വളരെ കഷ്ടപ്പെട്ടു കുത്തിയ കിണറാണ് ശത്രുക്കൾ മണ്ണിട്ടു നികത്തിയത്. ഒരുപാടു മനുഷ്യർക്കും മൃഗങ്ങൾക്കും വെള്ളം ലഭിക്കണമെങ്കിൽ ഇനിയും എത്ര കാത്തിരിക്കണം?. ഇത്രമാത്രം പ്രാർത്ഥിച്ചിട്ടും എന്താണ് ദൈവമേ ഇങ്ങനെയെല്ലാം സംഭവിക്കുന്നത്? ഞാൻ അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ലല്ലോ?ഇങ്ങനെ മന:പ്രയാസപ്പെട്ടു മരുഭൂമിയിൽ ഇരിക്കുന്ന ഇസഹാക്കിനെയാണ് ഉൽപത്തി 26 ാം അദ്ധ്യായത്തിൽ നാം കണ്ടുമുട്ടുന്നത്. ദൈവം പറഞ്ഞതനുസരിച്ച് മാത്രം വഴി നടന്നിട്ടുള്ള വ്യക്തി . അതുകൊണ്ട് ക്ഷാമകാലത്തു പോലും കൃഷിയിറക്കിയപ്പോൾ നൂറു മേനി വിളവെടുക്കുവാൻ സാധിച്ചു. ചെയ്യുന്നതിനെല്ലാം ദൈവാനുഗ്രഹമുള്ളതിനാൽ ഇസഹാക്ക് താമസിയാതെ വലിയൊരു സമ്പന്നന്നായി തീർന്നു. ഈ അനുഗ്രഹങ്ങൾ മൂലം തദ്ദേശീയരായ ഫിലിസ്ത്യർക്ക് ഇസഹാക്കിനോട് അസൂയ തോന്നി. അസൂയ മൂത്തപ്പോൾ അവരുടെ മനസ്സിൽ വന്ന ദുഷ്ടബുദ്ധിയാണ് ഇസഹാക്കിൻ്റെ പിതാവായ അബ്രഹാത്തിൻ്റെ വേലക്കാർ കുഴിച്ച കിണറുകളെല്ലാം മണ്ണിട്ടു മൂടുക എന്ന്. ആയിരക്കണക്കിനു ആടുമാടുകളുണ്ടായിരുന്ന ഇസഹാക്കിന് ഇത് താങ്ങാവുന്നതിലധികമായിരുന്നു. വീണ്ടും ഇസഹാക്ക് കിണറുകൾ കുത്തി - ഫിലിസ്ത്യർ കുഴിച്ച കിണറുകളെല്ലാം മണ്ണിട്ടു മൂടി. ഗത്യന്തരമില്ലാതെ ഇസഹാക്കിനു ദൈവം താമസിക്കുവാൻ കൊടുത്ത നാട്ടിൽ നിന്ന് പോകേണ്ടിവന്നു. വളരെ സങ്കടത്തോടുകൂടി ഇസഹാക്കു തൻ്റെ അടുത്ത സുഹൃത്തായിരുന്ന ഫിലിസ്ത്യരാജാവായ അബി മെലേക്കിനോടും ഫിലിസ്ത്യ ദേശത്തോടും വെറുപ്പ് സൂക്ഷിച്ച് മുന്നോട്ടു പോയി. ബേർഷെബാ എന്ന നാട്ടിൽ എത്തിച്ചേർന്നു.. പിന്നീട് കിണറു കുഴിച്ചെങ്കിലും വെള്ളം ലഭിച്ചില്ല . ഇസഹാക്കു മാനസികമായി തളർന്നു. കന്നുകാലികളും ബന്ധുക്കളും മരണത്തിൻ്റെ വക്കിലെത്തി.എന്നാൽ വാഗ്ദാനമനുസരിച്ച് ദൈവത്തിനു ഇസഹാക്കിനെ മറക്കാനാകില്ലല്ലോ. അന്നു രാത്രി ദൈവം ഇസഹാക്കിനു പ്രത്യക്ഷനായി ധൈര്യപ്പെടുത്തി. ദൈവം ശത്രു രാജാവായ അബിമെലേക്കിൻ്റെ മനസ്സിനേയും സ്പർശിച്ചു. അബിമെലേക്ക് തൻ്റെ ആലോചനക്കാരനായ അഹൂസ്സത്തും, സേനാധിപനായ ഫിക്കോളും കൂടി ഇസഹാക്കിനെ കാണുവാൻ ചെന്നു. നീരസത്തോടെ നിന്ന ഇസഹാക്കിനോട് അവർ പറഞ്ഞു ‘’ കർത്താവ് നിൻ്റെ കൂടെയുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായിരിക്കുന്നു. അതുകൊണ്ട് നമ്മൾ തമ്മിൽ ഒരു ഉടമ്പടിയുണ്ടാക്കണം - നമ്മൾ പരസ്പരം ഉപദ്രവിക്കുകയില്ലെന്ന്. നീ ഇപ്പോൾ കർത്താവിൽ അനുഗ്രഹീതനാണ്”. രണ്ടു പേരും തമ്മിലുള്ള വെറുപ്പ് മാറി. ഇസഹാക്ക് അവർക്ക് സന്തോഷത്തോടെ വിരുന്നൊരുക്കി. അവരെ സമാധാനത്തോടെ യാത്രയയച്ചു. . അന്നുതന്നെ ഇസഹാക്കിൻ്റെ വേലക്കാർ വന്ന് തങ്ങൾ കുഴിച്ചു കൊണ്ടിരുന്ന കിണറ്റിൽ വെള്ളം കണ്ടെന്ന് അവനെ അറിയിച്ചു! അവൻ അതിനു ഷെബാ എന്നു പേരിട്ടു.(ഉൽപത്തി 26 : 32,33). മനസ്സിൽ സൂക്ഷിക്കുന്ന വെറുപ്പാണ് നമ്മുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ കടന്നു വരുന്നതിനുള്ള വലിയ തടസ്സം. വെറുപ്പ് മനസ്സിൽ സൂക്ഷിക്കുന്നവൻ വൈക്കോലിൽ തീ കണലുകൾ പൊതിഞ്ഞു സൂക്ഷിക്കുന്നവനാണ്. അത് ആരുടെ മനസ്സിലാണോ സൂക്ഷിക്കുന്നത്, അത് അവനേയും അവൻ്റെ ജീവിതത്തേയും ദഹിപ്പിച്ചു കളയും. ഒരു സമാധാനവും അവൻ്റെ കുടുംബത്തിൽ ലഭിക്കുകയില്ല. പ്രകൃതി പോകും അവനെതിരാകും. പ്രയത്നത്തിനു പ്രതിഫലം ലഭിക്കുകയില്ല. ആരോടാണ് നാം വെറുപ്പ് സൂക്ഷിക്കുന്നത് - അവന് ഒന്നും സംഭവിക്കുകയില്ല. നഷ്ടം വെറുപ്പ് സൂക്ഷിക്കുന്ന വ്യക്തിക്കു തന്നെയാണ് എന്ന വലിയ തിരിച്ചറിവിലേക്ക് നമുക്ക് വളരാം. എത്രയോ ആത്മീയ മനുഷ്യരാണ് വെറുപ്പ് മനസ്സിൽ സൂക്ഷിച്ചതുമൂലം ആത്മീയമായി ശുശ്രൂഷയിൽ തളർന്നു പോയത്. എത്രയോ കുടുംബങ്ങൾ വെറുപ്പുമൂലം തരിപ്പണമായി. ഇടവകകൾ ആത്മീയമായി ശുഷ്ക്കിച്ചു. സംഘടനകളും പള്ളിയോഗങ്ങളും താളം തെറ്റി.. ഈശോയുടെ ക്ഷമിക്കുന്ന സ്നേഹം കൊണ്ട് നമുക്ക് നിറയാം. തന്നെ ക്രൂശിൽ തറച്ച പീലാത്തോസിനോടോ പുരോഹിതരോടൊ , പട്ടാളക്കാരോടോ , ഉയിർപ്പിക്കപ്പെട്ട ശേഷം ‘ കണക്കുതീർക്കാൻ’ ഇശോ പോകുന്നില്ല. പകരം ശിഷ്യരെ തുടർന്നു പഠിപ്പിക്കുവാനാണ് ഈശോ തീരുമാനമെടുത്തത്. സംഭവിച്ചതെല്ലാം തിരുവെഴുത്ത് പൂർത്തിയാകാനാണ് സംഭവിച്ചതെന്ന ഉറപ്പ് ഈശോക്കുണ്ടായിരുന്നു. ഈശോക്ക് ക്ഷമിക്കുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും സാധിച്ചു.ഈ ഒരു ഉറപ്പിലേക്ക് നമുക്ക് വളരാം. സംഭവിച്ചതെല്ലാം എൻ്റെ നന്മക്കായി മാറ്റുവാൻ കഴിയുന്ന ദൈവം നമ്മുടെ കൂടെയുണ്ടെന്ന വിശ്വാസത്താൽ നമുക്ക് വളരാം. വലിയ നോമ്പിലേക്ക് പ്രവേശിക്കുമ്പോൾ അങ്ങയുടെ ക്ഷമിക്കുന്ന സ്നേഹത്താൽ ഞങ്ങളെ നിറക്കേണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ ഉള്ളിലുള്ള വെറുപ്പ് ദൈവ സ്നേഹത്തിൽ അലിഞ്ഞ് ഇല്ലാതാകട്ടെ.
Prema Joseph
14th of March 2025
" പഴയ നിമയപുസ്തകത്തിൽ നിന്നുള്ള സംഭവം എടുത്ത് ക്ഷമ എന്ന സുകൃതത്തെ വളരെ വ്യക്തമായി അവതരിപ്പിക്കാൻ പരിശ്രമിച്ചതിന് ........🙏🔥🔥🔥🔥🔥🔥"