എന്റെ വീടിനോടു ചേര്‍ന്ന് ഒരു പേര മരത്തിന്റെ തൈ മുളച്ചു വന്നു. അത് വളരെ വേഗം വളര്‍ന്ന് നല്ലൊരു മരമായി മാറി. നല്ല രുചിയുള്ള കായ്കള്‍ എല്ലാ സമയത്തും ആ മരത്തില്‍ ഉണ്ടായിരുന്നു. ആ മരത്തിന്റെ ചില്ലകള്‍ വീടിന്മേലേക്ക് ചാഞ്ഞു നിന്നതിനാല്‍ വീടിന്റെ ടെറസ്സില്‍ നിന്നു തന്നെ കായ്കള്‍ പറിക്കാമായിരുന്നു. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ഈ പേരമരം സുപരിചിതമായിരുന്നു. പെട്ടെന്നാണ് അതു സംഭവിച്ചത് ഒരു ദിവസം ശക്തമായ കാറ്റ് വീശി. മരം വീടിനു മുകളിലേക്കു മറിഞ്ഞു. നിറയെ കായ്കള്‍ ഉള്ള സമയമായതിനാല്‍ മരം മുറിച്ചു നീക്കാന്‍ മനസ്സില്‍ വിഷമം. പരിസരത്തെ മുതിര്‍ന്നവര്‍ പറഞ്ഞു മറിഞ്ഞ മരം മുറിച്ചു മാറ്റണമെന്ന് – മറിഞ്ഞു കിടക്കുന്ന മരം വീടിന് ഐശ്വര്യമല്ല. ഞങ്ങള്‍ വിഷമിച്ചിരിക്കുന്ന സമയത്താണ് ഞങ്ങളുടെ ഒരു ബന്ധു, വീട്ടില്‍ വന്നത്. അദ്ദേഹത്തിന്റെ വരവ് കാര്യങ്ങള്‍ മറ്റൊരു വഴിയിലേക്കു തിരിച്ചുവിട്ടു. അദ്ദേഹം ഒരു ചെറിയ കത്തിയുമായി തിരിച്ചുവന്ന് കായ്കള്‍ നിറഞ്ഞ ചെറിയ ശിഖരങ്ങളുടെ താഴെ കൊണ്ടുവന്ന കത്തി ഉപയോഗിച്ച് തൊലി അല്‍പം അടര്‍ത്തിയെടുത്തു. തൊലി അടര്‍ത്തിയെടുത്ത ഭാഗത്ത് അദ്ദേഹം കൊണ്ടുവന്ന എന്തോ പൂപ്പലുകള്‍ വെച്ചുകെട്ടി. ലെയറിംഗ് (ഘമ്യലൃശിഴ) എന്നാണ് ഈ വിദ്യയുടെ പേര്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ലെയറിംഗ് ചെയ്ത ഭാഗത്തെല്ലാം ആ ശിഖരങ്ങള്‍ക്കു വേരുകള്‍ മുളച്ചിരുന്നു! വേരുകള്‍ കിളിര്‍ത്ത ശിഖരങ്ങള്‍ എല്ലാം മരത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ചെറിയ പോളിത്തീന്‍ കവറുകളില്‍ നട്ടു. ഏകദേശം ഇരുന്നൂറോളം പേരത്തൈകള്‍ ലഭിച്ചു. തൈകളെല്ലാം അടുത്തുള്ള നഴ്‌സറികാര്‍ക്ക് വിറ്റു! അതിലും വലിയ അത്ഭുതം ഈ കായ്കള്‍ നിറഞ്ഞ ഇരുന്നൂറോളം ശാഖകള്‍ തായ്മരത്തില്‍ നിന്ന് പോയപ്പോള്‍ ആ മരത്തിന് ഭാരം കുറഞ്ഞു -അത് നിവര്‍ന്നു നിന്നു ! ഇതില്‍നിന്നു വലിയൊരു പാഠം ദൈവം ഞങ്ങളെ പഠിപ്പിച്ചു. ജീവിതത്തില്‍ തകര്‍ച്ചകള്‍ ഉണ്ടാകുന്നത് നമ്മെ തകര്‍ക്കുവാനല്ല പകരം നമ്മെ വളര്‍ത്തുവാനാണ് . ദൈവത്തിന്റെ പദ്ധതികള്‍ നമ്മള്‍ ചിന്തിക്കുന്നതു പോലെയല്ല. സാധാരണ മനുഷ്യര്‍ മരം വെട്ടി കളയുവാന്‍ പറഞ്ഞപ്പോള്‍ ആ മരത്തിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ, ദൈവം ഇടപെട്ട് ഇരുന്നൂറ് മരങ്ങളാക്കിയതു പോലെ നമ്മുടെ ജീവിതത്തില്‍ ദൈവം ഇടപെടാന്‍ ആഗ്രഹിക്കുന്നു എന്ന തിരിച്ചറിവ് നമുക്കു ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം. മറ്റുള്ളവരുടെ തകര്‍ച്ചകളില്‍ സന്തോഷിക്കരുത് – പ്രാര്‍ത്ഥിക്കുക. അവരുടെ ജീവിതത്തില്‍ നാം പോലും ചിന്തിക്കാത്ത രീതിയില്‍ ദൈവം ഇടപെടുവാന്‍ ആഗ്രഹിക്കുന്നുണ്ടാകും. 2020 മാനവരാശിയെ സംബന്ധിച്ചിടത്തോളം മരണത്തിന്റെയും, താളം തെറ്റലുകളുടെയും പ്രതിസന്ധികളുടെയും വര്‍ഷമാണ്. കോവിഡ് 19 എന്ന മഹാമാരി എല്ലാ മേഖലകളിലും തളര്‍ച്ചയും തകര്‍ച്ചയും ആയി മുന്നോട്ടു പോകുന്നു. ഉറപ്പുള്ള പലതും തൂത്തെറിയപ്പെട്ടു. പുതിയ ചിന്തകളും നിരാശയുമായി ലോകം മുന്നോട്ടു പോകുന്നു. ഈ മഹാമാരി എന്ന് അവസാനിക്കുമെന്നും ഒരു നിശ്ചയവുമില്ല. ഭയ ചിന്തകളാല്‍ എല്ലാ മേഖലകളും തളര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഒന്ന് ഓര്‍ക്കുക മനുഷ്യന്റെ പദ്ധതികളാണ് തകര്‍ന്നത് – ദൈവത്തിന്റെയല്ല. അതു തകരുകയുമില്ല! നമ്മുടെ ജീവിതത്തില്‍ പല തകര്‍ച്ചകളും ദൈവം നമ്മെ വളര്‍ത്തുവാന്‍ വേണ്ടി ദൈവത്തിന്റെ ജ്ഞാനത്തില്‍ സംഭവിച്ചതാണെന്ന് നമുക്കു വിശ്വസിക്കാം. തകര്‍ച്ചകള്‍ ദൈവം അനുവദിച്ചതാണെന്നുള്ള മനോഭാവത്തോടെ സ്വീകരിക്കുമ്പോള്‍ അവ നമ്മുടെ ജീവിതത്തില്‍ അനുഗ്രഹദായകങ്ങളാകും. മറിച്ച്, സഹനങ്ങളെ പിറുപിറുപ്പോടെ സ്വീകരിക്കുമ്പോള്‍ അവ കൂടുതല്‍ മൂര്‍ച്ചയേറിയതായി നമുക്ക് അനുഭവപ്പെടും. സഹനങ്ങളുടെ മൂല്യവും അതില്‍നിന്നു ലഭിക്കേണ്ട നന്മകളും നമുക്കു പലപ്പോഴും ലഭിക്കാതെ പോകും. എല്ലാ സഹനങ്ങളും ദൈവകരങ്ങളില്‍നിന്നു സ്വീകരിച്ച് ദൈവം നയിക്കുന്ന വഴിയിലൂടെ നമുക്കു മുന്നേറാം. എല്ലാ സഹനങ്ങളുടെയും മഹത്വവും അര്‍ത്ഥവും കാലാന്തരത്തില്‍ ദൈവം നമ്മെ പഠിപ്പിക്കും. ‘നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി’ (ജറമിയ. 29:11)
3rd of July 2023
""