ഏതാനും വർഷങ്ങൾക്കു മുമ്പ് ഞാൻ സാമ്പത്തികമായി ആകെ തകർന്നിരിക്കുന്ന സമയമായിരുന്നു. ചെയ്തതെല്ലാം തകർന്നടിഞ്ഞു. ആരേയും അഭിമുഖീകരിക്കുവാൻ സാധിക്കാതെ വീട്ടിലിരിക്കുന്ന സമയം. ഇനി എന്തു ചെയ്യണമെന്നറിയാതെ പ്രയാസപ്പെട്ടു ഇരിക്കുന്നു. ധാരാളം സമയം ബൈബിൾ വായിക്കുന്നുണ്ടെങ്കിലും എങ്ങോട്ട് തിരിയണമെന്ന് ഒന്നും മനസ്സിലാകുന്നില്ല. അന്ന് ഒരു ഭാരത ബന്ദ് ദിവസമായിരുന്നു. ഒരു വാഹനവും ഓടുന്നില്ല. റോഡ് മുഴുവൻ കല്ലും മരത്തടികളും ഇട്ടിരിക്കുന്നു. അന്ന് സന്ധ്യാ സമയത്ത് വികാരിയച്ചനെ കണ്ട് ഒന്നു പ്രാർത്ഥിക്കാം എന്നു കരുതി ദേവാലയത്തിൽ പോയതാണ്. ഇന്ന് നമുക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാം എന്നു പറഞ്ഞ് അച്ചൻ എന്നെ ദേവാലയത്തിലേക്ക് കൊണ്ടുപോയി. കപ്യാരും ഞങ്ങളുടെ കൂടെ കൂടി - ജപമാല ചൊല്ലുവാനാരംഭിച്ചു. രണ്ടാമത്തെ രഹസ്യമായപ്പോൾ ഒരു അസാധാരണമായ ഒരു ചിന്ത എന്നിലേക്ക് കടന്നു വന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചിന്ത എനിക്ക് ലഭിക്കുന്നത്. എന്നെ അല്പ സമയത്തിനുള്ളിൽ ഒരു വിഷപ്പാമ്പു കടിക്കും എന്നതായിരുന്നു ആ ചിന്ത. ഞാൻ ചുറ്റും നോക്കിയെങ്കിലും ഒന്നും കണ്ടില്ല. ജപമാലക്കിടയിൽ പല തവണ ഈ ചിന്ത വന്നു കൊണ്ടിരുന്നു. ഞാൻ ഈ ചിന്ത ജപമാല കഴിഞ്ഞിട്ടും വികാരിയച്ചനോടോ, കപ്യാരോടൊ പങ്കുവെച്ചില്ല - കാരണം പാമ്പു കടിക്കുവാൻ ഒരു സാധ്യതയുള്ള സ്ഥലമല്ലല്ലോ ദേവാലയം. പള്ളിയുടെ പരിസരങ്ങളാകട്ടെ ചുറ്റും ടൈൽസ് വിരിച്ചിട്ടുണ്ട്. ചുറ്റും ധാരാളം ലൈറ്റുകളും ഉണ്ട്. 8 മണിയോടുകൂടി ഞങ്ങൾ കൊന്ത ചൊല്ലി പിരിഞ്ഞു. ഞാൻ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ പാമ്പുകടിക്കുമെന്ന ചിന്ത വീണ്ടും വന്നു. ഇത്തവണ ചിന്തയല്ല ചെറിയ ശബ്ദമായിട്ടാണ് കേട്ടത്. ആ ശബ്ദവും ഞാൻ കാര്യമാക്കിയില്ല. എനിക്ക് ഭയം കൊണ്ട് തോന്നിയതാകും എന്നാണ് കരുതിയത്. പക്ഷേ ഞാൻ നടക്കുന്തോറും ആ ശബ്ദം കൂടി കൂടി വന്നു. എന്നിൽ ഭയം വരുവാൻ തുടങ്ങി. ദേവാലയത്തിൻ്റെ മുന്നിലെത്തിയപ്പോൾ എന്നെ ആരോ കൈ കൊണ്ട് പിടിച്ചു നിറുത്തുവാൻ ശ്രമിക്കുന്നതുപോലെയായി. ഞാൻ എന്നെ പിടിച്ചു നിറുത്തുവാൻ ശ്രമിക്കുന്ന കൈ കുടഞ്ഞ് ഓടുവാൻ തുടങ്ങി. നിമിഷങ്ങകൾക്കകം എൻ്റെ കാലിൽ പാമ്പു കടിച്ചു. ആരും കൂടെയില്ല, കൂടാതെ ഭയവും. ഞാൻ തിരിച്ചറിഞ്ഞു - എന്നെ മുന്നോട്ടു പോകരുത് എന്ന് ദൈവമാണ് കൃത്യമായ സന്ദേശം നൽകിയത്. എനിക്കത് ദൈവീക സന്ദേശമായിരുന്നെന്ന് തിരിച്ചറിയുവാൻ കഴിഞ്ഞില്ല എന്നു മാത്രം. ജീവിതത്തിൽ ആദ്യമായിട്ടാണ് ദൈവം നേരിട്ട് ചിന്തകളിൽ കൂടെയും, സ്വരമായിട്ടും, ഒരു മകനെ പിതാവ് കൈക്കൊണ്ട് പിടിക്കുന്നതു പോലെയും തടുത്ത് നിറുത്തുവാൻ നോക്കിയ അനുഭവമുണ്ടാകുന്നത്. അതോടെ എന്നിലെ ഭയചിന്തകൾ വിട്ടുപോയി. ഞാൻ അവിടെ നിന്ന് ശക്തമായി സ്തുതിക്കുവാൻ തുടങ്ങി. ദൈവസ്വരം കേട്ടാലുള്ള വലിയ സന്തോഷം കൊണ്ട് മനസ്സുനിറഞ്ഞു. ഒരു പ്രത്യേക ശക്തി എന്നിൽ നിറഞ്ഞ ഒരു അനുഭവമായി. പക്ഷേ പാമ്പിൻ്റെ പല്ല് എൻ്റെ കാലിൻ്റെ പാദത്തിൻ കടിച്ച സ്ഥലത്തു കുടുങ്ങിയതിനാൽ ഊരിയെടുക്കാനാവാതെ വീണ്ടും കടിച്ചു. ഞാൻ കാൽ ശക്തമായി കാൽ കുടഞ്ഞിട്ടും പാമ്പ് വിട്ടുപോയില്ല. എനിക്ക് ശരീരം തളരുന്നതുപോലെ തോന്നിത്തുടങ്ങി. വിഷം വ്യാപിച്ചു തുടങ്ങിയപ്പോൾ കാലിലെ ഓരോ ഞരമ്പും കടഞ്ഞു പൊട്ടുന്നതുപോലെയായി. വിഷം ഏതുവരെ കയറിയോ അവിടെല്ലാം വലിയ കടച്ചിലും ആരംഭിച്ചു.നേരെ നില്ക്കുവാൻ വേണ്ടി പാമ്പിനേയും വലിച്ചു കൊണ്ട് പള്ളിയുടെ മുന്നിലുള്ള ഗേറ്റിലെത്തി. ഗ്രിൽ പോലുള്ള ഗേറ്റായതിനാൽ പിടിച്ച് നിന്ന് മറ്റേ കാലുകൊണ്ട് ചവുട്ടി പാമ്പിനെ വേർപ്പെടുത്തി. പാമ്പു വിട്ടുപോയി. അപ്പോഴേക്കും ഞാൻ കുഴഞ്ഞു തുടങ്ങി. എങ്ങിനെയൊക്കെയോ ഞാൻ തൊട്ട അടുത്തുള്ള വീട്ടിലെത്തി പാമ്പു കടിച്ച വിവരം അറിയിച്ചു. പിന്നെ അല്പം അബോധാവസ്ഥയിലായി. ആ വീട്ടുകാരാണ് എന്നെ ആശുപത്രിയിൽ എത്തിച്ചത്. 20 മിനുട്ടു നുള്ളിൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും എൻ്റെ വായിൽ നിന്നും, മൂക്കിൽ നിന്നും, ശരീരത്തിലെ എല്ലാ രോമകൂപങ്ങളിൽ നിന്നും രക്തം വരുവാൻ തുടങ്ങി. കണ്ണുകളുടെ കാഴ്ച്ച പോയി. ശരീരം മുഴുവൻ ചുട്ടുപൊള്ളുന്ന അവസ്ഥയായിരുന്നു - ദിവസങ്ങളോളം. ഞാൻ അബോധാവസ്ഥയിലും സ്തുതിക്കുന്നുണ്ടായിരുന്നു എന്നാണ് എന്നെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. കയ്യിൽ ജപമാലയുമുണ്ടായിരുന്നു. എന്നെ കടിച്ചത് അണലി പാമ്പായിരുന്നു. ഏതാനും ദിവസങ്ങൾക്കകം എൻ്റെ കാഴ്ച്ച ശക്തി തിരിച്ചു കിട്ടി. പൂർണ്ണ സൗഖ്യത്തിന് 6 മാസത്തോളം സമയമെടുത്തെങ്കിലും ദൈവം എല്ലാം സൗഖ്യമാക്കി. കാഴ്ച്ച തിരിച്ചു കിട്ടില്ലെന്നു ഡോക്ടർ പറഞ്ഞ കണ്ണുകൾക്ക് കാഴ്ച്ച തിരിച്ചു കിട്ടി. ദൈവത്തിനു സ്തുതി! ഈ സൗഖ്യത്തോടു കൂടി എന്നോടു സംസാരിച്ച, സ്നേഹവാത്സല്യത്തോടുകൂടി എൻ്റെ കൈ പിടിച്ച് ഈ അപകടം തടയുവാൻ ശ്രമിച്ച ദൈവത്തിൻ്റെ ശുശ്രൂഷകനായി മാറിയിരുന്നു. ഞാൻ ദൈവത്തിൻ്റെ സ്വന്തമായി. എൻ്റെ മനസ്സിൽ ദൈവം ഒരു ശക്തിയില്ല വ്യക്തിയാണ് എന്ന ചിന്തയിലുറച്ചു. എന്നെ കൈ പിടിക്കുവാനും, ചിന്തകളിൽ കൂടെ സംസാരിക്കുവാനും കഴിയുന്ന ദൈവം തൻ്റെ ശുശ്രുഷയിൽ ഇന്നും ശുശ്രുഷയിൽ നയിച്ചു കൊണ്ടു പോകുന്നു. ഈ പാമ്പുകടിയും സൗഖ്യവുമെല്ലാം ശാലോം ടി വി യിലൂടെ ഒരു അഭിമുഖമായി 2015 ൽ പ്രക്ഷേപണം ചെയ്തു. ആ അഭിമുഖം അനേകരെ വിശ്വാസത്തിൽ ബലപ്പെടുത്തിയിരുന്നു. (അഭിമുഖത്തിൻ്റെ ലിങ്ക് താഴെ ചേർക്കുന്നു https://youtu.be/_svkLHujrno?si=gvrLidvzADkYoN5V ) എനിക്ക് ഇന്നും ജപമാല ചൊല്ലുമ്പോഴാണ് സന്ദേശങ്ങളും, എഴുതുവാനുമുള്ള ചിന്തകളും ദൈവം തരുന്നത്. ജപമാല വളരെ ശക്തമായ ആയുധമാണ്. ചൊല്ലുവാൻ ലളിതമാണ്. വചനം വായിക്കുമ്പോൾ സന്ദേശങ്ങളും, സൗഖ്യങ്ങളും ലഭിക്കുന്നതുപോലെ ജപമാല ചൊല്ലുമ്പോഴും സന്ദേശങ്ങളും സൗഖ്യങ്ങളും ദൈവം തരും. കാരണം പരി.അമ്മ സ്വർഗ്ഗത്തിൻ്റെ വാതിലാണല്ലോ.വരദാനഫലങ്ങളിൽ നമ്മെ വളർത്തും. പഴയ തലമുറകൾ ജപമാലയിൽ ശക്തമായി വിശ്വസിച്ചു കൊണ്ടാണ് ജീവിതത്തെ നേരിട്ടത്. നമുക്കും ജപമാല ഭക്തിയിൽ ഒക്ടോബർ മാസം മുതൽ ശക്തിപ്പെടാം. മറ്റുള്ളവരേയും ജപമാല ഭക്തിയിൽ വളരുവാൻ സഹായിക്കാം. അമ്മേ മാതാവേ ജപമാല ഭക്തിയിൽ വളരുവാനുള്ള കൃപ തരേണമേ. ആമേൻ (ജീവജ്വാല ഒക്ടോബര്‍-2024 ല്‍ പ്രസിദ്ധീകരിച്ചത്)
Shajan Thomas
11th of October 2024
"Simple naration of real incident....."