ജീവജ്വാല വായനക്കാർക്ക് സുപരിചിതനായ വിൻസെന്റ് ജേക്കബുമായി ഒരു അഭിമുഖം. താങ്കൾ ജീവജ്വാലയിൽ നാളുകളായി സ്ഥിരമായി എഴുതുന്ന വ്യക്തിയാണല്ലോ. എങ്ങിനെയാണ് കരിസ്മാറ്റിക്ക് നവീകരണത്തിൽ ഉറച്ചു നില്ക്കുവാൻ കഴിയുന്നത് ? കരിസ്മാറ്റിക്ക് നവീകരണം ആഗോള സഭയിൽ പുതിയൊരു ഉണർവിന്റെ കാറ്റുവീശിയ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു മുന്നേറ്റമാണ്. അതിന്റെ ശക്തി അനുഭവിച്ചറിഞ്ഞ ആർക്കും അതിൽ നിന്ന് മാറി നില്ക്കാനാകില്ല. അത് എന്നും നമ്മെ ഊർജ്ജസ്വലരായി നമ്മെ നയിച്ചു കൊണ്ടിരിക്കും. ദൈവം നമ്മെ നയിച്ചു കൊണ്ടിരിക്കുന്നു എന്ന ബോധ്യം കിട്ടിക്കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ നിധി . സുവിശേഷത്തിൽ പറഞ്ഞിട്ടുണ്ടല്ലോ - വയലിലെ നിധിയേയും, രത്ന വ്യാപാരിയേയും കുറിച്ച് (മത്തായി 13:414 - 51). ആ ഒരു ബോധ്യം ദൈവം എന്നിൽ നിക്ഷേപിച്ചതു കൊണ്ടാണ് ഈ ശുശ്രൂഷയിൽ നിലനില്ക്കുവാൻ സാധിക്കുന്നത്. ദൈവം എടുത്തു ഉപയോഗിക്കുന്ന മറ്റു ആത്മീയ മേഖലകൾ ഏതെല്ലാമാണ് . ഒന്ന് വിശദീകരിക്കാമോ? അധികം സമയം ഉപയോഗിക്കുന്നത് എന്റെ ഇടവകക്കു വേണ്ടി തന്നെയാണ്. എന്റെ ഇടവക തൃശൂർ രൂപതയിലെ കൂനം മൂച്ചിയാണ്. നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഒരു ഇടവകയാണ്. ശതാബ്ദി വർഷമായതിനാൽ പല കമ്മിറ്റികളും രൂപപ്പെടുത്തിയിട്ടുണ്ട്. അതിൽ എന്നെ സ്പിരിച്വൽ കൺവീനറായിട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണ ഒരു വർഷമല്ലല്ലോ ഒരു ഇടവകക്ക് ജൂബിലി വർഷമെന്നത്. ആത്മീയ ഉണർവ്വാണല്ലോ ഒരു ഇടവകയുടെ വളർച്ചക്ക് അടിസ്ഥാനമായി വേണ്ടത്. വികാരിയച്ചന്റെ നിർദ്ദേശങ്ങളനുസരിച്ച് സ്പിരിച്ചൽ കമ്മിറ്റി പ്രവർത്തിക്കുന്നു. എന്തെല്ലാമാണ് ശതാബ്ദിയുമായി ചെയ്ത ആത്മീയ ശുശ്രൂഷകൾ? ധാരാളം ശുശ്രൂഷകളിലേക്ക് ദൈവം നയിച്ചു. ആദ്യമായി ഇടവകയിൽ കാറ്റക്കീസം പഠിക്കുന്ന നാനൂറോളം കുട്ടികൾക്കായി മൂന്നു ദിവസത്തെ കോട്ടയം ക്രിസ്റ്റീന്റെ ഒരു ധ്യാനം നടത്തി. കഴിഞ്ഞ ദിവസം നിര്യാതനായ ബ്ര.ടീനേഷ് മാത്യുവിന്റെ ടീമായിരുന്നു. അവസാനത്തെ ദിവസത്തെ ആരാധന ഇടവകയിലെ കുഞ്ഞുങ്ങളേയും മാതാപിതാക്കളേയും ഒത്തിരി സ്പർശിച്ചു. അടുത്തതായി ദൈവം ഒരുക്കിയത് ഒരു വലിയ ബൈബിൾ കൺവെൻഷനായിരുന്നു. ബ്ര സാബു ആറു തൊട്ടിയിൽ നയിച്ച കൃപാഗ്നി കൺവെൻഷൻ. ഇടവകയിലേയും സമീപ പ്രദേശങ്ങളിലേയും ആയിരങ്ങൾ പങ്കെടുത്തു. നിരവധി കിടപ്പു രോഗികൾ എഴുന്നേറ്റു നടന്നു. നിരവധി അത്ഭുതങ്ങളും മാനസാന്തരങ്ങളും ഇടവകയിൽ സംഭവിച്ചു. ദൈവം ഇന്നും ജീവിക്കുന്നു എന്ന ഒരു ബോധ്യം പലരിലും സൃഷ്ടിക്കുവാൻ അതു വഴിയൊരുക്കി. തുടർന്ന് എല്ലാ മാസങ്ങളും എല്ലാ മാസാദ്യ ചൊവ്വാഴ്ച്ചകളിലും ഏകദിന ധ്യാനം നടന്നുകൊണ്ടിരിക്കുന്നു. ഇടവകയിൽ 18 യൂണിറ്റുകളാണ് ഉള്ളത്. യൂണിറ്റടിസ്ഥാനത്തിൽ സമ്പൂർണ്ണ ബൈബിൾ പാരായണം ഡിസംബറിൽ ഉണ്ടായി. ക്രിസ്തുമസ്സിന്റെ പാതിരാ കുർബ്ബാനക്ക് വരുമ്പോൾ ഓരോ യൂണിറ്റുകളും വെഞ്ചിരിച്ച ബൈബിളുകളുമായി റാലിയായിട്ടാണ് വന്നത്. വലിയ നോമ്പിൽ ഇടവകയിലെ മുഴുവൻ കുടുംബങ്ങളെ ചേർത്ത് സമ്പൂർണ്ണ ബൈബിൾ എഴുതക്കുന്നു. ഈസ്റ്ററിന് ഈ എഴുതിയ പേജുകൾ ചേർത്ത് സമ്പൂർണ്ണ ബൈബിൾ ബൈൻഡ് ചെയ്യും. ഓരോ ഭവനത്തിലും എഴുതാനറിയാവുന്ന എല്ലാവരും എഴുതുന്നു. എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇടവകക്കായി ഓൺ ലൈൻ കരുണക്കൊന്തയും രാത്രി 9 മണിക്ക് ജപമാലയും ചൊല്ലുന്നുണ്ട്. ധാരാളം പേർ എന്നും പങ്കെടുക്കുന്നുണ്ട്. ഇതു മൂലം ഇടവകയിൽ എന്തു പ്രാർത്ഥനാ വിഷയമുണ്ടായാലും ഞങ്ങൾ അറിഞ്ഞിരിക്കും. ഈ online കൂട്ടായ്മ മൂലം ഇടവകയിൽ വലിയൊരു കൂട്ടായ്മയും ഐക്യവുമാണ് രൂപപ്പെട്ടിരിക്കുന്നത് - അതായിരുന്നുവല്ലോ ആദിമ ക്രൈസ്തവരുടെ മനോഭാവം . രാത്രി ജപമാല യൂണിറ്റുകളും സംഘടനകളുമാണ് നേതൃത്വം നൽകുന്നത്. അതിനാൽ നേതൃത്വ ഗുണമുള്ള പലരേയും തിരിച്ചറിയുവാനും മുൻ നിരയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞു. ഇടവകയിൽ മറ്റു മേഖലകളിൽ എന്തെല്ലാം ശുശ്രൂഷകളാണ് ചെയ്യുന്നത് ? നാളുകളായി ഞാനൊരു കാറ്റക്കീസം അധ്യാപകനാണ്. കാറ്റക്കീസം പഠിച്ചു പോയ പല വിദ്യാർത്ഥികളുമായി ഇന്നും നല്ല അടുപ്പമുണ്ട്. ഇടവകയിൽ നിന്ന് വിവാഹം കഴിഞ്ഞു പോയിട്ടുള്ളവരും ദൂരദിക്കുകളിൽ ജോലി ചെയ്യുന്നവരുമുണ്ട്.പ്രാർത്ഥന ആവശ്യമുള്ളപ്പോൾ അവരെല്ലാം വിളിക്കാറുണ്ട്. എല്ലാ ഞായറാഴ്ച്ചയും ആ ആഴ്ച്ചയിലെ ഒരു വിശുദ്ധനെ അവതരിപ്പിക്കുന്നതിന് രണ്ടു വർഷമായി നേതൃത്വം കൊടുക്കുന്നത് ഞാനാണ്. അതു വഴി അറിയപ്പെടുന്ന വിശുദ്ധരെയെല്ലാം പരിചയപ്പെടുത്തുവാൻ കഴിഞ്ഞു. അത് വീഡിയോയാക്കി മാറ്റി ഇടവകയുടെ യു ട്യുബ് ചാനലിൽ പ്രദർശിപ്പിക്കുന്നതിനാൽ ആ ആഴ്ച്ചത്തെ വിശുദ്ധന്റെ ജീവചരിത്രം കൂടുതൽ ആഴത്തിൽ ഇടവകയിലെ ഭൂരിപക്ഷത്തിനും മനസ്സിലാക്കുവാൻ കഴിയുന്നു. കൂടാതെ കഴിവുള്ള വിദ്യാർത്ഥികളേയും കണ്ടു പിടിച്ച് പ്രോത്സാഹിപ്പിക്കുവാൻ കഴിയുന്നു. കൂടാതെ ഞങ്ങളുടെ കുടുംബ യൂണിറ്റിന്റെ പ്രസിഡണ്ടുമായി പ്രവർത്തിക്കുന്നു. അതു മൂലം യൂണിറ്റിലെ ഓരോ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു. കൂടാതെ ഇടവക പ്രാർത്ഥനാ കൂട്ടായ്മയിൽ ഭാരവാഹിയും മുടങ്ങാതെ പങ്കെടുക്കുകയും ചെയ്യുന്നു. മറ്റു ആത്മീയ രംഗങ്ങളിലും ഇടവകയിൽ സജീവമാണ്. സോഷ്യൽ മീഡിയ ഇന്നത്തെ കാലത്ത് വചന പ്രഘോഷണത്തിന് വലിയൊരു മാധ്യമമാണല്ലോ. എങ്ങിനെ അത് ഉപയോഗിക്കുന്നു? ഞാൻ ഇന്ന് അറിയപ്പെടുന്ന ഒരു വിധം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളെല്ലാം വചന പ്രഘോഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ധാരാളം അക്രൈസ്തവർ പോലും അത് കാണുന്നുണ്ട് എന്നറിയുമ്പോൾ വലിയ സന്തോഷം തോന്നുന്നു. വചനമായി ബന്ധമില്ലാത്തതൊന്നും ഞാൻ ചെയ്യാറില്ല. കൂടാതെ ഞാനെഴുതുന്ന എല്ലാ ആത്മീയ ലേഖനങ്ങളും വിശുദ്ധരുടെ ജീവിതങ്ങളുമൊക്കെയായി www.simplevoiceofgod.com എന്നൊരു ബ്ലോഗു സൈറ്റും ചെയ്യുന്നുണ്ട്. ധാരാളം പേർക്ക് അതു മൂലം വിശുദ്ധരെ പരിചയപ്പെടുവാനും ദൈവ വചനം കൂടുതൽ ആഴങ്ങളിൽ മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്. ഞാൻ സാങ്കേതിക വിദ്യാഭ്യാസ അടിത്തറയുള്ള ഒരു വ്യക്തിയല്ല. വളരേ ബുദ്ധിമുട്ടിയാണ് ഓരോന്നും പഠിച്ചെടുക്കുന്നത്. ദൈവത്തിനാവശ്യമുള്ളതിനാൽ ദൈവം തന്നെ ഇക്കാര്യങ്ങൾ പഠിപ്പിക്കുന്നു എന്നു മാത്രം ! പുതിയൊരു സുവിശേഷ മേഖലയും ദൈവം ഇപ്പോൾ തുറന്നു തന്നിരിക്കുന്നു - സോഷ്യൽ മീഡിയായിൽ 30 സെക്കന്റ് സമയത്തിനുള്ളിൽ നാളെ സീറോ മലബാർ ദേവാലയത്തിൽ വായിക്കുന്ന സുവിശേഷവും ചെറിയ പ്രാർത്ഥനാ ചിന്തയും ചേർത്ത് ഇന്ന് രാത്രി ഒരു കൊച്ചു വീഡിയോ. അതിലൂടെ ആയിരങ്ങൾക്ക് ലോകമെമ്പാടും സുവിശേഷം എത്തിക്കുവാൻ സാധിക്കുന്നു. അതിൽ പലതും 1.5 മില്യൻ views ന് മുകളിലാണ്.അതു പോലെ ഇംഗ്ലീഷിൽ ലാറ്റിൻ കുർബ്ബാനയുടെ സുവിശേഷം ഒരു കൊച്ചു വീഡിയോയിലൂടെ തുടങ്ങിയിട്ടുണ്ട്. അതു മൂലം ദേവാലയത്തിൽ ദിവ്യബലിക്കെത്തുമ്പോൾ ഇന്ന് വായിക്കുന്ന വചനഭാഗത്തെക്കുറിച്ച് ഒരു ചെറിയ ചിന്തയെങ്കിലും കാണുന്നവരിൽ തങ്ങി നില്ക്കും. പലരുടേയും മൊബൈൽ ഫോണിന്റെ സ്റ്റാറ്റസ് ഈ ചെറു വീഡിയോയാണ്. എല്ലാം ദൈവം നയിക്കുന്നു എന്ന് മാത്രമേ എനിക്ക് പറയുവാൻ അറിയുകയുള്ളൂ. ഒരു കാര്യം എനിക്ക് പറയുവാനുള്ളത് - നാമെല്ലാവരേയും ദൈവം വിവിധ ശുശ്രൂഷകൾക്കായി വിളിക്കപ്പെട്ടവരാണ്. (എഫേ 2:10) . കൂടുതൽ പേർ സോഷ്യൽ മീഡിയയിലൂടെ സുവിശേഷ പ്രഘോഷണത്തിന്റെ അനന്തസാധ്യതകളിലേക്ക് തിരിയണം - ലോകത്തിന്റെ ജീവിത രീതി മാറി. ഇന്ന് ഓരോ വ്യക്തിയുടേയും ജീവിതത്തിൽ മൊബൈൽ ഫോണിന് വലിയ സ്ഥാനമുണ്ട്. നാം ഏതു ശുശ്രൂഷയിലേക്കാണ് എന്നത് തിരിച്ചറിയുക. മറ്റൊരു ശുശ്രൂഷകനെ അനുകരിക്കാതിരിക്കുക. അത് നമുക്ക് തിരിച്ചറിയുക വ്യക്തിപരമായ പ്രാർത്ഥനയിലൂടെ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയാണ്. ആയതിനാൽ വ്യക്തിപരമായ പ്രാർത്ഥനയും സഭയോടുള്ള വിധേയത്വവും ആദരവും നമുക്കുണ്ടായാലേ ശുശ്രൂഷകളിൽ വളരുകയും നില നില്ക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. ‘നമ്മെ ദൈവം നട്ടിരിക്കുന്നത് ഇടവകയിലാണ് - അവിടെയാണ് നാം ആദ്യം പുഷ്പിക്കേണ്ടതും ഫലം പുറപ്പെടുവിക്കേണ്ടതും’ .ഇടവക നമ്മുടെ ആത്മീയ ജീവിതത്തിന്റെ പോഷണ കേന്ദ്രവും , ക്രിസ്തു കേന്ദ്ര ബിന്ദുവുമാകട്ടെ . താങ്കളുടെ കുടുംബത്തെ കുറിച്ചൊന്ന് പറയാമോ? ഇത്രയും ശുശ്രൂഷകൾ ചെയ്യണമെങ്കിൽ തീർച്ചയായും ജീവിത പങ്കാളിയുടേയും കുടുംബത്തിന്റേയും പിൻബലം വേണമല്ലോ? തീർച്ചയായും എന്റെ എല്ലാ ശുശ്രൂഷകൾക്കും അടിസ്ഥാനമായി മാറുന്നത് എന്റെ കുടുംബം തന്നെയാണ്. ഞാൻ UAE ലും ഒമാനിലുമായി ഒരു കമ്പനിയിൽ പർച്ചേസ് മാനേജറും,പ്രൊക്യൂർമെന്റ് ഓഫീസറായി റിട്ടയർ ചെയ്ത വ്യക്തിയാണ്. ഭാര്യയും രണ്ടു മക്കളും പേരക്കുട്ടികളുമടങ്ങുന്ന ഒരു കുടുംബം. ഭാര്യ പുഷ്പ - സ്കൂളിൽ ഗണിത ശാസ്ത്ര അദ്ധ്യാപികയായി കഴിഞ്ഞ വർഷം റിട്ടയർ ചെയ്തു. മകൾ സെന്നോ മരിയ, മകൻ സാഞ്ചോ വിൻസെന്റ്. രണ്ടു പേരും അബുദാബിയിൽ ജോലി ചെയ്യുന്നു. രണ്ടു പേർക്കും മക്കളായി. മരുമക്കൾ പോൾബിൻ, ആൻ മരിയ. പേരക്കുട്ടികൾ: ഇയാൻ , ഇവ, ഇള ശരിക്കും പ്രാർത്ഥനക്കും ശുശ്രൂഷകൾക്കും ഒന്നാം സ്ഥാനം കൊടുക്കുന്ന കുടുംബമാണ്. വീട്ടിൽ എപ്പോഴും പ്രാർത്ഥനാ അന്തരീക്ഷം. സാധിക്കുന്ന സമയങ്ങളിലെല്ലാം ജപമാല ചൊല്ലും. ധാരാളം പ്രശ്നങ്ങളിൽ കൂടെ കടന്നുപോയപ്പോൾ ദൈവമാണ് ഈ നിലയിലേക്ക് ഞങ്ങളെ ഉയർത്തിയത്. ദൈവത്തിനു നന്ദി പറയുന്നു
Johnson AJ
7th of April 2024
"I have been known to him for the last 58 years and it is very true that he has been rendering yeoman services to our parish."