UAE യിലെ അലൈനിലെ സെന്റ് മേരീസ് ദേവാലയത്തിൽ ഞാൻ എന്നും കാണുന്ന ഒരു ഡേവീസ് ചേട്ടനുണ്ട്. എല്ലാ ദിവസവും ദിവ്യബലിയർപ്പിക്കുവാൻ സന്ധ്യക്ക് ദേവാലയത്തിൽ എത്തും. മിക്കവാറും പഴയ ഒരേ വേഷം തന്നെയായായിരിക്കും. പുഞ്ചിരിക്കുന്ന മുഖമാണെങ്കിലും എല്ലാവരിൽ നിന്നും ദൂരം നില്ക്കുന്ന വക്തി. സന്ധ്യക്കുള്ള ദിവ്യബലി കഴിഞ്ഞ് പള്ളിയുടെ മുമ്പിലുള്ള ആര്യവേപ്പിന്റെ തറയിൽ ഇരിക്കുമ്പോഴാണ് ഞാൻ ഡേവീസ് ചേട്ടനെ പരിചയപ്പെടുന്നത്. പരിചയപ്പെട്ടപ്പോൾ ആൾ എനിക്ക് കൈ തന്നു. ആളെ കാണുമ്പോൾ വളരേ ചെറിയ മനുഷ്യൻ. പക്ഷേ കൈ കൊടുത്തപ്പോൾ കൈ നിറയ തഴമ്പ് – ഇരുമ്പു പോലുള്ള ശരീരം. ഞാൻ ചോദിച്ചു എന്താ ഡേവീസ് ചേട്ടാ, കൈ ഇരുമ്പു പോലിരിക്കുന്നല്ലോ. എന്ത് ജോലിയാണ് ചെയ്യുന്നത് ? അദ്ദേഹം ഒരു അറബിയുടെ ഈന്തപ്പനത്തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളിയാണ്.. പകൽ എല്ലു മുറിയെ പണിയെടുത്തിട്ടാണ് ദേവാലയത്തിലേക്ക് വരുന്നത്. പിന്നീട് ഞങ്ങൾ കൂടുതൽ അടുപ്പമായി. ഒരു ദു:സ്വഭാവങ്ങളുമില്ലാത്ത സാധു മനുഷ്യൻ. എപ്പോഴും മുഖത്ത് കാണുന്ന ദുഃഖ ഭാവത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഒരേ ഒരു മകനാണ് ഉള്ളത്. സ്ഥിരമായി സ്കൂളിലും,വീട്ടിലും നാട്ടിലും മകൻ എന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പഠിക്കുവാനൊട്ടും താല്പര്യവുമില്ല. അറബിയുടെ തോട്ടത്തിലെ ചെറിയ ശമ്പളം കൊണ്ട് ഒന്നിനും തികയുന്നില്ല. ഭാര്യയും മകനെക്കൊണ്ടു ആകെ താളം തെറ്റിയതു പോലെയായി. ഭർത്താവ് നാട്ടിലില്ലാത്തതുകൊണ്ട് ആകെ അസ്വസ്ഥമായ ഭവനം.പതുക്കെ എല്ലാ വെള്ളിയാഴച്ചകളിലും പള്ളിയുടെ സൈഡ് ഹാളിൽ നടക്കുന്ന പ്രാർത്ഥനാ ഗ്രൂപ്പിൽ ഡേവീസ് ചേട്ടനെ എത്തിക്കുവാൻ ദൈവം കൃപ തന്നു. കണ്ടു മുട്ടുമ്പോഴെല്ലാം മകൻ നല്ല നിലയിലെത്തുമെന്ന് ഞാനും സുഹൃത്തുക്കളും ആശ്വസിപ്പിച്ചിരുന്നു.വർഷങ്ങളോളം ഇങ്ങനെത്തന്നെ മുന്നോട്ടു പോയി. ഡേവീസ് ചേട്ടൻ, തോട്ടത്തിൽ ഒഴിവുള്ള സമയങ്ങളിലെല്ലാം സക്രാരിയുടെ മുന്നിലെത്തി പ്രാർത്ഥിക്കുന്ന അവസ്ഥയിലേക്ക് ദൈവം അദ്ദേഹത്തെ വളർത്തി.പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം ഡേവീസ് ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം വളരേ സന്തോഷവാനായിരുന്നു. സന്തോഷത്തിന്റെ കാരണമറിഞ്ഞപ്പോൾ ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. എന്റെ മനസ്സിൽ പോലും ചിന്തിക്കാന്ത ഒരത്ഭുതമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നത്. പ്രശ്നക്കാരനായി നടന്നിരുന്ന അദ്ദേഹത്തിന്റെ ഒരേ ഒരു മകൻ നല്ല മാർക്കോടു കൂടി +2 കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേർന്നിരിക്കുന്നു ! ഇത്രത്തോളം വലിയൊരു അത്ഭുതം, പ്രാർത്ഥിക്കുവാൻ പ്രേരിപ്പിച്ച ഞങ്ങൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ദൈവം! പ്രസിദ്ധനായ ഒരു അമേരിക്കൻ സുവിശേഷകനായിരുന്നു മെർലിൻ ക്രോതേഴ്സ്(Merlin Carothers ). അദ്ദേഹം പട്ടാളത്തിലെ പാരച്യൂട്ട് ചാട്ട വിഭാഗത്തിലെ വിദഗ്ദനായിരിക്കുമ്പോൾ ദൈവം തൊട്ട് സുവിശേഷ പ്രഘോഷകനായ വ്യക്തിയാണ്. ധാരാളം പുസ്തകങ്ങൾ പരി. ആത്മാവ് അദ്ദേഹത്തിനെ കൊണ്ട് എഴുതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശ്വ പ്രസിദ്ധമായ പുസ്തകമാണ് ‘തടവറയിൽ നിന്ന് പുകഴ്ച്ചയിലേക്ക് ‘ (Prison to Praise). അതിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. മെർലിൻ വലിയൊരു സുവിശേഷ പ്രഘോഷണത്തിനു കാർ ഓടിച്ചു പോകുകയായിരുന്നു. ട്രാഫിക്ക് സിഗ്നലിൽ എത്തിയതോടു കൂടി പച്ച വെളിച്ചം തെളിഞ്ഞു. അദ്ദേഹത്തിന് സന്തോഷമായി. വീണ്ടും അടുത്ത സിഗ്നലിലും ഇതുപോലെ സംഭവിച്ചു. എന്നാൽ അടുത്ത സിഗ്നലിൽ ചുവന്ന ലൈറ്റ് കത്തിയപ്പോൾ മെർലിന് അസ്വസ്ഥതയായി. ഇനി കുറേ സമയം നഷ്ടമായല്ലോ എന്ന ചിന്തയായി. ഉടൻ പരിശുദ്ധാത്മാവ് സംസാരിച്ചു : ഇപ്പോൾ നീ അസ്വസ്ഥനായി അല്ലേ ? ഞാനാണ് നിനക്കു വേണ്ടി ചുവന്ന ട്രാഫിക്ക് ലൈറ്റ് കത്തിച്ചത്. ചുവന്ന ലൈറ്റ് കത്തിയപ്പോൾ നിന്റെ മുമ്പിലൂടെ റോഡു മുറിച്ചു കടക്കുന്ന ആളുകളെ നീ കണ്ടോ? അവരും മനുഷ്യരാണ്. വലിയ വിലയുള്ള ആത്മാവുകളാണ്. ഇനി നീ ഇവരെ എന്നെങ്കിലും കാണുമോ? ഒരുറപ്പുമില്ല. അതിനാൽ ഞാൻ പച്ച ട്രാഫിക്ക് ലൈറ്റ് കത്തിക്കുന്നതുവരെ അവർക്കു വേണ്ടി നീ പ്രാർത്ഥിക്കുക. നിന്റെ പ്രാർത്ഥന ആവശ്യമുള്ളവരാണ് ഇപ്പോൾ നിന്റെ മുമ്പിൽ കൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അത് മെർലിനു പുതിയൊരു തിരിച്ചറിവായിരുന്നു. സഹോദരങ്ങളേ നമ്മുടെ മുന്നിലൂടെ നമ്മുടെ ഡേവീസ് ചേട്ടനെപ്പോലെ എത്ര ആയിരങ്ങൾ ഇതുവരെ കടന്നു പോയി ?ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ, നാം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന, വാഹനത്തിന്റെ ഇരുവശത്തുകൂടി കടന്നു പോയവർ എത്ര ലക്ഷം പേരായിരുന്നു ? നമ്മുടെ റോഡിലൂടെ കോവിഡു കാലത്ത് സൈറൻ മുഴക്കിപ്പോയ ആമ്പുലൻസുകൾക്ക് എണ്ണമുണ്ടോ? നമ്മുടെ ജീവിതത്തിൽ നന്മ ചെയ്തു കടന്നു പോയ എത്ര പതിനായിരങ്ങൾ ഉണ്ട് ? സഹപാഠികൾ തന്നെ എത്രയുണ്ട്?ദൈവം അറിയാതേയാണോ അവർ നമ്മുടെ മുന്നിലൂടെ കടന്നു പോയത് ? നമുക്ക് നമ്മുടെ കാഴ്ച്ചപ്പാടുകൾ വിശാലമാക്കാം. ഒരുപാടു പ്രയാസങ്ങളിലൂടെ പോയി മരവിച്ച മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. അവർക്ക് വേണ്ടത് മരവിപ്പില്ലാത്ത മനുഷ്യരെയാണ് – അവരെ ഉണർത്തുന്ന വ്യക്തികളെയാണ്. കണ്ടുമുട്ടുന്ന വ്യക്തികളോട് അല്പം കൂടി അടുത്ത് പെറുമാറുന്നവരാകാൻ നമുക്ക് ശ്രമിക്കാം. അവരുടെ വിഷമങ്ങൾ കേൾക്കുന്നവരാകാം. മുഖത്തെ ദുഃഖ ഭാവങ്ങൾ മനസ്സിലാക്കുന്നവരാകാം. ദേവാലായത്തിലെ ഏതു സംഘടനയിൽ പ്രവർത്തിച്ചാലും പരി. ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകാം. ഇതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. ആദിമ സഭയിൽ ഉണ്ടായിരുന്ന ആ ഒരു തുറവിക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. വികൃതിയായ ഡേവീസ് ചേട്ടന്റെ മകനെ, സെമിനാരിയിൽ ചേർക്കുവാൻ ദൈവത്തിനു കഴിയുമെങ്കിൽ, നമ്മൾ കണ്ടു മട്ടുന്നവരോട് അല്പം സഹാനുഭൂതിയിലൂടെ സംസാരിച്ചാൽ എന്തെല്ലാം അത്ഭുതങ്ങൾ ദൈവത്തിനു കഴിയും. കർത്താവ് അരുൾ ചെയ്യുന്നു, വിലകെട്ടവ പറയാതെ സദ് വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവു പോലെയാകും. ജെറമിയ 15:19
5th of July 2023
""