സംസാരിക്കാൻ കൊതിക്കുന്ന ദൈവം

Image

2022 ജൂലായ് മാസത്തിലെ ഒരു പ്രഭാതം. കാലത്തുള്ള ദിവ്യബലിയിൽ പങ്കെടുക്കുവാനായി ഞാനും ഭാര്യ പുഷ്പയും പ്രാർത്ഥിച്ചൊരുങ്ങി ഇടവക ദേവാലയത്തിലേക്ക് പുറപ്പെടുന്നു.വീടിന്റെ മുൻ വാതിൽ തുറക്കുവാൻ താക്കോലെടുത്തപ്പോഴാണ് ഞങ്ങളുടെ പേരക്കുട്ടി – രണ്ടു വയസ്സുകാരി ഇവ മോൾ കരഞ്ഞു കൊണ്ട് ഓടി വന്നു വാതിലിനു മുമ്പിൽ നിന്നത്. ഇവ മോൾ ഒരിക്കലും ഇത്ര നേരത്തെ ഉണരാറില്ല. ഉണരുകയാണെങ്കിൽ തന്നെ ഇങ്ങനെ വാശി പിടിക്കാറുമില്ല. സാധാരണ ഞങ്ങൾ എങ്ങോട്ടെങ്കിലും പോകുവാൻ പുറപ്പെടുകയാണെങ്കിൽ അവളെ കൂടി കൊണ്ടുപോകണമെന്ന് പറഞ്ഞു വാശി പിടിക്കാറുണ്ട്. എന്നാൽ അന്ന് അവൾ പറഞ്ഞത് “അപ്പാപ്പനും അമ്മാമയും ഇന്നു പള്ളിയിൽ പോകണ്ട ” എന്നാണ്. ആദ്യമായാണ് ഇങ്ങിനെ പറയുന്നത്.

ഞാൻ പിൻവാതിലിൽ കൂടി പോകുവാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് കരഞ്ഞുകൊണ്ട് അനുവദിച്ചില്ല. അല്പ സമയം കഴിഞ്ഞപ്പോൾ കുഞ്ഞ് അവളുടെ അമ്മയുടെ കൂടെ ഉറങ്ങി. അപ്പോഴേക്കും ദിവ്യബലിയുടെ സമയം വൈകിയതിനാൽ ഞങ്ങൾ രണ്ടുപേരും കൂടി ജപമാല ചൊല്ലാനിരുന്നു. ദൈവം ഞങ്ങളോട് എന്തോ സന്ദേശം കുഞ്ഞിലൂടെ തരുന്നുണ്ടെന്ന് തോന്നിത്തുടങ്ങിയിരുന്നു. ഉദ്ദേശം പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ ബന്ധുവിന്റെ ഭാര്യ നീതു പരിഭ്രമിച്ച് കരഞ്ഞു കൊണ്ടോടി വന്നു. അവളുടെ ഭർത്താവ് ജോസഫ് കാലത്തെ കുളി കഴിഞ്ഞപ്പോൾ പെട്ടെന്ന് തളർന്ന് ബോധം പോയി. ഞങ്ങൾ രണ്ടു പേരും അങ്ങോട്ട് ഓടിച്ചെന്നു. ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനാണ് ജോസഫ് എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. അപസ്മാരം പോലെയുള്ള ചലനങ്ങൾ, വീടിന്റെ പരിസരത്തുള്ളവരെല്ലാം പള്ളിയിൽ പോയിരിക്കുന്ന സമയം. ആരേയും ഫോണിൽ കിട്ടുന്നില്ല. ഞങ്ങൾ അവനെ താങ്ങിയെടുത്ത് താഴെ തറയിൽ കിടത്തി. നെറ്റിയിന്മേൽ കുരിശടയാളം വരച്ചു. വെള്ളം തളിച്ചപ്പോൾ അവന് ഓർമ്മ വന്നു. അപ്പോഴേക്കും അവന്റെ കയ്യിന്റെ കുഴ തെറ്റിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഓടിക്കൂടിയവരെല്ലാവരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോയി. ഇപ്പോൾ ജോസഫ് സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ. ഞങ്ങൾ ദൈവത്തിനു നന്ദി പറഞ്ഞു. – ഇവ മോളിലൂടെ സംസാരിച്ചതോർത്ത്. സംഭവസമയത്ത് ഞങ്ങൾ മാത്രമേ ആ പരിസരത്ത് ഉണ്ടായിരുന്നുള്ളൂ.

നമ്മുടെ ജീവിതത്തിൽ ഇതുപോലെ എത്രയോ തവണ ദൈവം സംസാരിച്ചിട്ടുണ്ട് ? പലതും നമുക്ക് തിരിച്ചറിയുവാൻ കഴിഞ്ഞിട്ടില്ല എന്നു മാത്രം. ദൈവത്തിനു ആരിലൂടെ വേണമെങ്കിലും നമ്മോടു സംസാരിക്കാം. കൊച്ചുകുഞ്ഞിലൂടെ ; പ്രായം ചെന്നവരിലൂടെ; അധ്യാപകരിലൂടെ … . എന്നിങ്ങനെ. ആർക്കുവേണ്ടിയും സംസാരിക്കാം. നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത വ്യക്തികൾക്കും വേണ്ടി കൂടിയാകാം.

ഏതാനും വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് ഒരു സ്റ്റാൻഡിൽ എത്തിയപ്പോൾ ഒരു പേന വില്ലനക്കാരൻ ബസിൽ കയറി വന്നു. അദ്ദേഹം പേനയുടെ പരസ്യമായി ഉറക്കെപറഞ്ഞതിങ്ങനെയാണ് : ” ഈ പേനക്ക് ഒരുപാടു പ്രത്യേകതകളുണ്ട്. പക്ഷേ ഏറ്റവും വലിയ പ്രത്യേകത, ഈ പേന കൊണ്ട് നിങ്ങൾക്ക് ലോകത്തിലെ ഏതു ഭാഷയും എഴുതാം – പക്ഷേ നിങ്ങൾ ബുദ്ധിമുട്ടി ഭാഷ പഠിച്ചിച്ചിരിക്കണമെന്നു മാത്രം”!.അവസാന ഭാഗം അദ്ദേഹം ശബ്ദം താഴ്ത്തിയിട്ടാണ് പറഞ്ഞിരുന്നത്.

ദൈവം സംസാരിക്കുന്ന ഭാഷയാണ് നാം ആദ്യം പഠിച്ചെടുക്കേണ്ടത്. പലപ്പോഴും ആ ഭാഷ നമുക്ക് തിരിച്ചറിയുവാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. നാമൊക്കെ ധാരാളം പ്രാർത്ഥിക്കുന്നവരാണ്. പക്ഷേ ദൈവം സംസാരിക്കുന്ന ഭാഷ, ചലനങ്ങൾ, സാഹചര്യങ്ങൾ, വ്യക്തികൾ എന്നിവ മനസ്സിലാക്കുവാൻ നാം ശ്രമിക്കുന്നില്ല. ദൈവം സംസാരിക്കുന്നതൊന്നും തന്റെ മക്കൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ നമ്മുടെ ദൈവത്തിന് അത് എത്ര സങ്കടമുളവാക്കുന്നുണ്ടാകും.ദൈവത്തിന്റെ ഭാഷ പരിശുദ്ധാത്മാവാണ് നമ്മെ പഠിപ്പിച്ചു തരേണ്ടത്.

ദൈവത്തിന്റെ ഭാഷയുടെ അക്ഷരങ്ങൾ നമുക്ക് പരിശുദ്ധാത്മാവിനോടു തന്നെ പഠിപ്പിച്ചു തരുവാൻ യാചിക്കാം.

എന്നാൽ എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാന്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. (യോഹ 14:26)

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

alfin

15th of January 2026

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!" സങ്കീര്‍ത്തനങ്ങള്‍"

image

ewd

25th of March 2025

"wed"

Write a Review