ഇരിമ്പൻ പുളിയും ചെറിയ ചിന്തകളും (Bilimbi and My Tiny Thoughts)

Image

രണ്ടു മാസം മുമ്പ് ഞാൻ 'ജീവജ്വാല മാസികക്കു' വേണ്ടി ലേഖനം എഴുതുകയായിരുന്നു. എഴുതിക്കൊണ്ടിരിക്കുമ്പോൾ എൻ്റെ പേരക്കുട്ടി നാലു വയസ്സുകാരി ഇവമോൾ അടുത്തു വന്നു. എഴുതുന്നതിൽ ശ്രദ്ധിച്ചിരുന്നതിനാൽ ഞാൻ അവളെ കണ്ടില്ല. അവൾ അടുത്തു വന്ന് കൈനീട്ടി കാണിച്ചു. കയ്യിലെന്തോ ഉണ്ട്. എന്താണ് കയ്യിലെന്നു പറയാമോ എന്നു അവൾ ചോദിച്ചു. ഞാൻ പലതും പറഞ്ഞെങ്കിലും അതൊന്നും ശരിയുത്തരമാകാത്തതിനാൽ അവൾ കൈ തുറന്നില്ല. ഞാൻ തോറ്റു എന്നു കണ്ടപ്പോൾ അവൾ കൈ തുറന്നു. അത് മീൻ കറിയിലിടുന്ന ഒരു വലിയൊരു ഇരുമ്പൻ പുളിയായിരുന്നു (Bilimbi). പരീക്ഷ കഴിഞ്ഞില്ല - അവൾ അതിൻ്റെ ഒരു ചെറിയ കഷണം കടിച്ചിട്ടു എന്നോടു ഇരുമ്പൻ പുളി ഒന്ന് കടിക്കുവാൻ പറഞ്ഞു. നല്ല മധുരമാണത്രേ. അവളെ സങ്കടപ്പെടുത്തേണ്ട എന്നു കരുതി ഞാൻ പറഞ്ഞു നല്ല മധുരമാണ് എന്ന്. എന്നാൽ അപ്പാപ്പൻ ഇതു മുഴുവൻ തിന്നോ എന്നു പറഞ്ഞ് അവൾ അവിടെ തന്നെ നിന്നു. പുളിച്ചിട്ടു വയ്യെങ്കിലും ഗത്യന്തരമില്ലാതെ ഞാൻ ആ പുളി മുഴുവൻ മുഖത്ത് മധുരം കഴിക്കുന്നതുപോലെ ഭാവം വരുത്തി ഛർദ്ദിക്കാതെ തിന്നു. തിന്നു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു അവൾക്കു പുളിക്കുകയായിരുന്നു അപ്പാപ്പനു മധുരമാണെന്ന് പറഞ്ഞല്ലോ അതുകൊണ്ടാണ് മുഴുവൻ തിന്നുവാൻ പറഞ്ഞതെന്ന്. ഇനി ആരോടും ഇരുമ്പൻ പുളി മധുരമാണെന്ന് പറയരുത് എന്ന് ഒരു താക്കീതും.എന്നാൽ ഞാൻ സത്യം പറഞ്ഞിരുന്നെങ്കിലോ ഈ ഗതികേട് എനിക്ക് വരില്ലായിരുന്നു. ചെറിയൊരു സംഭവമാണെങ്കിലും ഈ ഇരുമ്പൻ പുളി വലിയ കാര്യമാണ് എന്നെ പഠിപ്പിച്ചത്.

ഇന്ന് പല മാതാപിതാക്കളും അവർ ജീവിതത്തിൽ അനുഭവിച്ച സങ്കടങ്ങൾ സ്വന്തം മക്കൾ അനുഭവിക്കരുത് എന്ന് കരുതി വിഷമിച്ചാണെങ്കിലും മുന്നോട്ടു പോകുന്നവരാണ്. അതുകൊണ്ട് വളർന്നു വരുന്ന തലമുറ സമൃദ്ധിയുടെ ലോകത്തെ മാത്രം ചിന്തിക്കുന്നവരാണ്. മാതാപിതാക്കൾ മക്കളെ വളർത്തുവാൻ, തങ്ങൾ അനുഭവിച്ച ദുരിതങ്ങൾ കേൾപ്പിക്കാത്തതിനാൽ സ്വന്തം ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പോലും മക്കൾ തളർന്നു പോകുന്നു. കഷ്ടപ്പാടുകളാണ് മനുഷ്യനെ മുന്നോട്ടുള്ള ജീവിതത്തിനു ശക്തി ശ്രോതസ്സായി മാറുക.

ഇന്ന് മക്കളോട് സംസാരിക്കാനാണ് മാതാപിതാക്കൾ ഭയപ്പെടുന്നത്. 'ജീവജാല മാസിക'യിൽ ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞ് രണ്ടു തവണ മാസികയുടെ പിൻ പേജിൽ കൊടുത്ത പരസ്യത്തിൽ ഒരു ഫോൺ നമ്പർ എൻ്റേതായിരുന്നു. ഉദ്ദേശം ആയിരത്തിനടുത്ത് വിളികൾ വന്നിരുന്നു. ഇതിൽ ഒരു വിളി പോലും സാമ്പത്തിക പ്രതിസന്ധിയോ, രോഗമോ മാറാനായിരുന്നില്ല. മറിച്ച് മക്കളെ ഭയപ്പെട്ടു കഴിയുന്ന മാതാപിതാക്കളുടേതായിരുന്നു. ഭൂരിപക്ഷവും സാമ്പത്തികമായി നല്ല നിലയിലുള്ളവരും. വിളിച്ചവരെല്ലാം പറഞ്ഞത് ഞങ്ങളുടെ missed call കണ്ട് തിരിച്ചു വിളിക്കരുത് - തിരിച്ചു വിളിക്കുമ്പോൾ വീട്ടിൽ മക്കളുണ്ടാകും. എന്നെ വിളിച്ചവരിൽ ഭൂരിപക്ഷവും ഉയർന്ന ഉദ്യോഗങ്ങളിൽ നിന്ന് റിട്ടയർ ചെയ്തവരായിരുന്നു. ഇന്ന് അവർ കഴിയുന്നത് മക്കളെ പേടിച്ചാണ്. പെൻഷനും മക്കൾ വരുമാന മാർഗ്ഗമായി കാണുന്നു. ആദ്യ കാലങ്ങളിൽ ട്രഷറിയിൽ പെൻഷനെടുക്കുവാൻ ചെല്ലുമ്പോൾ പഴയ കൂട്ടുകാരെ കാണാമായിരുന്നു. ഇപ്പോൾ ട്രഷറിയിലും online banking വന്നതോടു കൂടി പുറം ലോകമായി ഉള്ള ബന്ധം ഇല്ലാതായ ഹതഭാഗ്യർ.

പഴയ തലമുറക്ക് മക്കളോട് ജീവിത പ്രാരാബ്ദങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അവരുടെ മക്കൾ ദൈവഭയവും കരുത്തും ഉള്ളവരായി മാറി.എന്നാൽ ഇന്ന് മാതാപിതാക്കളുടെ ചിന്താഗതി മാറിയപ്പോൾ - ഭയത്തിന് അടിമപ്പെട്ടപ്പോൾ, ജീവിത സായാഹ്നത്തിൽ അവർ വീടിന് ഒരു ഭാരമായി മാറി. വീട്ടു തടങ്കലിലായ ഒരു അവസ്ഥയിലുമായി.

തിരുവചനം നമ്മെ ഓർമ്മിക്കുന്നു - പ്രത്യുത, സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട്‌ ശിരസ്‌സായ ക്രിസ്‌തുവിലേക്ക്‌ എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. എഫേസോസ്‌ 4 : 15

നമുക്ക് ഭയമില്ലാതെ സത്യം സ്നേഹത്തിൽ പറയുന്നവരാകാം. പറയേണ്ട കാര്യങ്ങൾ നമ്മൾ പറഞ്ഞിരിക്കണം. അത് നമ്മെയും സമൂഹത്തേയും പൂർണ്ണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കും.

നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹന്നാൻ 8:32)

നമുക്ക് പ്രാർത്ഥിക്കാം: ഈശോയേ, ഞങ്ങളിലെ അകാരണമായ ഭയം മാറ്റി സ്നേഹത്തോടെ സത്യം പറയുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Liji Albert

22nd of September 2024

"നിത്യജീവിതത്തിലെ കുഞ്ഞു സംഭവങ്ങൾ നന്നായി observe ചെയ്യുകയും അതിലൂടെ വലിയ ആശയങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന മാഷിൻ്റെ രീതി വളരെ നല്ലത്....ഇതൊക്കെ വായിച്ച് ഞാനും ചിലപ്പോ നന്നായിപ്പോകും☺️"

image

Prema Joseph

23rd of September 2024

"സൂപ്പർ ലേഖനം..... കുഞ്ഞുകുഞ്ഞ് അനുഭവങ്ങൾ വലിയൊരു തുറവിക്ക് അവസരം ഒരുക്കാനായുള്ള ചിന്ത നൽകുന്ന പരിശുദ്ധാത്മാവിന്റെ വലിയകൃപ ..🔥🔥🔥......"

image

Prema Joseph

23rd of September 2024

"കുഞ്ഞുകുഞ്ഞു കാര്യങ്ങൾ നല്ല ചിന്തയ്ക്ക് വഴിയൊരുക്കുന്നു. ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ... എത്ര സുന്ദരമീ ജീവിതം....🔥🔥🙏🙏"

image

24th of September 2024

""

image

27th of September 2024

""

image

30th of September 2024

""

Write a Review