ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. ഒരു മെയ് മാസം. UAE യിലെ ഫുജിറയിൽ നിന്ന് ഞാൻ പരി.അമ്മയെക്കുറിച്ചൊരു ക്ലാസ് കൊടുത്തു മടങ്ങുകയായിരുന്നു. ഞാൻ താമസിച്ചിരുന്നത് ഒമാനിലെ ബുറൈമി എന്ന സ്ഥലത്തായിരുന്നു. UAE ലേയും ഒമാനിലേയും വിസ എനിക്കുണ്ടായിരുന്നതു കൊണ്ട് രണ്ടു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുവാൻ സാധിക്കുമായിരുന്നു. എന്നാൽ അൽ മുദീഫ് ചെക്ക് പോസ്റ്റിൽ പാസ്പോർട്ടിൽ in and out അടിക്കാത്തതിനാൽ പലരും ആ വഴിക്കാണ് സ്ഥിരമായ യാത്ര ചെയ്യുന്നവർ സഞ്ചരിച്ചിരുന്നത്. കടന്നു പോകുവാൻ തീരെ തിരക്കും ഉണ്ടാകാറില്ല, മാത്രമല്ല സ്ഥിരം കടന്നുപോകുന്ന വ്യക്തികളെ ചെക്ക് പോസ്റ്റിലുള്ള പോലീസിന് പരിചയവുമുണ്ടായിരുന്നു. (പാസ്പോർട്ടിൽ in and out അടിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പേജുകൾ തീരും) എന്നാൽ അന്നേ ദിവസം പുതിയതായ രണ്ടു ചെറുപ്പക്കാരായ പോലീസ് ഉദ്യോഗസ്ഥരാണ് ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. അവർ എൻ്റെ വണ്ടി തടഞ്ഞുനിറുത്തി വാഹനത്തിൻ്റെ ഉൾവശം പരിശോധിക്കണമെന്ന് പറഞ്ഞു. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി നിന്നു. പ്രശ്നമുള്ള ഒന്നും തന്നെ അവർക്ക് വാഹനത്തിൽ തിരഞ്ഞിട്ട് നിന്ന് കിട്ടിയില്ല. ഉടനേ എൻ്റെ കയ്യിലുള്ള ബാഗ് തുറക്കണമെന്നായി. അതിനകത്ത് ഞാൻ വചനപ്രഘോഷണത്തിനു സ്ഥിരമായി ഉപയോഗിക്കുന്ന മലയാളം ബൈബിളും മാതാവിൻ്റെ ഒരു ചെറിയ രൂപവും മാത്രമേയുള്ളൂ. മാതാവിൻ്റെ രൂപം അവർ എടുത്തിട്ട് ഇതെന്താണ് എന്ന് ദേഷ്യത്തോടെ ചോദിച്ചു. ഞാൻ പറഞ്ഞു , അത് ഈസാ നബിയുടെ അമ്മയായ മറിയത്തിൻ്റെ രൂപമാണെന്ന്. അവർ പറഞ്ഞു ഞങ്ങൾക്ക് ഈ രൂപം സംശയമുണ്ട് ഒന്ന് സ്കാൻ ചെയ്തു പരിശോധിക്കണം. ഞാൻ സമ്മതിച്ചു. കാർ ചെക്ക് പോസ്റ്റിൽ പാർക്ക് ചെയ്ത് എൻ്റെ പാസ്പോർട്ടും മാതാവിൻ്റെ രൂപവുമായി അവർ മേലധികാരിയുടെ അടുത്തേക്ക് പോയി. അരമണിക്കൂറോളം ഞാൻ കാറിലിരുന്നു. എനിക്കറിയാം മാതാവിൻ്റെ രൂപത്തിനകത്ത് ഒന്നുമില്ല എന്ന് പക്ഷേ എൻ്റെ പാസ്പോർട്ട് അവരുടെ കൈവശവും അവരുടെ നാടുമാണല്ലോ. കൂടാതെ കാറിൽ നിന്ന് ഒന്നും കണ്ടെടുക്കാനാകാത്തതിൻ്റെ അരിശവും അവർക്കുണ്ട്. ഞാൻ കാറിലിരുന്ന് ജപമാല ചൊല്ലി പ്രാർത്ഥിച്ചു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ആ രണ്ടു പോലീസ് ഉദ്യോഗസ്ഥരും ഇറങ്ങിവന്നു. രണ്ടു പേരും ചിരിച്ചിട്ടാണ് വരുന്നത്. എനിക്കും സമാധാനമായി. വന്ന് എന്നെ ബുദ്ധിമുട്ടിച്ചതിന് സോറി പറഞ്ഞ് മാതാവിൻ്റെ രൂപവും എൻ്റെ പാസ്പോർട്ടും തിരിച്ചു തന്നു. മാതാവിൻ്റെ രൂപം തിരിച്ചു തരുമ്പോൾ അവരിലൊരാൾ പറഞ്ഞു - എനിക്ക് മറിയത്തിൻ്റെ രൂപം വലിയ ഇഷ്ടമായി - എന്തൊരു ആകർഷണമാണ് മറിയത്തിന്. ഞാൻ ആദ്യമായാണ് മറിയത്തിൻ്റെ രൂപം കാണുന്നത് -എൻ്റെ മൊബൈൽ ഫോണിൽ ഒരു ഫോട്ടോ എടുത്തോട്ടെ. ഇടക്ക് എനിക്കത് കാണാമല്ലോ. ഞാൻ പറഞ്ഞു സന്തോഷമേയുള്ളൂ. അദ്ദേഹം ഫോട്ടോയെടുത്തു. എന്നോട് എവിടെ പോയാണ് വരുന്നതെന്നല്ലാം ചോദിച്ചറിഞ്ഞു. രണ്ടു പേരും അവർക്ക് വേണ്ടി മറിയത്തിനോട് പ്രാർത്ഥിക്കണമെന്ന് പറഞ്ഞാണ് എന്നെ യാത്രയാക്കിയത്. ഒറ്റ നോട്ടത്തിൽ തന്നെ ആ ഉദ്യോഗസ്ഥരുടെ മനസ്സു മാറ്റാൻ നമ്മുടെ അമ്മക്ക് കഴിഞ്ഞു എന്നതാണ് എൻ്റെ മനസ്സിൽ തങ്ങി നിന്നത്. ഞാൻ യാത്ര തുടങ്ങിയപ്പോൾ മാതാവിനോടു ചോദിച്ചു - ‘ ഒറ്റ നോട്ടത്തിൽ ഒരു പരിചയമില്ലാവരുടെ മനസ്സു മാറ്റുവാൻ പോലും അമ്മക്കു കഴിയുമല്ലേ? ഞാൻ ഇത്രയും നാൾ എൻ്റെ ബാഗിൽ കൂടെ കൊണ്ടു നടന്നിട്ടും അമ്മയുടെ ആ ശക്തി മനസിലാക്കാൻ ക്രൈസ്തവനായ എനിക്ക് കഴിഞ്ഞില്ലല്ലോ‘? മാതാവിൻ്റെ ആ രൂപം ഇന്നും എൻ്റെ കൂടെയുണ്ട്. മെയ് മാസം പരി. അമ്മക്ക് സമർപ്പിക്കപ്പെട്ട മാസമാണല്ലോ. മലയാളി ക്രൈസ്തവരുടെ മരിയഭക്തിയും എത്രയോ ആഴത്തിലുള്ളതാണ്. മിക്കവാറും ക്രൈസ്തവ ദേവാലയങ്ങളിൽ മാതാവിൻ്റെ ഒരു ഗ്രോട്ടോയും ഉണ്ടായിരിക്കും. നമ്മുടെ ഏതവസ്ഥയിലും ഓടി ചെല്ലുവാൻ ഇതിലും ഉറപ്പുള്ള ഒരു അമ്മ ഏതാണുള്ളത്? പരി. അമ്മയുടെ മാധ്യസ്ഥത്തിൽ നമുക്ക് അഭയം തേടാം. ഉഷസ്‌സുപോലെ ശോഭിക്കുന്നവളും ചന്‌ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവള്‍ ആരാണ്? ഉത്തമഗീതം 6 : 10 അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കേണമേ. ആമേൻ
Johnson AJ
12th of May 2025
"A good message "