പേരക്കുട്ടിയെ ബൈക്കിൽ Play സ്ക്കൂളിൾ കാലത്ത് കൊണ്ട് വിട്ടിട്ടു തിരിച്ചു വരുന്ന വഴിയിൽ ഞാനയാളെ കണ്ടു. നടക്കുവാൻ സാധിക്കാതെ ഒരു വലിയ വടി കുത്തി വളരെ പ്രയാസപ്പെട്ടു നടന്നു ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്ന ഒരു ചെറുപ്പക്കാരൻ. മിക്കവാറും ദിവസവും ഞാനയാളെ എൻ്റെ യാത്രയിൽ കണ്ടുമുട്ടാറുണ്ട്. ഒരു കാലിനേ സ്വാധീനമുള്ളൂ എങ്കിലും മൂന്നോ നാലോ കിലോമീറ്റർ അയാൾ എന്നും നടക്കും. ലോട്ടറിയെടുക്കുന്നത് താല്പര്യമില്ലാത്തതിനാൽ ഞാൻ സാധാരണ വണ്ടി നിറുത്താറില്ല. എന്നാൽ എന്നും എന്നെ ആകർഷിച്ചത് അയാളുടെ മുഖത്തെ സന്തോഷമാണ്. വളരെ പ്രയാസപ്പെട്ടാണ് നടക്കുന്നതെങ്കിലും മുഖത്ത് എന്തൊരു സന്തോഷമാണ്. കഴിഞ്ഞ ദിവസം പാക്കറ്റ് പാൽ വാങ്ങുവാൻ കടയിൽ കയറുമ്പോൾ ഞാനയാളെ കണ്ടു. എനിക്ക് താല്പര്യമില്ലെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് എടുക്കാമെന്നു കരുതി അടുത്തു ചെന്നു. ‘’ഏതാണെങ്കിൽ സാറു എടുത്തോളൂ”’. ഞാൻ പറഞ്ഞു ‘:ഞാൻ ഭാഗ്യമുള്ള ആളൊന്നും അല്ല. ഏതെങ്കിലും ടിക്കറ്റ് തന്നോളൂ”. അദ്ദേഹം ടിക്കറ്റൊന്നും തരാതെ എൻ്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് “സാറ് ഒന്ന് ആലോചിച്ചു നോക്കിയേ. എന്താ ഭാഗ്യത്തിനു ഒരു കുറവുള്ളത്. സാറ് ഒരു ചെറിയ കുഞ്ഞുമായി ബൈക്കിൽ പോകുന്നത് ഞാൻ പല ദിവസവും കണ്ടിട്ടുണ്ട്. വീടും കുടുംബവുമായി ഭൂമിയിൽ കഴിയുവാൻ സാധിക്കുന്നതു തന്നെ എത്രയോ വലിയ ഭാഗ്യമാണ്. എനിക്കാണെങ്കിൽ ഓരോ ദിവസവും ഇത്രയും ബുദ്ധിമുട്ടിയാണ് വീടു പുലർത്തുന്നത്. എന്നിരുന്നാലും വൈകുന്നേരം വീട്ടിൽ ചെല്ലുമ്പോൾ, മക്കളെ കാണുമ്പോൾ എന്തൊരു സന്തോഷമാണ്. ആ സന്തോഷമാണ് ഈ കാലും വെച്ച് ടിക്കറ്റ് വിറ്റു മുന്നോട്ടു പോകുന്നത്. സത്യത്തിൽ നമ്മൾ ഭാഗ്യവാന്മാരല്ലേ സാറെ”. ഞാൻ ഏതോ ഒരു ടിക്കറ്റ് എടുത്തു അമ്പതു രൂപയും കൊടുത്തു . അദ്ദേഹം ചിരിച്ച് ആ മുളവടിയിലൂന്നി പോകുന്നതു നോക്കി നിന്നു. പക്ഷേ ആ ചോദ്യം എൻ്റെ മനസ്സിൽ തറച്ചു നിന്നു. സത്യത്തിൽ നമ്മൾ ഭാഗ്യവാന്മാരല്ല ? നമുക്കു കിട്ടിയ നന്മകൾ എത്രയോ വലുതാണ്. തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെ സന്തോഷത്തെ കെടുത്തി ക്കളയുന്നത്. ലഭിച്ച എല്ല നന്ന്മകൾക്കും ദൈവത്തിനു നന്ദി പറയാം.
Sophy. K. A
26th of May 2025
"Sathyathilnammal bagyavanmarane."