ഒമാനില്‍ ഞങ്ങളുടെ കമ്പനിയിലെ സീനിയര്‍ സെയില്‍സ് മാനേജറാണ് മലയാളിയായ ഗോകുല്‍ ദാസ്. വളരേ നല്ല മനുഷ്യന്‍. വളരേ സൗമ്യമായ സംഭാഷണ ശൈലി, ആകര്‍ഷകമായ മുഖം. കമ്പനി ഏല്പിക്കുന്നതില്‍ കൂടുതല്‍ ബിസിനസ് കൊണ്ടുവരുന്ന വ്യക്തി. കമ്പനിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഞങ്ങള്‍ അടുത്തടുത്ത മുറികളിലാണ് താമസിച്ചിരുന്നത്. എന്നേക്കാള്‍ പ്രായക്കൂടുതലുണ്ടെങ്കിലും ഞങ്ങള്‍ വളരേ അടുത്ത കൂട്ടുകാരായിരുന്നു. എല്ലാം ഉണ്ടെങ്കിലും രാത്രിയായാല്‍ നന്നായി മദ്യപിക്കുന്ന ഒരു ദു:ശ്ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജോലിയില്‍ എന്നേക്കാള്‍ വളരേ ഉയര്‍ന്നൊരു തസ്തികയിലായിരുന്നതുകൊണ്ട് ഉപദേശിക്കാനും വിഷമം. ഒരു ദിവസം രാത്രി വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ ഗോകുല്‍ ദാസ് മദ്യപിച്ച് ഒരു വടിയെടുത്ത് ക്വാര്‍ട്ടേഴ്‌സിലെ എല്ലാവരുടേയും വാതിലില്‍ ശക്തമായി അടിച്ച് ആടി നടന്നു പോകുന്നു. എല്ലാവരും ഗോകുല്‍ ദാസിനെ നോക്കി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുകയാണ്.ഈ നിലയില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് വലിയ മന: പ്രയാസമായി. അന്നു രാത്രി കുറേ സമയം ഉണര്‍ന്നിരുന്ന് അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ദൈവം ആ മകനെ സ്പര്‍ശിച്ചു എന്ന് ഉറച്ചു വിശ്വസിച്ചു. ഒരു വചന പ്രഘോഷണ കാസറ്റ് അദ്ദേഹത്തിനു കൊടുക്കണമെന്ന് ഒരു ചിന്തയും ലഭിച്ചു. കാലത്ത് തന്നെ കാസറ്റ് കൊണ്ടുപോയി കൊടുക്കുകയും ചെയ്തു. ആ നാളുകളില്‍ സീ.ഡി.കള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ലായിരുന്നു. അന്ന് ഗോകുലിന് ജോലി സംബന്ധമായി ഇരുന്നൂറു കിലോമീറ്റര്‍ അകലെയുള്ള അബുദാബിയിലേക്കാണ് പോകേണ്ടിയിരുന്നത്. തീര്‍ച്ചയായും ആ കാസറ്റ് കേട്ടുകൊള്ളാം എന്ന ഉറപ്പും ഗോകുല്‍ തന്നു. കാലത്ത് ഞാന്‍ എന്റെ ഓഫീസ് ജോലികളില്‍ മുഴുകിയിരിക്കുകയായിരുന്നു. ഏകദേശം പതിനൊന്നു മണിയായപ്പോള്‍ ഗോകുലിന്റെ വിളി വന്നു. വിറച്ചുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്! എന്തു പറ്റിയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറയുകയാണ് ‘ ഞാന്‍ കാറോടിക്കുമ്പോള്‍ വളരേ അലസമായ് ആ കാസറ്റ് കേള്‍ക്കുകയായിരുന്നു. എന്നാല്‍ അതില്‍ ഒരു ഭാഗത്തു കൂടെ വചന പ്രഘോഷണം കടന്നു പോയപ്പോള്‍ ഞാന്‍ വിയര്‍ക്കുവാനും, വിറയ്ക്കുവാനും തുടങ്ങി. ഞാന്‍ ഭയപ്പെട്ടു. കാര്‍ ഒരു ഒഴിഞ്ഞ സ്ഥലത്തു നിറുത്തി ആ കാസറ്റ് വീണ്ടും കേട്ടു . നേരത്തെ കേട്ട ഭാഗത്ത് വന്നപ്പോള്‍ വീണ്ടും വിറയല്‍ ഉണ്ടായി!’ ഞാന്‍ അദ്ദേഹത്തോട് ഏതാണ് ആ വചനഭാഗമെന്ന് പറയാമോ എന്ന് ചോദിച്ചു . ഗോകുല്‍ തുടര്‍ന്നു ‘ യോഹന്നാന്റെ സുവിശേഷത്തില്‍ യേശു തിബേരിയൂസ് കടല്‍തീരത്ത് ശിഷ്യന്‍മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. ആ വചന ഭാഗത്ത് യേശു സ്‌നേഹിച്ച ശിഷ്യന്‍ പത്രോസിനോട് പറയുന്നുണ്ട് ‘അതു കര്‍ത്താവാണ്’ (യോഹ 21:7) എന്ന വാക്ക് കേട്ടപ്പോഴാണ് എനിക്ക് ശക്തമായ വിറയലുണ്ടായത്!’ . ഗോകുല്‍ അന്നു ജോലിക്കു പോയില്ല. കാറിലിരുന്ന് ആ കാസറ്റ് പല തവണ കേട്ടു. പിന്നീട് ഗോകുലിന് മദ്യപിക്കണമെന്നു തോന്നിയിട്ടില്ല. കാരണം ഈശോ ആ മകനെ സ്വന്തമാക്കിയിരുന്നു! അടുത്ത ദിവസം മുതല്‍ ഗോകുല്‍ എന്റെ കൂടെ ദേവാലയത്തിലും പ്രാര്‍ത്ഥനാ ഗ്രൂപ്പിലും വരുവാന്‍ തുടങ്ങി. ഒക്ടോബര്‍ മിഷന്‍ ഞായറിന്റെ മാസമാണല്ലോ? ലോക സുവിശേഷവല്‍ക്കരണത്തിനു വേണ്ടി നമ്മളില്‍ നിന്ന് വളരേ വലിയ കാര്യങ്ങളായിരിക്കുകയില്ല ദൈവം ആഗ്രഹിക്കുന്നത്. കൊച്ചു കാര്യങ്ങളിലൂടേയും ലോകത്തെ സുവിശേഷവല്‍ക്കരണം ചെയ്യുവാന്‍ ദൈവത്തിന് നമ്മളിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുക. വി. കൊച്ചുത്രേസ്യായെ പോലെ അതിനായുള്ള ‘കുറുക്കുവഴികള്‍’ ദൈവം കാണിച്ചു തരും. ചെറിയ കാര്യങ്ങളില്‍ നമ്മള്‍ വിശ്വസ്തരായാലേ വലിയ കാര്യങ്ങള്‍ ദൈവം നമ്മെ ഏല്പിക്കുകയുള്ളൂ. ദൈവത്തിന്റെ ഒരു വചനം മതി ഒരുവനെ വിശുദ്ധനാക്കാന്‍. ഒരു പഴയ ആത്മീയ മാസികയുടെ ഒരു പേജുമതി – ദൈവത്തിന് നമ്മെ സ്പര്‍ശിക്കുവാന്‍. ദൈവത്തിനു വേണ്ടി ആത്മാക്കളെ നേടുന്നവരായി മാറുവാന്‍ ഈ ജപമാല മാസം പരി. അമ്മ നമ്മെ സഹായിക്കട്ടെ.

Showing verified guest comments