മദർ തെരേസായും കൊറോണയും

Image

അകന്ന ഒരു ബന്ധുവിൻ്റെ വീട് വെഞ്ചിരിപ്പിന് ഇടവക വൈദികന് ക്ഷണം ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു. സമ്മാനങ്ങൾ ഒന്നും നോക്കിയെടുക്കാനുള്ള സമയവും ലഭിച്ചില്ല. നാട്ടിൻപുറത്തെ പരിചയമുള്ള കടയിൽ കയറി ഈശോയുടെ തിരുഹൃദയത്തിന്റെ ഒരു ഫോട്ടോ വാങ്ങാമെന്ന് കരുതി. കടയിൽ കയറിയപ്പോഴാണ് ഒരു അത്യാവശ്യ ഫോൺ കോൾ വന്നത് ! കടയുടെ ഉടമസ്ഥൻ ഇടവകയിലെ കാറ്റക്കീസം അധ്യാപകനും കലാബോധമുള്ള ചെറുപ്പക്കാരനും ആയതിനാൽ തിരഞ്ഞെടുപ്പ് ആളെത്തന്നെ എല്പിച്ചു. ഈശോയുടെ തിരുഹൃദയത്തിന്റെ ഏറ്റവും പുതിയ ചിത്രം തന്നെ പൊതിഞ്ഞു വെയ്ക്കുവാൻ പറഞ്ഞു ഫോൺ വന്ന കാര്യത്തിനു പോയി. വെഞ്ചിരിക്കുവാനുള്ള വീട്ടിൽ ചെന്ന് കൊടുക്കുവാനുള്ള സമ്മാനപ്പൊതി തുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി! തിരുഹൃദയത്തിന്റെ ഫോട്ടോക്ക് പകരം വി.മദർ തെരേസായുടെ ഫോട്ടോയാണ് കടക്കാരൻ പൊതിഞ്ഞു വെച്ചിരുന്നത്! അച്ചന് കടക്കാരനോട് വലിയ അമർഷം തോന്നി. വെഞ്ചിരിക്കാനുള്ള വീട്ടിൽ തിരുഹൃദയത്തിൻ്റെ വലിയ ഫോട്ടൊ ഉണ്ടായിരുന്നതിനാൽ സംഭവം ആരും അറിഞ്ഞില്ല. വെഞ്ചിരിപ്പ് കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ ‘രണ്ടു വാക്ക്’ പറയുവാനായി കടയിൽ കയറി. കടക്കാരനു പറ്റിയ അമളി പറഞ്ഞു തുടങ്ങിയപ്പോൾ അദ്ദേഹം ശാന്തനായി ചിരിച്ചു കൊണ്ട് പറഞ്ഞു – ‘അച്ചന് തിരുഹൃദയത്തിൻ്റെ ഏറ്റവും പുതിയ ഫോട്ടോ വേണമെന്നല്ലേ പറഞ്ഞത്. അച്ചോ ഇതാണ് ഈശോയുടെ തിരുഹൃദയത്തിൻ്റെ Latest മുഖം! കരുണയുടെ മുഖം! അല്പനേരത്തെ ശാന്തതക്കുശേഷം വൈദികൻ പറഞ്ഞു

“താങ്കൾ പറഞ്ഞത് ശരിയാണ്. ഇതു തന്നെയാണ് ഈശോയുടെ കരുണയുടെ പുതിയ മുഖം.”

ലോകം മുഴുവൻ കൊറോണ ഭീഷണിയിലൂടെ കടന്നു പോകുകയാണല്ലോ. മനുഷ്യൻ്റെ സകല വിധ കണക്കു കൂട്ടലുകളെയും ഈ സൂക്ഷ്മവൈറസ് താളം തെറ്റിച്ചു.കത്തി നിന്നിരുന്ന സമ്പദ് വ്യവസ്ഥകൾ താഴേക്ക് കൂപ്പുകുത്തി. ഓടി തിമർക്കേണ്ട നമ്മുടെ കുട്ടികൾ പോലും പുറം ലോകം കാണാതെ online ആയി വീർപ്പുമുട്ടി കഴിയുവാൻ തുടങ്ങിയിട്ട് നാളുകൾ എത്രയായി.

ഈ കാലഘട്ടത്തിലും സമൂഹത്തിലേക്ക് വെളിച്ചം വിതറിയ ഒത്തിരി പേരെ നമുക്കറിയാം. വലിയ വെളിച്ചം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും ‘മിന്നാമിനുങ്ങിൻ്റെ നുറുങ്ങു വെട്ടം’ തെളിയിച്ച ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, പോലീസ് ഉദ്യോഗസ്ഥർ, പൊതു പ്രവർത്തകർ, RRT ടീം അംഗങ്ങൾ എന്നിവരോട് നമുക്ക് വാക്കുകളിൽ തീരാത്ത നന്ദി ഉണ്ടായിരിക്കട്ടെ. എത്ര പേരാണ് ഈ ജോലികളിൽ ഏർപ്പെട്ട് ജീവൻ വെടിഞ്ഞത്? നമ്മുടെ ദേവാലയവുമായി ബന്ധപ്പെട്ടു നില്ക്കുന്ന പല രൂപതകളും ഭക്തസംഘടനകളും വളരേ പ്രശംസനീയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തെങ്കിലും നമ്മൾ സന്ദർഭത്തിനൊത്ത് ഉയർന്നില്ല എന്ന ഒരു വശവും നമ്മൾ ഇവിടെ വിസ്മരിച്ചു കൂടാ. ഇപ്പോഴും സമയം വൈകിയിട്ടില്ല.

നമ്മുടെ സമീപത്ത് നല്ല നിലയിൽ കഴിഞ്ഞിരുന്ന പലരും ഇന്ന് ജോലിയും വരുമാന മാർഗ്ഗങ്ങളും നഷ്ടപ്പെട്ടു വലിയ ദുരിതത്തിലാണ്. ഇവരുടെ ദുഃഖം മനസ്സിലാക്കാൻ ഇന്ന് ആരുമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ രണ്ടു പ്രളയത്തിലും നമ്മൾ ശരിക്കും ഉണർന്ന് പ്രവർത്തിച്ചു എന്നത് എല്ലാവർക്കും അറിയാം.എന്നാൽ ഇപ്പോൾ നമ്മൾ ഒരു പരിധി വരെ നിഷ്ക്രിയരായിരിക്കുകയാണ്.എത്രയോ പ്രാർത്ഥനാ ഗ്രൂപ്പുകൾ നമുക്കുണ്ട്? പ്രാർത്ഥനാ ഗ്രൂപ്പുകളും പലതും ഇപ്പോൾ നിർജീവമാണ്. ഉള്ളവ online ആണെങ്കിലും നന്മ ചെയ്യുവാൻ നമുക്ക് കഴിയുമല്ലോ? പ്രവർത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽതന്നെ നിർജീവമത്രേ. (യാക്കോബ്. 2:17. നമ്മുടെ പ്രാർത്ഥനാ ഗ്രൂപ്പുകൾക്ക്, ധാരാളം നന്മ പ്രവർത്തികൾ ഇടവകാതിർത്തിയിൽ എല്ലാ മതസ്ഥർക്കും വേണ്ടി ചെയ്യുവാൻ ദൈവം ഒരുക്കിത്തരുന്ന സുവർണ്ണ കാലമാണ് ഈ കൊറോണക്കാലം.

താങ്കൾക്ക് ഒരു പക്ഷേ സുവിശേഷം പ്രസംഗിക്കാൻ അറിയില്ലായിരിക്കും. പക്ഷേ ഒന്നു ശ്രമിക്കുന്ന പക്ഷം ഇതുവരെ എഴുതപ്പെടാത്ത എല്ലാവർക്കും വായിക്കുവാൻ കഴിയുന്ന അഞ്ചാമത്തെ സുവിശേഷമാകാൻ താങ്കൾക്ക് കഴിയും എന്ന് തിരിച്ചറിയുക. അതാണ് മദർ തെരോസായും മറ്റു വിശുദ്ധരും നമ്മോട് ഈ കൊറോണക്കാലത്ത് ആവശ്യപ്പെടുന്നത്.

അതിനാൽ തളർന്ന ഈ സമൂഹത്തിലേക്ക് നന്മ ചെയ്യുന്ന കൊച്ചു സമൂഹങ്ങളായി നമ്മുടെ പ്രാർത്ഥനാ ഗ്രൂപ്പുകൾ മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review