മരിയ വാൾതോർത്ത രചിച്ച ദൈവമനുഷ്യൻ്റെ സ്നേഹഗീത(The Poem the Man God) എന്ന വിശ്വപ്രസിദ്ധമായ ദൈവിക ദർശനങ്ങളുടെ പുസ്തകത്തിലെ ഒരു രംഗം: (മേരി പൂർണ്ണ ഗർഭിണിയായിരിക്കുന്ന സമയം) നസ്രത്തിലെ വീട് ഞാന്‍ വീണ്ടും കാണുന്നു.മേരി സാധാരണയായി ഭക്ഷണം കഴിക്കുന്ന ചെറിയ മുറി.ഒരു വെള്ളത്തുണിയില്‍ അവള്‍ ത യിക്കുകയാണ് .തയ്യല്‍ നിര്‍ത്തി അവള്‍ ഒരു വിളക്ക് കത്തിക്കുന്നു. കാരണം ഇരുട്ടായി തുടങ്ങി. വൃക്ഷത്തോട്ടത്തിലേക്ക് പാതി തുറന്നു കിടന്ന വാതിലിലൂടെ അകത്തേക്ക് കടക്കുന്ന പച്ചനിറത്തിലുള്ള പ്രകാശത്തില്‍ അവള്‍ക്ക് ശരിയായി കാണാന്‍ കഴിയുന്നില്ല വാതിലും അവള്‍ അടയ്ക്കുന്നു. ജോസഫ് പ്രവേശിക്കുന്നു. ജോസഫ് പണിപ്പുരയില്‍ നിന്നല്ല ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. കാരണം പ്രധാന വാതിലിലൂടെയാണ് ജോസഫ് പ്രവേശിക്കുന്നത്. മേരി ശിരസ്സുയർത്തി പുഞ്ചിരിതൂകുന്നു. ജോസഫും പുഞ്ചിരിക്കുന്നു. എന്നാല്‍ ജോസഫിൻ്റെ പുഞ്ചിരിക്കുള്ളിൽ എന്തോ പ്രയാസം മറഞ്ഞിരിക്കുന്നത് പോലെ തോന്നുന്നു. കാര്യമറിയാനുള്ള ആഗ്രഹത്തോടെ മേരി നോക്കുന്നു. മേരി എഴുന്നേറ്റ് ജോസഫ് മാറ്റുന്ന പുറങ്കുപ്പായം വാങ്ങി, മടക്കി ഒരു പെട്ടിയുടെ മീതെ വയ്ക്കുന്നു. ജോസഫ് മേശക്കരികില്‍ വന്ന് ഇരിക്കുന്നു. ഒരു കൈമുട്ട് മേശമേല്‍ കുത്തി ആ കയ്യില്‍ ശിരസ് വെച്ചുകൊണ്ട് -മറ്റേ കൈകൊണ്ട്- താടിമീശ മാറിമാറി തടവുകയും ചെയ്യുന്നു. “ജോസഫ് നിന്നെ എന്തോ വിഷമം അലട്ടുന്നപോലെ ഉണ്ടല്ലോ? എന്തെങ്കിലും വിധത്തില്‍ സഹായിക്കാന്‍ എനിക്ക് കഴിയുമോ?” ” മേരി നീ എപ്പോഴും എന്നെ ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഈ പ്രാവശ്യം എനിക്ക് ഒരു വലിയ പ്രശ്നമാണുള്ളത്.പ്രശ്നം നിന്നെ സംബന്ധിച്ചുള്ളതാണ്.” “എന്നെയോ, ജോസഫ് എന്താണത് ?” “സിനഗോഗിൻ്റെ വാതില്ക്കല്‍ ഭടന്മാർ ഒരു രാജകല്‍പ്പന പതിച്ചിരിക്കുന്നു.പലസ്തീനയിലുള്ള എല്ലാവരും ജനസംഖ്യ തിട്ടപ്പെടുത്തണം എന്നാണ് ചുരുക്കം. എല്ലാവരും അവരവരുടെ ഗോത്രങ്ങളുടെ ജന്മ സ്ഥലത്ത് പോയി പേര് എഴുതിക്കണം. നമ്മള്‍ ബെത്‌ലഹേമിലേക്കു പോകണം.” മേരി: “സാരമില്ല ജോസഫ്.യാതൊരു ആപത്തും നമുക്ക് സംഭവിക്കുകയില്ല. ഈ രാജകല്‍പ്പനയും ദൈവത്തിന്റെ ഇഷ്ടമാണ്. സീസര്‍ ആര്? ദൈവ തൃക്കരങ്ങളില്‍ ഒരു ഉപകരണം മാത്രം. മനുഷ്യനോട് ക്ഷമിക്കാന്‍ പിതാവായ ദൈവം നിശ്ചയിച്ച സമയം മുതല്‍ പുത്രന്‍ ബത്‌ലഹേമില്‍ ജനിക്കുന്നതിനു വേണ്ടി എല്ലാ സംഭവങ്ങളും അവിടുന്ന് മുന്‍കൂട്ടി ക്രമപ്പെടുത്തുകയായിരുന്നു. ഏറ്റവും ചെറിയ പട്ടണമായ ബത്‌ലഹേം ഉണ്ടാകുന്നതിനു മുമ്പേ അതിന്റെ മഹനീയമായ ഭാഗധേയം നിര്‍ണയിക്ക പ്പെട്ടിരുന്നു .ഇപ്പോള്‍ ബത്‌ലഹേമിൻ്റെ മഹത്വം വെളിവാക്കപ്പെടുന്നതിനും അങ്ങനെ ദൈവത്തിന്റെ വചനം പൂര്‍ത്തിയാക്കപ്പെടുന്നതിനും വേണ്ടിയാണ് ഇത് സംഭവിക്കുന്നത്. .മിശിഹാ വേറെ എവിടെയെങ്കിലും ജനിക്കുന്നതായാല്‍ തിരുവചനങ്ങള്‍ നിറവേറ്റപ്പെടാതെ വരികയില്ലേ? ഒട്ടും ഭയപ്പെടേണ്ട ജോസഫ്. നമ്മുടെ വഴികള്‍ സുരക്ഷിതം അല്ലെങ്കില്‍, ജനക്കൂട്ടം നിമിത്തം നമ്മുടെ യാത്ര വിഷമകരമായിത്തീരുമെങ്കില്‍ ദൈവത്തിന്റെ ദൂതന്മാര്‍ നമ്മെ രക്ഷിക്കുകയും,കാത്തു പരിപാലിക്കുകയും ചെയ്യും .നമ്മെയല്ല അവരുടെ രാജാവിനെ – നമുക്ക് താമസസ്ഥലം കിട്ടിയില്ലെങ്കില്‍- അവരുടെ ചിറകുകൾകൊണ്ട്- അവര്‍ കൂടാരം തീര്‍ക്കും ഒരു അനിഷ്ട സംഭവം ഉണ്ടാവുകയില്ല. ദൈവം നമ്മുടെ കൂടെയുണ്ട്. “ ജോസഫ് അവളെ നോക്കുന്നു. ശ്രദ്ധിച്ചു കേൾക്കുന്നു. അദ്ദേഹത്തിനു സന്തോഷമായി. നെറ്റിയിലെ ചുളിവുകൾ എല്ലാം നികന്നുകഴിഞ്ഞു. ജോസഫ് എഴുന്നേൽക്കുന്നു. ക്ഷീണവും ആകുലതയും എല്ലാം മാറി, സന്തോഷവാനായി, പുഞ്ചിരി തൂകുന്നു. സന്തോഷത്തോടെ യാത്രക്കൊരുങ്ങുന്നു. ഈ ദർശനം അവസാനിക്കുന്നു. എന്തു ചെയ്യുമെന്നറിയാതെ തളർന്നു വന്ന ജോസഫ് ഈ രാജകൽപന ദൈവ വചന പൂർത്തീകരണത്തിൻ്റെ ഭാഗമാണ് എന്ന് പരി. കന്യകയിലൂടെ തിരിച്ചറിഞ്ഞപ്പോൾ സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുക്കുന്നു. തൻ്റെ ജീവിതത്തിൽ ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന് ദൃഢമായി വിശ്വസിക്കുവാനുള്ള കൃപ ദൈവം അദ്ദേഹത്തിന് സമൃദ്ധമായി കൊടുത്തിരുന്നു.ഇതാണ് വി.ജോസഫിൻ്റെ ഏറ്റവും വലിയ മഹത്വം! എല്ലാ വിശുദ്ധരേക്കാൾ ഉയർത്തി നിറുത്തുന്നത്. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഇതുപോലുള്ള അഗസ്റ്റസ് സീസർമാരുടെ കല്പനകൾ കടന്നു വരാറുണ്ട്. മേലധികാരികൾ, സഹപ്രവർത്തകർ, മാതാപിതാക്കൾ, മക്കൾ……. . തുടങ്ങിയവരിലൂടെ.എന്നാൽ നമ്മുടെ ചിന്തകൾ ആ പ്രശ്നം നമുക്ക് സൃഷ്ടിക്കുന്ന വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചായിരിക്കും.വലിയ വെറുപ്പ് അവരോട് ഹ്യദയത്തിൽ സൂക്ഷിച്ച് നമ്മൾ പ്രതികരിക്കുവാൻ ആഗ്രഹിക്കും. നമ്മെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുവാൻ സാധിക്കുകയില്ല. വി. ജോസഫിൻ്റെ ജീവിതത്തിൽ എന്നും സ്വപ്നങ്ങളിൽ കൂടിയാണ് ദൈവം വലിയ പദ്ധതികൾ ഏല്പിച്ചിട്ടുള്ളത്. സ്വപ്നങ്ങളിൽ പോലും പരിശുദ്ധി പാലിക്കുവാൻ ജോസഫിനു സാധിച്ചു. ഈ പരിശുദ്ധി ഉള്ളതു കൊണ്ടാണ് ജോസഫിനെ കൃത്യമായി നയിക്കുവാൻ സപ്നങ്ങളിലൂടെ ദൈവത്തിന് കഴിഞ്ഞത്. നിത്യകന്യകയായ മറിയത്തിനെ പൂർണ്ണമായി വായിക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്. ദൈവീകമായ പദ്ധതികൾ മാറിപ്പോകാൻ സാധ്യതയുള്ളിടത്ത് ദൈവം തൻ്റെ ദൂതരിലൂടെ നിർദ്ദേശം കൊടുത്തു. ഒരു മനുഷ്യൻ്റേയും വിദഗ്ദ അഭിപ്രായം ജോസഫ് ആരാഞ്ഞില്ല. മനുഷ്യൻ്റെ അഭിപ്രായങ്ങൾ മുഖവിലക്ക് എടുത്തിരുന്നെങ്കിൽ തിരുവെഴുത്തുകൾ തകിടം മറിയുമായിരുന്നു. നക്ഷത്രം കണ്ട് ഉണ്ണിയെ ദർശിക്കുവാൻ കിഴക്കുനിന്നു വന്ന ജ്ഞാനികൾ പോലും ഹേറോദോസിൻ്റെ അരമനയിൽ ഉണ്ണിയുടെ ജനനത്തെക്കുറിച്ച് അന്വേഷിച്ചു. ആ അന്വേഷണം മൂലം നിരവധി പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. ജ്ഞാനികൾക്ക് പോലും തെറ്റുപറ്റുമെന്ന് തിരുവചനം ഈ സംഭവത്തിനു മുമ്പേ വിശുദ്ധ ലിഖിതങ്ങളിൽ എഴുതി! ഈജിപ്തിലേക്കു് ഉണ്ണിയേയും പരി. അമ്മയേയും കൊണ്ട് പലായനം ചെയ്തത് ഒരു സ്വപ്നവും അതിലൂടെ ദൈവഹിതം ഞൊടിയിട കൊണ്ടു് തിരിച്ചറിഞ്ഞതു മൂലമായിരുന്നു. ദീർഘയാത്രക്കുള്ള ഒരു മുന്നൊരുക്കവും ഇല്ലാതെ തിരുക്കുടുബം പുറപ്പെടുന്നു.എന്തുകൊണ്ട് ഇതുപോലെ എൻ്റെ ജീവിതത്തിൽ സംഭവിക്കുന്നു എന്ന മറുചോദ്യത്തിനൊന്നും നമ്മെ പോലെ ജോസഫ് ശ്രമിക്കുന്നില്ല. വിശുദ്ധ ഗ്രസ്ഥം ജോസഫിനെ ‘നീതിമാൻ’ എന്ന കിരീടമാണ് നൽകുന്നത്. കഥയറിയാതെ പ്രതികരിക്കുന്ന നമുക്കോരോരുത്തർക്കും തീർച്ചയായും എല്ലാ അർത്ഥത്തിലും വി.യൗസേപ്പിതാവ് ധ്യാന വിഷയവും വഴികാട്ടിയുമാകട്ടെ ഈ വർഷത്തിൽ.
4th of July 2023
""