എങ്ങിനെയാണ് വ്യക്തിപരമായി പ്രാർത്ഥിക്കേണ്ടത്? വ്യക്തിപരമായി എങ്ങിനെ പ്രാർത്ഥിക്കണം എന്ന് നാമോരുത്തരും ചിന്തിക്കുന്ന സമയാണ്. പല ഫോർമാറ്റുകളും (Format) മാറ്റി മാറ്റി നമ്മൾ നോക്കിയിട്ടും ഒരു ദൈവാനുഭവമില്ലാത്ത പ്രാർത്ഥനകളിൽ കൂടെയാണ് നമ്മൾ ഭൂരിപക്ഷം പേരും കടന്നുപോകുന്നത് . വലിയ ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല. ഈശോയുടെ ഓരോ ഉപമയും എത്ര ലളിതമായിരുന്നു. ആർക്കും മനസ്സിലാക്കുവാൻ ബുദ്ധിമുട്ടില്ലായിരുന്നു. സാധാരണ സംഭവങ്ങളും ഉദാഹരണങ്ങളുമാണ് ഈശോ നമ്മുടെ മുമ്പിൽ തന്നിട്ടുള്ളത്. അപ്പോൾ വ്യക്തിപരമായ പ്രാർത്ഥനയും അങ്ങിനെ തന്നെയായിരിക്കണം. വ്യക്തിപരമായ പ്രാർത്ഥന എങ്ങിനെയായിരിക്കണം എന്ന് നമ്മെ കൃത്യമായി പഠിപ്പിക്കുന്നത് കുരിശിലെ നല്ല കള്ളൻ - ദിസ്മാസാണ്. ഏറ്റവും ഹൃദയസ്പർശിയായ രീതിയിൽ. അവന് ഉത്തരത്തിനു കാത്തിരിക്കേണ്ടി വന്നില്ല. കൃത്യമായ മറുപടിയും ലഭിച്ചു. അവസാന നിമിഷം വരെയും പാപജീവിതം നയിച്ച ദിസ് മാസ് (നല്ല കള്ളൻ ), യേശുവിന്റെ കരുണ അനുഭവിച്ചപ്പോൾ ഹൃദയത്തിൽ നിന്നുയർന്ന ലളിതമായ പ്രാർത്ഥനയിലൂടെ സ്വർഗത്തിൽ പ്രവേശിച്ച കഥ. ഈ സംഭവം, വ്യക്തിപരമായ പ്രാർത്ഥനയുടെ ശക്തിയും, പാശ്ചാത്താപത്തിന്റെയും കൃപയുടെയും വീണ്ടെടുപ്പിന്റെയും മഹത്വവും നമ്മെ ഓർമ്മിപ്പിക്കുന്നു. യേശുവിന്റെ ഇരു വശങ്ങളിലും ക്രൂശിക്കപ്പെട്ടിരുന്നവർ അവർ കുറ്റവാളികളായിരുന്നു — അതേ ക്രൂരമായ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ. എന്നാൽ അതിൽ ഒരാൾ ജനക്കൂട്ടത്തിന്റെ പരിഹാസങ്ങളിൽ പങ്കുചേരുമ്പോൾ, മറ്റൊരാൾ — ദിസ്മാസ് — തന്റെ അവസാന നിമിഷങ്ങളിൽ അത്ഭുതകരമായ ഒരു മാനസാന്തരം അനുഭവിച്ചു. ദിസ്മാസിൻ്റെ മാനസാന്തരം ഒരു പ്രഭാഷണത്തിലൂടെയോ അത്ഭുതത്തിലൂടെയോ, ഉണ്ടായതല്ല; മറിച്ച്, മനസ്സിന്റെ ആഴത്തിൽ നിന്നു ഉയർന്ന ലളിതമായ ഒരു പ്രാർത്ഥനയിലൂടെയായിരുന്നു. പരിശുദ്ധാത്മാവാണ് അവനെ ശരിയായി പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്. ആ ദിനത്തിന് മുമ്പ്, ദിസ്മാസ് കുറ്റകൃത്യങ്ങളാൽ നിറഞ്ഞ ജീവിതം നയിച്ചിരുന്നു — എല്ലാ മാനദണ്ഡങ്ങളിലും "പാപി"യായിരുന്നു. തിരുവെഴുത്തിൽ പറയുന്നില്ലെങ്കിലും, പരമ്പരാഗതമായി അദ്ദേഹം ഒരു കള്ളനും കള്ളന്മാരുടെ നേതാവുമായിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാൽ, തന്റെ ക്രൂശിൽ തൂങ്ങിയ സമയത്ത്, യേശുവിന്റെ വാക്കുകളും ദയ നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ, അവന്റെ ഹൃദയം തകർന്നു. അവൻ യേശുവിൽ ഒരു രാജാവിനെയോ ജേതാവിനെയോ കണ്ടില്ല; മറിച്ച്, അന്യായമായി ശിക്ഷിക്കപ്പെടുന്ന ഒരുവനെ കണ്ടു. ആ വ്യക്തിയിൽ എന്തൊക്കെയോ പ്രത്യേകതകൾ അവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. അവൻ മറ്റേ കുറ്റവാളി യേശുവിനെ പരിഹസിക്കുന്നതു കണ്ടു അവനെ ശാസിച്ചു: "ദൈവത്തെ ഭയപ്പെടുന്നില്ലയോ? നീയും അതേ വിധിയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. നമ്മൾ ചെയ്ത പ്രവൃത്തികൾക്കുള്ള യുക്തമായ ശിക്ഷ തന്നെയാണ് നാം അനുഭവിക്കുന്നത്; പക്ഷേ, ഈ മനുഷ്യൻ ഒരു തെറ്റും ചെയ്തിട്ടില്ല" (ലൂക്കാ 23:40-41). ഇത് വെറും ഒരു പ്രസ്താവനയല്ലായിരുന്നു; അത് വ്യക്തിപരമായ ഒരു തിരിച്ചറിവായിരുന്നു, . ദിസ്മാസ് തന്റെ പാപാവസ്ഥ അംഗീകരിക്കുകയും, യേശുവിന്റെ നിരപരാധിത്വം തിരിച്ചറിയുകയും ചെയ്തു. അത് അവനെ ദൈവത്തെ തിരിച്ചറിയുവാനുള്ള നിലയിലേക്കുയർത്തി ! തൻ്റെ കൂടെ കുരിശിൽ കിടക്കുന്നത് ദൈവമാണെന്ന വലിയ ജ്ഞാനം അവനു ലഭിച്ചു! വിനയത്തോടും നിരുപാധികമായ അപേക്ഷയോടും കൂടി, അവൻ യേശുവിനോട് പറഞ്ഞു: "യേശുവേ, നീ രാജ്യത്തു പ്രവേശിക്കുമ്പോം എന്നെയും ഓർക്കണമേ" (ലൂക്കാ 23:42). അവൻ കുരിശിൽ നിന്നുള്ള മോചനമല്ല ആഗ്രഹിച്ചത്. ഭൗതികമായ നേട്ടങ്ങളിലേക്ക് അവൻ തിരിഞ്ഞു നോക്കിയില്ല - മറിച്ച് സ്വർഗ്ഗരാജ്യത്ത് എത്തുക എന്ന ഉദാത്തമായ ലക്ഷ്യത്തിലേക്ക് എത്തി. ശരിയായ പ്രാർത്ഥനയായതിനാൽ ഉടൻ സ്വീകരിക്കപ്പെട്ടു. യേശുവിന്റെ മറുപടി? "സത്യമായി ഞാൻ നിന്നോടു പറയുന്നു: ഇന്നുതന്നെ നീ ഇന്ന് എന്നോടു കൂടെ പറുദീസായിൽ ആയിരിക്കും. (ലൂക്കാ 23:43). കൂടെ നടന്ന ശിക്ഷന്മാർക്കുപോലും ലഭിക്കാത്ത ഭാഗ്യവാനായി അവൻ മാറുന്നു. അവന്റെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് — കൃപ ഒരിക്കലും വൈകിയിട്ടില്ല. പ്രാർത്ഥന നീതിമാന്മാർക്കുമാത്രമുള്ളതല്ല; അത് വഴിതെറ്റിപ്പോയവർക്കുള്ള ജീവരേഖ കൂടിയാണ്. എങ്ങിനെ വേണമെങ്കിലും നമുക്കു പ്രാർത്ഥിക്കാം. പരിശുദ്ധാന്മാവല്ലേ പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിക്കുന്നത്. പ്രാർത്ഥന സ്വീകരിക്കുന്നവൻ ദൈവമാണല്ലോ. അവനു നമ്മുടെ ഹൃദയം വായിക്കാനറിയാമല്ലോ. നമുക്കു പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവായ ദൈവമേ, അങ്ങ് ആഗ്രഹിക്കുന്നതു പോലെ പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ ആമേൻ.
12th of October 2025
""