മനുഷ്യൻ്റെ വാക്കുകൾ തലയിൽ വെച്ചാൽ?(Don't keep Human Words in your Heart)

Image

വികാരിയച്ചൻ്റെ അടുത്ത് ഒരു പിതാവ് തൻ്റെ മകളെ പ്രാർത്ഥിക്കുവാനായി കൊണ്ടുവന്നു. കുറേ ദിവസങ്ങളായി അവൾക്ക് വിട്ടുമാറാത്ത പനിയാണ്. ഡോക്ടറെ രണ്ടു തവണ കണ്ടിട്ടും ആൻ്റിബയോട്ടിക്ക് ഉപയോഗിച്ചിട്ടും പനി കുറയുന്നില്ല. അവസാനം ഡോക്ടർക്കു മനസ്സിലായി ഈ യുവതിക്ക് ശരീരത്തിനല്ല മനസ്സിൽ എന്തോ കാര്യമായ വിഷമം തട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഡോക്ടർക്കു പരിചയമുള്ള വികാരിയച്ചനെ കാണുവാൻ നിർദ്ദേശിച്ചത്. അച്ചൻ, പിതാവിനെ അല്പദൂരം മാറ്റി നിറുത്തി ആ മകളോട് സംസാരിക്കുവാൻ തുടങ്ങി. അച്ചന് ഇടവകയിലെ ഓരോരുത്തരേയും വ്യക്തിപരമായി അറിയാം. ഈ യുവതി ഒറ്റ ദിവസവും മുടങ്ങാതെ വി.കുർബ്ബാനക്കു വരുന്നതാണ്. ഭക്തിപൂർവ്വം എല്ലാ തിരുക്കർമ്മങ്ങളിലും പങ്കെടുക്കുന്ന വ്യക്തി കൂടിയാണ്. അവൾക്ക് പല വിവാഹ ആലോചനകളും വന്നെങ്കിലും ഒന്നും ഇതുവരെ ശരിയായില്ല. അതിനൊന്നും അവൾ ഭാരപ്പെട്ടിരുന്നില്ല. ദൈവം നിശ്ചയിച്ച സമയാകുമ്പോൾ നടന്നുകൊള്ളും എന്ന് ഒരു ഉറപ്പ് അവൾക്കുണ്ടായിരുന്നു. എന്നാൽ ഒരു ദിവസം പള്ളിയിലേക്ക് വരുമ്പോൾ അയൽപക്കത്തുള്ള ഒരു വല്യമ്മയും ഒപ്പം നടന്നെത്തി. വല്യമ്മ ചോദിച്ചു “ നിൻ്റെ കല്യാണക്കാര്യമൊന്നും ഇതുവരെ ശരിയായില്ലേ മോളേ”? അവൾ പറഞ്ഞു “പലതും വരുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ശരിയായിട്ടില്ല വല്യമ്മച്ചീ. ഓരോ ചെറിയ കാരണങ്ങൾ മൂലം മുടങ്ങിപ്പോകുകയാണ്”. സന്ദർഭം നോക്കി വല്യമ്മച്ചി പറഞ്ഞു “ എങ്ങിനെ ശരിയാകാനാണ്? എന്തൊക്കെയാ ആളുകൾ നിന്നെക്കുറിച്ച് പറയുന്നത് “. അവൾക്കും ആകാംക്ഷയായി. അവൾ നിർബ്ബന്ധിച്ചപ്പോൾ വല്യമ്മച്ചി ശരിക്കും അവസരം ഉപയോഗിച്ചു - ഒരു കഥയങ്ങോട്ട് അവതരിപ്പിച്ചു. അവൾക്ക് കണ്ണിൽ ആകെ ഇരുട്ടു കയറുന്ന പോലെ തോന്നി. തലക്കു മത്തു പിടിച്ചതു പോലെയായി. അന്ന് ജീവിതത്തിൽ ആദ്യമായി വി. കുർബ്ബാന സ്വീകരിക്കാതെ അവൾ പള്ളിയിൽ നിന്ന് ഭാരപ്പെട്ടു ഇറങ്ങി വീട്ടിലേക്ക് പോയി. കട്ടിലിൽ കയറി കിടന്നു. വീട്ടിൽ ആരോടും വല്യമ്മച്ചി പറഞ്ഞ കാര്യം പറഞ്ഞില്ല. വൈകുന്നേരമാകുമ്പോഴേക്കും പനിയായി.

അച്ചൻ അവളോടു ചോദിച്ചപ്പോൾ വല്യമ്മച്ചി പറഞ്ഞ കഥ അതേ പടി അവതരിപ്പിച്ചു. അച്ചൻ അവളോടു ചോദിച്ചു “ നിനക്കറിയാവുന്ന ഏതാനും ബൈബിൾ വചനങ്ങളൊന്നു പറയാമോ?’” ഒറ്റ വചനം പോലും അവൾക്ക് ഓർമ്മ വന്നില്ല. അച്ചൻ പറഞ്ഞു ‘“ നിന്നെക്കുറിച്ചു് കൃത്യമായ പദ്ധതിയും സ്വപ്നങ്ങളുമുള്ള, നിൻ്റെ ദൈവത്തിൻ്റെ ഒറ്റ ദൈവവചനം പോലും നിൻ്റെ തലയിലില്ല. എന്നാൽ നിൻ്റെ ഭാവിയെക്കുറിച്ച് ഒന്നും അറിയാത്ത ആ വല്യമ്മച്ചി പറഞ്ഞ ആ വാക്കുകൾ നീ തലയിൽ കയറ്റി വെച്ചു. ആ വല്യമ്മച്ചിയുടെ വാക്കുകൾ നിൻ്റെ തലയിൽ കിടന്നു ജീവൻ വെച്ചു. അതു നിന്നെ രോഗിയാക്കി. ആ വാക്കുകൾ നിൻ്റെ തലയിൽ നിന്ന് പോകണമെങ്കിൽ വീട്ടിൽ പോയി ജെറമിയ 29:11 കുറേ സമയം ഉരുവിട്ടു പ്രാർത്ഥിക്കുക. വൈകുന്നേരമാകുമ്പോഴേക്കും പനി വിട്ടു വിട്ടു പോകും “. അച്ചൻ അല്പ സമയം അവളെ പ്രാർത്ഥിച്ച് പറഞ്ഞയച്ചു. അച്ചൻ നിർദ്ദേശിച്ചതുപോലെ അവൾ ചെയ്തു - പനി വിട്ടുപോയി.
കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി (ജെറമിയ 29:11)
മനുഷ്യൻ്റെ വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അവ നമ്മെ വളർത്തുന്നതിലുപരി നമ്മെ തളർത്തുവാനും കെല്പുള്ളതാണ്. മറ്റൊരു മനുഷ്യന് എൻ്റെ ഭാവിയെക്കുറിച്ച് എന്തറിയാം?. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾക്ക് ദൈവം ഉദ്ദേശിച്ച ലക്ഷ്യത്തിലെത്തിക്കുവാനുള്ള ശക്തിയുണ്ട്. അവ നമ്മെ തളർത്തുകയില്ല - നമ്മെ ഉയർച്ചയിലേക്കു നയിക്കും. പുത്തൻ ഉണർവുള്ളതാക്കും.മനുഷ്യൻ്റെ വാക്കുകൾക്ക് ജീവനില്ല. പക്ഷേ ആ ജീവനില്ലാത്ത വാക്കുകൾ നമ്മുടെ തലയിൽ സൂക്ഷിച്ച് ചിന്തിച്ചു കൊണ്ടിരുന്നാൽ അതിനു ജീവൻ വെക്കും. നമ്മളിൽ നിഷേധാത്മക ചിന്തകൾ കൊണ്ട് നിറയും.അതുകൊണ്ടാണ് എത്ര വർഷം കഴിഞ്ഞാലും ചിലരുടെ വാക്കുകൾ നമ്മിലുണ്ടാക്കിയ ഉണ്ടാക്കിയ ചില മുറിവുകൾ സൗഖ്യപ്പെടാത്തത്. എന്ത് നമ്മുടെ തലയിൽ സൂക്ഷിക്കുന്നുവോ അതിനനുസരിച്ച് നമ്മുടെ ചിന്തകളും, സ്വഭാവവും നമ്മിൽ രൂപപ്പെടുവാൻ തുടങ്ങും. ചിന്തകൾ അവിടെ കിടന്ന് വേരു മുളച്ച് ഉപദ്രവകാരിയായി മാറുന്നു. നമ്മൾ മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന, ഉള്ളിൽ ഒട്ടും ആനന്ദമില്ലാത്ത പ്രത്യേക സ്വഭാവത്തിൻ്റെ ഉടമകളായി മാറുന്നു. നാം ഉൾപ്പെടുന്ന കുടുംബം എത്ര പ്രാർത്ഥിച്ചിട്ടും സന്തോഷമില്ലാത്ത ഭവനങ്ങളായി രൂപാന്തരപ്പെടുന്നു.പലരും രോഗികളായി മാറുന്നതിൻ്റെയും, വൈരാഗ്യ ബുദ്ധി വളരുന്നതിൻ്റെയും കാരണവും തെറ്റായി നമ്മുടെ തലയിൽ സൂക്ഷിക്കുന്ന തെറ്റായ ചിന്തകളാണ്.

ദിവ്യംഗനായ NRC കുളത്തുവയൽ ധ്യാനകേന്ദ്ര സ്ഥാപകനായ പ്രസിദ്ധ ധ്യാന ഗുരു മോൺ. C J വർക്കിയച്ചൻ ധ്യാനത്തിനു പങ്കെടുക്കുന്നവരോട് നൽകുന്ന ഒരു ഉപദേശമുണ്ട്. “ധ്യാനത്തിനു വന്നാൽ ആരോടും സംസാരിക്കരുത്. ധ്യാന കേന്ദ്രത്തിനു വെളിയിൽ ഭാരം വഹിച്ചു വലിയ ശബ്ദമുണ്ടാക്കി പോകുന്ന ലോറികൾ നിങ്ങൾക്ക് ഒരിക്കലും അസ്വസ്ഥതയുണ്ടാക്കില്ല. പക്ഷേ നിങ്ങൾ ചെവിയിൽ സ്വകാര്യമായി പറയുന്ന കാര്യങ്ങൾ ധ്യാനത്തിൻ്റെ കൃപ നഷ്ടപ്പെടുത്തിക്കളയും”.

ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. വിദ്വേഷത്തിന്റെ വേരു വളര്‍ന്ന്‌ ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്‌ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്‌ധരായിത്തീരുന്നു. (ഹെബ്രായര്‍ 12 : 15)
ഒരു പക്ഷേ നാം കാര്യമായി ചിന്തിക്കാത്ത മേഖലയായിരിക്കാം ഇത്. ഗൗരവമായി ചിന്തിക്കേണ്ട മേഖലയാണിത്. നമ്മുടെ തലയിൽ നാം നട്ടിട്ടുള്ള തെറ്റായ ചിന്തകൾ നമ്മെ യഥാർത്ഥ മനസ്താപത്തിൽ നിന്ന് നമ്മെ മാറ്റി നിറുത്തും. തന്മൂലം നമ്മുടെ ഉള്ളിൽ തെറ്റുകൾ ശരികളായി മാറും. അതുകൊണ്ട് നാം യഥാർത്ഥ മനസ്താപത്തിൽ എത്തുകയില്ല. തന്മൂലം നമ്മുടെ കുമ്പസാരങ്ങൾ കള്ളക്കുമ്പസാരമായി മാറും. മനുഷ്യൻ്റെ വാക്കുകൾക്ക് നമ്മുടെ ജീവിതത്തിൽ ജീവൻ കൊടുക്കാതിരിക്കാം. ‘ചൊട്ടയിലെ ശീലം ചുടലവരെ’ എന്ന പഴമൊഴി തീർത്തും മാനുഷികമാണ്. ദൈവത്തിൻ്റെ ഒരു ചെറു സ്പർശനത്തിന് മാറ്റുവാൻ കഴിയാത്ത ഏതു സ്വഭാവമാണ് മനുഷ്യനുള്ളത്? എല്ലാം ദൈവത്തിനു സാധ്യമാണല്ലോ?

ഈശോയോട് നമുക്ക് പ്രാർത്ഥിക്കാം: ഈശോയേ എൻ്റെ മനസ്സിൽ തെറ്റായി കിടക്കുന്ന ചിന്തകൾ ഏവയെന്ന് കാണിച്ചു തരികയും അവ തിരുത്തി യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്ക് എന്നെ നയിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

19th of August 2024

""

image

7th of September 2024

""

image

13th of September 2024

""

image

30th of September 2024

""

Write a Review