പശുവിന് പറക്കാനാകുമോ? (Can a Cow Fly?)

Image

ഇതാ ഒരു പശു പറന്നു വരുന്നു ! നമുക്ക് കാണുവാൻ പോയാലോ? സഹപാഠികളുടെ സംസാരം കേട്ട് തോമസ് ക്ലാസിനു വെളിയിലേക്കോടി. ആരും പറക്കുന്ന പശുവിനെ കാണുവാൻ കൂടെ വന്നില്ല. കുറച്ചു സമയം കൂടി അവിടെ നിന്നിട്ട് തോമസ് ക്ലാസിലേക്ക് തിരിച്ചു വന്നു. ക്ലാസിൽ ചിരിയോടു ചിരി. കൂട്ടുകാർ കളിയാക്കി ചിരിച്ചു “ മണ്ടാ, പശു പറക്കുമോ? തോമസ് ചിരിച്ചു കൊണ്ട് പറഞ്ഞു ‘“ നമ്മളെല്ലാം സെമിനാരി വിദ്യാർത്ഥികളാണ്. ഏതാനും നാളുകൾ കഴിഞ്ഞാൽ വൈദികരാകേണ്ടതും ദിവ്യബലി അർപ്പിക്കേണ്ടവരുമാണ്. പശു പറക്കുകയില്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ കൂട്ടുകാരായ സെമിനാരി വിദ്യാർത്ഥികൾ പറയുന്നത് വിശ്വസിക്കാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. നമ്മുടെ തമാശകൾ പോലും ദൈവസന്നിധിയിൽ രേഖപ്പെടുത്തുന്നുണ്ട്. നമ്മുടെ വാക്കുകളാണ് ഈശോയുടെ വാക്കുകളായി വിശ്വാസ സമൂഹം കേൾക്കുക.

അല്പ സമയത്തേക്ക് ക്ലാസ് മൂകമായി. കളിയാക്കിയ കൂട്ടുകാരെല്ലാം തോമസിനോട് മാപ്പു ചോദിച്ചു. മേലിൽ ശ്രദ്ധിച്ചുകൊള്ളാമെന്ന ഉറപ്പും നൽകി. ഈ വിശുദ്ധനാണ് ദൈവശാസ്ത്രജ്ഞന്മാരുടെ രാജകുമാരനെന്ന് അറിയപ്പെടുന്ന വി. തോമസ് അക്വീനാസ്.

1225 ൽ ഇറ്റലിയിലെ നേപ്പിള്‍സിനടുത്ത് റോകാസേക്ക എന്ന സ്ഥലത്തായിരുന്നു തോമസ് അക്വീനാസിൻ്റെ ജനനം. അച്ഛനും അമ്മയും രാജകുടുംബാംഗങ്ങളായിരുന്നു. അഞ്ചാമത്തെ വയസില്‍ ബനഡിക്‌ടൈന്‍ സന്യാസികള്‍ നടത്തുന്ന മോന്തേ കാസിനോയില്‍ തോമസ് വിദ്യാരംഭം കുറിച്ചു. 11-ാമത്തെ വയസ്സില്‍ നേപ്പിള്‍സ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിച്ചു. 18-ാമത്തെ വയസ്സില്‍ ഡോമിനിക്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ചക്രവര്‍ത്തിയുടെ ബന്ധുക്കളായ തോമസിൻ്റെ കുടുംബത്തിന് അതു സഹിക്കാനായില്ല. തോമസിനെ അവര്‍ രണ്ടുവര്‍ഷം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചു. ഈ സമയത്ത് തോമസിൻ്റെ സഹോദരി അദ്ദേഹത്തിനു കൊടുത്ത ബൈബിളും തത്ത്വശാസ്ത്രഗ്രന്ഥങ്ങളും ആയിരുന്നു തടവിലെ കൂട്ടുകാര്‍. അധികം വൈകാതെ, ഡൊമിനിക്കന്‍ സന്യാസിമാര്‍ ഒരു കൊട്ടയില്‍ ഒളിപ്പിച്ച് വി. പൗലോസിനെ രക്ഷപെടുത്തിയതുപോലെ, തോമസിനെ തന്ത്രത്തില്‍ വീട്ടുതടങ്കലില്‍നിന്നു രക്ഷിച്ചു. പിന്നീട്, കൊളോനിലും പാരീസിലുമായി, മഹാനായ വി. ആല്‍ബര്‍ട്ടിൻ്റെ കീഴില്‍ ഉപരി പഠനം തുടര്‍ന്നു. വൈദികനായശേഷം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. തുടര്‍ന്ന് പാരീസ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപനം ആരംഭിച്ച തോമസിൻ്റെ പണ്ഡിതോചിതമായ ക്ലാസ്സുകള്‍ കേള്‍ക്കാന്‍ വിദ്യാര്‍ ത്ഥികള്‍ ഓടിക്കൂടി. അന്നു പാരീസ് യൂണിവേഴ്‌സിറ്റിയില്‍ 30,000 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്രെ!

'കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരിലെ രാജകുമാരനെ'ന്നും 'ഏഞ്ചലിക് ഡോക്ടര്‍' എന്നും വിശേഷിപ്പിക്കപ്പെട്ട ഫാ. തോമസാണ് അരിസ്റ്റോട്ടിലിനെ കൂട്ടുപിടിച്ച് ക്രിസ്ത്യന്‍ വിശ്വാസസംഹിതകളെല്ലാം സമാഹരിച്ച് വ്യാഖ്യാനിച്ച് 'സ്‌കൊളാസ്റ്റിക് ഫിലോസഫി'ക്കു രൂപം നല്‍ കിയത്. വെറും 49 വര്‍ഷത്തിനുള്ളില്‍ അറുപതോളം വിശിഷ്ട കൃതികള്‍ അദ്ദേഹം രചിച്ചു. അതില്‍ എക്കാലത്തെയും വിശിഷ്ടകൃതിയായ "Summa Theologica" ക്രിസ്ത്യന്‍ തത്വശാസ്ത്രത്തിൻ്റെ യും ദൈവശാസ്ത്രത്തിൻ്റെ യും സമ്പൂര്‍ണ്ണസമാഹാരമാണ്. ഈ കൃതിയെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞു: "ദൈവത്തെപ്പറ്റിയുള്ള അറിവു പ്രദാനം ചെയ്യുവാനാണ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിരിക്കുന്നത്. എല്ലാത്തിൻ്റെ യും, പ്രപഞ്ചം മുഴുവൻ്റെ യും ആദിയും അന്തവുമായ ദൈവത്തെപ്പറ്റിയാണ് ആദ്യം. രണ്ടാമത്, യുക്തിബോധമുള്ള മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു. മൂന്നാമത്, ദൈവത്തിങ്കലേക്കുള്ള വഴിയായ മനുഷ്യരൂപം സ്വീകരിച്ച ക്രിസ്തുവിനെപ്പറ്റി വിശദീകരിക്കുന്നു." പഠനവും രചനയും തുടങ്ങുന്നതിനു മുമ്പ് ഫാ. തോമസ് ദൈവത്തിൻ്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ലയിക്കും. പിന്നീട് എല്ലാം മറന്നുള്ള രചന. ഭക്ഷണവും വിശ്രമവുംപോലും മറക്കുന്നതുകൊണ്ട്, ഇക്കാര്യങ്ങള്‍ സമയത്ത് ഓര്‍മ്മിപ്പിക്കാന്‍ ഒരു സന്യാസിയെത്തന്നെ ചുമതലപ്പെടുത്തിയിരുന്നു. ബൈബിളിലെ അവ്യക്തമായ ഭാഗങ്ങള്‍ വിശദീകരിക്കുന്നുതിനു മുമ്പ് അദ്ദേഹം പ്രത്യേകമായി ഉപവാസമെടുത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെ ദൈവത്തിൻ്റെ നേരിട്ടുള്ള ഇടപെടല്‍ ഈ രചനയുടെ സമയത്ത് നടന്നിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. അമാനുഷികമായ ബുദ്ധിവൈഭവം വ്യക്തമാക്കുന്ന രചനകള്‍ക്കുള്ള അടിസ്ഥാനം അതു തന്നെയാണ്.

ലിയോണ്‍സ് സൂനഹദോസില്‍ പങ്കെടുക്കുവാനുള്ള യാത്രാമദ്ധ്യേയായിരുന്നു ഫാ. തോമസിൻ്റെ 1274 ലാണ് മരണം. പോപ്പ് ജോണ്‍ XXII 1323 ജൂലൈ 18-ന് ഫാ. തോമസിനെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു. 1567 ഏപ്രില്‍ 11-ന് പോപ്പ് പയസ് V ആണ് അദ്ദേഹത്തെ "ഡോക്ടര്‍ ഓഫ് ദ ചര്‍ച്ച്" എന്ന പദവിയിലേക്കുയര്‍ത്തിയത്. 1918-ല്‍ വി. തോമസിൻ്റെ നാമവും "കോഡ് ഓഫ് കാനന്‍ ലോ" യില്‍ ഉള്‍പ്പെടുത്തി. കൂടാതെ, എല്ലാ കാത്തലിക് യൂണിവേഴ്‌സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രത്യേക മദ്ധ്യസ്ഥനായും വി. തോമസ് അക്വീനാസിനെ സഭ അംഗീകരിച്ചു. ജനുവരി 28 നാണ് ഈ വിശുദ്ധൻ്റെ തിരുനാൾ സഭ ആഘോഷിക്കുന്നത്. ഇന്ന് നമ്മുടെ വാക്കുകളെയും, വചന പ്രഘോഷണങ്ങളേയും, നമ്മുടെ ശുശ്രൂഷകളേയും മറ്റുള്ളവർ വിലമതിക്കാതിരിക്കുന്നതിൻ്റെ ഒരു വലിയ കാരണം ശുശ്രൂഷകരുടെ സംസാര ശൈലിയാണ്. വിശ്വസനീയമായ സാക്ഷ്യങ്ങളുടെ അഭാവമാണ്.ഈ നോമ്പുകാലത്ത് നമുക്കൊരു തീരുമാനമെടുക്കാം :

വില കെട്ടവ പറയാതെ സത് വചനങ്ങൾ മാത്രം ഉച്ഛരിച്ചാൽ …. നീ ദൈവത്തിൻ്റെ നാവു പോലെയാകും.” (ജെറമിയ 15 : 19 )

നമുക്ക് വില കെട്ടവ പറയാതിരിക്കാം. നന്മ ഉതിരുന്ന വാക്കുകളാൽ നമുക്ക് ഈശോയുടെ വേലയിൽ പങ്കുചേരാം.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Jaison J Chirayath

10th of June 2025

"Valuable knowledge to everyone especially to youngsters."

Write a Review