സുവിശേഷകനായ വിശുദ്ധ. മർക്കോസ് (St.Mark the Evangelist)

Image

തിരുനാൾ ഏപ്രിൽ 25

ഈശോയുടെ ശിഷ്യനായിരുന്ന വി. പത്രോസ് ശ്ലീഹായുടെ ശിഷ്യനായിരുന്നു വി. മർക്കോസ്. വിജാതീയരായ ക്രൈസ്തവർക്കു വേണ്ടി എ.ഡി. 60-70 കാലഘട്ടത്തിൽ റോമിൽ വച്ചു ഗ്രീക്ക് ഭാഷയിലാണ് വി. മർക്കോസ് സുവിശേഷമെഴുതിയത്. ആദ്യമായി എഴുതപ്പെട്ട സുവിശേഷം വി. മർക്കോസിന്റെ സുവിശേഷമാണെന്നാണ് ബൈബിൾ പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നത്. പിന്നീട് മത്തായിയും ലൂക്കായും സുവിശേഷമെഴുതിയപ്പോൾ അവർ ആശ്രയിച്ചതും മർക്കോസിന്റെ സുവിശേഷത്തെയായിരുന്നു. അഹറോന്റെ ഗോത്രത്തിൽ പെട്ട ഒരു യഹൂദനായിരുന്നു മർക്കോസ്. ഈശോയുടെ കാലത്തു തന്നെ മർക്കോസ് ശിഷ്യൻമാർക്കൊപ്പമുണ്ടായിരുന്നുവെ അനുമാനിക്കുന്നത് വി. മർക്കോസിന്റെ തന്നെ സുവിശേഷത്തിൽ നിന്നാണ്. ഈശോയെ പടയാളികൾ തടവിലാക്കിയപ്പോൾ ശിഷ്യൻമാരെല്ലാവരും അവിടുത്തെ വിട്ട് ഓടിപ്പോയി. "എന്നാൽ, ഒരു പുതപ്പുമാത്രം ദേഹത്തുചുറ്റിയിരുന്ന ഒരു യുവാവ് അവിടുത്തെ പിന്നാലെ പോയിരുന്നു. അവർ അയാളെ പിടികൂടി. അയാൾ ആ പുതപ്പും ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി." (മർക്കോസ് 14:51,52) ഈ യുവാവ് മർക്കോസ് ആയിരുന്നുവെന്നാണ് വിശ്വാസം. വി. പത്രോസ് ശ്ലീഹാ ഒരിക്കൽ കാരാഗൃഹത്തിൽ നിന്നു രക്ഷപ്പെട്ടതിനു ശേഷം അഭയം പ്രാപിച്ചത് മർക്കോസിന്റെ ഭവനത്തിലായിരുന്നുവെന്ന് നടപടി പുസ്‌തകത്തിൽ പറയുന്നുണ്ട്. മർക്കോസിന്റെ ഭവനത്തിൽ അദ്ദേഹത്തിന്റെ അമ്മയായ മറിയത്തിന്റെ നേതൃത്വത്തിൽ ഒട്ടറെ പേർ ഒന്നിച്ചുചേർന്നു പ്രാർഥിക്കാറുണ്ടായിരുന്നുവെന്ന് നടപടി പുസ്ത‌കത്തിൽ വായിക്കാം. പത്രോസിന്റെ ഒന്നാം ലേഖനത്തിൽ അദ്ദേഹം മർക്കോസിനെ 'മകൻ' എന്നാണ് വിളിക്കുന്നത്. പത്രോസ് ശ്ലീഹായുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു മർക്കോസ് എന്ന് ഇതിൽ നിന്ന് അനുമാനിക്കാം. വി. പത്രോസിന്റെ പ്രസംഗങ്ങൾ രേഖപ്പെടുത്തി കിട്ടണമെന്ന റോമാക്കാരുടെ ആഗ്രഹത്തെ തുടർന്നാണ് മർക്കോസ് സുവിശേഷം രചിച്ചത്. ഈ സുവിശേഷത്തിലുടനീളം വി. പത്രോസിൽ നിന്നു മർക്കോസ് കേട്ട കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്രോസ് ഈശോയെ തള്ളിപ്പറയുന്ന സംഭവം മർക്കോസിന്റെ സുവിശേഷത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിൽ സുവിശേഷം പ്രചരിപ്പിക്കാനായി അലക്സാൻട്രിയായിലെ മെത്രാനായി പത്രോസ് ശ്ലീഹാ മർക്കോസിനെ നിയമിച്ചു. അവിടെ വച്ച് വിജാതീയർ മർക്കോസിനെ തടവിലാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എ.ഡി. 68 ൽ വി. മർക്കോസ് കൊല്ലപ്പെട്ടു.

വെനീസിലെ ബസലിക്കയിൽ വി. മർക്കോസിൻ്റെ ഭൗതികാ വശിഷ്ട‌ങ്ങൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

Write a Review