നതു പോലെ. അതു നമ്മെ തകർക്കാനുള്ളതല്ല മറിച്ച് ലക്ഷത്തിലെത്തിക്കാനുള്ളതാണ്. പക്ഷേ നമുക്കത് മനസ്സിലാകുവാൻ സമയമെടുക്കും എന്നു മാത്രം. കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എൻ്റെ മനസ്സിലുണ്ടു്. നിങ്ങളുടെ നാശത്തിനുള്ളതല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങൾക്കു ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി.(ജെറമിയ 29:11) 2021 വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷമായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. സ്വപ്നങ്ങൾ നമ്മൾ പലപ്പോഴും ഗൗരവമായിഎടുക്കാറില്ല. എന്നാൽ സ്വപ്നങ്ങളിലൂടെ വലിയ ദൈവീക പദ്ധതികൾ തിരിച്ചറിഞ്ഞ യൗസേപ്പിതാവ് എവിടെയെല്ലാം തൻ്റെയും കുടം: ബത്തിൻ്റെയും ജീവിത റൂട്ട് മാറ്റണം എന്ന് ദൈവം ആഗ്രഹിച്ചോ അവിടെയെല്ലാം കൃത്യമായി തിരിച്ചറിഞ്ഞു അനുസരിച്ചതുകൊണ്ടു് അനുഗ്രഹിക്കപ്പെട്ടതു പോലെ നമുക്കും ഈ പുതുവർഷം യൗസേപ്പിതാവിൻ്റെ കരം പിടിച്ചു നടക്കാം. സാർവ്വത്രിക സഭയുടെ മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിൻ്റെ കരങ്ങളിൽ പിടിച്ചുള്ള യാത്ര വളരേ സുരക്ഷിതമാണ്. ലൊക്കേഷൻ ഒരിക്കലും തെറ്റിപ്പോകില്ല! എല്ലാവർക്കും പുതു വത്സര ആശംസകളും പ്രാർത്ഥനകളും നേരുന്നു!
12th of July 2023
""