പിടിവിടാത്ത അച്ചപ്പവും എൻ്റെ ചിന്തകളും

Image

തൃശ്ശൂർക്കാരുടെ പ്രത്യേക പല ഹാരമാണ് അച്ചപ്പവും കുഴലപ്പവും. പഴയ തലമുറക്കാർക്ക് അച്ചപ്പവും കുഴലപ്പവും ഇല്ലാത്ത ഒരു പെരുന്നാൾ ചിന്തിക്കുവാൻ കൂടി സാധിക്കില്ല. അമ്പുപെരുന്നാൾ സീസണായാൽ പലഹാരം ഉണ്ടാക്കുന്നതിൽ വിദഗ്ദരായ അമ്മച്ചിമാർക്ക് വലിയ ഡിമാൻ്റാണ്. ഇന്ന് ജീവിത രീതി മാറിയപ്പോൾ ഇങ്ങനെ അച്ചപ്പവും കുഴലപ്പവും ഉണ്ടാക്കുന്ന മുണ്ടും ചട്ടയുമിട്ട അമ്മച്ചിമാരില്ലാതായി. ഇപ്പോൾ ഓർഡർ ചെയ്താൽ പലഹാരങ്ങൾ ഉണ്ടാക്കി വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ആളുകളും ബേക്കറിക്കാരും രംഗത്തു വന്നു. പുതിയ തലമുറക്ക് അച്ചപ്പവും കുഴലപ്പവും അത്ര താല്പര്യവുമില്ലാതായി.
.
പണ്ട് പലഹാര പണിക്കു വരുന്ന അമ്മച്ചിമാർ പ്രാർത്ഥിച്ചിട്ടാണ് ജോലി ആരംഭിക്കുക. അവരുടെ നിത്യ തൊഴിലാണെങ്കിലും ദൈവത്തിൽ ആശ്രയിക്കുന്ന മനോഭാവം. ആദ്യം തിളച്ച വെളിച്ചെണ്ണയിൽ ഒരു കുരിശ്, അരിമാവ് കൊണ്ടുണ്ടാക്കി വറുത്തെടുക്കും. പിന്നീടാണ് അച്ചപ്പം ഉണ്ടാക്കുവാൻ ആരംഭിക്കുക. അച്ചപ്പത്തിൻ്റെ മാവിൽ മുക്കി അച്ച്, ഉരുളിയിൽ തിളച്ചു മറിയുന്ന വെളിച്ചെണ്ണയിൽ മുക്കുമ്പോൾ ഏതാനും നിമിഷങ്ങൾക്കുള്ളിൽ അച്ചിൽ നിന്ന് അച്ചപ്പം വേർപ്പെട്ടു വേവുവാൻ തുടങ്ങും. എന്നാൽ ചിലപ്പോൾ ഈ അച്ചപ്പം അച്ചിൽ നിന്ന് പിടി വിടില്ല. ഉടനെ അച്ചപ്പം ഉണ്ടാക്കുന്ന ചേച്ചി കരുതി വെച്ചിട്ടുള്ള കനം കുറഞ്ഞ കമ്പി കൊണ്ട് കുത്തി അച്ചിൽ നിന്ന് വിടുവിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ എത്ര കമ്പി കൊണ്ട് എത്ര കുത്തിയാലും അച്ചപ്പം അച്ചിൽ നിന്ന് വേർപ്പെടുകയില്ല. അച്ചപ്പം ഉണ്ടാക്കുന്ന അമ്മച്ചിമാർ വലിയ വിഷമത്തിലാകും. അച്ചിൽ നിന്ന് സ്വയം വിട്ടു പോകുന്ന അച്ചപ്പങ്ങൾ വെന്താൽ നല്ല ഭംഗിയായിരുക്കും. ഒരു വളവോ , ചെരിവോ കാണുകയില്ല. എന്നാൽ ചെറുതായി കമ്പി കൊണ്ട് കുത്തി വെളിച്ചെണ്ണയിലേക്ക് ഇടുന്ന അച്ചപ്പങ്ങൾക്ക് ഇത്ര ഭംഗി കാണില്ല. എന്നാൽ ഒത്തിരി കുത്തി വെളിച്ചെണ്ണയിലേക്ക് ചാടിക്കുന്ന അച്ചപ്പങ്ങൾ വളഞ്ഞും തിരിഞ്ഞു ഒരു രൂപമില്ലാത്തവ ആയി മാറുന്നു.
.
കഴിഞ്ഞ ദിവസം വീട്ടിൽ അച്ചപ്പമുണ്ടാക്കിയപ്പോഴാണ് ഈ ചിന്ത ദൈവം എനിക്കു നൽകിയത്. ഭാര്യ പുഷ്പ പറഞ്ഞു ‘ഇത് എന്ത് ചെയ്തിട്ടും അച്ചിൽ നിന്ന് പിടി വിടുന്നില്ലല്ലോ’. പിടി വിടാത്തതുകൊണ്ട് ഉണ്ടാക്കിയ അച്ചപ്പമെല്ലാം രുചിയുണ്ടായിരുന്നെങ്കിലും വളഞ്ഞും തിരിഞ്ഞിരുന്നതായിരുന്നു. പെരുന്നാൾക്ക് വന്ന വിരുന്നുകാർക്ക് മേശയിൽ വെച്ച് കൊടുക്കുവാൻ കഴിയാത്തതിനാൽ ബേക്കറിയിൽ പോയി റെഡിമെയ്ഡ് അച്ചപ്പം വാങ്ങേണ്ടി വന്നു.
.
നമ്മളും പലപ്പോഴും ജീവിതത്തിൽ ഇതേ ‘ പിടിവിടാത്ത ‘ അവസ്ഥയിലൂടെ കടന്നു പോകുന്നവരാകാം. പലപ്പോഴും വീട് നരകതുല്യമാക്കുന്നത് ‘പ്രാർത്ഥിക്കുന്ന’ നമ്മുടെ ഈ മനോഭാവമാകാം. ഇടവക പ്രാർത്ഥനാഗ്രൂപ്പുകൾ ശുഷ്ക്കിച്ചു പോകുന്നതിൻ്റെ കാരണവും മറ്റൊന്നായിരിക്കുകയില്ല. ഇടവക താളം തെറ്റിക്കുന്നത് പലപ്പോഴും പിടിവിടാത്ത പള്ളി യോഗങ്ങളും കമ്മിറ്റികളും ട്രസ്റ്റിമാരോ, വികാരിയച്ചന്മാരോ ആകാം. പിടി വിടാത്ത ഹെഡ്മാസ്റ്ററും, മേലധികാരികളും പിടിവിടാത്തവരാണെങ്കിൽ ആ സ്ഥപനങ്ങളുടെ മുന്നോട്ടുള്ള യാത്രയും സുഗമമായിരിക്കുകയില്ല. രാഷ്ട്രീയ അധികാരികൾ പിടി വിടാത്തവരാണെങ്കിൽ രാഷ്ട്രത്തിൻ്റെ നില നില്പു തന്നെ ഒത്തിരി ദുരിതം നിറഞ്ഞതായിരിക്കും.
.
വ്യത്യസ്ഥമായ അഭിപ്രായങ്ങൾ എവിടേയും സ്വാഭാവികമായി ഉണ്ടാകും. അതും ദൈവം തരുന്നതാണ്. (1 കോറി 19). അതിൽ നിന്ന് ശരിയായതു തിരഞ്ഞെടുക്കുന്നതാണ് ദൈവീകത. കുടുംബ ബന്ധങ്ങൾ പലതും വിവാഹമോചനത്തിലേക്ക് നിങ്ങുന്നത് ഈ പിടി വിടാത്തതുകൊണ്ടാണ്.
.
പഴയ കാലത്ത് അൾത്താരകളിൽ ഉയരത്തിലിരിക്കുന്ന മെഴുകുതിരികൾ കത്തിക്കുവാൻ കപ്യാർ ഉപയോഗിച്ചിരുന്ന ഒരു കറുത്ത കോലുണ്ടായിന്നു. ആ ഉപകരണത്തിൻ്റെ ഒരു വശത്ത് മെഴുകുതിരി കെടുത്തുവാനുള്ള ഒരു മൂടി പോലുള്ള സംവിധാനവുമുണ്ട്. ഒരേ കോലു കൊണ്ട് തന്നെ മെഴുകുതിരി കത്തിക്കുവാനും കെടുത്തുവാനും കഴിയും.
.
നമ്മൾ ഒന്നു ചിന്തിച്ചാൽ മനസ്സിലാകും നാം പിടി വിടാതെ തിരി കെടുത്തുന്നവരാണോ, അതോ ദൈവീകമായ ചിന്തകൾ തിരിച്ചറിഞ്ഞ് തിരി കത്തിക്കുന്നവരാണോ എന്ന്.
. പിടി വിടാത്ത സ്വഭാവം ദൈവീകമല്ല എന്ന് തിരിച്ചറിയുവാനും ദൈവീക പദ്ധതിക്ക് ചേർന്ന് പോകുവാനുള്ള കൃപ ലഭിക്കുവാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
. മാത്‌സര്യം മന്ത്രവാദംപോലെ പാപമാണ്‌; മര്‍ക്കടമുഷ്‌ടി വിഗ്രഹാരാധനപോലെയും. 1 സാമുവല്‍ 15 : 23

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Jaison J Ghirayath

14th of July 2024

"Great thought and wonderful observaton from an examplary spiritual person. Keep going... Vincent Chetten"

image

15th of July 2024

"Inspires "

image

19th of August 2024

""

image

6th of September 2024

""

image

10th of September 2024

""

Write a Review