പാദുവായിലെ വിശുദ്ധ അന്തോണീസ്‌ ( Saint Anthony of Paduva)

Image

ജൂണ്‍ 13

നമ്മൾ ഓരോരുത്തരും സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ കരുതുന്ന ഒരു വിശുദ്ധനുണ്ടെങ്കിൽ അതു വി.അന്തോണീസാണ്. സാധാരണക്കാർക്ക് ഒരു കൂട്ടുകാരനെപ്പോലെയാണ് അദ്ദേഹം. എന്തും എപ്പോഴും പറയുവാനുള്ള ഒരു സ്വാതന്ത്ര്യം ഉള്ള നിഷ്ക്കളങ്ക മുഖമുള്ള വിശുദ്ധൻ. ആ ഒരു സ്വഭാവ നൈർമല്യം ഉണ്ണീശോയും ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ഉണ്ണീശോയും വിശുദ്ധൻ്റെ കൈകളിൽ ബൈബിളിൽ ഇരുന്നു കളിക്കുന്ന ഒരു ചിത്രം നമ്മുടെയൊക്കെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത്.

പോര്‍ച്ചുഗലിലാണ് വിശുദ്ധ അന്തോണീസ്‌ ജനിച്ചത്‌. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിശുദ്ധന്‍ ലിസ്ബണിലുള്ള അഗസ്റ്റീനിയന്‍ ആശ്രമമായ സാവോവിസെത്തില്‍ ചേര്‍ന്നു. മൊറോക്കോയിലെ ഫ്രാന്‍സിസ്കന്‍ രക്തസാക്ഷികളുടെ വാര്‍ത്ത വിശുദ്ധന്റെ ചെവിയിലെത്തിയപ്പോള്‍ അദ്ദേഹം കൊയിംബ്രായിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. തുടര്‍ന്നു വിശുദ്ധന്റെ സ്വന്തം അപേക്ഷ പ്രകാരം സഭാ മേലധികാരികള്‍ അദ്ദേഹത്തെ പ്രേഷിതപ്രവര്‍ത്തനത്തിനായി മൊറോക്കോയിലേക്ക്‌ അയച്ചു, പക്ഷേ രോഗബാധിതനായതിനേ തുടര്‍ന്നു വിശുദ്ധന് തിരിച്ച് വരേണ്ടി വന്നു. വിശുദ്ധന്റെ മടക്കയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന പായ്കപ്പല്‍ നിശ്ചിതമാര്‍ഗ്ഗത്തില്‍ നിന്നും മാറി സിസിലിയില്‍ എത്തി. ഇങ്ങനെയാണ് വിശുദ്ധ അന്തോണീസ് സിസിലിയില്‍ പ്രവേശിച്ചത്.

1221-ല്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രസിദ്ധമായ മാറ്റ്സിലെ സമ്മേളനത്തില്‍ വിശുദ്ധന്‍ പങ്കാളിയാവുകയും, ഫ്രാന്‍സിസ്കന്‍ സഭയുടെ റൊമാഗ്ന പ്രവിശ്യയിലേക്കയക്കപ്പെടുകയും ചെയ്തു. ആകസ്മികമായിട്ടാണ് വിശുദ്ധ അന്തോണീസ്‌ ഒരു സുവിശേഷ പ്രാസംഗികനായി മാറിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കേണ്ട പ്രാസംഗികന്‍ എത്താത്തതിനാല്‍ വിശുദ്ധന്റെ മേലധികാരി വിശുദ്ധനോട് പ്രസംഗപീഠത്തില്‍ കയറി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടു. അന്തോണീസിന്റെ പ്രസംഗവും പാണ്ഡിത്യവും എല്ലാവരേയും ആകര്‍ഷിച്ചു, അതിനാല്‍ തന്നെ വടക്കന്‍ ഇറ്റലി മുഴുവന്‍ സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധന്‍ നിയോഗിക്കപ്പെട്ടു. മതവിരുദ്ധവാദികളെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ വിശുദ്ധന്‍ വളരെയേറെ വിജയിച്ചതിനാല്‍ “മതവിരുദ്ധവാദികളുടെ ചുറ്റിക” എന്നാണ് വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. ഇതിനിടെ വിശുദ്ധന്റെ ആഴമായ പാണ്ഡിത്യം മൂലം വിശുദ്ധ ഫ്രാന്‍സിസ്‌, അന്തോണീസിനെ ദൈവശാസ്ത്ര അദ്ധ്യാപനായി നിയമിച്ചു.

ജനങ്ങളെ വളരെയേറെ ആകര്‍ഷിച്ചിരുന്ന ഒരു സുവിശേഷ പ്രഘോഷകനായിരുന്നു പാദുവായിലെ വിശുദ്ധ അന്തോണീസ്‌. വിശുദ്ധന്‍ ഒരു നഗരത്തിലെത്തിയാല്‍ ആളുകള്‍ തങ്ങളുടെ കടകള്‍ അടക്കുമായിരുന്നു, വിശുദ്ധന്റെ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ജനങ്ങള്‍ രാത്രിമുഴുവന്‍ ദേവാലയത്തില്‍ തങ്ങുമായിരുന്നു; ജനങ്ങളുടെ മനസ്സില്‍ അത്രമാത്രം സ്വാധീനമുള്ള ഒരു പ്രഘോഷകനായിരുന്നു വിശുദ്ധന്‍. പാദുവാ നഗരവുമായി ഒരു പ്രത്യേക ബന്ധം തന്നെ വിശുദ്ധനുണ്ടായിരുന്നു, കാരണം വിശുദ്ധന്റെ താമസ സ്ഥലവും, സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്രവും പാദുവാ ആയിരുന്നു.

1231-ല്‍ അനുതാപത്തിലൂന്നിയുള്ള നിരവധി സുവിശേഷ പ്രഘോഷണ പരമ്പരകള്‍ക്ക്‌ ശേഷം വിശുദ്ധന്റെ ശക്തി ക്ഷയിക്കുകയും, അതേ തുടര്‍ന്ന് അദ്ദേഹം കാംബോസാന്‍പിയറോയില്‍ ഏകാന്തവാസം നയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന്‍ തന്നെ വിശുദ്ധന് പാദുവായിലേക്ക്‌ മടങ്ങേണ്ടി വന്നു. പക്ഷേ വിശുദ്ധന് പാദുവായില്‍ എത്തുവാന്‍ കഴിഞ്ഞില്ല, ക്ഷീണിതനായ അന്തോണീസിനെ ആര്‍സെല്ലായിലെ ‘പുവര്‍ ക്ലാര’ സന്യാസിനീ മഠത്തില്‍ എത്തിച്ചു. അവിടെ വെച്ച് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. അപ്പോള്‍ വിശുദ്ധന് 36-വയസ്സായിരുന്നു പ്രായം. പാദുവാ നഗരം മുഴുവനും വിശുദ്ധന്റെ അന്ത്യത്തില്‍ ദുഃഖമാചരിച്ചു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അന്തോണീസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും, 1946-ല്‍ പിയൂസ്‌ പന്ത്രണ്ടാമന്‍ പാപ്പാ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി അംഗീകരിക്കുകയും ചെയ്തു.

തിരുസഭയിലെ ഏറ്റവും പ്രസിദ്ധരായ വിശുദ്ധരില്‍ ഒരാളാണ് പാദുവായിലെ വിശുദ്ധ അന്തോണീസ്‌. കാണാതെപോകുന്ന സാധനങ്ങളുടേയും, മറ്റനവധി കാര്യങ്ങളുടേയും മധ്യസ്ഥനാണ് വിശുദ്ധ അന്തോണീസ്‌. ബ്രസീലില്‍ വിശുദ്ധനെ സൈന്യത്തിലെ ഒരു ജെനറല്‍ ആയിട്ടാണ് പരിഗണിക്കുന്നത്; പാവപ്പെട്ടവരുടെ മധ്യസ്ഥ സഹായിയായും വിശുദ്ധനെ കരുതുന്നു. മാത്രമല്ല വിശുദ്ധ അന്തോണീസ് മരിച്ച നിമിഷം മുതല്‍ വലിയ അത്ഭുതപ്രവര്‍ത്തകനായിട്ടാണ് വിശുദ്ധനെ പരിഗണിച്ച് വരുന്നത്.

വി.അന്തോണീസേ ഞങ്ങൾക്ക് എന്നും ഈശോയിലേക്കുള്ള വഴികാട്ടിയാക്കണമേ . ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

25th of June 2024

""

image

19th of August 2024

""

image

6th of September 2024

""

Write a Review