സാമ്പത്തികമായ തകര്‍ച്ചയിലൂടെ ഞങ്ങളുടെ കുടു:ബം കടന്നുപോകുന്ന കാലഘട്ടം.ഞാന്‍ തുടങ്ങുന്ന സംരഭങ്ങളെല്ലാം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. എന്റെ ഭാര്യ പുഷ്പക്ക് അടുത്തുള്ള ഇടവക സ്‌കൂളില്‍ ടീച്ചറായി ജോലി ഉണ്ടെങ്കിലും എന്തോ ചില രേഖകളുടെ അഭാവത്തില്‍ ശമ്പളം ലഭിക്കുന്നില്ല. ഈ ഒരു അവസ്ഥയിലാണ് ഞങ്ങളുടെ മകള്‍ സെന്നോ മരിയയെ സ്‌കൂളില്‍ ചേര്‍ക്കേണ്ട സമയം ആയത്. മകന്‍ സാന്‍ജോ നഴ്‌സറി സ്‌കൂളില്‍ പഠിക്കുന്നു. എന്റെ കൂനമ്മൂച്ചി ഇടവകയില്‍ ഉള്ളത് സാധാരണ മലയാളം മീഡിയം സ്‌കൂള്‍ ആണ്. അടുത്തുള്ള കുട്ടികളെല്ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ചേര്‍ന്നു കഴിഞ്ഞു .ഞങ്ങളുടെ ഇടവക സ്‌കൂളില്‍ ചേര്‍ക്കേണ്ട അവസാന ദിവസങ്ങളായി . അന്ന് ഈ സ്‌കൂളില്‍ ചേര്‍ക്കുവാന്‍ വെറും തൊണ്ണൂറ് രൂപ മതി . അതിനു പോലും പറ്റാത്ത അവസ്ഥയായി .പലരോടും നൂറ് രൂപ കടം ചോദിച്ചെങ്കിലും പലകാരണങ്ങളാല്‍ ലഭിച്ചില്ല. ഞങ്ങള്‍ക്ക് ആണെങ്കില്‍ വലിയ സങ്കടം ആയി കാരണം ഇത്രയും ചെറിയ സംഖ്യ പോലും എടുക്കുവാന്‍ ഇല്ലാത്തതുകൊണ്ട് കുട്ടിയുടെ ഒരു വര്‍ഷം നഷ്ടപ്പെടുമോ എന്ന വിഷമം. സാമ്പത്തികമായി ഞങ്ങള്‍ ഒരു വിധം നല്ല നിലയില്‍ കഴിഞ്ഞവരാണ്. സ്‌കൂളില്‍ ചേര്‍ക്കേണ്ട അവസാന തീയതിയുടെ തലേ ദിവസം രാത്രി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുവാനിരുന്നു. വളരേയേറെ സമയം ഞങ്ങള്‍ കരങ്ങള്‍ കോര്‍ത്തു പിടിച്ചു ദൈവത്തെ സ്തുതിച്ചു. ഒരു പക്ഷേ ഇത്രയും മനസ്സുരുകി പ്രാര്‍ത്ഥിച്ച ഒരു രാത്രി ഞങ്ങളുടെ ജീവിതത്തില്‍ പിന്നീട് ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ പുഷ്പയക്ക് ചെപ്പ് പോലെയുള്ള ഒരു പഴയ പാത്രം പരിശുദ്ധാത്മാവ് കാണിച്ചു കൊടുത്തു. ആദ്യമായാണ് ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ദര്‍ശനം ലഭിക്കുന്നത്. ദൈവത്തിന് നന്ദിയും സ്തുതിയും അര്‍പ്പിച്ചതിനു ശേഷം വീട്ടില്‍ ആ പഴയ ചെപ്പ് അന്വേഷിക്കുവാന്‍ തുടങ്ങി. കുറേ നാളുകള്‍ മുമ്പ് എന്റെ ഷര്‍ട്ടു കഴുകാനെടുക്കുമ്പോള്‍ പോക്കറ്റില്‍ കിടന്നിരുന്ന ചില്ലറ നാണയങ്ങള്‍ ഇട്ടു വെച്ചിരുന്ന ഒരു പാത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം പരിശുദ്ധാത്മാവ് കാണിച്ചു തരുന്നത്. കുറേ സമയത്തെ അന്വേഷണത്തിനു ശേഷം ആ പഴയ ചെപ്പ് കിട്ടി. തുറന്നു നോക്കിയപ്പോള്‍ കാറ്റു കൊള്ളാതെ ക്ലാവ് പിടിച്ച രൂപത്തില്‍ ഏതാനും നാണയങ്ങള്‍ ഇരിക്കുന്നു. എണ്ണി നോക്കിയപ്പോള്‍ കിട്ടിയത് നൂറ്റിപതിനൊന്നു രൂപ!. ഞങ്ങള്‍ക്ക് മോളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വേണ്ടത് വെറും തൊണ്ണൂറ് രൂപ മാത്രം! ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് കുറേ നേരം – ദൈവത്തിന്റെ ആ വലിയ കരുതലിനെ ഓര്‍ത്ത് സന്തോഷത്താല്‍ കരഞ്ഞു. ആ രാത്രി ഇന്നും ഞങ്ങള്‍ വലിയ നന്ദിയോടെ ഓര്‍ക്കുന്നു. നാണയങ്ങള്‍ അപ്പോള്‍ തന്നെ സോപ്പ് വെള്ളത്തില്‍ ഇട്ട് കഴുകി വൃത്തിയാക്കി. അടുത്ത ദിവസം കാലത്ത് വൃത്തിയാക്കിയ നാണയങ്ങള്‍ അടുത്തുള്ള കടയില്‍ കൊണ്ടു പോയി നോട്ടാക്കി മാറ്റി. ആ സംഖ്യ കൊണ്ടാണ് മോളെ സ്‌കൂളില്‍ ചേര്‍ത്തത്.കൂടാതെ ഓട്ടോറിക്ക്ഷക്കുള്ള വാടകയും കൂടി ദൈവം അതില്‍ കരുതിയിരുന്നു! ഇന്നും കൈകോര്‍ത്തു പിടിച്ചു പ്രാര്‍ത്ഥിച്ചാല്‍ ആരുടെ കുടുംബ ജീവിതത്തിലും ദൈവം ഇടപെടും. ഒരുമിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് ഇന്ന് ക്രൈസ്തവ ഭവനങ്ങളുടെ അടിസ്ഥാന പ്രശ്‌നം. സമയമില്ലാത്തതല്ല കാരണം – എല്ലാവരും ഒരു കാരണവുമില്ലാതെ മൊബൈല്‍ ഫോണിന്റെ ലോകത്ത് സ്വയം നിര്‍മ്മിച്ച ‘തിരക്കിലാണ്’ എന്നു മാത്രം. ഭവനമാകുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുക സ്വാഭാവികം മാത്രം. പക്ഷേ പ്രശ്‌ന പരിഹാരം കുടുംബ പ്രാര്‍ത്ഥനയിലൂടെ ദൈവം തരും. മേല്‍പ്പറഞ്ഞ സ്‌കൂള്‍ സംഭവത്തിനു ശേഷം ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണത്. ഇന്ന് ഓരോ കുടു:ബങ്ങളും നിരവധി പുതിയ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണ്. അവക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ നമ്മുടെ പഴയ തലമുറക്ക് അറിയാം. അത് കുടുംബപ്രാര്‍ത്ഥന മാത്രമാണ്. അതിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവുമില്ല. ഗാര്‍ഹിക സഭയില്‍ ദൈവം ഇറങ്ങി വരുന്ന സമയമാണത്. തുറവിയോടു കൂടി നമ്മള്‍ ഒത്തുകൂടി പ്രാര്‍ത്ഥിച്ചാല്‍ മതി. കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ വളരേ ഐക്യത്തില്‍ മുന്നോട്ടു പോകും. പലരുടേയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമാണ് – ഞങ്ങള്‍ പല സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. പിന്നെ എങ്ങിനെയാണ് ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നത്?. ഉത്തരം ലളിതമാണ്. എല്ലാവര്‍ക്കും അനുയോജ്യമായ ഒരു സമയത്തിനായി പ്രാര്‍ത്ഥിക്കുക. ദൈവം വഴിയൊരുക്കുന്നതു കാണാം.
3rd of July 2023
""