ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ധാരാളം പാകിസ്ഥാനികളും ഒമാനിൽ എന്റെ കൂടെ ജോലി ചെയ്തിരുന്നു. അവരെല്ലാവരും തന്നെ എന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇപ്പോഴും അവരുമെല്ലാവരുമായി അടുത്ത വ്യക്തി ബന്ധവുമുണ്ട്. എപ്പോഴും ഹൃദയം തുറന്നു സംസാരിക്കുവാൻ കഴിയുന്നവർ. പക്ഷേ അവരാരും ക്രിസ്ത്യാനികൾ ആയിരുന്നില്ല. ഞാൻ പ്രാർത്ഥിക്കുന്ന വ്യക്തിയാണ് എന്നറിയുന്നതിനാൽ അവരുടെ സങ്കടങ്ങൾ വന്നു പറയും. ഞാൻ അവർക്കു വേണ്ടി എന്നും പ്രാർത്ഥിക്കും എന്നും പ്രാർത്ഥനക്ക് ഉത്തരം കിട്ടുമെന്ന ഒരു ഉറപ്പും അവരുടെ ഹൃദയത്തിലുണ്ടായിരുന്നു. കിസ്തുമസ് ദിവസമായാൽ മിക്കവാറും അവരെല്ലാം എന്റെ മുറിയിൽ വന്ന് ആശംസകൾ നേർന്നു പോകും. പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ഒരു വിധം പഞ്ചാബികൾക്കെല്ലാം നമ്മുടെ എല്ലാ പ്രാർത്ഥനകളും ഇംഗ്ലീഷിൽ ചൊല്ലാനറിയാമെന്നുള്ളതാണ്. ആദ്യമൊന്നും ഞാൻ അതു ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് എന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജസ്ബീർ സിംഗിനോട് ചോദിച്ചു – ” നിങ്ങൾ എങ്ങിനെയാണ് ഈ ക്രിസ്റ്റ്യൻ പ്രാർത്ഥനകളെല്ലാം പഠിച്ചത് ? അദ്ദേഹം പറഞ്ഞു ” ഞങ്ങളെല്ലാം പഞ്ചാബ് സംസ്ഥാനത്തെ കർഷക കുടുംബങ്ങളിൽ നിന്നു വന്നവരാണ്. ഭൂരിപക്ഷം പേർക്കും വലിയ വിദ്യാഭ്യാസമൊന്നുമില്ല. ആയതിനാൽ ഞങ്ങളുടെ മക്കളെ സിസ്റ്റർമാരുടെ കോൺവെന്റ് സ്ക്കൂളിൽ തന്നെ വിട്ടു പഠിപ്പിക്കുവാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. അവിടത്തെ അച്ചടക്കവും പ്രാർത്ഥനയുമെല്ലാം അതു മൂലം ഞങ്ങളുടെ മക്കൾക്ക് ലഭിച്ചു. അവർ വീട്ടിൽ വന്ന് സന്ധ്യാ പ്രാർത്ഥനയും മറ്റു പ്രാർത്ഥനകളുമൊക്കെ ചൊല്ലുന്നതു കേട്ടിട്ടാണ് ഞങ്ങൾ ഈ പ്രാർത്ഥനകളെല്ലാം പഠിച്ചത്. ഞങ്ങളുടെ മക്കളെല്ലാം മനസ്സുകൊണ്ട് ക്രിസ്ത്യാനികളാണ്. അവർക്ക് ഏറ്റവും സന്തോഷമുള്ള ആഘോഷം ക്രിസ്തുമസ്സാണ്. ഞങ്ങളുടെയെല്ലാം വീട്ടിൽ ക്രിസ്തുമസ് ട്രീയുണ്ട്. നക്ഷത്രങ്ങളുണ്ട്. ഏതാനും വീടുകളിൽ പുൽക്കൂടുകളുമുണ്ട്. ഞങ്ങളെല്ലാം അതെല്ലാം ആസ്വദിക്കുന്നുമുണ്ട്. പഞ്ചാബിലെ കോൺവെന്റ് സ്കൂളിൽ ധാരാളം മലയാളി കന്യാസ്ത്രീകളുണ്ട്. അവിടെ പഠിച്ച ഒരു കുട്ടി പോലും താളം തെറ്റിയതായി ഞങ്ങളുടെ അറിവിലില്ല. എപ്പോഴും സിസ്റ്റേഴ്സ് ഞങ്ങളുടെ വീട്ടിലൊക്കെ വരും. അവർ വരുന്നതു ഞങ്ങൾക്ക് വലിയ സന്തോഷമാണ്. ഇപ്പോൾ ഞങ്ങളുടെ മക്കൾക്ക് മക്കളായി. അവരും അതേ പാത പിന്തുടരുന്നു. എത്രയോ നല്ല സുവിശേഷമാണ് നമ്മുടെ സിസ്റ്റേഴസ് പഞ്ചാബിൽ ധൈര്യപൂർവ്വം പഠിപ്പിക്കാതെ പഠിപ്പിച്ചത്. സ്നേഹത്തിന്റെ ഭാഷയാണ് ക്രിസ്തുവിന്റെ ഭാഷ ! സകലരേയും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഭാഷ ! സകല മനുഷ്യർക്കും വേണ്ടിയാണ് രക്ഷകൻ പിറന്നിരിക്കുന്നത്. നമുക്കും ഈ ക്രിസ്തുമസ്സിന് ഒരു തീരുമാനമെടുക്കാം ഞാനും ഈശോയെക്കുറിച്ച് സാധിക്കുന്നതു പോലെ പറയും എന്ന്. നമ്മൾ ആഗ്രഹിച്ചാൽ ദൈവം പ്രവർത്തിച്ചിരിക്കും. ലോകമെങ്ങും ക്രിസ്തുമസ്സിന്റെ സന്തോഷവും ശാന്തിയും നിറയട്ടെ. ഒന്നുമല്ലാത്ത ആട്ടിടയരെയാണ് ദൈവം സന്തോഷത്തിന്റെ സദ്വാർത്ത ആദ്യം അറിയിച്ചത്. നമുക്കും അവരെ മാതൃകയാക്കാം. കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്കാ 2 : 9-11) എല്ലാവർക്കും തിരുപ്പിറവിയുടെ ആശംസകൾ നേരുന്നു.
3rd of July 2023
""