അന്നൊരു ഭാരത് ബന്ദ് ദിവസമായിരുന്നു. റോഡ് മുഴുവന്‍ കരിങ്കല്ലും മരക്കഷണങ്ങളും നിരത്തി വാഹന ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഞാനാണെങ്കില്‍ സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായിരിക്കുന്ന സമയം. തുടങ്ങുന്ന സംരംഭങ്ങളെല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത പോലെ പൊട്ടിത്തകരുന്ന കാലഘട്ടം. ആ ദിവസം സന്ധ്യയായപ്പോള്‍ എന്റെ ഇടവക ദേവാലയത്തില്‍ ജപമാല ചൊല്ലുവാനള്ള പ്രേരണ ലഭിച്ച് പോയതാണ്. ഞങ്ങളുടെ പഴയ വികാരിയച്ചനേയും ദേവാലയ ശുശ്രൂഷിയേയും കൂട്ടിനു കിട്ടി. ജപമാല ചൊല്ലിക്കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. ജപമാല ചൊല്ലുമ്പോള്‍ ഒരു ഭയ ചിന്ത എന്റെ മനസ്സിലേക്ക് ശക്തമായി വരുവാന്‍ തുടങ്ങി. അല്പ സമയത്തിനുള്ളില്‍ എന്നെ പാമ്പു കടിക്കും എന്ന ചിന്തയാണ് ലഭിച്ചത്! ആ ചിന്ത മാറ്റുവാന്‍ ശ്രമിക്കും തോറും അതു കൂടുതല്‍ ശക്തമാകാന്‍ തുടങ്ങി. ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ നല്ല വെളിച്ചമുള്ള പരിസരം. പാമ്പിനെയൊന്നും കാണുവാനില്ല. ഒരു പക്ഷേ എന്റെ തോന്നലായിരിക്കും എന്നു കരുതി ദേവാലയത്തില്‍നിന്ന് പുറത്തേക്കു വന്നു. നടക്കാന്‍ തുടങ്ങിയപ്പോള്‍ മുമ്പ് ലഭിച്ചതിനേക്കാള്‍ പാമ്പു കടിക്കും എന്ന ചിന്ത കൂടുതല്‍ ശക്തമാകാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ അത് ശക്തമായ ഒരു സ്വരമായി മാറി. മുന്നോട്ടു പോകരുതെന്ന് ഒരു താക്കീതായി മാറുവാന്‍ തുടങ്ങി. കൂടെ ആരുമില്ല. ആരോ എന്നെ മുന്നോട്ടു പോകാന്‍ അനുവദിക്കാതെ ശക്തമായി പുറകിലേക്ക് വലിക്കുന്ന അവസ്ഥ. ഞാനാകെ ഭയപ്പെട്ടു. ഇതിനു മുമ്പ് ഇങ്ങനെ ഒരു അവസ്ഥ എനിക്ക് ഉണ്ടായിട്ടില്ല. ആരുടെയോ കയ്യില്‍നിന്ന് ഞാന്‍ കുതറിയോടി! പക്ഷേ ആരേയും കാണുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിച്ചു. എന്റെ വലത്തെ കാലില്‍ ഒരു അണലിപ്പാമ്പ് കടിച്ചു! അപ്പോഴാണ് എനിക്ക് ചിന്ത തന്നതും, സ്വരമായി സംസാരിച്ചതും ശാരീരികമായി എന്നെ തടുത്തുനിര്‍ത്താന്‍ ശ്രമിച്ചതും എന്റെ സ്‌നേഹമുള്ള ദൈവം ആയിരുന്നു എന്ന് എനിക്ക് മനസ്സിലായത്. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും ആഗ്രഹിച്ച ഒരു വലിയ കാര്യമായിരുന്നു- ദൈവത്തിന്റെ സ്വരം കേള്‍ക്കുക,അവനെ ശാരീരികമായി സ്പര്‍ശിക്കുക എന്നത്. കാലില്‍ നല്ല വേദനയുണ്ടെങ്കിലും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ആനന്ദമായിരുന്നു മനസ്സു നിറയെ! എന്തെന്നില്ലാത്ത ഒരു ധൈര്യം മനസ്സിലേക്ക് കടന്നുവന്നു. കാലിലെ ഞരമ്പുകള്‍ വലിഞ്ഞു പൊട്ടുന്ന വേദനയായിരുന്നു. റോഡിലെത്തുമ്പോഴേക്കും ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടു. റോഡിനടുത്തുള്ള എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് ഞാന്‍ നാലുകാലില്‍ ഇഴഞ്ഞാണ് എത്തിയത്. അവരോട് പാമ്പു കടിച്ച വിവരം പറയുമ്പോഴേക്കും ഞാന്‍ കുഴഞ്ഞു തുടങ്ങി.അവര്‍ ഒരു കയറെടുത്ത് കാലിന്റെ തുടയില്‍ കെട്ടിയെങ്കിലും പാമ്പു വിഷമെല്ലാം ശരീരത്തില്‍ വ്യാപിച്ചിരുന്നു. പിന്നീടെല്ലാം ദൈവത്തിന്റെ ശക്തമായ ഇടപെടലുകളായിരുന്നു ഞാന്‍ അനുഭവിച്ചത്. ബന്ദ് കാരണം ധാരാളം റോഡ് ബ്ലോക്ക് ഉണ്ടണ്ടായിരുന്നെങ്കിലും എന്റെ ഒരു കൂട്ടുകാരാന്‍ വളരെ ക്ലേശങ്ങള്‍ സഹിച്ച് ഒട്ടോറിക്ഷയില്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു. യേശുവേ സ്‌തോത്രം എന്ന് സ്തുതിച്ചാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയത്. മനസ്സു നിറയെ ആനന്ദമായിരുന്നു. പാമ്പുകടിയേറ്റ് ഇരുപതു മിനിറ്റിനുശേഷം ഞാന്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും എന്റെ എല്ലാ രോമകൂപങ്ങളിലൂടെയും പല്ലിനിടയില്‍ കൂടിയും രക്തം വരുവാന്‍ തുടങ്ങി. എന്നെ ചികിത്സിക്കുവാന്‍ ദൈവം ഒരുക്കിയത് ഒരു ദൈവഭക്തനായ ഡോക്ടറെയായിരുന്നു. ഞാന്‍ സ്തുതിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം കണ്ട് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. ചികിത്സകള്‍ ആരംഭിച്ചു.അടുത്ത ദിവസമായപ്പോഴേക്കും കാഴ്ചയും കേള്‍വിയും കുറയുവാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ സൗഖ്യപ്പെടുന്നതിനു പകരം എന്റെ അവസ്ഥ വളരേ മോശമാകുവാന്‍ തുടങ്ങി. ഡോക്ടര്‍ ഒഴിവു കിട്ടുമ്പോഴെല്ലാം എന്റെ അടുത്ത വന്നിരുന്നു സംസാരിച്ചിരുന്നു. ദേവാലയത്തില്‍ വെച്ച് എനിക്കുണ്ടായ ചിന്തകളും സ്വരവും എന്നെ തടഞ്ഞു നിറുത്തിയതുമെല്ലാം ഞാന്‍ അദ്ദേഹവുമായിപങ്കുവെച്ചു. ഇതെല്ലാം കേട്ടതിനു ശേഷം അദ്ദേഹം ചോദിച്ച ഒരു ചോദ്യമാണ് എന്റെ ജീവിതം മാറ്റിയത്. ‘ബൈബിള്‍ തുറന്ന് ഇപ്പോള്‍ ഈശോ എന്തു സംസാരിക്കുന്നു എന്നു നോക്കിയോ?’ ആ ചോദ്യം എനിക്ക് പുതിയതായിരുന്നു. ഞാന്‍ എന്നും ബൈബിള്‍ വായിക്കുന്ന വ്യക്തിയായിരുന്നെങ്കിലും ഓരോ പ്രത്യേക സന്ദര്‍ഭത്തിലും കൃത്യമായി ഈശോ സംസാരിക്കും, വേണ്ട നിര്‍ദ്ദേശങ്ങള്‍ തരുമെന്ന് എനിക്കനുഭവമില്ലായിരുന്നു. ആശുപത്രിയിലേക്ക് എന്റെ ഭാര്യ പുഷ്പ സമ്പൂര്‍ണ്ണ ബൈബിള്‍ കൊണ്ടുവന്നിരുന്നു. പക്ഷേ വായിക്കുവാന്‍ കാഴ്ചയില്ലല്ലോ? അതു കൊണ്ട് ഞങ്ങള്‍ രണ്ടു പേരും അല്പസമയം സ്തുതിച്ച് ബൈബിള്‍ തുറന്ന് ഞാന്‍ ഒരു ഭാഗത്ത് എന്റെ വിരല്‍ വെച്ചു. ആ ഭാഗം പുഷ്പ വായിച്ചു തുടങ്ങി. അന്ന് ദൈവം സംസാരിച്ചത് ജെറമിയ 30:12-17 വാക്യങ്ങളായിരുന്നു. സുഖപ്പെടുത്താനാത്ത വിധം നിനക്ക് ക്ഷതമേറ്റിരിക്കുന്നു. നിന്റെ മുറിവ് ഗുരുതരമാണ് എന്നു തുടങ്ങുന്ന ഭാഗം വായിച്ച് ഞങ്ങള്‍ കരച്ചിലായി. എന്നാല്‍ പതിനേഴാം വാക്യത്തിലെത്തിയപ്പോള്‍ -ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും എന്ന് ദൈവം സംസാരിച്ചു. ഞങ്ങള്‍ ഈ വചനം വിശ്വസിച്ച് പലതവണ ഏറ്റു പറഞ്ഞു.ഡോക്ടര്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കു ലഭിച്ച വചന ഭാഗം പറഞ്ഞു. അദ്ദേഹം ഇങ്ങനെയാണ് അതിനു മറുപടി പറഞ്ഞത് ‘ഇനി ദൈവം ഇടപെട്ടുകൊള്ളും.’ ഒരു പക്ഷേ ഞങ്ങളെ ബൈബിളിന്റെ ശക്തിയെക്കുറിച്ച് പഠിപ്പിക്കുവാന്‍ വേണ്ടിയാകും ഇതെല്ലാം ദൈവം അനുവദിച്ചത്. ‘എന്റെ മാതാപിതാക്കളും, ബന്ധുക്കളും പ്രാര്‍ത്ഥനാ ഗ്രൂപ്പിലുള്ളവരും ശക്തമായി എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ എന്റെ ദൈവം എന്നെ പരിപൂര്‍ണ്ണ സൗഖ്യമുള്ളവനാക്കി മാറ്റി. പിന്നീട് പല തവണ എനിക്ക് ഇങ്ങനെയുള്ള ദൈവത്തിന്റെ ഇടപെടലുകള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരേ, ദൈവം ഒരു ശക്തിയല്ല – വ്യക്തിയാണ്. അവന്‍ നമ്മോട് വ്യക്തിപരമായി സംസാരിക്കും, നമ്മെ സ്പര്‍ശിക്കും, ആശ്വസിപ്പിക്കും, വഴി നടത്തും. ഇന്നും എന്നും അങ്ങിനെതന്നെയാണ്. അതു കൊണ്ടാണ് 1 യോഹ. 1:1 ല്‍ എഴുതിയിരിക്കുന്നത് ആദി മുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു.
13th of October 2023
""