ഒരു ഉജാലക്കുപ്പിയും ചിന്തകളും

Image

ഒരു വിദ്യാർത്ഥി സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് തിരിച്ചുപോകുന്നു. സൈക്കിളിന്റെ കാരിയറിൽ സ്കൂൾ ബാഗും വീട്ടിലേക്കുള്ള ഏതാനും പലചരക്ക് സാധനങ്ങളും ഉണ്ട്. സൈക്കിൾ ബസ് സ്റ്റോപ്പിനടുത്തെത്തിയപ്പോൾ സൈക്കിളിൽ നിന്ന് എന്തോ റോഡിലേക്ക് തെറിച്ചു വീണു. കുട്ടി അതറിയാതെ സൈക്കിളോടിച്ചു പോയി. ബസ് കാത്തു നില്ക്കുന്നവരും ബസ് സ്റ്റോപ്പിലെ ബഞ്ചിൽ ഇരിക്കുന്നവരും കണ്ടു – എന്താണ് വീണതെന്ന് .അത് വസ്ത്രത്തിൽ വെണ്മക്കായി ചേർക്കുന്ന “ഉജാല ” യുടെ ഒരു ചെറിയ നീലകുപ്പിയായിയിരുന്നു. ആരും ആ കുട്ടിയെ ഒന്നു കൈക്കൊട്ടി വിളിക്കാനോ വീണ കുപ്പിയെടുത്തു മാറ്റാനോ ശ്രമിച്ചില്ല. ബസ്റ്റോപ്പിൽ നിന്നവരുടെ ചർച്ചക്ക് ഇത് പുതിയൊരു വിഷയമായി. ഇപ്പോഴത്തെ കുട്ടികൾക്കൊന്നും യാതൊരു ഉത്തരവാദിത്വമില്ല – സാധനങ്ങൾ സൂക്ഷിക്കാനറിയില്ല, പണത്തിന്റെ മൂല്യമെന്താണെന്ന് അറിയില്ല തുടങ്ങിയ നിരവധി വിഷയങ്ങൾ !കുപ്പി റോഡിൽ തന്നെ കിടക്കുകയാണ്. അല്പം കഴിഞ്ഞപ്പോൾ അവർക്ക് പോകേണ്ട ബസ് വരുന്നതുകണ്ട് എല്ലാവരും ചർച്ച നിറുത്തി ബസിൽ കയറുവാൻ ഒരുങ്ങി. വന്നിരുന്ന ബസ് വീണു കിടന്നിരുന്ന ആ ഉജാല കുപ്പി മേൽ കൂടി തന്നെ കയറിയിറങ്ങി – അതിലുണ്ടായിരുന്ന നീല ദ്രാവകം ചീറ്റിത്തെറിച്ച് ബസ്‌ സ്റ്റോപ്പിൽ നിന്നവരെയെല്ലാം നീല പുള്ളി നിറമാക്കി ! കൂടി നിന്നവരെല്ലാം പ്രഛന്ന വേഷ മത്സരത്തിനു നില്ക്കുന്നതു പോലെയായി .ആ ബസിലെ സ്ഥിരം യാത്രക്കാരായതിനാൽ എല്ലാവർക്കും നല്ലൊരു ചിരിക്കുള്ള വകയായി എന്നു മാത്രം. എന്നാൽ ആരെങ്കിലും വീണ് കിടന്നിരുന്ന ആ ഉജാലക്കുപ്പി എടുത്തു മാറ്റിയിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. ഇതാണ് നമ്മളടങ്ങുന്ന പൊതു സമൂഹത്തിന്റെ സ്വഭാവം.

നമ്മളിൽ ഭൂരിപക്ഷവും ചെയ്യാൻ കഴിയുന്ന ചെറിയ നന്മ പോലും ചെയ്യുവാൻ ശ്രമിക്കാതെ വിമർശിക്കാൻ മാത്രം ശ്രമിക്കുന്നവരാണ്.

പുതു വർഷത്തിലേക്ക് നാം പ്രവേശിക്കുകയാണല്ലോ. ഒരു പാടു പുതിയ തീരുമാനങ്ങൾ നമ്മളെടുക്കുന്ന ദിവസങ്ങളാണല്ലോ ആഗതമായിരിക്കുന്നത്.പലപ്പോഴും വലിയ കാര്യങ്ങളാകാം നമ്മൾ തീരുമാനമെടുക്കുന്നത്. ചെറിയ കാര്യങ്ങൾ ശ്രദ്ധയിൽ വന്നെന്നു വരികയില്ല. എന്നാൽ നമ്മുടെ ജീവിതം ഒന്നു പരിശോധിച്ചാൽ മനസ്സിലാകും – ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാത്തതു കൊണ്ടാണ് നമ്മൾ വലിയ പ്രശ്നങ്ങളിലും, മാരക പാപങ്ങളിലും, കടക്കെണികളിലുമൊക്കെ വീണു പോയതെന്ന് . വാഹനമോടിക്കുമ്പോൾ ഒരു വ്യക്തിയുടെ ചെറിയ അശ്രദ്ധ എത്രയോ വലിയ അപകടങ്ങളാണ് ഉണ്ടാക്കുക ശ്രദ്ധിക്കുന്നവർക്കു പോലും. ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുവാനാണ് വലിയവനായ ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാത്തവൻ അല്പാല്പമായി നശിക്കും. എന്നാൽ ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവനെ ദൈവം കൈപ്പിടിച്ച് ഉയർത്തും. കോവിഡിന്റെ അണുവിനെ നമ്മളാരും കണ്ടിട്ടില്ല. അത്രയും ചെറിയ സൂക്ഷ്മാണുവാണത്. പക്ഷേ ഇത്രയും ചെറിയ അണു ലോകത്തിനേലേല്പിച്ച ആഘാതം എത്ര വലുതായിരുന്നു. എല്ല ലോക സമവാക്യങ്ങളേയും അത് കടപുഴക്കിയെറിഞ്ഞില്ലേ .

ആയതിനാൽ ഈ പുതുവർഷം ചെറിയ കാര്യങ്ങളിൽ നമുക്ക് ശ്രദ്ധ കൊടുക്കാം. അതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്.

ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ അല്‍പാല്‍പമായി നശിക്കും.
(പ്രഭാഷകന്‍ 19 : 1 )

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review