ലോകം മുഴുവന്‍ വലിയൊരു അവസ്ഥയിലൂടെയാണല്ലോ കടന്നു പോകുന്നത്.എല്ലാ സാമ്പത്തികമായ സമവാക്യങ്ങളെയും തകിടം മറിച്ചു കൊണ്ടാണ് കോവിഡ് സൂഷ്മാണു പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നത്.ആരോട് ചോദിച്ചാലും നിരാശ നിറഞ്ഞ ചിന്തകള്‍ മാത്രമാണ് പങ്കുവെക്കാന്‍ ഉള്ളത്. നമ്മുടെ കുഞ്ഞുങ്ങളാ ണെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും സാധിക്കാതെ വീര്‍പ്പുമുട്ടി കഴിയുന്നു.കോവിഡിൻ്റെ ഒന്നാം വ്യാപനത്തിൽ കുറെ പേര്‍ക്കെങ്കിലും സാമ്പത്തികമായി പിടിച്ചുനില്‍ക്കാനായി. രണ്ടാം വ്യാപനം ആയപ്പോഴേക്കും വരുമാന സ്രോതസ്സുകളുടെ ഉറവ വറ്റി ക്കഴിഞ്ഞു.എങ്ങിനെ ജീവിതം മുമ്പോട്ടു നീക്കുമെന്ന് ചിന്തിച്ചു കൊണ്ടാണ് ഭൂരിപക്ഷം പേരും ഇന്നു കഴിയുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും ഒരു തൊഴില്‍ കണ്ടെത്താനാകാതെ സങ്കടപ്പെട്ടു നില്‍ക്കുന്നു. ചാനലില്‍ കൂടെയുള്ള ദിവ്യബലിയിലും പ്രാര്‍ത്ഥനകളും മുന്നോട്ടു പോകുന്നുണ്ടെങ്കിലും പഴയ തീഷ്ണതയൊന്നും ലഭിക്കാത്തതിനാല്‍ എല്ലായിടത്തും ഒരു മന്ദത സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു.വിശ്വാസ പരിശീലന രംഗത്താണ് ഏറ്റവും കൂടുതല്‍ മന്ദത ബാധിച്ചിരിക്കുന്നത് .മന്ദത ബാധിച്ച സമൂഹത്തെ നമ്മള്‍ ആകും വിധം തീഷ്ണത യിലേക്ക് നയിക്കുകയാണ് ഇക്കാലത്ത് നമ്മെ ദൈവം ഏല്‍പ്പിച്ചിരിക്കുന്ന വലിയ ഉത്തരവാദിത്വം. ഒരു വ്യക്തി വിചാരിച്ചാല്‍ പോലും ഒരുപാടു നന്മ പ്രവര്‍ത്തികള്‍ സമൂഹത്തെ ഉണര്‍ത്തുന്നതിനു വേണ്ടി ചെയ്യാനാകും. എന്റെ ഇടവകയ്ക്ക് വേണ്ടി എന്തുചെയ്യണമെന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം ഒരു പുതിയ വഴിയാണ് തുറന്നു തന്നത്. ആദ്യം കോവിഡ് തുടങ്ങിയപ്പോള്‍ തന്നെ അറിയുന്ന ഏതാനും പേര്‍ കൂടി ഗൂഗിള്‍ മീറ്റ് വഴി എല്ലാ ഞായറാഴ്ചയും പ്രാര്‍ത്ഥന ആരംഭിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതു നിലച്ചുപോയി.കാരണം,ഗ്രൂപ്പിലെ ഭൂരിപക്ഷം പേര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത പഴയ ഫോണുകളായിരുന്നു. ഉള്ളവർക്കാണെങ്കിൽ പേരക്കുട്ടികളുടെ സഹായവും ഫോൺ പ്രവർത്തിപ്പിക്കുവാൻ വേണം.ഏതാനും ദിവസങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം പുതിയൊരു വഴി തുറന്നു തന്നു.ഇന്റര്‍നെറ്റ് ഇല്ലാതെയും പഴയ ഫോണ്‍ ആണെങ്കിലും പരസ്പരം ബന്ധിക്കുവാന്‍ സാധിക്കുന്ന ഒരു കോൺഫറൻസ് കാൾ app ,ഗൂഗിളില്‍ തിരഞ്ഞപ്പോൾ കിട്ടി.ചെറിയ സംഖ്യ ചിലവ് ആകുമെങ്കിലും ഈ സംവിധാനം ഇടവകയിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പിനെ ശക്തിപ്പെടുത്തി. മക്കള്‍ക്ക് ഒന്നും ഉപയോഗിക്കാന്‍ കൊള്ളാത്ത പഴയ ഫോണുകളായിരുന്നു ഭൂരിപക്ഷം പേരുടെയും കയ്യില്‍.പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പുതിയ തലമുറകള്‍ പുതിയ സംവിധാനങ്ങളോടു കൂടി കയ്യടക്കിയപ്പോള്‍ പഴയ തലമുറയിലെ പ്രാര്‍ത്ഥനാ വീരന്മാര്‍ അവരവരുടെ വീടുകളിലെ ഏകാന്തതയിൽ ഒതുക്കപ്പെട്ടു.എന്നാല്‍ ഈ പുതിയ സംവിധാനത്തോടു കൂടി എത്രപേരെ വേണമെങ്കിലും ഒരേസമയം ഒരുമിച്ചു കൂട്ടുവാന്‍ ഒറ്റ ഡയലിൽ സാധിക്കും എന്നായപ്പോള്‍ പഴയ തലമുറയിലെയും പുതിയ തലമുറയെയും മുപ്പത്തിയഞ്ചോളം ആളുകളെ ഒരുമിച്ചു കൂട്ടാനായി.അവിടെനിന്ന് ഇടവക ആത്മീയമായി ഉണരുവാൻ തുടങ്ങി. ഈ സംവിധാനത്തിൽ 2 G യിലുള്ള ഫോണുകളും ലാൻഡ് ഫോണുകളും പ്രവർത്തിക്കുമെന്നതിനാൽ എല്ലാവർക്കും പങ്കെടുക്കുവാനായി.പലരും ഈ സംവിധാനത്തെക്കുറിച്ച് കേട്ടറിഞ്ഞ് പല ഇടവകകളിലും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. എന്നാല്‍ കോവിഡ് കാലഘട്ടം നീണ്ടു പോയതിനാല്‍ കുട്ടികള്‍ക്കു പഠിക്കുവാന്‍ വേണ്ടി ഒരുവിധം എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സൗകര്യങ്ങളുള്ള ഫോണുകള്‍ ആയപ്പോള്‍ ഞങ്ങളിപ്പോള്‍ ഗൂഗിള്‍ മീറ്റ് വഴി എല്ലാദിവസവും ഉച്ചതിരിഞ്ഞ് മൂന്നുമണി സമയത്ത് ഞങ്ങളുടെ ഇടവകയ്ക്ക് വേണ്ടി വികാരി അച്ചന്റെ നേതൃത്വത്തില്‍ ധാരാളംപേര്‍ ഒരുമിച്ചു കൂടി കരുണക്കൊന്ത ചൊല്ലുന്നു.ഇപ്പോള്‍ ഇടവകയിലുള്ളവർ കുടം: ബ സമേതം,ഇടവകയിലെ വിദേശത്തുള്ളവർ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍, മറ്റു ഇടവകകളിലുള്ളവർ എന്നും ഉച്ചതിരിഞ്ഞ്3 മണിക്ക് അര മണിക്കൂർ ഒരുമിച്ചു കൂടുന്നു. ഇടവകയില്‍ രോഗികളായി കിടക്കുന്നവര്‍ ,ഓപ്പറേഷന് വിധേയരാകുന്നവര്‍,അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ ,ഇന്റര്‍വ്യൂ ഉള്ളവര്‍ മുതലായവർ പ്രാർത്ഥനാ വിഷയങ്ങൾ ഗ്രൂപ്പിനെ നേരിട്ടോ, വാട്ട സ്അപ്പ് വഴിയോ എപ്പോഴും ബന്ധപ്പെടുന്നു. ധാരാളം കോവിഡ് രോഗികളും ക്വാറൻ്റൈനിൽ കഴിയുന്നവർക്കു പോലും നിയന്ത്രണങ്ങൾ ഇല്ലാതെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാൻ കഴിയുന്നു എന്നതാണ് വലിയ ആശ്വാസം. മാനസികമായി വിഷമിക്കുന്നവരെ ഫോണിലൂടെ ആശ്വസിപ്പിക്കുവാനും പ്രത്യാശ പകരുവാനും എപ്പോഴും സാധിക്കുന്നു. വിശ്വാസ പരിശീലന രംഗത്തുള്ള അധ്യാപകരും ഈ പ്രാർത്ഥനാ കൂട്ടായ്മയിൽ ഉള്ളതിനാൽ ഇടവകയിൽ വലിയ ആത്മീയ ഉണർവ്വാണ് അനുഭവപ്പെടുന്നത്. പ്രാർത്ഥനാ ഗ്രൂപ്പ് അറിയാത്ത ഒരു കാര്യവും ഇടവകയിലില്ല എന്ന അവസ്ഥയാണിപ്പോൾ. തീഷ്ണതയുള്ള വികാരിച്ചനും കൂടി ചേർന്നപ്പോൾ ഈ ഉണർവ്വ് ഇടവകയിലും ഇടവകാതിർത്തി മുഴുവനിലും പ്രകടമാണ്. ഗ്രൂപ്പ് ഏതാനും വ്യക്തികളിലൊതുങ്ങി നില്ക്കാതെ ശുശ്രൂഷകൾക്ക് നേതൃത്വം നല്കുവാൻ കഴിയുന്ന തീഷ്ണതയുള്ള ഒരു ടീമിനെ വളർത്തിയെടുക്കുവാൻ ഇതു മൂലം സാധിച്ചു.അതിൽ പലരും വീട്ടിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞവരായിരുന്നു. ഇതിനിടയിലാണ് ജൂൺ ഒന്നിന് ഒരു ഹൃദയാഘാതം ഉണ്ടായത്. ഇത്രയും തീക്ഷ്ണമായി പ്രാർത്ഥിക്കുന്നൊരു ഗ്രൂപ്പ് എൻ്റെ ഇടവകയിൽ തന്നെ പ്രാർത്ഥിക്കുവാൻ ഉണ്ടെന്നുള്ളത് വലിയൊരു ആശ്വാസമായിരുന്നു. നമ്മുടെ ഇടവകയും നാടും ഉണരണമെന്നാണ് നാം ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം നമ്മള്‍ തന്നെയാണ് ഉണരേണ്ടത് . നട്ടിടത്ത് പുഷ്പിക്കാന്‍ ഉള്ള ഉത്തരവാദിത്വമാണ് ചെടിക്ക് ഉള്ളത് .പുഷ്പിക്കുന്നി ല്ലെങ്കില്‍ നിലം പാഴാക്കി കളയാതിരിക്കാന്‍ തോട്ടത്തിൻ്റെ ഉടമസ്ഥന്‍ ഒരു വര്‍ഷം വരെ തരുന്നആനുകൂല്യത്തിന് വേണ്ടി നാം കാത്തിരിക്കണോ? തീരുമാനം നമ്മുടേതാണ് . നാം ദൈവത്തിൻ്റെ കര വേലയാണ് .നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സൽ പ്രവര്‍ത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ് .എഫേ 2: 10 ഈ തിരുവചനത്തിലൂടെ ദൈവം മുന്‍കൂട്ടി ഒരുക്കുന്നത് ആദ്യം സൽപ്രവര്‍ത്തികളാണ്.അതിനു ശേഷം മാത്രമാണ് നാം എന്ന വ്യക്തിയുടെ ഉദ്ഭവം യേശുക്രിസ്തുവഴി മാതാപിതാക്കളിലൂടെ സംഭവിക്കുന്നത്.എന്നിലൂടെ ഭൂമുഖത്തെ ഒരു പ്രത്യേക ഭാഗത്ത് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ദൈവം നേരത്തെ സംവിധാനം ചെയ്തു വച്ചിട്ടുണ്ട് .എന്നിലൂടെ ദൈവത്തിന് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ മറ്റൊരു സംവിധാനമോ വ്യക്തിയോ ദൈവത്തിന്റെ പക്കലില്ല എന്ന തിരിച്ചറിവു നമുക്ക് ലഭിച്ചാൽ ഭൂമി സ്വർഗമായിത്തീരും. ഞാൻ ചെയ്യേണ്ട കാര്യം ഞാൻ ചെയ്യുന്നില്ലെങ്കിൽ അതു ചെയ്യുവാൻ ദൈവത്തിൻ്റെ പക്കൽ ആരുമില്ല എന്നതാണ് സത്യം.
5th of July 2023
""