എപ്പോഴും എടുത്തു ചാട്ടമില്ലാതെ തീരുമാനമെടുക്കുന്ന താങ്കൾ ഇപ്പോൾ എടുത്തിരിക്കുന്നത് വിവേകമില്ലാത്തതാണെന്നാണ് എനിക്ക് പറയുവാനുള്ളത് ! ഒന്നും കൂടി ചിന്തിക്കൂ അതിനു ശേഷം ഞാൻ താങ്കളുടെ രാജി സ്വീകരിക്കാം. ഇത്രയും നല്ലൊരു ജോലി കളയണോ എന്റെ കൂട്ടുകാരാ? ഞാൻ ജോലി ചെയ്തിരുന്നത് uae ലെ ഒരു ബ്രിട്ടീഷ് കമ്പനിയിലെ ഒരു ഉയർന്ന പദവിയിലായിരുന്നു. ഞാൻ രാജി സമർപ്പിച്ചത് ഞങ്ങളുടെ ഡയറക്ടർക്കായിരുന്നു. പെട്ടെന്നാണ് ഒരു തീരുമാനം എടുക്കേണ്ടി വന്നത്. എന്റെ അപ്പച്ചൻ പെട്ടെന്ന് തളർന്നു കിടപ്പിലായതാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. അമ്മയുടേയും ആരോഗ്യസ്ഥിതി വളരേ മോശം. അപ്പച്ചന് അൽഷിമേഴ്സ് രോഗവും മലമൂത്ര വിസർജനം നിയന്ത്രണമല്ലാത്ത അവസ്ഥയിലുമായിരുന്നു. പല എന്റെ കൂട്ടുകാരും പ്രാർത്ഥനാ ഗ്രൂപ്പിലുള്ളവരും ഒരു Male Nurse നെ വെച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നു തന്നെയാണ് ഉപദേശിച്ചത്. എനിക്കാണെങ്കിൽ സഹോദരന്മാരും ഇല്ല. പെങ്ങൾമാർ അവർക്ക് സാധിക്കാവുന്ന വിധം ചെയ്യുന്നുണ്ട്. പക്ഷേ വിവാഹം ചെയ്തയച്ച അവർക്ക് പരിമിതികൾ ഉണ്ടല്ലോ? ഒരു തീരുമാനമെടുക്കുവാൻ വിഷമിച്ച് മൂന്നു ദിവസത്തോളം ഞാനും കുടം: ബവും പ്രാർത്ഥിച്ച് – തീരുമാനമെടുത്തു.ജോലി രാജി വെച്ചു നാട്ടിലെത്തി. അപ്പോഴേക്കും അപ്പച്ചൻ വളരേ താളം തെറ്റിയിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി – മനസ്സുകൊണ്ട് ഞാൻ ഈ അവസ്ഥ അംഗീകരിക്കുന്നില്ലെങ്കിൽ ഈ ശുശ്രൂഷ ദൈവത്തിന് പ്രീതികരമാകില്ല എന്ന്. ആ ദിവസങ്ങളിൽ വിട്ടിൽ ജോലിക്ക് വന്നിരുന്ന ഒരുസഹോദരി വരവും നിർത്തി- കാരണം അപ്പച്ചനെ പരിചരിക്കുക എളുപ്പമായിരുന്നില്ല. അതും ദൈവഹിതമായി ഞാനെടുത്തു. അന്നു മുതൽ അപ്പച്ചന്റെ എല്ലാ ജോലികളും ഞാൻ തന്നെ ഏറ്റെടുത്തു. രാവിലെ മൂത്രത്തിൽ കുളിച്ചു കിടക്കുന്ന അപ്പച്ചനെ കുളിപ്പിക്കുന്നത് വളരേ ശ്രമകരമായൊരു ജോലിയായിരുന്നു.(മൂത്രമൊഴിക്കാൻ ട്യൂബോ മലവിസർജനത്തിനായി പാഡോ കെട്ടുവാൻ അപ്പച്ചൻ സമ്മതിച്ചിരുന്നില്ല). മുറിയെല്ലാം പല തവണ കഴുകി തുടച്ച് വൃത്തിയാക്കണം, മാറ്റിയ തുണികൾ കഴുകി വെയിലത്ത് ഉണക്കിയെടുക്കണം, സമയാസമയങ്ങളിൽ മരുന്നുകളും ഭക്ഷണവും കൊടുക്കണം. ഓർമ്മ ശരിയല്ലാത്ത അപ്പച്ചനോടു് ശാന്തമായി അടുത്തിരുന്ന് സംസാരിക്കണം, പിടിച്ചിരുത്തി മുഖം ഷേവ് ചെയ്യിക്കണം അങ്ങിനെ നിരവധി ജോലികൾ. രാത്രി ഒന്നു സ്വസ്ഥമായി പലപ്പോഴും ഉറങ്ങുവാനും കഴിഞ്ഞിരുന്നില്ല. ഞാൻ ഇതെല്ലാം ചെയ്യുന്നതിനിടയിൽ എന്റെ ഇടവകയിലെ ACCകാറ്റകീസം അദ്ധ്യാപകനായും, അടുത്തുള്ള പള്ളികളിൽ വചനം പ്രഘോഷിക്കുവാനും സമയം കണ്ടെത്തിയിരുന്നു. അപ്പച്ചനു വേണ്ടി ശുശ്രൂഷ ചെയ്ത കാലഘട്ടമാണ് എന്റെ ജീവിതത്തിലെ എറ്റവും സന്തോഷവും ശാന്തതയും അനുഭവിച്ച സമയം! അത്രയും മഹത്തരമാണ് മാതാപിതാക്കളെ പരിചരിക്കുന്ന ശുശ്രൂഷ! ഞാൻ ജോലി രാജി വെച്ച് വന്ന അന്നു മുതൽ കഴിഞ്ഞ മാസം (2018 നവമ്പർ വരെ- രണ്ടു വർഷം) അപ്പച്ചനെ ഒരു തവണ പോലും ആശുപത്രിയിൽ കിടത്തേണ്ടി വന്നിട്ടില്ല. കഴിഞ്ഞ നവമ്പർ ഒന്നിന് പനിയായി ആശുപത്രിയിൽ കിടത്തി, നാലാം തിയതി രോഗി ലേപനം സ്വീകരിച്ച് ഞങ്ങളുളെ കൂടെ പ്രാർത്ഥിച്ച് ഒമ്പതാം തിയതി ഞങ്ങളുടെ അപ്പച്ചന്റെ ആത്മാവ് ദൈവത്തോടു് ചേർന്നു. ജപമാലക്കിടയിലെ അവേ മരിയ ഗാനം അപ്പച്ചൻ ഞങ്ങളോടൊപ്പം പാടിയിരുന്നു. പ്രിയ കൂട്ടുകാരേ, വാരദ്ധ്യക്യത്തിലെ മാതാപിതാക്കൾ നമ്മുടെ കുടുംബത്തിന്റെ അനുഗ്രഹമാണ് എന്ന് തിരിച്ചറിയുക. അവരെ ഒരിക്കലും ഒരു ഭാരമായി കാണരുത്. അവരിലൂടെ നമ്മുടെ കുടുംബത്തിലേക്ക് അനുഗ്രഹങ്ങൾ നദി പോലെ ഒഴുകും. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും. അവന്റെ പ്രാർത്ഥന കർത്താവ് കേൾക്കും (പ്രഭാ 3:5)
4th of July 2023
""