ഞാന്‍ ഒമാനില്‍ ജോലി ചെയ്തിരുന്ന സമയം. ഞങ്ങളുടെ കമ്പനി നടത്തുന്ന ഒരു വലിയ കരിങ്കല്‍ ക്വാറിയുടെ ഓഫീസിലായിരുന്നു എന്റെ ജോലി. .ശ്രദ്ധിച്ചില്ലെങ്കില്‍ എപ്പോഴും അപകടം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ എപ്പോഴും കമ്പനി ജോലിക്കാര്‍ക്കെല്ലാം സുരക്ഷാ പരിശീലനം കൊടുത്തിരുന്നു. ഇത്രയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും അപകടങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു. എത്ര ചെലവു വന്നാലും ജോലിക്കാര്‍ക്കു സുരക്ഷയും പരിശീലനവും ഒരുക്കുന്നതില്‍ കമ്പനി ഒരു വിട്ടു വീഴ്ചയും അനുവദിച്ചിരുന്നില്ല. ഓഫീസിലാണ് ജോലിയെങ്കിലും പലപ്പോഴും ഞാനും എല്ലാവിധ പരിശീലനത്തിനും പോകാറുണ്ടായിരുന്നു. ഒരു ദിവസത്തെ ക്ലാസിന്റെ അവസാനത്തില്‍ പരിശീലകന്‍ (trainer) എന്നോടു മുന്നോട്ടു കയറി വരുവാന്‍ ആവശ്യപ്പെട്ടു. ബാക്കിയുള്ള എല്ലാവരേയും ഹാളില്‍നിന്നു മാറ്റി നിര്‍ത്തി. പരിശീലനം കഴിയുമ്പോഴുള്ള പരീക്ഷയാണ്! എന്നെ ഹാളിലെ തറയില്‍ കിടത്തി. ഓര്‍മ്മയില്ലാതെ കിടക്കുന്നതു പോലെ അഭിനയിക്കുവാന്‍ പറഞ്ഞു. ചെവിയില്‍നിന്ന് രക്തം ഒഴുകുന്നതു പോലെ താഴെ തറയില്‍ ചുവന്ന പെയ്ന്റ് ഒഴിച്ചു. എന്റെ ശരീരത്തിലെ പല ഭാഗത്തും കൃത്രിമമായി മുറിവുകളുടെ ചിത്രങ്ങള്‍ ഉള്ള സ്റ്റിക്കര്‍ ഒട്ടിച്ചു വെച്ചു. കണ്ടാല്‍ ശരിക്കും മുറിവുകളായി തോന്നും. കുറേ ഇലക്ട്രിക്ക് വയറുകള്‍ എന്റെ അടുത്ത് ഇട്ടു. പരീക്ഷ ആരംഭിക്കുകയായി. അന്നു പരിശീലനം ലഭിച്ച ഓരോരുത്തരെ ഹാളിനകത്തേക്കു വിളിച്ചു. എനിക്കു തന്നിരിക്കുന്ന നിര്‍ദ്ദേശം ശരീരത്തില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന മുറിവിന്മേല്‍ ആരെങ്കിലും തൊട്ടാല്‍ ഞാന്‍ ഞരങ്ങുകയോ, മൂളുകയോ വേണം. എനിക്ക് ഓര്‍മ്മയുണ്ടെന്നു മനസ്സിലായാല്‍ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് ആമ്പുലന്‍സില്‍ കൊണ്ടുപോകണം. ഞാന്‍ കണ്ണു ചെറുതായി തുറന്നു പിടിച്ചതിനാല്‍ എനിക്കു ചിരിയാണ് വരുന്നത് – കാരണം വരുന്നവരെല്ലാം എന്റെ കൂട്ടുകാരാണല്ലോ? ഞാന്‍ ഇലക്ട്രിക്ക് ഷോക്കേറ്റാണോ കിടക്കുന്നതെന്നാണ് ആദ്യം നോക്കേണ്ടത്. അല്ല എന്ന് ഉറപ്പു വരുത്തിയാണ് ദേഹപരിശോധന തുടങ്ങുക. ആദ്യത്തെ രണ്ടോ മൂന്നോ പേര്‍ എന്റെ ഒട്ടിച്ച സ്റ്റിക്കര്‍ മുറിവിന്മേല്‍ തൊട്ടപ്പോള്‍ ഞാന്‍ ഉച്ചത്തില്‍ ഞരങ്ങി – പിന്നെ വന്നവര്‍ തൊട്ടപ്പോള്‍ ഞാന്‍ ശബ്ദം ഉണ്ടാക്കിയില്ല! കാരണം യഥാര്‍ത്ഥ മുറിവകള്‍ അല്ലാത്തതിനാല്‍ ഞാനും സ്റ്റിക്കര്‍ ഒട്ടിച്ച ഭാഗം മറന്നു പോയി! എല്ലാം അഭിനയമായിരുന്നല്ലോ! പരിശീലകന്‍ എന്നെ എഴുന്നേല്പിച്ചു കൂട്ടത്തിലുള്ള മറ്റൊരാളെ കിടത്തി . ഇതു തന്നെയാണ് നമ്മുടെ പ്രാര്‍ഥനാ ജീവിതത്തിലും സംഭവിക്കുന്നത്. പല മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ജീവനില്ലാതെ പോയതിനു കാരണവും – മറ്റുള്ളവരുടെ ഒരു പ്രയാസവും നമ്മുടെ ഹൃദയത്തില്‍ ഒരു ചെറിയ പോറല്‍ പോലും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. മദ്ധ്യസ്ഥ പ്രാര്‍ഥനകളുടെ ഓജസ്സ് നഷ്ടപ്പെടുന്നു. പല പ്രാര്‍ഥനകള്‍ക്കും ഉത്തരം കിട്ടാതെ പോകുന്നു. ഞാനും എന്റെ കുടംബവുമായി നമ്മുടെ ലോകം ചുരുങ്ങുന്നു. നമ്മുടെ മദ്ധ്യസ്ഥ പ്രാര്‍ഥനയാണ് ലോകത്തിന്റെ പവര്‍ ഹൗസ് (Power House). തീഷ്ണതയോടുള്ള പ്രാര്‍ഥന തീര്‍ച്ചയായും ദൈവസന്നിധിയിലെത്തും. ഉത്തരം ലഭിക്കുക തന്നെ ചെയ്യും. ഒരുവന്റെ മദ്ധ്യസ്ഥ പ്രാര്‍ഥന സമൂഹത്തെ എങ്ങിനെ ശക്തിപ്പെടുത്തുമെന്ന് മോശ മുതലായ പ്രവാചകന്മാര്‍ നമുക്കു കാണിച്ചു തന്നിട്ടുണ്ട്. മോശ കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചപ്പോള്‍ ഇസ്രായേല്‍ സൈന്യം വിജയിച്ചു മുന്നേറി. ക്ഷീണിച്ച് കൈ താഴ്ത്തിയപ്പോള്‍ ശത്രു സൈന്യത്തിനായിരുന്നു നേട്ടം. സങ്കടപ്പെടുന്നവര്‍ക്കുവേണ്ടി, രോഗികള്‍ക്കുവേണ്ടി കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുവാന്‍ ആരെങ്കിലുമൊക്കെ പോരാ. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ വിളിക്കപ്പെട്ടവരായ നമ്മള്‍ തന്നെ വേണം. ഈ വിളി ലഭിച്ചിട്ടും ചൂടോ തണുപ്പോ ഇല്ലാത്തവരായി നാം പ്രാര്‍ഥനാ ലോകത്ത് തുടരുന്നുണ്ടോ? എങ്കില്‍ അതു വലിയ അപകടമാണ്.
4th of July 2023
""