പ്രഥമ ദിവ്യകാരുണ്യ സീകരണവും ചിതറിയ ചിന്തകളും

Image

ഒരു നാലാം ക്ലാസുകാരൻ്റെ ജീവിതത്തിൽ വെള്ളിടി വെട്ടിയ ദിവസമായിരുന്നു അന്ന്. എൻ്റെ ആദ്യ വിശുദ്ധ കുർബ്ബാന സ്വീകരണ ദിവസത്തിൻ്റെ തലേ രാത്രിയിലാണ് ഒട്ടും പ്രതീക്ഷിക്കാത്ത ആ വിയോഗ വാർത്ത വന്നത്. എൻ്റെ അപ്പൂപ്പൻ മരിച്ചു! തറവാട്ടിൽ സുഖമില്ലാതെ കിടക്കുകയായിരുന്നു.

അന്ന് നാലാം ക്ലാസിൽ പഠിക്കുമ്പോൾ നിർബന്ധമായി ആദ്യ കുർബ്ബാന സ്വീകരണം നടത്തണം, അതിനു ശേഷമേ അഞ്ചാം ക്ലാസിൽ പ്രവേശനമുള്ളൂ. സ്കൂൾ പഠനത്തിൽ ഒന്നാമനല്ലെങ്കിലും വേദോപദേശ ക്ലാസിൽ ഞാൻ എന്നും ഒന്നാമനായിരുന്നു. ഞങ്ങളെ അന്ന് ആദ്യ കുർബ്ബാന സ്വീകരണത്തിന് ഒരുക്കിയത് അടുത്തുള്ള CMC കോൺവെൻ്റിലെ സിസ്റ്റർ അന്നാ ക്ലാരയായിരുന്നു. വി. കൊച്ചുത്രേസ്യ എന്നാണ് ഞങ്ങൾ സിസ്റ്ററെ വിളിച്ചിരുന്നത്. ആ ക്ലാസുകൾ എന്നെ ശരിക്കും എൻ്റെ ജീവിതത്തിൽ ഭക്തിയുടെ ആഴത്തിലുള്ള അടിസ്ഥാനമിട്ടു. വിശുദ്ധ കൊച്ചുത്രേസ്യായും, ഡൊമിനിക്ക് സാവിയോയുമെല്ലാം സിസ്റ്റർ വഴി വളരെ അടുത്ത കൂട്ടുകാരായി. ഹൃദയം കൊണ്ട് ഈശോയെ സ്വീകരിക്കുവാൻ എങ്ങിനെയെല്ലാം ഒരുങ്ങാമോ അങ്ങിനെയെല്ലാം സിസ്റ്റർ ഞങ്ങളെ ഒരുക്കി. ഞങ്ങൾ മനസുകൊണ്ട് പ്രത്യേക അവസ്ഥയിൽ ഉയർന്നു നില്ക്കുന്ന ഒരു അനുഭൂതിയായിരുന്നു ആ നാളുകളിൽ. ആ സമയത്താണ് നാലാം ക്ലാസിൽ ഫൊറോന തലത്തിൽ നടത്തിയ വേദപാഠ പരീക്ഷയിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയത്. അതിനു സമ്മാനമായി കിട്ടിയത് പഴയ നിയമത്തിലെ കഥകൾ എന്ന ഒരു വലിയ പുസ്തകവും, വി. ഡോൺ ബോസ്ക്കോയുടെ സമ്പൂർണ്ണ ജീവചരിത്രത്തിൻ്റെ ഒരു വലിയ പുസ്തകവുമായിരുന്നു. ഈ രണ്ടു പുസ്തകങ്ങളും പിന്നീടുള്ള എൻ്റെ ആത്മീയ യാത്രയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുർബ്ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങളെല്ലാം വീട്ടിൽ ആരംഭിച്ചു. പുതിയ വെള്ള വസ്ത്രങ്ങൾ തയ്പ്പിച്ചു. ജീവിതത്തിൽ ആദ്യമായി ഷൂസ് എൻ്റെ ഇളയപ്പൻ സമ്മാനമായി വാങ്ങിക്കൊണ്ടുവന്നു തന്നു. തലയിൽ വെക്കാനുള്ള പൂക്കളും സിസ്റ്റർമാർ തയ്യാറാക്കി. തലേ ദിവസം കുട്ടികളെല്ലാം ഒരുങ്ങി കുമ്പസാരിച്ചു. അന്നു രാത്രിയാണ് അപ്പൂപ്പൻ മരിക്കുന്നത്. അന്നു രാത്രി എൻ്റെ അമ്മ പറഞ്ഞു: ‘’ നാളെ നമ്മുടെ അപ്പൂപ്പൻ്റെ മൃതസംസ്ക്കാരവും ചടങ്ങുകളുമാണ് - അതുകൊണ്ട് മോൻ്റെ ആദ്യ കുർബ്ബാന സ്വീകരണം ഉണ്ടാകില്ല. വിഷമിക്കുകയൊന്നും വേണ്ട - കൂടുതൽ ഒരുങ്ങി അടുത്ത വർഷം ചെയ്യാം. അമ്മ അങ്ങിനെ പറഞ്ഞെങ്കിലും അമ്മക്കും അപ്പച്ചനും നല്ല വിഷമമുണ്ടായിരുന്നു. സിസ്റ്റർ അന്നാ ക്ലാരയും എന്നെ ആശ്വസിപ്പിച്ചു. ഇതും ഉണ്ണീശോക്ക് സമർപ്പിക്കുക. വിഷമിക്കേണ്ട. ഞാനാണെങ്കിൽ മനസ്സുകൊണ്ട് വെള്ള വസ്ത്രങ്ങളും തലയിൽ മുടിയും ചൂടി നില്കുകയാണ്. ആദ്യം ഈശോയെ സ്വീകരിക്കുമ്പോൾ ചോദിക്കേണ്ട കാര്യങ്ങൾ എല്ലാം മനസ്സിൽ തയ്യാറാക്കിയാണ് ആ ദിവസങ്ങളിൽ കഴിഞ്ഞിരുന്നത്. അടുത്ത ദിവസം എനിക്ക് എങ്ങിനെയാണ് കടന്നു പോയതെന്ന് അറിയില്ല. എൻ്റെ കൂട്ടുകാരൊക്കെ ഈശോയെ സ്വീകരിച്ചു. വികാരിയച്ചൻ്റെ അടുത്തു നിന്ന് ഫോട്ടോയും എടുത്തു. ഞാനില്ലാതെ അവർ ഈശോയെ സ്വീകരിക്കുന്നതു കാണുവാനുള്ള സങ്കടം കൊണ്ട് ഞാൻ അന്ന് ആ ദേവാലയത്തിലേക്ക് പോയില്ല. കുർബ്ബാന സ്വീകരണം ആ സമയത്ത് നടക്കാത്തതുകൊണ്ട് വീണ്ടും പഠിക്കുവാൻ ഒന്നാമനായ ഞാൻ അടുത്ത വർഷവും നാലാം ക്ലാസിൽ തന്നെ തുടർന്നു. സിസ്റ്റർ അന്നാ ക്ലാര തന്നെയായിരുന്നു എൻ്റെ ടീച്ചർ. എൻ്റെ കൂട്ടുകാരെല്ലാം അഞ്ചാം ക്ലാസിലേക്ക് ജയിച്ചു പോയത് എന്നെ ശരിക്കും വിഷമിപ്പിച്ചു. പക്ഷേ രണ്ടാം വർഷവും ആ ക്ലാസിൽ തന്നെ തുടർന്നപ്പോൾ എൻ്റെ ഭക്തി കൂടുതൽ ശക്തമായി. ഈശോയോടു കൂടുതൽ അടുത്തു. കൂടുതൽ വിശുദ്ധരെ പരിചയപ്പെട്ടു.എന്നിലെ ശുശ്രൂകനെ വളർത്തുവാൻ അതു ദൈവത്തിൻ്റെ ഒരു പദ്ധതിയായിരുന്നു എന്ന് വളരെ നാളുകൾക്ക് ശേഷമാണ് എനിക്ക് മനസ്സിലായത്. എന്നെ വി.കുർബ്ബാന സ്വീകരണത്തിന് ഒരുക്കിയ സിസ്റ്റർ അന്നാ ക്ലാരയെ , സിസ്റ്ററിൻ്റെ മരണം വരെ ഞാൻ എത്ര ദൂരെയാണെങ്കിലും സന്ദർശിക്കാറുണ്ടായിരുന്നു.

ഇപ്പോൾ ദൈവം എന്നെ പല മേഖലകളിലും ദൈവ ശുശ്രൂഷക്കായി ഉപയോഗിക്കുന്നു. പ്രത്യേകിച്ചു നവമാധ്യമങ്ങളിലൂടെയും എഴുത്തു ശുശ്രൂഷയിലൂടെയും. < /br>
നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ലഭിക്കുവാൻ വൈകുന്നുണ്ടെങ്കിൽ തീർച്ചയായും അതും ദൈവത്തിനൊരു വലിയ പദ്ധതിയുള്ളതുകൊണ്ടാണ്. അത് നമ്മുടെ നന്മക്കു മാത്രമുള്ളതാണ് എന്ന് തിരിച്ചറിയുക.

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി. ജറെമിയാ 29 : 11

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review