വിശ്വാസപരിശീലനം ഇങ്ങനെയൊക്കെ മതിയോ?? (Is Our Catechism Like This?)

Image

ഒമാനിലെ ബുറൈമി പട്ടണം UAE ലെ അലൈൻ പട്ടണത്തോട് ചേർന്നാണ് കിടക്കുന്നത്. ഇരു രാജ്യങ്ങളുടേയും ഒരു അതിർത്തി ഇവിടെയായതിനാൽ ചെക്കു പോസ്റ്റുകൾ ഉണ്ട്. മുമ്പ് ഇവിടെ ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നില്ല. ബുറൈമിയിൽ വാടക വളരേ കുറവായതിനാൽ അലൈനിൽ ജോലി ചെയ്യുന്നവരിൽ കുറഞ്ഞ വരുമാനക്കാർ ഭൂരിപക്ഷവും ബുറൈമിയിലാണ് താമസം. മുമ്പ് ചെക്ക് പോസ്റ്റില്ലാത്തതിനാൽ ബുറൈമിയിൽ താമസിക്കുന്ന ക്രിസ്റ്റ്യൻ കുടുംബങ്ങൾ അലൈനിലാണ് ദേവാലയത്തിലും കാറ്റക്കീസത്തിനും പോയിരുന്നത്. പെട്ടന്നാണ് ഇരു രാജ്യങ്ങളുടേയും നയങ്ങളിൽ ചെറിയ ഉരസൽ വീണത്. അതോടു കൂടി ഇരു രാജ്യങ്ങളുടെ ഇടയിൽ ചെക്ക് പോസ്റ്റായി. ഇതുമൂലം ബുറൈമിയിൽ താമസിച്ചിരുന്ന കുട്ടികളുടെ കാറ്റക്കീസം കുറേ നാൾ മുടങ്ങി. മാതാപിതാക്കൾക്കെല്ലാം വലിയ വിഷമമായി. ബുറൈമിയിൽ ഒരു പ്രാർത്ഥനാ ഗ്രൂപ്പ് ഉണ്ടായിരുന്നു. അവിടെ വ്യാഴാഴ്ചകളിലാണ് പ്രാർത്ഥനാ ഗ്രൂപ്പ് സമ്മേളിച്ചിരുന്നത്. അവിടെ ഞങ്ങൾ ഒത്തു കൂടുമ്പോൾ അമ്മമാർ ഈ സങ്കടം പറയുമായിരുന്നു. പക്ഷേ തുടങ്ങുവാൻ ധൈര്യം പോരാ - കാരണം ഔദ്യോദികമായി ദേവാലയത്തിന് വെളിയിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ ഈ രാജ്യത്ത് നിരവധി തടസ്സങ്ങളുണ്ട്. പ്രാർത്ഥനാഗ്രൂപ്പു പോലും ഞങ്ങൾ വളരെ ശ്രദ്ധിച്ചാണ് സമ്മേളിച്ചിരുന്നത്. പക്ഷേ കുട്ടികൾ വരുവാൻ തുടങ്ങിയാൽ നിയന്ത്രിക്കുവാൻ വളരെ പ്രയാസമായിരിക്കും. അങ്ങിനെ വളരെ ദിവസങ്ങൾ പ്രാർത്ഥിച്ചുകൊണ്ട് എൻ്റെ ഫ്ലാറ്റിൽ നാലു കുട്ടികൾക്കായി ഞാൻ കാറ്റക്കിസം ആരംഭിച്ചു. ഒത്തിരി പ്രശ്നങ്ങളുള്ള വീടുകളിലെ കുട്ടികളായിരുന്നതിനാൽ അവരെ പഠിപ്പിപ്പിക്കുക വളരെ ശ്രമകരമായിരുന്നു. രണ്ടോ മൂന്നോ ക്ലാസുകൾ കഴിയുമ്പോഴേക്കും ദൈവാനുഗ്രഹത്താൽ ആ കുട്ടികളിലും അവരുടെ വീടുകളിലും വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. കുട്ടികൾ ശാന്തരാകുവാൻ തുടങ്ങി. മാതാപിതാക്കൾ കുട്ടികൾ പ്രാർത്ഥിക്കുന്നതുകണ്ട് അത്ഭുതപ്പെട്ടു. അവരിലും പ്രാർത്ഥന ചൈതന്യം ദൈവം നിക്ഷേപിച്ചു. ആ ഭവനങ്ങളിലും കുട്ടികളിലും വന്ന മാറ്റം മറ്റു പലരുടേയും ശ്രദ്ധയിൽ പെടുവാൻ തുടങ്ങി. ഒരു പിതാവിൻ്റെ ജോലി നഷ്ടപ്പെട്ട അവസ്ഥയിലായിന്നു - അദ്ദേഹത്തിന് പ്രതീക്ഷിക്കാത്ത വിധം നല്ല ഒരു ജോലി ലഭിച്ചു. മറ്റൊരു കുട്ടിയുടെ മാതാപിതാക്കൾ എന്നും വീട്ടിൽ വഴക്കായിരുന്നു - അവിടെയും ശാന്തമായി. പ്രാർത്ഥനാഗ്രൂപ്പിൽ ഈ കുഞ്ഞുങ്ങൾ വന്ന് മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് പലരും ശ്രദ്ധിച്ചു തുടങ്ങി.അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ കുട്ടികളെ കാറ്റക്കീസത്തിനു വിടുവാൻ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങി. ഈശോ തന്നെ അത്ഭുതംപ്രവർത്തിച്ചു. എല്ലാ ക്രമീകരണങ്ങളുമുള്ള സ്ഥലം ഒരുക്കിത്തന്നു.പ്രാർത്ഥിക്കുവാൻ താല്പര്യമുള്ള മാതാപിതാക്കന്മാരെ തിരഞ്ഞെടുത്ത് അധ്യാപകരാക്കി.ഇന്നു അത് വളർന്ന് കൂടുതൽ കുട്ടികളും അധ്യാപകരുമായി മുന്നോട്ടു പോകുന്നു. കാറ്റക്കീസം എന്നത് ഇത്ര മാത്രം ദൈവം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു ശുശ്രൂഷയാണെന്ന് എനിക്ക് മനസ്സിലായത് ഈ ഒരു സംഭവത്തിലൂടെ കടന്നു പോയപ്പോഴാണ്.

വീണ്ടും കാറ്റക്കീസം (വിശ്വാസപരിശീലനം) ജൂൺ മാസം മുതൽ ആരംഭിക്കുകയാണല്ലോ. പ്രാർത്ഥിക്കുന്ന അധ്യാപകരെയാണ് ഇന്ന് സഭക്ക് വേണ്ടത്. എങ്കിൽ മാത്രമേ അവിടെ മാറ്റങ്ങൾ കാണാനാകൂ. കാറ്റക്കീസം പലപ്പോഴും സന്മാർഗ്ഗ പാഠ (Moral Science) ക്ലാസുകൾ മാത്രമായി മാറുന്നു. അവിടെയാണ് നമുക്കെല്ലാം താളം തെറ്റുന്നത്. ധാരാളം പ്രോഗ്രാമുകൾ മാത്രമായി വിശ്വാസ പരിശീലന ക്ലാസുകൾ ചുരുങ്ങുന്നു. ആകർഷകമായ നിരവധി പ്രോഗ്രാമിലൂടെ കുട്ടികളെ നമുക്ക് പിടിച്ചിരുത്താമെങ്കിലും പ്രാർത്ഥിക്കുവാൻ അവരെ സ്വപ്രാപ്തരാക്കാതെ പുറത്തുവിട്ടാൽ ഒരു പ്രയോജനവും കാറ്റക്കീസം കൊണ്ട് ആ കുഞ്ഞിനോ സഭ ക്കോ ഉണ്ടാവുകയില്ല. പലപ്പോഴും ഇപ്പോഴത്തെ കുട്ടികളെ ശരിയാക്കുവാൻ എളുപ്പമല്ല എന്ന് വിശ്വാസ പരിശീലന അധ്യാപകരും പറയുന്നതു കേട്ടിട്ടുണ്ട്. ഇത് തെറ്റായ ഒരു ചിന്തയാണ്. എത്രയോ വിലപിടിപ്പുള്ള ഒരാത്മാവിനെയാണ് ദൈവം ഒരു കാറ്റക്കീസം അധ്യാപകനെ ഏല്പിക്കുന്നത്. ഒരു കുഞ്ഞ് പഠിക്കുന്ന മറ്റെല്ലാ കോഴ്സുകളും ഒരു വ്യക്തിയുടെ ജോലിയോ മരണം വരെ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. എന്നാൽ വിശ്വാസ പരിശീലനമെന്നത് ഒരു വ്യക്തിയുടെ നിത്യത വരെയുള്ളതാണ്. ഒരു കുഞ്ഞിനെ വിശുദ്ധനാക്കുവാൻ ഒരു വിശ്വാസ പരിശീലകനേ കഴിയൂ.

ആയതിനാൽ കൂടുതൽ ഗൗരവമായി തന്നെ കാറ്റക്കിസം പഠനം നമ്മളെടുക്കണം. നമ്മുടെ കൈകളിൽ ദൈവം തരുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി തീക്ഷ്ണമായി പ്രാർത്ഥിക്കണം. കാറ്റക്കീസത്തിൻ്റെ പഠന കാര്യത്തിൽ ഇടവക വൈദികർ വലിയ തീക്ഷ്ണയുള്ളവരാണ്- എന്നാൽ ശക്തമായി പ്രാർത്ഥിക്കാത്ത അ അധ്യാപകരാണ് കൂടെയെങ്കിൽ വലിയ മാറ്റങ്ങളുമൊന്നും ഇടവകയിൽ പ്രതീക്ഷിക്കേണ്ട. കാറ്റക്കീസം അധ്യാപകരുടെ പ്രാർത്ഥിക്കുന്ന കൂട്ടായ്മകൾ എല്ലാ ഇടവകകളിലും ഉണ്ടാകണം. ആഴ്ച്ചയിലൊരിക്കലെങ്കിലും അവർ ഒത്തുകൂടി ഇടവകയിലെ കാറ്റക്കീസം കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അധ്യാപകർക്കും വേണ്ടി പ്രാർത്ഥിക്കണം. ക്ലാസുകളിൽ കുട്ടികളെ സ്വയം പ്രേരിത പ്രാർത്ഥനകൾ ചൊല്ലി പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണം. ഓരോ കുഞ്ഞിനും ഈശോയുമായി ഒരു അടുപ്പം നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ കഴിയുന്നില്ലെങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ അവർ തകർന്നു പോകും. ഇന്ന് കുട്ടികളും മാതാപിതാക്കന്മാരും വലിയ ഭാരമായി കാറ്റക്കീസത്തെ കാണുന്നത് - പ്രത്യേകിച്ച് ഫലമൊന്നും കാറ്റക്കീസത്തിൽ നിന്ന് ലഭിക്കാത്തതുകൊണ്ടാണെന്ന് നമ്മളെങ്കിലും തിരിച്ചറിയണം.

പ്രാർത്ഥിക്കുന്ന അധ്യാപകരും വിദ്യാർത്ഥികളുടേതുമാകട്ടെ അടുത്ത അധ്യയന വർഷം. എല്ലാവർക്കും പുതിയ അദ്ധ്യയന വർഷത്തിൻ്റെ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Francy vo

13th of May 2024

"Thank you.. For being the HANDS OF JESUS"

image

22nd of May 2024

""

image

27th of May 2024

""

image

28th of May 2024

""

image

28th of May 2024

""

image

29th of May 2024

""

image

19th of August 2024

""

image

6th of September 2024

""

image

15th of September 2024

""

Write a Review