വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അടുത്ത് ധ്യാനത്തിന് ഇരുന്നിരുന്ന കറുത്ത പൊക്കം കുറഞ്ഞ മദ്ധ്യവയ്‌സക്കനെ ഞാന്‍ ശ്രദ്ധിച്ചു. മുഖത്തും കഴുത്തിലും ശരീരത്തിലും കറുത്ത മുഴകള്‍ തൂങ്ങിക്കിടന്നിരുന്നു. ആരും അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുവാന്‍ താല്പര്യം കാണിച്ചില്ല.ആരോടും സംസാരിക്കാത്ത പ്രകൃതി.കാണുമ്പോള്‍ തന്നെ അറപ്പ് ഉളവാക്കുന്ന മുഴകള്‍. ധ്യാനം ആരംഭിച്ചപ്പോള്‍ തന്നെ ധ്യാനഗുരു വിളിച്ചു പറഞ്ഞു – ആരും ഒറ്റയ്ക്ക് ഇരിക്കരുത്.അങ്ങനെയാണ് ആ മനുഷ്യന്‍ എന്റെ അടുത്ത് വന്നിരുന്നത്. അടുത്ത് ഇരിക്കുന്നവരുടെ പ്രാര്‍ത്ഥനാ വിഷയം എല്ലാവരും ചോദിച്ചറിയുവാന്‍ ധ്യാനഗുരു സമയവും തന്നു.അടുത്തിരിക്കുന്ന ആ മനുഷ്യനോട ് ഞാന്‍ പ്രാര്‍ത്ഥനാ വിഷയം ചോദിച്ചറിഞ്ഞു – എന്റെ വിഷയവും അങ്ങോട്ടും പറഞ്ഞു. അദ്ദേഹത്തിന്റെ പേര് ജോസഫ്. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടംബം.ചെറുപ്പത്തില്‍ എലി കടിച്ചതാണ്. കുറേ വര്‍ഷത്തോളം ഒരു പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. മക്കളായായതിനു ശേഷമാണ് ശരീരത്തില്‍ കറുത്ത മുഴകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.പല ചികിത്സകളും ചെയ്തുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴത്തെ വലിയ പ്രശ്‌നം ശരീരത്തില്‍ തൂങ്ങിക്കിടക്കുന്ന മുഴകളല്ല – ഭാര്യയ്ക്കും മക്കള്‍ക്കും അദ്ദേഹത്തോട് വെറുപ്പാണ്.ഈ അപ്പന്‍ മൂലം നാട്ടുകാര്‍ അവരെ വിളിക്കുന്ന പേരുപോലും ഈ മുഴയുമായി ബന്ധപ്പെടുത്തിയാണ്.ഒരു വിവാഹാലോചനയും വരുന്നില്ല. കുറേ നാളുകളായി ഇദ്ദേഹം ബന്ധുവീടുകളിലും ഒരു ചടങ്ങുകള്‍ക്കും പോകാറില്ല – എല്ലാവരാലും വെറുക്കപ്പെട്ട ഒരു ജീവിതം! ഞാന്‍ ചോദിച്ചു ” മുഴകള്‍ മാറാനാണോ ഞാന്‍ പ്രാര്‍ത്ഥിക്കണ്ടത്?’ അല്ല എന്ന് ജോസഫേട്ടന്‍ ഉത്തരം നല്‍കി.”എലി കടിച്ച മുഴകള്‍ ഒരിക്കലും സൗഖ്യപ്പെടില്ല എന്ന് എനിക്കറിയാം -എല്ലാവരാലുമുള്ള ഒറ്റപ്പെടുത്തലാണ് അസഹ്യം. ആ ഒറ്റപ്പെടുത്തല്‍ സഹിക്കുവാനുള്ള കൃപ ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി”. ഞാനും എന്റെ പ്രാര്‍ത്ഥനാ വിഷയം അദ്ദേഹത്തോട് പങ്കുവെച്ചു. ഞാന്‍ ഒരു അണലിപ്പാമ്പ് കടിച്ച് ചികില്‍സിച്ചിട്ടും ഭേദമാകാതെ കാലില്‍ നീരും സന്ധികളില്‍ വേദനയുമായി മറ്റൊരു കസേരയില്‍ കാലു കയറ്റിവെച്ചിട്ടാണ് ധ്യാനം കൂടുന്നത്! അങ്ങനെ എലി കടിച്ചവനും പാമ്പുകടിച്ചവനും കൂടി ഒരുമിച്ച് ധ്യാനം കൂടണമെന്ന് ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു! ധ്യാനം തുടങ്ങി രണ്ടാം ദിവസമായപ്പോള്‍ തന്നെ ജോസഫേട്ടന്‍ ശാന്തമാകാന്‍ തുടങ്ങി. കേള്‍ക്കുന്ന വചനങ്ങള്‍ ഞങ്ങള്‍ കുറിച്ചെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ധ്യാനഗുരു പറഞ്ഞ ഒരു വചനം ഞാന്‍ കേള്‍ക്കാത്തതുകൊണ്ട് തൊട്ടിരിക്കുന്ന ജോസഫ്‌ചേട്ടനോട് ഏതാണ് അച്ചന്‍ പറഞ്ഞ വചനമെന്ന് ചോദിച്ചു. പക്ഷേ അദ്ദേഹത്തിന്റെ മറുപടി കേള്‍ക്കാന്‍ നടന്ന ഒരത്ഭുതം മൂലം എനിക്കു സാധിച്ചില്ല! രണ്ടു മിനിറ്റ് മുമ്പുവരെ മുഖം നിറഞ്ഞ് തൂങ്ങിക്കിടന്ന ആ കറുത്ത മുഴകള്‍ ഒരു പാടു പോലും അവശേഷിപ്പിക്കാതെ ജോസഫ്‌ചേട്ടന്‍ പോലും അറിയാതെ ദൈവം തന്റെ ശക്തമായ വചനമയച്ച് സൗഖ്യപ്പെടുത്തി! ദൈവത്തിനു മഹത്വം! ഉടന്‍ തന്നെ ജോസഫേട്ടന്‍ ബാത്ത്‌റൂമില്‍ പോയി തിരിച്ചു വന്ന് സാക്ഷ്യപ്പെടുത്തി അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു മുഴ പോലും ഇല്ലെന്ന്! അടുത്ത ദിവസം എനിക്കും ദൈവം പരിപൂര്‍ണ്ണ സൗഖ്യം നല്കി അനുഗ്രഹിച്ചു! ഇന്ന് ഞാന്‍ വിശ്വസിക്കുന്നത് ജോസഫേട്ടന്റെ സൗഖ്യം എന്നെ മാനസാന്തരപ്പെടുത്താനായി ദൈവം നല്‍കിയതാണെന്നാണ്. ആ അത്ഭുതമാണ് എന്നെ ഒരു ശുശ്രൂഷകനാക്കി ഇന്നും നിലനിറുത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്(മര്‍ക്കോസ് 12:24) വചനത്തിന്റെ ശക്തി മനസ്സിലാകുവാനും വചനം ഗ്രഹിക്കുവാനുമുള്ള കൃപ ലഭിക്കുവാനായി നമുക്ക് പരി. അമ്മയുടെ മാദ്ധ്യസ്ഥം തന്നെ യാചിക്കാം
4th of July 2023
""