നിഴലുകളെ എങ്ങിനെ വേണമെങ്കിലും ചിത്രങ്ങളിൽ മാറ്റുവാനും മായിച്ചു കളയുവാനും കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. Al സങ്കേതിക വിദ്യയിൽ ലോകം ഒരു പാടു മുന്നോട്ടു പോയിക്കഴിഞ്ഞു. ഏതു പശ്ചാത്തലവും വേണമെങ്കിൽ നമുക്ക് ഇന്ന് edit ചെയ്ത് ചിത്രത്തിൽ ചേർക്കാം. നമ്മൾ കൊടുക്കുന്ന നിർദ്ദേശമനുസരിച്ച് നിശ്ചല ദൃശ്യങ്ങൾ ചലിപ്പിക്കുവാനും സംസാരിക്കുവാനും നൃത്തം ചെയ്യിക്കാനുമൊക്കെ സാധിക്കുന്ന ആപ്പുകൾ ഇന്ന് ഇൻ്റർനെറ്റിൽ സുലഭമാണ്. പക്ഷേ ഈ മാറ്റങ്ങളൊക്കെ സ്ക്രീനിൽ മാത്രമാണ് മാറ്റുവാൻ നമുക്കു കഴിയുക, യഥാർത്ഥ ജീവിതത്തിൽ സാധിക്കുകയില്ല എന്ന ഒരു ഓർമ്മപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പ്രാർത്ഥിച്ചു ബൈബിൾ തുറന്നപ്പോൾ കിട്ടിയത്. ഹെസക്കിയായുടെ രോഗശാന്തി (2 രാജാക്കന്മാർ 20:1-11). പല തവണ വായിച്ചു പോയിട്ടുണ്ടെങ്കിലും യഥാർത്ഥ നിഴലിനെ പോലും സ്ഥാനം മാറ്റുവാൻ ദൈവത്തിനു മാത്രമേ കഴിയൂ എന്ന ചിന്തയാണ് അന്നു ലഭിച്ചത്. വായിക്കുമ്പോൾ വളരെ നിസ്സാരമായി തോന്നാമെങ്കിലും മനുഷ്യനു സാധ്യമല്ല ഒരു വസ്തുവിൻ്റെ യഥാർത്ഥ നിഴൽ മാറ്റുവാൻ. ഹെസക്കിയാ ഏശയ്യായോടു ചോദിച്ചു: കര്‍ത്താവ് എന്നെ സുഖപ്പെടുത്തുകയും മൂന്നാം ദിവസം ഞാന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പോവുകയും ചെയ്യുമെന്നതിന് എന്താണ് അടയാളം? ഏശയ്യാ പറഞ്ഞു: കര്‍ത്താവ് വാഗ്‌ദാനം നിറവേറ്റുമെന്നതിന് അവിടുന്ന് നല്‍കുന്ന അടയാളം ഇതാണ്. നിഴല്‍ പത്തടി മുന്‍പോട്ടു പോകണമോ പിറകോട്ടു പോകണമോ? ഹെസക്കിയാ പറഞ്ഞു: നിഴല്‍ പത്തടി മുന്‍പോട്ടു പോവുക എളുപ്പമാണ്. അതിനാല്‍ പുറകോട്ടു പോകട്ടെ! അപ്പോള്‍ ഏശയ്യാപ്രവാചകന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിച്ചു. അവിടുന്ന് ആഹാസിന്റെ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കു മാറ്റി. (2 രാജാക്കന്‍മാര്‍ 20 : 8-11) സൂര്യൻ്റെ നിഴലനുസരിച്ചാണ് സൂര്യഘടികാരം (Sundial)പ്രവർത്തിക്കുന്നത്. നിഴൽ വീഴുന്നതനുസരിച്ച് സമയം കണക്കാക്കുവാൻ സാധിക്കും. വാച്ചും ക്ലോക്കും ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പഴയ തലമുറക്കാർ കൃത്യമായി സമയം കണക്കാക്കിയിരുന്നു. ആകാശത്തെ നക്ഷത്രങ്ങൾ നോക്കി കടലുകൾ താണ്ടിയിരുന്നു. ഹെസക്കിയ രാജാവ് ജീവനിലേക്ക് തിരികെ പ്രവേശിക്കുമെന്നു ഉറപ്പു ലഭിച്ചപ്പോൾ ദൈവത്തോടു ഒരു അടയാളം ആവശ്യപ്പെടുകയാണ്. ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഹെസക്കിയാ രാജാവിന് തീരുമാനമെടുക്കുവാൻ ഒരവസരം കൊടുക്കുന്നു.സൂര്യഘടികാരത്തിൽ നിഴൽ പത്തടി മുൻപോട്ടു പോകണമോ അതോ പിറകോട്ടു പോകണമോ? ഏതാണെങ്കിലും ദൈവത്തിനു കഴിയും. ബുദ്ധിമാനായ രാജാവ് മാനുഷികമായി അസാധ്യമായ കാര്യമാണ് അടയാളമായി ചോദിക്കുന്നത്. ഹെസക്കിയ പറഞ്ഞു: നിഴൽ പത്തടി മുൻ പോട്ടു പോവുക എളപ്പമാണ്. അതിനാൽ പുറകോട്ടു പോകട്ടെ ! ഉടനെ ഏശയ്യാ കർത്താവിനെ വിളിച്ചപേക്ഷിച്ചു. ദൈവം ആഹാസിൻ്റെ സൂര്യ ഘടികാരത്തിൽ നിഴലിനെ പത്തടി പിന്നിലേക്ക് മാറ്റി. യഥാർത്ഥത്തിൽ ഒരു സൂര്യഘടികാരത്തിൽ നിഴൽ മാറ്റണമെങ്കിൽ സൂര്യൻ്റെ സഞ്ചരിക്കുന്ന ദിശ മാറ്റണം. മനുഷ്യനു അതു സാധ്യമല്ല. എന്നാൽ സൂര്യൻ്റെ ദിശ മാറ്റാതെ തന്നെ യഥാർത്ഥ നിഴലിനെ മാറ്റുവാൻ ദൈവത്തിനു കഴിയും എന്നു ദൈവം നമ്മെ പഠിപ്പിക്കുന്നു. പ്രകൃതി നിയമങ്ങൾ പോലും തൻ്റെ സ്നേഹിക്കുന്നവർക്കു വേണ്ടി മാറ്റുവാൻ ദൈവത്തിനു സാധിക്കും. ശിഷ്യർ നടുക്കടലിൽ തിരമാലകളിൽ പെട്ടു വശം കെട്ടപ്പോൾ വെള്ളത്തിനു മീതെ നടന്നുവന്നു കൊണ്ട് അവരെ ധൈര്യപ്പെടുത്തിയവനാണ് അവിടുന്ന്. അവൻ ശിഷ്യന്മാരോട് പറഞ്ഞു: ഞാനാണ് ഭയപ്പെടേണ്ട. (യോഹ 6:20). അവൻ നമ്മോടും ഇതു തന്നെയാണ് പറയുന്നത്. ആരു ഉപേക്ഷിച്ചാലും, ഏതവസ്ഥയായാലും എനിക്ക് നിൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന് നിൻ്റെ ജീവിതത്തെ മാറ്റുവാൻ കഴിയും എന്ന്. ഈ ഒരു പ്രത്യാശയോടെ നമുക്കവിടത്തെ സമീപിക്കാം
13th of September 2025
""