വികാരിയായി ബാബു അച്ചന് കിട്ടിയ ആദ്യത്തെ ഇടവകയാണ്. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഇടവക ഒരുങ്ങിത്തുടങ്ങി .വളരെ തീഷ്ണമായി പ്രാർത്ഥിക്കുന്ന സൌമ്യതയുള്ള ഒരു വൈദികൻ. .ഇടവകാംഗങ്ങളെല്ലാം അച്ചനോടൊപ്പം എന്തിനും തയ്യാർ. ക്രിസ്തുമസ്സിനോടനുബന്ധിച്ച് യുവജനങ്ങൾ പള്ളിയോടു ചേർന്നുള്ള ഗ്രോട്ടോയിൽ മനോഹരമായി ഒരു പുൽക്കൂട് നിർമ്മിച്ചു. ക്രിസ്തുമസിനു ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പള്ളി മുറ്റത്തെങ്ങും നിറയെ നക്ഷത്ര വിളക്കുകളും അലങ്കരിച്ച ക്രിസ്തുമസ് ട്രീയും. തിരുപ്പിറവിയും പാതിരാ കുർബാനയ്ക്കുള്ള എല്ലാ ഒരുക്കങ്ങളെല്ലാം പൂർത്തിയായി . തിരുപ്പിറവിയുടെ ചടങ്ങുകൾ തുടങ്ങുന്നത് ഗ്രോട്ടോയിൽ നിന്നാണ് . വലിയ സന്തോഷത്തോടെ ഇടവക ജനം വികാരിയച്ചനോടൊപ്പം ഗ്രോട്ടോയിലെത്തി. തിരുപ്പിറവി ചടങ്ങുകൾ പൂർത്തിയായ ശേഷം വികാരിയച്ചൻ വെള്ള ഉടുപ്പിൽ പൊതിഞ്ഞു ഉണ്ണീശോയെ പുൽക്കൂട്ടിലെ യൗസേപ്പിതാവിന്റെയും മാതാവിന്റെയും നടുവിൽ കിടത്തി. അച്ചനോടൊപ്പം ജനങ്ങൾ പാതിരാക്കുർബാനക്ക് പള്ളിയിൽ പ്രവേശിച്ചു. ഉണ്ണീശോ സുസ്മേരവദനനായി ഗ്രോട്ടോയിലും. ക്രിസ്തുമസ് സന്ദേശമായി വി.ബർണാഡിന്റെ ജീവിതത്തിലുണ്ടായ ഒരു സർക്കസ്സുകാരന്റെ കഥയാണ് അച്ചൻ പറഞ്ഞത്. പരി.മാതാവിന്റെ കയ്യിൽ നിന്ന് ഇറങ്ങി വന്ന് സർക്കസ്സുകാരന്റെ കൂടെ സർക്കസ് കളിക്കുന്ന ഉണ്ണീശോ. അത് നോക്കി പുഞ്ചിരിക്കുന്ന പരി. മാതാവ്. സർക്കസുകാരന്റെ പ്രാർത്ഥന ഹൃദയത്തിൽ നിന്നായതിനാൽ കൂടെ കളിക്കുവാൻ ഉണ്ണീശോയും മാതാവും ഗ്രോട്ടോയിൽ ഇറങ്ങിവന്നു! ഹൃദ്യമായ ഒരു ചെറുപ്രസംഗം. പ്രസംഗം കഴിഞ്ഞപ്പോൾ ഒരു അൾത്താര ബാലൻ വന്ന് എന്തോ ഒരു കാര്യം അച്ചന്റെ ചെവിയിൽ മന്ത്രിച്ചു. അപ്പോഴേക്കും ആരോ പറഞ്ഞറിഞ്ഞു – പുൽക്കൂട്ടിലെ ഉണ്ണിയെ കാണാനില്ല എന്ന്! അച്ചനും വലിയ വിഷമമായി. ബാബു അച്ചന് ഇടവകയിൽ ശത്രുക്കൾ ആരും തന്നെയില്ല. വി.കുർബ്ബാന സ്വീകരണ സമയത്തും അച്ചൻ അന്വേഷിച്ചു. മാതാവും, യൗസേപ്പിതാവും മറ്റു രൂപങ്ങളെല്ലാം പുൽക്കൂട്ടിലുണ്ട്- ഉണ്ണീശ്ശോ മാത്രമില്ല. അച്ചനും അസ്വസ്ഥനായിരുന്നു – കാരണം വി.കുർബാന കഴിഞ്ഞാൽ ഉണ്ണിയീശോയെ കാണുവാനും മുത്തുവാനും നേർച്ച ഇടാനുമായി എല്ലാവരും ഗ്രോട്ടോയിൽ എത്തും. അവിടെ ഉണ്ണിയേശുവിന്റെ രൂപം കണ്ടില്ലെങ്കിൽ ആകെ പ്രശ്നമാകും. .വി.കുർബാനയിൽ ദൈവത്തിന്റെ വലിയ ഇടപെടലിനു വേണ്ടി അച്ചൻ മനസ്സുരുകി പ്രാർത്ഥിച്ചു. വിശുദ്ധ കുർബാന കഴിഞ്ഞ് എല്ലാവരും ഗ്രോട്ടോയിൽ എത്തി .ഉണ്ണീശോ എവിടെ? ആർ എടുത്തുകൊണ്ടുപോയി ? വലിയ സംസാരമായി. അപ്പോഴതാ ഒരു കുട്ടി സൈക്കിളിൽ ഗ്രോട്ടോയിലേക്ക് പാഞ്ഞു വരുന്നു! പുറകിലുള്ള സ്റ്റാൻഡിൽ കാണാതായ ഉണ്ണിയേശുവിന്റെ രൂപവും ഉണ്ട്. അവിടെ കൂടിയവർ അവനെ ചോദ്യം ചെയ്യാൻ തുടങ്ങി. അച്ചൻ ഇടപെട്ടു അവരെ ശാന്തരാക്കിയതിനു ശേഷം ആ കുട്ടിയെ മാറ്റിനിർത്തി ചോദിച്ചപ്പോൾ അവൻ പറഞ്ഞു: അച്ചൻ ക്രിസ്തുമസ്സിന് ഞങ്ങളെ ഒരുക്കിയപ്പോൾ പറഞ്ഞിരുന്നല്ലോ – നൊയമ്പെടുത്ത് പ്രാർത്ഥിച്ചാൽ ഉണ്ണീശോ എന്തു ചോദിച്ചാലും തരുമെന്ന്. എന്തു നന്മ ലഭിച്ചാലും നമ്മൾ ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം എന്നും. ഞാനും നൊയമ്പ് എടുത്തിരുന്നു. വീട് പള്ളിയിൽ നിന്ന് ദുരത്തായതിനാൽ എന്നും കുർബാനക്ക് വരുവാൻ ഒരു പുതിയ സൈക്കിളാണ് ക്രിസ്തുമസ് സമ്മാനമായി ഞാൻ ഉണ്ണീശോയോട് ചോദിച്ചിരുന്നത്. സൈക്കിൾ കിട്ടിയാൽ ഉണ്ണീശോയെ സൈക്കിളിന്റെ പുറകിലിരുത്തി നമ്മുടെ ഇടവകയിലെ അതിർത്തി മുഴുവൻ കൊണ്ടു പോയി കാണിച്ചു തരാം എന്നും ഉറപ്പും കൊടുത്തിരുന്നു! സൈക്കിൾ ഇന്നാണ് പപ്പാ വാങ്ങിത്തന്നത്. അങ്ങിനെയാണ് കൊടുത്ത വാക്ക് പാലിക്കുവാൻ വേണ്ടി ഉണ്ണീശോയെ ഞാൻ സൈക്കിളിന്റെ പുറകിലിരുത്തി കൊണ്ടുപോയത്. പക്ഷേ ഇത്ര വേഗം കുർബ്ബാന തീരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. സോറി ഫാദർ ! അച്ചന് അവനോട് വലിയ സ്നേഹം തോന്നി. എത്ര നിഷ്ക്കളങ്കനായ കുട്ടി. ഈ സംഭവം ഗ്രോട്ടോയിച്ചുള്ള മൈക്കിലൂടെ അച്ചൻ വിവരിച്ചപ്പോൾ എല്ലാവർക്കും അതു ഒരു പുതിയ ക്രിസ്തുമസ് അനുഭവമായിരുന്നു. നമ്മളെല്ലാം ക്രിസ്തുമസിനു വേണ്ടി ഒരുങ്ങുന്നവരാണ്. പക്ഷേ ഈ കുഞ്ഞിന്റെ നിഷ്കളങ്കത നമുക്കുണ്ടോ? ഉണ്ണീശോയെ ഒരു യഥാർത്ഥ സ്നേഹിതനായി കാണുവാൻ നമുക്ക് കഴിയുന്നുണ്ടോ? ഈ ക്രിസ്തുമസിൽ എല്ലാം തുറന്നു പറയുവാൻ കഴിയുന്ന ഒരു സ്നേഹിതൻ ആകട്ടെ നമുക്കും ഉണ്ണീശോ. നിഷ്ക്കളങ്ക സ്നേഹത്താൽ നമ്മളും നിറയട്ടെ. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം( ലൂക്ക 2:14) എല്ലാവർക്കും ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു.
3rd of July 2023
""