എന്റെ ഒരു പഴയ കൂട്ടുകാരനായ വക്കീലിനെ കാണുവാന്‍ വേണ്ടി പോയതാണ്.വീട്ടിൽ ചെന്നപ്പോള്‍ വക്കീല്‍ അവിടെ ഉണ്ടായിരുന്നില്ല. .അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ സഹോദരിയുടെ മകളെ കാണുവാന്‍ വേണ്ടി പോയതാണ്. കുറെ നാളുകളായി വക്കീലും അദ്ദേഹത്തിന്റെ സഹോദരിയും തമ്മില്‍ തീരെ അടുപ്പത്തില്‍ ആയിരുന്നില്ല.സഹോദരിയും കുടുംബവും കുറെ നാളുകളായി വിദേശത്താണ്. സഹോദരിയുടെ മകളുടെ വഴിവിട്ട ബന്ധങ്ങള്‍ ആയിരുന്നു അവരുടെ അകല്‍ച്ച കാരണമായത്. പലതവണ ഉപദേശിച്ചു നോക്കിയിട്ടും കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതിനാല്‍ രണ്ടു കുടുംബങ്ങളും തമ്മില്‍ അകന്നു. ആ സഹോദരിയുടെ മകളെയാണ് കാണുവാന്‍ പോയതെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. പക്ഷേ അദ്ദേഹം ഒരു ദുഃഖ വാര്‍ത്തയാണ് എന്നോട് പങ്കു വച്ചത്.ദേവിക എന്നാണ് സഹോദരിയുടെ മകളുടെ പേര്. വയസ്സ് 21. ഇപ്പോള്‍ ദേവിക ലൂക്കേമിയ ബാധിച്ച് നാലാം സ്റ്റേജില്‍ മരണത്തോടു മല്ലിട്ടു കിടക്കുകയാണ്. പരമാവധി ഒരാഴ്ച സമയം ഉള്ളൂ കേട്ടപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി- കാരണം എല്ലാവരാലും വെറുക്കപ്പെട്ട ഒരു കുട്ടി. അന്നു കുന്നംകുളത്ത്, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രസിദ്ധ ധ്യാന ഗുരുവായ ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ അച്ചന്‍, ശ്ലൈഹിക പാരമ്പര്യമുള്ള ക്രൈസ്തവ സഭകളെയെല്ലാം ചേര്‍ത്ത് ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ് നടത്തിയിരുന്നു.അടുത്ത ദിവസം തന്നെ അച്ചൻ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വന്നപ്പോള്‍ ഞാന്‍ ഈ വിഷയം എഴുതിക്കൊടുത്തു. ഞങ്ങളുടെ ടീം മദ്ധ്യസ്ഥ പ്രാര്‍ത്ഥന ആരംഭിച്ചു.സന്ധ്യക്ക് ഏഴുമണിക്കാണ് അച്ചൻ വന്ന് പ്രാര്‍ത്ഥനായോഗം ആരംഭിച്ചത്.അച്ചന് ലഭിച്ച ദൈവീക നിര്‍ദേശം അനുസരിച്ച് അന്ന് ആ പ്രാര്‍ത്ഥന മീറ്റിങ്ങില്‍ വന്നിരിക്കുന്ന നാലു ക്യാന്‍സര്‍ രോഗികള്‍ക്കു ഭാഗികമായ സൗഖ്യവും അവിടെ വരാൻ സാധിക്കാതെ രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ ആയിരിക്കുന്ന ഒരു കാന്‍സര്‍ രോഗിക്ക് പരിപൂര്‍ണ സൗഖ്യവും ഉണ്ടെന്ന് വെളിപ്പെടുത്തി! പക്ഷേ സൗഖ്യം കിട്ടിയ രോഗിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.അടുത്ത ദിവസം തന്നെ ഞങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പിലെ ഏറ്റവും പ്രായം ചെന്ന ഒരു എൻജിനീയർ സുഹൃത്തും ഞാനും കൂടെ ഇരുപത് കിലോമീറ്റര്‍ അകലെയുള്ള അമല കാൻസർ ആശുപത്രിയിലേക്ക് പോയി.ഞങ്ങള്‍ ആദ്യമായിട്ടാണ് ദേവികയെ കാണുന്നത്. എങ്ങിനെയാണ് ഞങ്ങളെ ആ ഹൈന്ദവ കുടുംബം സ്വീകരിക്കുക എന്നതിൽ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു.ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ ദേവികയുടെ മുറി നിറയെ ആളുകള്‍.ഞങ്ങള്‍ ദേവികയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വന്നവരാണ് എന്ന് കുടുംബത്തെ അറിയിച്ചു.ഉടനെ ദേവിക മുറിയില്‍ ഉള്ളവരോട് അല്‍പസമയം മുറിയുടെ വെളിയില്‍ നില്‍ക്കുവാനും ഞങ്ങളോട് കയറി വരുവാനും ആവശ്യപ്പെട്ടു.ദേവികക്കും കുടുബത്തിനും ഞങ്ങളെ തന്നെ പരിചയപ്പെടുത്തി. ആ മകള്‍ വളരെ സന്തോഷത്തോടെ പറഞ്ഞു- ” ഞാനും കാത്തിരിക്കുകയായിരുന്നു! ഇന്നലെ എനിക്ക് ഒരു പ്രത്യേക അനുഭവം ഉണ്ടായി. ഞാന്‍ മരണം പ്രതീക്ഷിച്ചു കിടക്കുകയാണെന്ന് അറിയാമല്ലോ? വളരെ അസ്വസ്ഥമായിരുന്നു എന്റെ മനസ്സ് മുഴുവൻ. എന്റെ സ്വഭാവദൂഷ്യം കാരണം എല്ലാവരും എന്നെ കയ്യൊഴിഞ്ഞ അവസ്ഥയാണല്ലോ. ഇന്നലെ സന്ധ്യാ സമയം. ഉദ്ദേശം ഏഴ് മണിയായിക്കാണും. ചാരിയിട്ടിരുന്ന എന്റെ മുറിയുടെ വാതില്‍ ശക്തമായി തള്ളിത്തുറന്ന് പ്രകാശമാനമായ ഒരു വലിയ കൈ എന്റെ മുമ്പിലേക്ക് കടന്നു വന്നു. ആരെയും എനിക്ക് കാണുവാന്‍ സാധിക്കുന്നില്ല. ഈ മുറിയുടെ അത്ര വലിപ്പമുള്ള ഒരു വലിയ കൈപ്പത്തി മാത്രം. അത് എന്റെ കാലിന്റെ തള്ള വിരൽ മുതല്‍ തല എന്നെ പതുക്കെ തലോടിപ്പോയി. ഇതു പലതവണ ഇന്നലെ സംഭവിച്ചു.ഞാന്‍ ആരോടെങ്കിലും ഈ കാര്യം പങ്കുവെക്കണം എന്ന് ആഗ്രഹിച്ച ഇരിക്കുമ്പോഴാണ് നിങ്ങള്‍ രണ്ടുപേരും പ്രാര്‍ത്ഥിക്കാനായി കയറിവന്നത് “. ഞങ്ങള്‍ ഇത് പറയുമ്പോള്‍ അവളുടെ അമ്മ പറഞ്ഞു ” ഞാനും ഇതേ രംഗം കണ്ടു .പക്ഷേ അതൊരു സ്വപ്നമാണെന്ന് ഞാൻ ഇതുവരെ കരുതിയത്. ആരോടും ഈ കാര്യം പങ്കു വച്ചതുമില്ല”. ഞങ്ങള്‍ ഫാദര്‍ മാത്യു നായ്ക്കംപറമ്പിലിനുണ്ടായ ദര്‍ശനവും ഞങ്ങളുടെ മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പ് പ്രാര്‍ത്ഥിച്ചതും എല്ലാം അവരെ അറിയിച്ചു. ദേവിക പറഞ്ഞു “ഈ സംഭവത്തിനുശേഷം എനിക്ക് വലിയൊരു ഉണര്‍വ് അനുഭവപ്പെടുന്നുണ്ട് ഇന്നലെ രാത്രി കുറെ നാളുകള്‍ക്കു ശേഷം സുഖമായി ഉറങ്ങുവാന്‍ സാധിച്ചു. വലിയൊരു ഭാരം എന്നിൽ നിന്ന് മാറിപ്പോയ പോലെത്തെ അവസ്ഥയിലായി ഞാൻ. വലിയ സന്തോഷം കൊണ്ട് എന്റെ മനസ്സ് നിറഞ്ഞു. ഞാന്‍ വിശ്വസിക്കുന്നു – യേശുക്രിസ്തു എന്നെ സ്പര്‍ശിച്ചു സൗഖ്യം തന്നിരിക്കുന്നു!ഹല്ലേലൂയാ! അല്പസമയം കൂടി അവരോട് വചനം പങ്കുവെച്ചുകൊണ്ട് ഞങ്ങള്‍ തിരിച്ചുപോയി.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദേവിക പരിപൂര്‍ണ്ണ സൗഖ്യം പ്രാപിച്ചു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു ! ഹല്ലേലൂയ്യ! ഇന്നും നവീകരണത്തില്‍ വന്നിട്ടുള്ളവർക്കു പോലും കൃത്യമായി പിടികിട്ടാത്ത വലിയൊരു ഒരു ഊര്‍ജ്ജ സ്രോതസ്സാണ് മദ്ധ്യസ്ഥ പ്രാര്‍ത്ഥന. വിശ്വാസത്തോടുകൂടി ഉള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് അവന് മാപ്പു നൽകും(യാക്കോബ് 5:15) . രോഗങ്ങള്‍ മാത്രമല്ല മറ്റുള്ളവരുടെ ദുശ്ശീലങ്ങള്‍, സാമ്പത്തിക തകര്‍ച്ചകള്‍, വിവാഹ തടസ്സങ്ങള്‍, മക്കളുടെ സ്വഭാവ ദൂഷ്യങ്ങള്‍, സകല വിധ ബന്ധനങ്ങൾ എല്ലാം തകര്‍ക്കുവാന്‍ മധ്യസ്ഥപ്രാര്‍ത്ഥന വഴി സാധിക്കും. രോഗിയുടെ അനുവാദം പോലും നമുക്ക് ഇതിനുവേണ്ടി ആവശ്യമില്ല എന്നതാണ് സത്യം.മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ദൂരമോ സമയമോ പ്രശ്നമില്ല -അവന്‍ ദൂരത്തിന്റേയും സമയത്തിന്റേയും നാഥനാണ്.മാദ്ധ്യസ്ഥ പ്രാർത്ഥനാപോരാളി ശരീരികമായി യുദ്ധം ചെയ്യുന്ന പോരാളിയെക്കാള്‍ വളരേ ശക്തനാണ്.മോശ കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ഇസ്രായേല്‍ സൈന്യം വിജയിച്ചു മുന്നേറിയത് നമുക്കറിയാം.ആര്‍ക്കു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നുവോ അവരുടെ ആവശ്യങ്ങള്‍ നമ്മുടേതായി മാറ്റി ചിന്തിച്ചാല്‍ മാത്രമേ മാദ്ധ്യസ്ഥ ഫലപ്രദമാകൂ .രോഗിയുടെ സ്വഭാവം നന്നാവട്ടെ എന്നിട്ട് ഞാൻ പ്രാര്‍ത്ഥിക്കാം എന്ന് പറയുന്നത് നമ്മുടെ അറിവില്ലായ്മ ആണെന്ന് തിരിച്ചറിയുക.അവന്‍ പാപികളെയും രോഗികളെയും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ തൊടുവാന്‍ ആഗ്രഹിക്കുന്നവനാണ്. മറ്റുള്ളവരെ നമ്മള്‍ ആയി കാണാനുള്ള വലിയ കൃപ ദൈവം വര്‍ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Prema Joseph
23rd of July 2023
"മധ്യസ്ഥ പ്രാർത്ഥനാ പോരാളികൾ പരിശുദ്ധാത്മാവിനാൽ ജ്വലിക്കട്ടെ....🔥🔥🔥"