പൂത്തു നിൽക്കുന്ന പൂമരമാകണോ? (Do you Want to Be a Flowering Tree?)

Image

കഴിഞ്ഞ ഞായറാഴ്ച്ച ഒരു ബന്ധുവിൻ്റെ വിവാഹത്തിന് പോയതാണ്. മറ്റൊരു വിവാഹത്തിനു പോയി വരുമ്പോൾ സമയം വൈകി. ദേവാലയത്തിലെ ചടങ്ങുകൾ കഴിഞ്ഞു ആളുകൾ ഓഡിറ്റോറിയത്തിലേക്ക് വന്ന് ഭക്ഷണം കഴിച്ചു തുടങ്ങി. ഹാളിൽ Alc യില്ലാത്തതിനാൽ വിയർത്തു കുളിച്ചാണ് മെയ് മാസ ചൂടിൽ എല്ലാവരും ഭക്ഷണം കഴിക്കുന്നത്. അല്പ സമയം കഴിയുമ്പോഴേക്കും വരനും വധുവും സ്റ്റേജിലേക്ക് വന്നു. ചടങ്ങുകൾ ആരംഭിച്ചു. വധുവിൻ്റെ ഭാഗത്ത് അപ്പനും അമ്മയും സഹോദരരും. എന്നാൽ വരൻ്റെ കൂടെ അപ്പനും ഒരു അമ്മാമയും മാത്രം. അമ്മ ഏതാനും വർഷം മുമ്പ് മരണമടഞ്ഞിരുന്നു. അതുകൊണ്ടാണ് അമ്മയുടെ അമ്മ സ്റ്റേജിൽ നിന്നിരുന്നത്. വരൻ്റെ ഏക സഹോദരിയുള്ളത് കന്യാസ്ത്രീയായി. അവരും വിവാഹത്തിനെത്തിയിരുന്നില്ല. ചടങ്ങിനെത്തിയവർക്കെല്ലാം അറിയുന്ന കുടുംബമായതിനാൽ ഈ കാഴ്ച്ച കണ്ട് എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു. മരിച്ച ജെന്നിയെ ബന്ധുക്കൾക്കെല്ലാം അത്രയും ഇഷ്ടമായിരുന്നു. എന്നാൽ വരൻ്റെ അപ്പനും അമ്മൂമക്കും നല്ല പ്രസന്നത !

സ്റ്റേജിലെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ബന്ധു കൂടിയായ വരൻ്റെ അപ്പൻ ജോയി ചേട്ടൻ അല്പ സമയം അടുത്തു വന്നിരുന്നു സംസാരിച്ചു. ഇന്ത്യ ഗവർമ്മെൻ്റിൻ്റെ രഹസ്യാന്വേഷക സംഘടനയായ സ്പെഷ്യൽ ബ്യൂറോയിൽ അസി. കമ്മീഷണറായി റിട്ടയർ ചെയ്ത വ്യക്തിയാണ്.ഇപ്പോൾ ഏതാണ്ട് അറുപതു വയസ്സിനു മുകളിൽ. പണ്ടു മുതൽ ധാരാളം സമയം പ്രാർത്ഥനയിൽ ചിലവഴിക്കുന്ന ഒരു കുടുംബമാണ് അവരുടേത്. സംസാരിക്കുമ്പോൾ ജോയി ചേട്ടൻ്റെ കണ്ണുകൾ നിറഞ്ഞ് ഇടക്കിടെ കണ്ണു തുടക്കുന്നുണ്ടായിരുന്നു. എന്നാൽ മുഖത്ത് പുഞ്ചിരിയും. അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു: ഞാൻ കണ്ണു തുടക്കുന്നത് കണ്ട് കരയുകയാണെന്ന് തെറ്റിദ്ധരിക്കരുത്. സന്തോഷം കൊണ്ടാണ് കണ്ണു നിറയുന്നത്. ഞങ്ങൾ സംസാരിച്ചിരുന്ന വിഷയമാകട്ടെ അദ്ദേഹത്തിൻ്റെ ഭാര്യയുടെ അന്ത്യ നിമിഷങ്ങളെക്കുറിച്ചായിരുന്നു. ഭാര്യയുടെ പേര് ജെന്നി. Pulmonary Hypertension ആയിരുന്നു അസുഖം. വളരെ കുറച്ചു പേരിലേ ഈ അസുഖം കണ്ടെത്തുവാൻ കഴിഞ്ഞിട്ടുള്ളൂ. അസുഖം തിരിച്ചറിയുവാൻ വളരേ വൈകി. നേരത്തെ അറിഞ്ഞാലും കാര്യമായ ചികിത്സകളൊന്നുമില്ല. മരണസമയത്ത് ഭാര്യയെ ശുശ്രൂഷിച്ചതും പ്രാർത്ഥിച്ചതുമെല്ലാമാണ് ജോയി ചേട്ടന് മകൻ്റെ വിവാഹ ദിവസം സംസാരിക്കാനുണ്ടായിരുന്നത്. സ്നേഹിക്കുന്ന ഭാര്യ ഇന്നും അദ്ദേഹത്തിൻ്റെ കൂടെയുണ്ട് എന്ന ഒരുറപ്പ് വാക്കുകളിലുണ്ടായിരുന്നു! മകൻ്റെ വിവാഹ ചടങ്ങുകളിലെല്ലാം കൂടെയുണ്ട്. പ്രാർത്ഥിക്കുമ്പോഴും ഭാര്യ കൂടെയുണ്ട്. അവൾ ഭൂമിയിൽ ജീവിച്ചിരുന്നതിനേക്കാൾ കൂടുതൽ ശക്തിയാണ് ഞങ്ങളുടെ കുടുംബത്തിനു ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിശുദ്ധാത്മാവിൻ്റെ വലിയ അഭിഷേകമാണ് എപ്പോഴും. രണ്ടു മക്കളാണ്. മൂത്ത മകൾ കർമ്മലീത്ത മഠത്തിൽ കന്യാസ്ത്രീയായി. താഴെയുള്ള മകൻ്റെ കല്യാണമാണിപ്പോൾ നടക്കുന്നത്. മകനും മരുമകളും Phd ചെയ്തു കൊണ്ടിരിക്കുന്നു. സാധാരണ മനസ്സു തളർന്നു പോകുന്ന സമയങ്ങളാണല്ലോ ഇത്തരത്തിലുള്ള സന്ദർഭങ്ങൾ. മറ്റുള്ളവരെ കുത്തി വേദനിപ്പിക്കുവാൻ കിട്ടുന്ന സന്ദർഭങ്ങൾ ഒന്നും തന്നെ ചടങ്ങുകളിൽ വരുന്നവർ വിട്ടു കളയാറില്ലല്ലോ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പോലും സന്തോഷവാനായിരുക്കുക സാധാരണക്കാർക്ക് സാധിക്കുകയില്ല.

ഇതാണ് പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളും ദാനങ്ങളും വരങ്ങളും നിറഞ്ഞ ജീവിതം. മരണ സമയത്ത് എല്ലാവരും ചേർന്ന് ഒരുമിച്ചിരുന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരു ആത്മാവിനെ ദൈവകരങ്ങളിൽ ഏല്പിക്കുവാൻ സാധിക്കുക എന്നത് എത്രയോ വലിയ ഭാഗ്യമാണ്. മരണസമയത്ത് സാത്താൻ്റെ പ്രലോഭനം കണ്ട് ജെന്നി ജോയി ചേട്ടനോട് ഉച്ചത്തിൽ പ്രാർത്ഥിക്കുവാനാവശ്യപ്പെടുന്നു. പരി. അമ്മേ തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന പ്രാർത്ഥന എത്ര ശക്തമാണെന്ന് അന്നാണ് മനസ്സിലായത്. മരണസമയത്ത് ആക്രമിക്കുവാൻ വരുന്ന പൈശാചിക രൂപം കണ്ട് ജെന്നി അലറി കരഞ്ഞു. എന്നാൽ പരി.അമ്മയോടുള്ള പ്രാർത്ഥനയും കർത്താവിനോട് കരുണക്കും വേണ്ടി പ്രാർത്ഥിച്ചപ്പോൾ ആ ബീഭത്സ രംഗം മാറി സ്വർഗ്ഗീയ ശാന്തതയാൽ ജെന്നിയും ഞങ്ങളും നിറഞ്ഞു. മകൻ ജോയേൽ അമ്മയുടെ നെറ്റിയിൽ വേളാങ്കണ്ണിയിൽ നിന്നു കൊണ്ടു വന്ന വെഞ്ചിരിച്ച എണ്ണ കൊണ്ട് നെറ്റി മൂന്നു തവണ കുരിശു വരച്ചപ്പോൾ ശാന്തമായി ഉറങ്ങുന്ന ലാഘവത്തോടെ ജെന്നി ദൈവത്തിൻ്റെ മടിയിലായി. അതുകൊണ്ട് ഒരു അലമുറയിടലോ അമിത ദുഃഖമോ ആ വീടിനെ തളർത്തിയില്ല. എല്ലാം ശാന്തമായൊഴുകി. കുടുംബ നാഥ സ്വർഗ്ഗത്തിലാണ് എന്ന ഉറപ്പു ഹൃദയത്തിൽ നൽകി ആ കുടുംബത്തെ അനുഗ്രഹിച്ചു. മനുഷ്യരുടെ ആശ്വാസത്തേക്കാൾ ദൈവത്തിൽ ആശ്വസിക്കുവാൻ കഴിയുക എത്രയോ വലിയ ഭാഗ്യമാണ്. ഭാര്യയുടെ മരണശേഷം ആ ഭവനം തളരുകയല്ല - എല്ലാ മേഖലയിലും കരുത്തു പ്രാപിച്ചു. സ്വർഗ്ഗത്തിലിരുന്ന് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരമ്മയുണ്ടെന്ന് ഒരു കുടുംബത്തിന് ബോധ്യമാകുന്നത് ദൈവത്തിൽ ആഴമായി വിശ്വസിക്കുന്നവർക്കേ സാധിക്കൂ. ഏക മകൾ സിസ്റ്റർ വിവാഹ ചടങ്ങുകൾക്കൊന്നും പങ്കെടുക്കുവാൻ അനുവാദമില്ലാത്തതിനാൽ ഇന്നലെ വീട്ടിൽ വന്നു പോയി. അതു പറയുമ്പോൾ പോലും ജോയി ചേട്ടൻ്റെ വാക്കുകളിൽ സന്തോഷം - അത് മഠത്തിൻ്റെ നിയമമല്ലേ. അത് അനുസരിക്കണമല്ലോ.

പരിശുദ്ധാത്മാവ് നമ്മിൽ വരുമ്പോൾ പിന്നെ നമ്മുടെ ജീവിതത്തിൽ ദുംഖമുണ്ടാകില്ല, എപ്പോഴും അത്ഭുതങ്ങൾ മാത്രമാണ് സംഭവിക്കുക എന്ന് കരുതരുത്. ജീവിതത്തിൽ രോഗങ്ങളുണ്ടാകാം, തകർച്ചകളുണ്ടാകാം, കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളുമുണ്ടാകാം. എന്നാൽ ഏതു അവസ്ഥയിലും സന്തോഷിക്കുവാനുള്ള കൃപയാണ് പരി. ആത്മാവ് തരിക. മനുഷ്യരുടെ ആശ്വാസത്തിനുള്ള ദാഹം ശമിക്കും. ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുവാൻ പരി. ആത്മാവ് കൃപ തരും. വാസ്തവത്തിൽ അമ്മയില്ലാത്ത ചടങ്ങിൽ ഒരു പിതാവ് എത്രയോ അസ്വസ്ഥനായി കാണേണ്ട വ്യക്തി, എത്ര സമാധാനത്തോടും സ്വസ്ഥതയോടു കൂടിയാണ് സംസാരിച്ചത്. വാസ്തവത്തിൽ അല്പം സമയം ജോയി ചേട്ടനോട് സംസാരിച്ചപ്പോൾ ഞങ്ങൾക്ക് ഒരാഴ്ച്ച ധ്യാനം കൂടിയ അനുഭവമായിരുന്നു. പരിശുദ്ധാത്മാവ് ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു - ഇതാണ് പരി. ആത്മാവ് കൊണ്ട് നിറഞ്ഞ വ്യക്തിയും കുടുംബവുമെന്ന്. അന്ന് ആ വിവാഹ ചടങ്ങിനു സംബന്ധിച്ച അക്രൈസ്തവരായ പലരും ഈ കുടുംബത്തിൻ്റെ ദൈവീകമായ ശാന്തതയെക്കുറിച്ചാണ് സംസാരിച്ചത്.

പരിശുദ്ധാത്മാവിനാൽ നിറയുന്ന വ്യക്തി പാറപ്പുറത്തു നില്ക്കുന്ന പൂമരം പോലെയാണ്. വേനൽ ശക്തമാകുമ്പോഴും ആവലാതികളോ പരിഭവങ്ങളോ ഇല്ലാതെ പൂത്തു നിറഞ്ഞു നില്ക്കും. ആരു അംഗീകരിച്ചാലും ഇല്ലെങ്കിലും മറ്റു മരങ്ങൾക്കു മീതെ അതു ഉയർന്നു നില്ക്കും. പ്രശ്നങ്ങളിൽ ഒരിക്കലും വാടില്ല.

ശരിയായ പന്തക്കുസ്ത അനുഭവത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം അതോടൊപ്പം നമുക്കും ഒരു തിരിഞ്ഞുനോട്ടം നമ്മുടെ ജീവിതത്തിലേക്കും വിശ്വാസത്തിലേക്കും.

പ്രാർത്ഥന: പരിശുദ്ധാത്മാവേ അങ്ങയും ശക്തമായ ഒഴുക്കും ഇടപെടലും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

കുമാരി വർഗ്ഗീസ്

8th of June 2024

"ശരിക്കും ഹൃദയ സ്പർശി തന്നെ "

image

Prema Josepph

9th of June 2024

"പൂത്തുനിൽക്കുന്ന പൂമരമകാൻ പരിശുദ്ധാത്മാവ് കൃപയൊഴുക്കട്ടെ....🙏"

image

19th of August 2024

""

image

6th of September 2024

""

Write a Review