തള്ളക്കോഴിയും കുഞ്ഞുങ്ങളും

Image

വീടിനടുത്തുള്ള കുളത്തിനു ചുറ്റും കുറേ ആളുകള്‍ കൂടിയിട്ടുണ്ടു്. എല്ലാവരും എന്തോ കാഴ്ച കണ്ട് ചിരിച്ചു കൊണ്ടാണ് നില്ക്കുന്നത്. കുളക്കരയിലേക്ക് ചെന്നപ്പോഴാണ് ഒരു പുതുമയുള്ള കാഴ്ച കണ്ടത്. ഒരു തള്ളക്കോഴി കൊക്കി ബഹളമുണ്ടാക്കി കുളത്തിനു ചുറ്റും ടെന്‍ഷനടിച്ച് ഓടുകയാണ്. തള്ളക്കോഴിയുടെ ശബ്ദം കേട്ട് അയല്‍പക്കത്തുള്ള കോഴികളും ബഹളമുണ്ടാക്കുന്നുണ്ട്. വെള്ളത്തിലേക്ക് നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് തള്ളക്കോഴിയുടെ രണ്ടു കുഞ്ഞുങ്ങള്‍ കുളത്തില്‍ വീണിരിക്കുന്നു! ആ കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും രക്ഷിക്കാനാണ് തള്ളക്കോഴി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബാക്കിയുള്ള കുഞ്ഞുങ്ങളെല്ലാം കരയില്‍ പേടിച്ചരണ്ട് നിലക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് വെള്ളത്തില്‍ ചാടിയത് താറാവ് കുഞ്ഞുങ്ങളായിരുന്നു! കരയില്‍ പേടിച്ചരണ്ട് നില്ക്കുന്നത് കോഴിക്കുഞ്ഞുങ്ങളും. തളളക്കോഴി തന്റെ മുട്ടയെന്ന് കരുതി അടയിരുന്ന് വിരിയിച്ച് കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയത് ഈ താറാവിന്‍ കുഞ്ഞുങ്ങളെയായിരുന്നു! അമ്മയുടെ ടെന്‍ഷനൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന വിധത്തില്‍ താറാവില്‍ കുഞ്ഞുങ്ങള്‍ കുളത്തില്‍ നീന്തിത്തുടിക്കുന്നു!

ഈ കാഴ്ച കണ്ടപ്പോള്‍ ഏതാനും ചിന്തകളാണ് പരി. ആത്മാവ് മനസ്സില്‍ തന്നത്. ഇന്ന് ഒരു വിധം മാതാപിതാക്കളെല്ലാം മക്കളെക്കുറിച്ച് ടെന്‍ഷനടിച്ച് ഈ തള്ളക്കോഴിയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയാണ്. അവരുടെ ചിന്തകളിലും സ്വപ്‌നങ്ങളിലും മക്കള്‍ മാത്രമാണ്. അവരുടെ പഠനം, ആരോഗ്യം, ഭാവി… എന്നിങ്ങനെ. എല്ലാവരും മക്കളെക്കുറിച്ച് വ്യഗ്ര ചിത്തരാണ്. എന്നാല്‍ പല മക്കളും വളര്‍ന്നു വലുതായി കഥയിലെ താറാവു കുഞ്ഞുങ്ങളെപ്പോലെയായി മാതാപിതാക്കളെ ഗൗനിക്കാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. നാട്ടില്‍ വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു .

ദൈവം ഒരു വ്യക്തിയേപ്പോലെ മറ്റൊരുവനെ സൃഷ്ടിച്ചിട്ടില്ല. ഓരോ വ്യക്തിയെക്കുറിച്ചും ദൈവത്തിന് വ്യത്യസ്ഥമായ പദ്ധതികളുമുണ്ട്. ദൈവം ഒരാളെ സൃഷ്ടിക്കുന്നതിനുമുമ്പ് ആ വ്യക്തിയിലൂടെ ദൈവത്തിനു വേണ്ടി അവന്‍ എന്തെല്ലാം സല്‍പ്രവര്‍ത്തികള്‍ ചെയ്യണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചതിനു ശേഷമാണ് ശാരീരിക ജന്മം കൊടുക്കുന്നത്.

നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സല്‍പ്രവര്‍ത്തികള്‍ക്കായി യേശു ക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.(എഫേ 2:10)

നമ്മുടെ മക്കളാണെങ്കിലും നമ്മള്‍ നിശ്ചയിച്ച ട്രാക്കിലൂടെ തന്നെ നമ്മുടെ മക്കള്‍ സഞ്ചരിക്കണമെന്ന് വാശി പിടിക്കരുത്. അവരെ പ്രാര്‍ത്ഥിക്കുന്ന മക്കളായി വളര്‍ത്തുവാന്‍ സമയം കണ്ടെത്തുക നമ്മളും പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുക. ദൈവം അത്ഭുതകരമായ വഴികളിലൂടെ അവരേയും നമ്മേയും നടത്തും

കര്‍ത്താവു് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്സാര്‍ജിക്കും ( ഏശയ്യാ 54:13)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review