2021 ഫെബ്രുവരിയിൽ മൂന്നു ദിവസം കൊണ്ട് അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.സാധാരണ പോകുന്നതുപോലെ ഞങ്ങളുടെ കൂടെ നടന്ന് കാറില്‍ കയറി ഒന്നു ഡോക്ടറെ കാണാമെന്ന് കരുതി പോയതാണ്. കാർ സ്റ്റാർട്ട് ചെയ്തപ്പോൾ എൻ്റെ മനസ്സിൽ ദൈവം ഒരു ചിന്ത തന്നു – ഇത് അമ്മയുടെ ഞങ്ങളോടൊപ്പമുള്ള അവസാന യാത്രയാണ്. മടക്കം ആമ്പുലൻസിൽ വരുന്ന ചിത്രവും. ആരോടും ഈ ചിന്ത ആ സമയം പങ്കുവെച്ചില്ല.പ്രത്യക്ഷത്തില്‍ വലിയ ശാരീരിക ബുദ്ധിമുട്ടുകളൊന്നും അമ്മക്ക് തോന്നിയിരുന്നില്ല.അഞ്ചുവര്‍ഷം മുമ്പ് ലിവര്‍ സിറോസിസ് എന്ന അസുഖം ബാധിച്ചിരുന്നു.ആ രോഗവിമുക്തിക്കുശേഷം വീട്ടില്‍ തന്നെയായിരുന്നു. അതിനു ശേഷം ഒറ്റത്തവണ പോലും അശുപത്രിയിൽ രോഗിയായി കിടക്കേണ്ടി വന്നിട്ടില്ല.വീട്ടില്‍ കൃത്യമായ പരിചരണം ലഭിച്ചിരുന്നതുകൊണ്ട് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.പക്ഷേ ഒരു വര്‍ഷത്തോളമായി ഉറക്കം കുറവായിരുന്നു. രാത്രിയില്‍ അമ്മ എഴുന്നേറ്റ് നടക്കുന്നത് കൊണ്ട് ഞങ്ങള്‍ക്കും ഉറക്കം സുഖകരമായിരുന്നില്ല എന്ന് മാത്രം. ഷുഗര്‍ നിയന്ത്രണത്തിലല്ലായിരുന്നതുകൊണ്ട് എന്നും ടെസ്റ്റ് ചെയ്തിട്ടാണ് രണ്ടു നേരവും ഇന്‍സുലിൻ കുത്തിയിരുന്നത്.ആറുമാസം മുമ്പ് അമ്മ കട്ടിലില്‍ നിന്ന് വീണിരുന്നു. അതിനുശേഷം അല്പം ഓര്‍മ്മ പിശകും നല്ല വാശിയും ഇടയ്ക്ക് കാണിച്ചിരുന്നു. അന്ന് ഡോക്ടറെ കണ്ടപ്പോള്‍ ആ രാത്രി മൂത്രത്തിൻ്റെ അളവ് എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു .എല്ലാതരം ടെസ്റ്റുകളും ലാബിൽ ചെയ്തു. സ്കാനിംഗ് ചെയ്‌തു.എന്നാല്‍ കാലത്ത് നോക്കിയപ്പോള്‍ മൂത്രത്തിന് അളവ് വളരെ കുറവായിരുന്നു. അല്‍പസമയം കഴിയുമ്പോഴേക്കും ഡോക്ടര്‍ വന്നു.ഡോക്ടറുമായി അമ്മ തന്നെയാണ് സംസാരിച്ചത്. ഡോക്ടര്‍ എന്നെ വരാന്തയിലേക്ക് വിളിച്ചു പറഞ്ഞു അമ്മയുടെ അവസ്ഥ വളരെ മോശമാണ് അറിയിക്കേണ്ടവരെ അറിയിക്കുക,രോഗിലേപനം കൊടുക്കണമെങ്കില്‍ അതും ചെയ്യുക.കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു.ഡയാലിസിസ് ചെയ്യാവുന്ന അവസ്ഥയില്‍നിന്നും കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു. ഞാൻ ഈ നിർദ്ദേശം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ ഞങ്ങള്‍ക്ക് വളരെ വര്‍ഷങ്ങളായി അറിയുന്ന വിദഗ്ദ ഡോക്ടര്‍ ആണ് !രോഗിലേപനം കൊടുക്കുവാന്‍ അമ്മയെ എങ്ങനെ ഒരുക്കും എന്നതാണ് ഞാൻ അനുഭവിച്ച ഏറ്റവും വലിയ സങ്കടം. തമാശ പറഞ്ഞ് ചിരിച്ചാണ് അമ്മ കട്ടിലിൽ ഇരിക്കുന്നത്! എൻ്റെ ഭാര്യ പുഷ്പ അത്യാവശ്യമായി സ്കൂളിലേക്ക് ജോലിക്ക് പോയിരിക്കുകയാണ്. പുഷ്പയും എൻ്റെ സഹോദരിമാരും ഉടനെത്തി. വിഷമിച്ചാണെങ്കിലും ഒരു വിധം രോഗിലേ പനത്തിനായി അമ്മയെ ഒരുക്കി. ഞങ്ങൾ മുറിയിൽ പ്രാർത്ഥനകൾ ആരംഭിച്ചു.അടുത്ത ബന്ധുക്കളെയെല്ലാം വിവരമറിയിച്ചു. ബന്ധുവായ വൈദികൻ വന്ന് അമ്മക്ക് രോഗി ലേപനം നല്കി. ശാന്തമായി അമ്മ രോഗി ലേപനം സ്വീകരിച്ചു.കുറേ നേരത്തേക്ക് അമ്മയോട് ഒന്നും സംസാരിക്കേണ്ട എന്ന് വൈദികന്‍ പറഞ്ഞു ശാന്തമായി അമ്മ കുറേസമയം ഉറങ്ങി.രാത്രിയായപ്പോള്‍ എഴുന്നേറ്റ് തമാശ പറച്ചിലും ചിരിയും തുടങ്ങി.അമ്മയുടെ സംസാരത്തില്‍ അല്പം പന്തികേട് തോന്നിയതുകൊണ്ട് ഞാന്‍ എന്റെ മൊബൈലില്‍ അമ്മയുടെ സംസാരം പകര്‍ത്തി.കുറേ നേരത്തെ സംസാരത്തിനു ശേഷം അമ്മ വീണ്ടും ശാന്തമായി ഉറങ്ങാന്‍ കിടന്നു പിന്നെ കണ്ണ് തുറന്നില്ല. അടുത്ത ദിവസം ഞങ്ങളോട് യാത്ര പറഞ്ഞു സ്വർഗ്ഗത്തിലേക്ക്പോയി. ഭാഗ്യപ്പെട്ട മരണം! 2016 ലാണ് ദൈവം തന്ന പ്രേരണയനുസരിച്ച് ഞാൻ ദുബായിലുള്ള എൻ്റെ ജോലി ഉപേക്ഷിച്ച് എൻ്റെ മാതാപിതാക്കളെ അവരുടെ വാർദ്ധക്യത്തിൽ നോക്കുവാനായി തിരിച്ചു വന്നത്. ഒരു പാട് പേർ എന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടമായിട്ടാണ് എനിക്ക് ഈ നാളുകൾ അനുഭവപ്പെട്ടത്. നാട്ടിൽ എത്തുമ്പോഴേക്കും അപ്പച്ചനെ അൽഷിമേഴ്സ് (മറവിരോഗം) വളരേ ശക്തമായി ബാധിച്ചിരുന്നു. വളരേ ശാന്തനായ ഞങ്ങളുടെ അപ്പച്ചൻ ആരേയും കൂസാത്ത പ്രകൃതിയായി മാറിയിരുന്നു. കൂടാതെ മലമൂത്ര വിസ്സർജനത്തിനു നിയന്ത്രണവും ഉണ്ടായിരുന്നില്ല. പാഡ് കെട്ടുവാനും അനുവദിച്ചിരുന്നില്ല. സംസാരം ഒരു ബന്ധമില്ലാത്ത അവസ്ഥയുമായി. മല മൂത്ര വിസ്സർജനം പലപ്പോഴും നടന്നു പോകുമ്പോഴായിരിക്കും. കുളിപ്പിച്ചു കൊണ്ടുവന്നു ഇരുത്തുമ്പോഴേക്കും വീണ്ടും ആകെ വൃത്തിയാക്കേണ്ട അവസ്ഥയായിരുന്നു. ജോലിക്കാർ ആരും വേണ്ട എന്ന് തീരുമാനം എടുത്തു. കാരണം ജോലിക്ക് ആളെ വെച്ചാൽ ഞാൻ സൂപ്പർവൈസർ ആകും. മാനസികമായി രോഗിയോട് അകലം പാലിക്കും. ആ അകലം ദൈവത്തിൽ നിന്നുള്ള അകലമായേക്കാം എന്ന് എനിക്ക് ഉറപ്പായിരുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം ഞാനും പുഷ്പയും മാതാപിതാക്കൾക്കു വേണ്ടി പ്രാർത്ഥിച്ചു. ദുബായിലെ ജോലി മാതാപിതാക്കളെ നോക്കുവാൻ വേണ്ടി ഉപേക്ഷിക്കുമ്പോൾ എൻ്റെ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയിരുന്ന ചിന്ത ‘ നാട്ടിൽഎങ്ങിനെ സമയം പോകും’ എന്നായിരുന്നു.എന്നാൽ ഹൃദയം കൊണ്ട് ആ ശുശ്രൂഷ തുടങ്ങിയപ്പോൾ സമയം മതിയാകാത്ത അവസ്ഥയായി. കൂട്ടത്തിൽ നല്ല സ്വസ്ഥതയും സമാധാനവും. സാമ്പത്തികമായ കാര്യങ്ങളും, ഭൗതികമായ ആവശ്യങ്ങളും ദൈവം നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് കുട: ബം എത്തുന്നത് ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ആ നാളുകളിലാണ് എന്നെ ‘ജീവജ്വാല’ മാസികയിലേക്ക് ദൈവം എഴുതുവാൻ ഉപയോഗിച്ചു തുടങ്ങിയത്! ഞാൻ എഴുതുന്ന ലേഖനങ്ങളെല്ലാം എൻ്റെ അപ്പച്ചനും അമ്മയും വായിച്ചിരുന്നു എന്നതാണ് എൻ്റെ മനസ്സിനെ സന്തോഷിപ്പിച്ചിരുന്നത്. അതേ സമയം കാറ്റക്കീസം അധ്യാപകനായും, പള്ളി ട്രസ്റ്റി എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ അപ്പച്ചനെ ദൈവം വിളിച്ചു. ശരിക്കും രണ്ടു വർഷത്തോളം പ്രാർത്ഥിച്ച് ഒരുക്കി യാത്രയാക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു! അപ്പച്ചൻ്റെ മരണശേഷം അമ്മയെ പരിചരിക്കുവാൻ കൂടുതൽ സമയം ലഭിച്ചു.കൂടുതൽ സമയം അമ്മയെ പ്രാർത്ഥിച്ചൊരുക്കിയിരുന്നു. എന്തിനാണ് അമ്മയെക്കൊണ്ട് എല്ലാ സമയത്തും പ്രാർത്ഥിപ്പിക്കുന്നതെന്ന് പലരും ഞങ്ങളോട് ചോദിച്ചിട്ടുണ്ട്. അതിനു ഞാൻ മറുപടി കൊടുത്തിരുന്നത് – ഞങ്ങളുടെ അമ്മക്ക് പ്രാർത്ഥനയേക്കാൾ വലുത് കൊടുക്കുവാൻ ഞങ്ങൾക്കറിയില്ല എന്നാണ്. പ്രാർത്ഥനക്ക് മൂർച്ച കൂടിയപ്പോൾ അമ്മയുടെ പ്രകൃതിയിൽ കാര്യമായ വ്യത്യാസം വരുവാൻ തുടങ്ങി. അമ്മ നല്ല സന്തോഷവതിയായി മാറുവാൻ തുടങ്ങി. ഒന്നിനും പരിഭവമില്ല. ഞങ്ങളുടെ പാരിഷ് ബുള്ളറ്റിനിൽ അമ്മ കവിതകളും ചെറുകഥകളും എഴുതിയിരുന്നു. 2021 മാർച്ചിൽ പ്രസിദ്ധീകരിക്കുവാനുള്ള കവിത പോലും എഴുതി എന്നെ ഏല്പിച്ചിരുന്നു. മാതാപിതാക്കളെ അവർ ആഗ്രഹിച്ചതിൽ കൂടുതൽ സ്നേഹിക്കുവാനും ശുശ്രൂഷ ചെയ്യുവാനും ഞങ്ങളുടെ കുടു:ബത്തിനു സാധിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നു. പ്രാർത്ഥനയോടെ ഞങ്ങൾ മക്കളെല്ലാം അമ്മയുടെ കൈ പിടിച്ച് മരണസമയത്ത് കൂടെയുണ്ടായിരുന്നു. നമ്മുടെ മാതാപിതാക്കൾ അവരുടെ വാർദ്ധക്യത്തിൽ ആഗ്രഹിക്കുന്നത് നമ്മുടെ സാമീപ്യവും, സ്നേഹത്തോടും കരുതലോടുമുള്ള ഇടപെടലും മാത്രമാണ്. മരുന്നും ഭക്ഷണവും രണ്ടാമതു മാത്രം! താളം തെറ്റലുകൾ അവരുടെ സംസാരത്തിലുണ്ടാകാം. അത് അവർ അറിയാതെ പറഞ്ഞുപോകുന്നതാണ്. സൗമതയോടു കൂടെ അവരെ ശ്രവിക്കുക. ഏതാനും കാര്യങ്ങൾ നാം ശ്രദ്ധിച്ചാൽ നമ്മുടെ ശുശ്രൂഷ വളരേ അനുഗ്രഹപ്രദമാകും: വൃദ്ധരായവരെ സന്ദർശിക്കുവാൻ നമ്മൾ പോകുമ്പോൾ അടുത്തിടെ മരണമടഞ്ഞവരുടെ മുഴുവൻ ലിസ്റ്റ് അവരെ പറഞ്ഞു കേൾപ്പിക്കാതിരിക്കുക. അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സംസാരങ്ങൾ തീർത്തും ഒഴിവാക്കുക. പകരം സാധിക്കുന്നതു പോലെ ഒരു ചെറിയ പ്രാർത്ഥന മനസ്സിലെങ്കിലും ചൊല്ലുക. മിക്കവാറും വ്യദ്ധജനങ്ങൾ പ്രമേഹ രോഗികളായിരിക്കും. അവരെ സന്ദർശിക്കുന്നതിനു മുമ്പ് അവർക്ക് കഴിക്കാവുന്ന ഭക്ഷണ സാധനങ്ങൾ ഏതെല്ലാമാണെന്ന് കൂടെ നിൽക്കുന്നവരോട് ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ നമ്മുടെ സന്ദർശനം അസ്വസ്ഥയായിരിക്കും അവിടെ സൃഷ്ടിക്കുക. ഒരു കടമ നിർവ്വഹിക്കുവാനും ‘പഴയ കണക്ക് ‘ തീർക്കാനുമാണ് നാം അവരെ സന്ദർശിക്കുന്നതെങ്കിൽ സന്ദർശനം പരമാവധി ഒഴിവാക്കുക.ആ സന്ദർശനം കൊണ്ട് ഒരു നന്മയും ദൈവത്തിൽ നിന്ന് ലഭിക്കുകയില്ല.ദൈവം നമ്മുടെ ഹൃദയമാണ് നോക്കുന്നത്. ഒരു പക്ഷേ നമ്മൾ നമ്മുടെ മാതാപിതാക്കളെ ‘പൊന്നുപോലെ’ നോക്കി എന്നതിന് നാട്ടിലുള്ളവരുടേയും, ബന്ധുക്കളുടേയും, ഇടവകയിലേയും ‘നല്ല സർട്ടിഫിക്കറ്റ് ‘ നമുക്ക് കിട്ടിയെന്നു വരാം. പക്ഷേ നമ്മൾ കണക്കു ബോധിപ്പിക്കേണ്ടി വരിക ഒരിക്കലും കബ്ബളിപ്പിക്കാൻ കഴിയാത്ത ദൈവസന്നിധിയിലാണെന്ന് ഓർമ്മയിൽ ഇരിക്കട്ടെ. ഒരു പക്ഷേ ആരും നമ്മളുടെ ഈ അദ്ധ്വാനം കണ്ടില്ലെന്നു വരാം. രോഗിയും നമ്മളെ മുറിപ്പെടുത്തിയെന്നും വരാം. സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ട്. ഈ ഉറപ്പു കൊണ്ട് മനസ്സുകളെ നിറക്കാം. ഇന്ന് എത്രയേ വലിയ ജീവിതങ്ങളാണ് നമ്മുടെ ‘സൗകര്യത്തിനായി’ വൃദ്ധസദനങ്ങളിൽ കഴിയുന്നത്. അവരെ സന്ദർശിക്കാൻ നമ്മൾ വിദേശങ്ങളിൽ നിന്ന് ആഘോഷമായി വരാറുണ്ടല്ലോ – എന്നാൽ വ്യദ്ധ മാതാപിതാക്കളുടെ പ്രാർത്ഥനയും കഷ്ടപ്പെടലിൻ്റേയും ഉത്തരമാണ് നമ്മളെ ഈ നിലയിലാക്കിയതെന്ന് നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു.നമ്മുടെ മാതാപിതാക്കൾ നമ്മെ വളർത്തി വലുതാക്കിയത് അവരുടെ നൂറുകണക്കിന് ക്ലേശങ്ങൾ സഹിച്ചാണ്.എന്നാൽ നമ്മൾ അവരെ നോക്കുന്നത് നമ്മുടെ സമ്പൽസമൃദ്ധിയുടെ ഒരംശത്തിൽ നിന്നാണ് എന്ന് തിരിച്ചറിയുക. അവരെ പ്രതി നാം ഒന്നും തന്നെ ത്യജിച്ചിട്ടില്ല.അവർ നമുക്ക് വേണ്ടി ജീവിക്കുവാൻ മറന്നു പോയവരാണ്. അവരുടെ കല്ലറയുടെ മുമ്പിൽ നമ്മളൊന്ന് ആത്മാർത്ഥമായി ചിന്തിക്കുക. ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ അവരുടെ കുറവുകളോടു കൂടി സ്നേഹിക്കുവാൻ ശ്രമിക്കുക. ദൈവം സമുദ്ധി കൊണ്ടും സമാധാനം കൊണ്ടും നിൻ്റെ കുടു:ബത്തെ നിറക്കുന്നതു നമ്മുടെ ജീവിത കാലത്തു തന്നെ നമുക്ക് കാണാം. ചലനത്തെക്കുറിച്ച് സ്കൂളിൽ പഠിച്ച സർ ഐസക് ന്യൂട്ടൻ്റെ മൂന്നാം നിയമം മനസ്സിൽ ഓർമ്മ വരുന്നു: ഒരോ പ്രവർത്തനത്തിനും, തുല്യവും വിപരീതവുമായ ഒരു പ്രതിവർത്തനം ഉണ്ടായിരിക്കും. നിങ്ങൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനേയും പിതാവിനേയും ബഹുമാനിക്കുക. വാഗ്ദാനത്തോടു കൂടിയ ആദ്യത്തെ കല്പന ഇതത്രേ എഫേ 6:2-3.
3rd of July 2023
""