കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വചനപ്രഘോഷണ വേദിയില്‍ എന്റെ പഴയയൊരു സുഹൃത്ത് മനോജിനെ കണ്ടുമുട്ടിയത്. കോളേജില്‍ പഠിക്കുന്ന കാലത്ത് അവന്‍ ഒരു വില്ലന്‍ കഥാപാത്രമായിരുന്നു. നാട്ടിലെ ഉയര്‍ന്ന ഒരു ക്രൈസ്തവ തറവാട്ടിലെ അംഗം. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു നാടു വിട്ടു പോയി. മുഴുവന്‍ സമയവും ഒരു മദ്യപാനിയായി എന്ന് മറ്റു കൂട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത്. ഇപ്പോള്‍ എവിടെയാണെന്നൊ ആര്‍ക്കും അറിവില്ലായിരുന്നു. എപ്പോള്‍ മദ്യപാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും മനോജിന്റെ മുഖമാണ് എന്റെ മനസ്സില്‍ തെളിഞ്ഞുവരിക. എങ്ങിനെയാണ് ഒരു മദ്യപാനി വചന പ്രഘോഷകനായത് എന്നറിയുവാന്‍ എനിക്ക് വലിയ ആകാംഷയായി. അതിലുപരി പ്രാര്‍ത്ഥനയ്ക്ക് ഇത്ര വലിയ ഉത്തരം ദൈവം തന്നതില്‍ സന്തോഷവും! ദൈവം തന്നെ സ്പര്‍ശിച്ച കഥ മനോജ് പറയുവാന്‍ തുടങ്ങി. മദ്യപാനം തകര്‍ത്ത ഒരു യൗവനം. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതുകൊണ്ട് നല്ലൊരു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സഹോദരങ്ങള്‍ എല്ലാം നല്ല നിലയില്‍ എത്തി. അപ്പനും അമ്മയും മരിച്ചതോടെ വീട്ടില്‍നിന്നിറങ്ങി. മദ്യപിക്കാനുള്ള വരുമാനത്തിനുവേണ്ടി മാത്രം ചെറിയ ജോലികള്‍ ചെയ്തു മുന്നോട്ടു പോയി. ഒരുദിവസം നിയന്ത്രണമില്ലാതെ കുടിച്ചു. ബാറില്‍ നിന്ന് ഇറങ്ങി നടക്കുവാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയായി. ടൗണിലെ ബാറിനടുത്തുള്ള ഒരു സിനിമ തീയേറ്ററില്‍ കയറിയിരിന്ന് ഉറങ്ങാമെന്ന് കരുതി ടിക്കറ്റെടുക്കുവാന്‍ നീളമുള്ള ക്യൂവില്‍ കയറി. ടിക്കറ്റ് കൗണ്ടറില്‍ എത്തിയപ്പോള്‍ ടിക്കറ്റ് കഴിഞ്ഞു. അടുത്ത ക്യൂവില്‍ കയറി അതിലും ടിക്കറ്റില്ല. ഇങ്ങനെ മൂന്നു തവണ. നിരാശനായി റോഡിലേക്കിറങ്ങി. അപ്പോഴാണ് അദ്ദേഹം റോഡരികിലെ ഉച്ചഭാഷിണിയിലൂടെ മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കുന്നത്. നഗരത്തിലെ പല സ്ഥലത്തും ഉച്ചഭാഷിണികള്‍ വെച്ചിട്ടുണ്ട്. എന്തായാലും ഗാനമേള നടക്കുന്ന സ്ഥലത്തേക്ക് മനോജ് എത്തിച്ചേര്‍ന്നു. അതൊരു വചനപ്രഘോഷണ കണ്‍വെന്‍ഷന്‍ ആയിരുന്നു. വലിയൊരു ഗായകസംഘം നിരവധി ഉപകരണങ്ങളോടെ ഭക്തിഗാനങ്ങള്‍ ആലപിക്കുന്നു. ധാരാളം പേര്‍ പന്തലില്‍ ഇരിക്കുന്നുണ്ട്. മനോജും അവിടെ ഇരുന്നു. ഗാനശുശ്രൂഷയ്ക്കു ശേഷം ഒരാള്‍ വചന വേദിയിലേക്ക് കയറി വന്നു. ഇംഗ്ലീഷില്‍ അദ്ദേഹം പ്രസംഗിക്കാന്‍ തുടങ്ങി. അദ്ദേഹം ഒരു പ്രശസ്ത ഡോക്ടറാണ്. മറ്റൊരാള്‍ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നുണ്ട്. മദ്യപാനികള്‍ക്കുണ്ടാവുന്ന വലിയ നഷ്ടങ്ങളെക്കുറിച്ചായിരുന്നു വചനപ്രഘോഷണം. മനോജിനേയും വചനം സ്പര്‍ശിക്കുവാന്‍ തുടങ്ങി. പ്രഘോഷണം കഴിഞ്ഞപ്പോള്‍ പ്രസംഗം ഇഷ്ടപ്പെട്ടവരും മദ്യപാനം ഉപേക്ഷിക്കുവാന്‍ താല്പര്യമുള്ളവരും കൈകള്‍ ഉയര്‍ത്തുവാന്‍ പ്രഘോഷകന്‍ ആവശ്യപ്പെട്ടു. വളരേയധികം പേര്‍ കൈകളുയര്‍ത്തി . കൈകളുയര്‍ത്തിയവര്‍ എഴുന്നേറ്റു സ്റ്റേജിനടുത്തേക്ക് വരുവാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അപ്പോള്‍ തന്നെ കുറേപേര്‍ അവിടെ നിന്ന് മുങ്ങിക്കളഞ്ഞു. ആ ഡോക്ടര്‍ ഒന്നും എഴുതാത്ത ഒരു പേപ്പര്‍ ഞങ്ങള്‍ക്ക് തന്നിട്ട് പറഞ്ഞു ഇതൊരു കരാര്‍ (അഴൃലലാലി)േ ആണ്. ഒന്നാം പാര്‍ട്ടി ദൈവവും, രണ്ടാം പാര്‍ട്ടി മദ്യപാനം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന നിങ്ങളും. ഈ പേപ്പറില്‍ ദൈവത്തിന്റെ ഭാഗം ദൈവം നേരത്തെ തന്നെ (പ്രഘോഷണ സമയത്തു തന്നെ) ഒപ്പിട്ടു പോയിക്കഴിഞ്ഞു. നിങ്ങള്‍ക്ക് കാണാനാകുന്നില്ല എന്നു മാത്രം! ഇപ്പോള്‍ നിങ്ങളുടെ ഭാഗം കൂടി ഒപ്പിട്ടാല്‍ ഈ കരാര്‍ പൂര്‍ത്തിയാകും. ഈ കടലാസില്‍ നിങ്ങള്‍ വിശ്വസിച്ച് ഒപ്പിട്ടാല്‍ പിന്നീട് നിങ്ങള്‍ക്ക് മദ്യപിക്കണമെന്ന് ആഗ്രഹിച്ചാല്‍ പോലും മദ്യപിക്കുവാന്‍ കഴിയുകയില്ല. ദൈവം ഒരിക്കലും വാക്കു മാറുകയില്ല! വെള്ളക്കടലാസില്‍ ഒപ്പിട്ടു കൊടുക്കുണമെന്ന് പറഞ്ഞപ്പോള്‍ ഭൂരിപക്ഷം പേരും തിരിച്ചു പോയി. അപ്പോള്‍ അവന്റെ മനസ്സില്‍ ഒരു പുതിയ ആശയം സാത്താന്‍ കൊടുത്തു. ഒരു കള്ള ഒപ്പ് ഇട്ടു കൊടുക്കുക. അങ്ങിനെ അവന്‍ ആ കടലാസില്‍ ഒരു കള്ള ഒപ്പ് ഇട്ടു കൊടുത്തു. പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുങ്ങുവാന്‍ പാടില്ലല്ലോ? ഒരാഴ്ചക്കു ശേഷം അവന്റെ പഴയ കൂട്ടുകാരന്റെ കൂടെ മദ്യപിക്കുവാനുള്ള പ്രലോഭനമുണ്ടായി. എന്നാല്‍ ബാറിലെത്തിയപ്പോള്‍ തന്നെ മനഃപിരട്ടുന്ന അവസ്ഥയായി. കൂട്ടുകാരന്റെ കൂടെ മദ്യപിക്കുവാന്‍ തുടങ്ങിയപ്പോഴേക്കും ഛര്‍ദ്ദി തുടങ്ങി. അവന്‍ ഛര്‍ദ്ദിച്ച് അവശനായി. എത്ര കുടിച്ചാലും ഛര്‍ദ്ദിക്കാത്ത അവനെ ദൈവം അവന്റെ കള്ള ഒപ്പിലൂടെ സ്വന്തമാക്കിയിരുന്നു! അവന്റെ ഒപ്പല്ല ഹൃദയമാണ് ദൈവം നോക്കിയത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി മദ്യപിക്കണമെന്ന ചിന്ത പോലും അവന്റെ മനസ്സില്‍ വന്നിട്ടില്ല! അന്നു മുതല്‍ തന്റെ ജോലിക്കായി അവനെ അവിടുന്ന് ഉപയോഗിച്ചു തുടങ്ങി. അവന്റെയും കുടുംബത്തിന്റേയും എല്ലാ മേഖലകളിലും സമൃദ്ധി നല്കി ദൈവം ഉയര്‍ത്തി. അവിടുന്ന് എന്റെ കൊമ്പ് കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തി; അവിടുന്ന് എന്റെ മേല്‍ പുതിയ തൈലം ഒഴിച്ചു. ്(സങ്കീ 92:10) നമ്മുടെ ജീവിതത്തിലും മാറാത്ത ദുശ്ശീലങ്ങള്‍, രോഗങ്ങള്‍, തകര്‍ച്ചകള്‍ ഉണ്ടെങ്കില്‍ നമുക്കും ഈ രീതി ഗൗരവപൂര്‍വ്വം ഒന്നു പരീക്ഷിച്ചു നോക്കാമല്ലോ? അവന്‍ നമ്മെ വ്യക്തിപരമായി സ്‌നേഹിക്കുന്നവനാണ്. നമ്മെ തൊടുവാനും അനുഗ്രഹിക്കുവാനും തയ്യാറായി നില്ക്കുകയാണ്. നമ്മുടെ ഭാഗത്തു നിന്ന് നമ്മള്‍ തയ്യാറായാല്‍ മാത്രം മതി – ബാക്കി അവന്‍ കൂട്ടിച്ചേര്‍ക്കും.
4th of July 2023
""