ഞങ്ങളുടെ വീടിനോടു ചേർന്ന് ഒരു മിറക്കിൾ ഫ്രൂട്ട് ചെടിയുണ്ട്. വർഷത്തിൽ പല തവണ കായ്ക്കുന്ന ഒരു ചെടിയാണ്. ചുവന്ന നിറത്തിൽ കാഴ്ച്ചയിൽ മനോഹരമായ ചെറിയ കായ്കളാണ് ഉണ്ടാക്കുക. ആ ചെടി നടുന്ന സമയത്ത് കൂടുതൽ ഒന്നും അറിയില്ലെങ്കിലും പ്രത്യേകതകൾ ഉള്ള പഴങ്ങളാണ് ഉണ്ടാകുക എന്ന കേട്ടറിവു മാത്രമായിരുന്നു. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കാര്യമായ പരിചരണമില്ലാതെ ചെടി വളർന്നു. ഇപ്പോൾ ഇടക്കിടെ പഴങ്ങളുണ്ടാകാറുണ്ട്. ഈ പഴത്തിൻ്റെ പ്രത്യേകത : ഈ ചെറിയ ചുവന്ന പഴം ചവച്ച് കഴിച്ചാൽ കുറേ സമയത്തേക്ക് എത്ര പുളിയുള്ള മാങ്ങയോ, പുളിയോ കഴിച്ചാൽ പുളിപ്പിനു പകരം നല്ല മധുരമായിരിക്കും. അതുകൊണ്ടായിരിക്കാം ഈ പേര് വന്നത്. കഴിഞ്ഞ ദിവസം ഈ പഴത്തിനെക്കുറിച്ച് Chat Gpt യിൽ തിരഞ്ഞപ്പോൾ കിട്ടിയത് : (മിറക്കിൾ ഫ്രൂട്ട് എന്നത് Synsepalum dulcificum എന്ന ശാസ്ത്രീയ നാമമുള്ള ഒരു ചെടിയുടെ പഴമാണ്. ഇത് ആഫ്രിക്കയിലാണ് പ്രധാനമായും കണ്ടെത്തപ്പെടുന്നത്. മിറക്കിൾ ഫ്രൂട്ട് പ്രത്യേകതയുള്ളതാണ്, കാരണം ഇതിന്റെ ഗുണങ്ങൾ ഭക്ഷണത്തിന്റെ രുചി മാറ്റാൻ കഴിവുള്ളതാണ്. മിറക്കിൾ ഫ്രൂട്ട് കഴിച്ച ശേഷം, അതിന്റെ പ്രവർത്തനശേഷമുള്ള മിറാകുലിൻ എന്ന പ്രോട്ടീന്റെ പ്രഭാവം കൊണ്ട് തീരെ പുളിക്കാത്ത ഭക്ഷണങ്ങളും മധുരമായ അനുഭവമാക്കുന്നു. ഉദാഹരണത്തിന്, ലെമൺ അല്ലെങ്കിൽ വിനാഗിരി പോലും മധുരമായതായി തോന്നും.) കഴിഞ്ഞ ദിവസം കുറേ മിറക്കിൾ ഫ്രൂട്ട് വീട്ടിലുണ്ടായി. അതിനടുത്ത ദിവസം ബൈബിൾ വായിക്കുകയായിരുന്നു. പുറപ്പാടിൻ്റെ പുസ്തകത്തിലെ പതിനഞ്ചാം അദ്ധ്യായത്തിലൂടെ കടന്നുപോകുകയായിരുന്നു. ഇസ്രായേൽ ജനം മരുഭൂമിയിലെ മാറാ എന്ന സ്ഥലത്തു വന്നു ചേർന്നു. അവിടത്തെ വെള്ളം അവർക്ക് കുടിക്കുവാൻ കഴിഞ്ഞില്ല; അത് കയ്പുള്ളതായിരുന്നു. അക്കാരണത്താൽ ആ സ്ഥലത്തിനു മാറാ എന്ന പേരു നൽകപ്പെട്ടു. ജനം മോശക്കെതിരേ പിറുപിറുത്തു; ഞങ്ങൾ എന്തു കുടിക്കും? അവൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് അവന് ഒരു തടിക്കഷണം കാണിച്ചു കൊടുത്തു. അത് വെള്ളത്തിലിട്ടപ്പോൾ വെള്ളം മധുരിച്ചു. (പുറ 15:23-25). ഈ വചനഭാഗം ധ്യാനിച്ചപ്പോഴാണ് മിറക്കിൾ ഫ്രൂട്ടിനെ ചുറ്റിപ്പറ്റിയുള്ള ചിന്തകൾ ദൈവം നൽകി അനുഗ്രഹിച്ചത്. മോശ എവിടെ നിന്നോ പെറുക്കിക്കൊണ്ടുവന്ന ഒരു മരമല്ല ആ കയ്പുള്ള വെള്ളത്തെ മധുരമുള്ളതാക്കിയത്. ആ കയ്പുള്ള വെള്ളത്തിനടുത്തു തന്നെ സുലഭമായി വളരുന്ന മരം തന്നെയാണ് വെള്ളത്തിൻ്റെ കയ്പു രുചി മാറ്റുവാൻ ദൈവം ഉപയോഗിച്ചത്. പ്രശ്നത്തിനുള്ള ഉത്തരവും അവിടെ തന്നെ കണ്ണെത്തുന്ന രൂപത്തിൽ നട്ടുവളർത്തിയിരുന്നു. എന്നാൽ ദൈവത്തോട് ചോദിച്ചപ്പോഴാണ് വളരെ ലളിതമായ ആ ഉത്തരം മോശക്ക് ലഭിച്ചത്. കയ്പുള്ള നമ്മുടെ പ്രശ്നങ്ങൾക്കുള്ള ദൈവത്തിൻ്റെ ഉത്തരം ഇതുപോലെ ലളിതമായിരിക്കും. പക്ഷേ - തിരിച്ചറിയുന്നത് പ്രാർത്ഥനയിലൂടെ ആയിരിക്കും എന്നു മാത്രം. ഇന്നുവരെ ലഭിച്ച അനുഗ്രഹങ്ങളിലൂടെ നാം ഒന്നു സഞ്ചരിച്ചാൽ നമുക്കത് മനസ്സിലാകും - ഉത്തരം ഇത്ര ലളിതമായിരുന്നോ എന്ന്. 2024- ഡിസംബർ 12 ന് ഞങ്ങൾ വി. ഫ്രാൻസീസ് സേവ്യാറിൻ്റെ ഭൗതിക ശരീരം ദർശിച്ച് ഗോവയിൽ നിന്ന് ഋഷികേശ് - കൊച്ചുവേളി ട്രെയിനിൽ തിരിച്ചു വരികയായിരുന്നു. ഞങ്ങൾക്കു സീറ്റ് ഉണ്ടായിരുന്നെങ്കിലും ധാരാളം യാത്രക്കാർ നിൽക്കുന്നുണ്ടായിരുന്നു. വളരെ ദൂരെ നിന്നു വരുന്ന ട്രെയിൻ ആയതിനാൽ ടോയ്ലറ്റുകളും വാഷ് ബേസിനുമെല്ലാം വളരെ വൃത്തികേടായിരുന്നു. വാഷ്ബേസിൻ നിറഞ്ഞ് പുറത്തേക്ക് തുളമ്പിയിരുന്നു. ഇനി എന്താണ് ചെയ്യുക എന്നു കരുതി അവിടെ നിലക്കുമ്പോൾ ആരോ ഒട്ടിച്ച ഒരു മലയാളം സ്റ്റിക്കർ എൻ്റെ ശ്രദ്ധയിൽ പെട്ടു. അവിടുത്തെ പുത്രനായ യേശുവിൻ്റെ രക്തം എല്ലാ പാപങ്ങളിൽ നിന്നു നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹ 1:7). ഞാൻ അതു വായിച്ചു സീറ്റിൽ ഇരുന്നു. അല്പ സമയം കഴിഞ്ഞപ്പോൾ ആ വാഷ്ബേസിന് അടുത്തു നിന്ന ഒരു ബംഗാളിയോ ഹിന്ദിക്കാരനോ ആയ ഒരുആൾ താഴെ കിടന്ന ഒഴിഞ്ഞ ഒരു പെപ്സിയുടെ വലിയൊരു കുപ്പി ഞെക്കി വായു കളഞ്ഞ് ഈ ബേസിനിൻ്റെ നടുഭാഗത്ത് അമർത്തിപ്പിടിച്ചു. അല്പ സമയത്തിനുള്ളിൽ ബേസിനിലെ ബ്ലോക്ക് മാറി. അഴുക്കു നിറഞ്ഞ വെള്ളം താഴോട്ടു പോയി. ചെയ്ത വ്യക്തി ആരോടും ഒന്നും പറയാതെ ഒന്നും സംഭവിക്കാത്ത പോലെ നിന്നു ഈ കാലിക്കുപ്പി എത്രയോ സമയമായി അവിടെ കിടക്കുന്നതായിരുന്നു ! നാം പുതു വത്സരത്തിലേക്ക് പ്രവേശിക്കുകയാണല്ലോ? ഒരു പാടു പുതിയ തീരുമാനങ്ങൾ എടുക്കുന്ന സമയമാണ്. ഇത്തവണ നമുക്കും സമൂഹത്തിലെ, കുടുംബത്തിലെ കയ്പും പുളിയുമൊക്കെ മാറ്റുന്ന മിറക്കിൾ ഫ്രൂട്ട് ആകുവാൻ ദൈവത്തോടു ചേർന്നു നില്ക്കാം. സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും വചനം വിതക്കുന്ന മക്കളാകാം. ലളിതമായ ഉത്തരമുള്ള ദൈവമാണ് നമ്മുടെ കർത്താവ് . പല ഉത്തരങ്ങളും നമ്മുടെ അടുത്ത് നിൽക്കുന്നുണ്ടെങ്കിലും നമുക്കവ നമ്മുടെ ചോദ്യത്തിനുള്ള ഉത്തരമാണ് എന്ന് തിരിച്ചറിയുന്നില്ല എന്നു മാത്രം. ശരിയായ ഉത്തരമെഴുതിയാലല്ലേ പരീക്ഷക്ക് മാർക്കു ലഭിക്കുകയുള്ളൂ.മോശയെപോലെ നമുക്കും മറ്റുള്ളവർക്കും കരുതൽ കൊടുക്കുന്നവരാകാം. നമ്മിലെ ‘ അവൻ ‘വളരുകയും ഞാൻ കുറയുകയും ചെയ്യുന്ന (യോഹ 30) ഒരു പുതുവർഷത്തിലേക്ക് നമുക്ക് പ്രവേശിക്കാം. എല്ലാവർക്കും പുതുവർഷ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
Johnson AJ
4th of January 2025
"Very meaningful words "