പോളേട്ടന്റെ കഥ

Image

എന്തു പറഞ്ഞിട്ടും പോളേട്ടന്‍ ശാന്തമായി ചിരിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുണ്ടോ ബോധമില്ലാത്ത മനുഷ്യര്‍ ! ഞങ്ങളുടെ അലൈന്‍ (UAE) പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ സജീവ അംഗമാണ് മദ്ധ്യവയസ്‌കനായ അദ്ദേഹം. അലൈന്‍ ടൗണില്‍ ഒരു ചെറിയ കട നടത്തുന്നു. ഞാന്‍ ആ നാളുകളില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പുതുമുഖമായതിനാല്‍ പോളേട്ടനോട് ഒന്നു സംസാരിക്കണമെന്നു തോന്നി. അന്നത്തെ പ്രാര്‍ത്ഥനാ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ പോളേട്ടന്റെ അടുത്തെത്തി – അദ്ദേഹത്തിന്റെ ജീവിതകഥ കേട്ടു.

വളരേ ദരിദ്രമായ ഒരു ഭവനമായിരുന്നു അദ്ദേഹത്തിന്റേത്. കുറേ മക്കളുള്ള കുടു:ബത്തിലെ മൂത്തവന്‍. ഗള്‍ഫില്‍ വന്ന് ചെയ്യുവാന്‍ കഴിയുന്ന ജോലികളെല്ലാം ചെയ്ത് ജീവിതം തളിര്‍ക്കാന്‍ തുടങ്ങി.ഒരു വീടും കുറേ സ്ഥലങ്ങളും അപ്പന്റെ പേരില്‍ തന്നെ വാങ്ങി. സഹോദരിമാരെയെല്ലാം നല്ല നിലയില്‍ കെട്ടിച്ചയച്ചു. അനുജന്മാരെ നല്ല നിലയില്‍ പഠിപ്പിച്ചു ഉയര്‍ത്തി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സ്വത്ത് ഭാഗം വെയ്ക്കണമെന്ന് അനുജന്മാര്‍ ബന്ധുക്കള്‍ മുഖാന്തിരം ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു തുടങ്ങി. അപ്പനും അമ്മയ്ക്കും അതു വലിയ മനഃപ്രയാസമുണ്ടാക്കിയെങ്കിലും പോളേട്ടന്‍ ഒരെതിരും പറഞ്ഞില്ല.അവസാനം മദ്ധ്യസ്ഥന്മാര്‍ വഴി സ്വത്ത് ഭാഗം വെച്ചപ്പോള്‍ അനുജന്മാര്‍ക്കു തെങ്ങിന്‍ പറമ്പു നില്‍ക്കുന്ന ഭാഗവും,ആര്‍ക്കും വേണ്ടാത്ത പാറ നിറഞ്ഞ സ്ഥലം പോളേട്ടനും കിട്ടി. അതിലും അദ്ദേഹത്തിനു വിഷമമില്ലായിരുന്നു! ഈ സമയത്താണ് ഞാന്‍ പോളേട്ടനെ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍വെച്ച് കണ്ടത്. അദ്ദേഹം പറഞ്ഞു ‘എന്റെ അപ്പന്‍ എനിക്കു സന്തോഷപൂര്‍വ്വം തന്ന സ്ഥലം പാറയായാലും അതിലൂടെ എന്നെ അനുഗ്രഹിക്കുവാന്‍ എന്റെ ദൈവത്തിനു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു’. ഇതാണ് ഞങ്ങളുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങളെ ചൊടിപ്പിച്ചത് !

പിന്നീട് കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ പോളേട്ടനെ വീണ്ടും കണ്ടുമുട്ടിയത്. അദ്ദേഹം മുമ്പ് കണ്ടതിനേക്കാളും സന്തോഷവാനായിരുന്നു. പോളേട്ടന്‍ പങ്കുവെച്ചത് ‘ ബ്രദറേ ഞാന്‍ അന്നു പറഞ്ഞില്ലേ അപ്പന്‍ സന്തോഷത്തോടെ തന്ന ആ വിരിച്ച പാറക്കൂട്ടം എന്റെ അനുഗ്രഹമായി മാറുമെന്ന്. ഞാന്‍ പോലും ചിന്തിക്കാത്ത നിലയില്‍ ദൈവം പ്രവര്‍ത്തിച്ചു. ആ സ്ഥലത്ത് ഞാന്‍ മെഷീന്‍ ഉപയോഗിച്ചു കല്ലു വെട്ടിയെടുക്കുവാന്‍ ആരംഭിച്ചു.നല്ല ഉറപ്പുള്ള വെട്ടുകല്ലായതിനാല്‍ വീടു പണിക്ക് ധാരാളം ആവശ്യക്കാര്‍ വരുവാന്‍ തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ എന്റെ പറമ്പിലെ പാറ മുഴുവന്‍ പോയി – സാമ്പത്തികമായി ഞാന്‍ വളരേ അഭിവൃദ്ധിപ്പെട്ടു! പാറപോയ സ്ഥലത്ത് പുത്തന്‍ മണ്ണിട്ടു നികത്തി – പുതിയ തരം തെങ്ങിന്‍ തൈകള്‍ നട്ടു! ഇന്ന് എന്റെ ഇടവകയിലെ ഏറ്റവും നല്ല തെങ്ങിന്‍ പറമ്പ് എന്റേതാണ് ‘. ദൈവത്തിന്റെ വഴികള്‍ നമുക്ക് അഗ്രാഹ്യമാണ്!

ഇന്ന് നമ്മുടെ ബന്ധങ്ങള്‍ പലതും ഭാഗം വെയ്പ്പില്‍ തകര്‍ന്നതല്ലേ? ഭാഗം വെയ്ച്ച മാതാപിതാക്കളോടു് ശത്രുത വച്ചുപുലര്‍ത്തുന്ന എത്രയും പേര്‍ നമ്മുടെ ഇടയിലുണ്ട്? ദൈവം മാതാപിതാക്കളിലൂടെ തരാന്‍ ആഗ്രഹിക്കുന്ന നിരവധി അനുഗ്രഹങ്ങള്‍ക്കായി നമ്മുടെ മനോഭാവങ്ങള്‍ നമുക്കു മാറ്റാം.

പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും.അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും (പ്രഭാ: 3:9).

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review