ഏതാനും വർഷങ്ങൾ മുമ്പ് ഞാൻ ഒമാനിൽ ജോലി ചെയ്തിരുന്ന കാലം. ഞങ്ങളുടെ ക്രഷർ പ്ലാന്റ് ടൗണിൽ നിന്ന് ഉദ്ദേശം അമ്പതു കിലോമീറ്ററോളം ഉള്ളിലേക്ക് നീങ്ങി മരുഭൂമിയിലായിരുന്നു. ആ സൈറ്റിലെ ഒരു വിധം ജോലിക്കാരെല്ലാം കമ്പനിയുടെ ക്യാമ്പിലാണ് താമസിച്ചിരുന്നത്. വളരേ ഉയർന്ന ഉദ്യോഗസ്ഥർ മാത്രമേ ടൗണിൽ താമസിച്ചിരുന്നുള്ളൂ. ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ടൗണിൽ പോകാൻ കമ്പനിയുടെ ബസ് ഉണ്ട്. അവിടെ അടുത്തുള്ള പള്ളിയാണ്ടെങ്കിൽ യുഎഇ ലെ അലൈൻ പട്ടണത്തിലാണ്. അക്കാലത്ത് ഞങ്ങൾക്ക് ഒഴിവുദിവസങ്ങൾ വെള്ളിയും ശനിയുമായിരുന്നു. ആ ദിവസങ്ങളിൽ പള്ളിയിൽ പോകുവാൻ വേണ്ടി ഞാൻ എന്റെ കൂട്ടുകാരൻ, കമ്പനിയിലെ സീനിയർ സെയിൽസ് മാനേജർ ജോൺ മാത്യുവിന്റെ ടൗണിലുള്ള വീട്ടിൽ തങ്ങും. അദ്ദേഹത്തിന്റെ കുടുംബം ദുബായിലായതു കൊണ്ട് മിക്കവാറും ഞാൻ ആ ഫ്ലാറ്റിൽ തനിച്ചായിരിക്കും. ഒറ്റക്കിരുന്നു പ്രാർത്ഥിക്കുവാൻ ദൈവം എന്നെ അനുഗ്രഹിച്ചിരുന്നു. ധാരാളം ജപമാലകൾ ചൊല്ലും. ടൗണിൽ പലയിടങ്ങളിൽ പോയി വചനം പങ്കുവെക്കുകയും ചെയ്യുമായിരുന്നു. ആ കാലഘട്ടത്തിൽ ഞാൻ അലൈൻ പ്രാർത്ഥനാ ഗ്രൂപ്പിന്റെ കോർഡിനേറ്ററായിരുന്നു. ഞായറാഴച്ച ഓഫീസിലേക്ക് തിരിച്ചു പോരികയും ചെയ്യും. ഒരു ഒക്ടോബർ മാസം . ഞാൻ എന്റെ ജപമാല ജോൺ മാത്യുവിന്റെ ഫ്ലാറ്റിൽ മറന്നു വെച്ചു. എവിടെയാണ് മറന്നു വെച്ചത് എന്ന് ഓർക്കാനും കഴിഞ്ഞില്ല. തിങ്കളാഴ്ച്ച രാവിലെ ജോൺ മാത്യു എന്റെ ഓഫീസിലേയ്ക്ക് വന്നു. അദ്ദേഹത്തിനു വലിയ സന്തോഷം. എന്റെ അടുത്തു വന്ന് എന്റെ നഷ്ടപ്പെട്ട ജപമാല എനിക്കു കാണിച്ചിട്ട് പറഞ്ഞു. ഇത് എനിക്ക് താങ്കൾ കിടന്ന കട്ടിലിൽ നിന്ന് കിട്ടിയതാണ്. ഇതെനിക്കു തരണം. ഞാൻ വളര ആശ്ചര്യത്തോടെ ചോദിച്ചു: താങ്കൾ ഒരു പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെട്ട വ്യക്തിയല്ലേ, നിങ്ങൾക്ക് മാതൃഭക്തിയും ജപമാലയുമൊന്നുമില്ലാത്തവരല്ലേ ! അദ്ദേഹം പറഞ്ഞു: താങ്കൾ പറഞ്ഞതു ഇന്നലെ വരെ ശരിയായിരുന്നു. പക്ഷേ ഞാൻ ഈ ജപമാല തിരിച്ചു തരുവാൻ ഷർട്ടിന്റെ പോക്കറ്റിലിട്ടതു മുതൽ എന്റെ ശരീരത്തിലും മനസ്സിലും വലിയ ആനന്ദം നിറയുവാൻ തുടങ്ങി ! എനിക്ക് ജപമാല പ്രാർത്ഥനയൊന്നും ചൊല്ലുവാനറിയില്ല എങ്കിലും ഈ ജപമാല പോക്കറ്റിലിട്ടപ്പോൾ പോലും എന്തൊരു ആനന്ദമാണ് തോന്നുന്നത്. അദ്ദേഹം ഒരു പ്രൊട്ടസ്റ്റന്റ് വചന പ്രഘോഷകൻ കൂടിയായിരുന്നു ! ഞാൻ ആ ജപമാല അദ്ദേഹത്തിനു സന്തോഷ പൂർവ്വം നല്കി. ഞാൻ എത്രയോ വർഷം ചൊല്ലിയ ജപമാലയായിരുന്നു അത്. പക്ഷേ ഒരിക്കൽ പോലും ജപമാലയെക്കുറിച്ചറിയാത്ത, ജപമാലയും മാതാവിനും വിലകൽപ്പിക്കാത്ത ഒരു വ്യക്തി ആ ജപമാല പോക്കറ്റിലിട്ടപ്പോൾ പോലും ഇത്രമാത്രം സന്തോഷം നൽകിയെങ്കിൽ അത് എന്നെ പഠിപ്പിക്കുവാൻ വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജപമാല മറന്നതു പോലും ദൈവത്തിന്റെ പദ്ധതിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. നാം ജപമാല മാസമായ ഒക്ടോബറിലേക്ക് പ്രവേശിക്കുകയാണ്. വി.കുർബ്ബാന കഴിഞ്ഞാൽ ഇത്രയും ശക്തിയുള്ള മറ്റേതു പ്രാർത്ഥനായുള്ളത്? നമുക്കും ജപമാല ഭക്തരാകാം. ആ ഭക്തി നമ്മെ കൂടുതൽ ഈശോയിലേക്കടുപ്പിക്കും. മറ്റു മതസ്ഥരേയും, പ്രാർത്ഥിക്കാനറിയാത്തവരേയും പരി. അമ്മയെ തള്ളിപ്പറയുന്ന വരയും നമുക്ക് പരി. ജപമാലയിൽ ചേർത്ത് സമർപ്പിക്കാം. തീർച്ചയായും ദൈവം നമ്മെ അനുഗ്രഹിക്കും. ഉഷസ്സ് പോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയയും ആയ ഇവൾ ആരാണ് ? (ഉത്തമ ഗീതം 6:10)

Showing verified guest comments