വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ (Feast of St.Joseph)

Image

മാർച്ച് 19.

വാഴ്ത്തപ്പെട്ട മരിയ തോർത്തയുടെ ദൈവമനുഷ്യന്റെ സ്നേഹഗീത എന്ന വിശ്വപ്രസിദ്ധമായ പുസ്തകത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തെ ക്കുറിച്ച് ഹൃദയസ്പർശിയായ വിധത്തിലാണ് വിവരിച്ചിരിക്കുന്നത്. കണ്ണ് നിറയാതെ നമുക്കത് വായിക്കാനാവില്ല.ഇപ്രകാരമാണ് ആ രംഗം:

ഈശോ തൻ്റെ പണിപ്പുരയിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. മാതാവ് ഈശോയുടെ അടുക്കൽ ചെന്ന് യൗസേപ്പിതാവിന് അസുഖം കുടുതലാണെന്ന് അറിയിച്ചു. അപ്പോൾ ഈശോ പണിനിർത്തി. അമ്മയുടെ തോളിൽപിടിച്ചു സമാധാനിപ്പിച്ചുകൊണ്ട് അപ്പയുടെ അടുക്കലേക്ക് ചെന്നു, അപ്പ മകനെ നോക്കി പുഞ്ചിരിച്ചു. ഈശോ വേഗത്തിൽ തന്റെ പിതാവിന്റെ ശരീരം സ്നേഹത്തോടും സൂക്ഷ്മ‌തയോടും കൂടി പൊക്കി മെല്ലെ കിടക്കയിൽ കിടത്തി. മാതാവ് അദ്ദേഹത്തിന്റെ വിയർപ്പെല്ലാം തുടച്ചുകൊടുത്തു. മരണസമയത്ത് ചൊല്ലേണ്ട സങ്കീർത്തനങ്ങൾ എല്ലാം ഈശോ ചൊല്ലികൊടുത്തു. പിതാവിനെ ആശ്വസിപ്പിച്ചു. യൗസേപ്പിതാവിന്റെ മരണസമയം അടുത്തു. അദ്ദേഹം നിറകണ്ണുകളോടെ മാതാവിനെയും യൗസേപ്പിതാവിനെയും നോക്കി. അവസാനം യൗസേപ്പിതാവിന്റെ കണ്ണുകൾ അടഞ്ഞു. യൗസേപ്പിതാവിന്റെ കണ്ണുകൾ അടഞ്ഞപ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ താൻ കരഞ്ഞുപോയി എന്നാണ് ഈശോ മരിയാ വാൾത്തോൾത്തയോട് പറഞ്ഞത്. എന്റെ കളിക്കൂട്ടുകാരൻ പോയി, ഞങ്ങളുടെ വീട് ശൂന്യമായി ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ ആ വക്ഷസിൽ ഞാൻ എത്ര തവണ ഉറങ്ങിയിട്ടുണ്ട്. ഇങ്ങനെ പോയി ഈശോയുടെ ചിന്തകൾ.

വിശുദ്ധ യൗസേപ്പിതാവ് പൂർണ്ണമായും ദൈവത്തിൽ ആശ്രയിച്ച വ്യക്തിയായിരുന്നു. ശുദ്ധതയുടെ പര്യായമായ വ്യക്തിത്വം. സ്വപ്നങ്ങളിൽ കൂടി ദൈവ ഹിതം മനസ്സിലാക്കുവാനും ജീവിതം നിയന്ത്രിക്കുവാനും കഴിഞ്ഞ വ്യക്തി. നാമൊക്കെ പലതും ആരോടും തുറന്നു പറയുവാൻ സാധിക്കാത്ത ഒറ്റപ്പെടലിൻ്റെ അവസ്ഥയിൽ ജീവിതത്തിൽ പെട്ടു പോയിട്ടുണ്ടാകും. അവർക്കൊക്കെ മാതൃകയാണ് ഈ വിശുദ്ധൻ . ഒരു വ്യക്തിയെ പൂർണ്ണനാക്കുന്നത് പരിപൂർണ്ണമായ ദൈവാശ്രയ ബോധമാണ്. ദൈവം എന്നെ കാണുന്നു - എന്നെക്കുറിച്ച് ദൈവത്തിന് വ്യക്തിപരമായ പദ്ധതിയുണ്ട്. ആ തിരിച്ചറിവാണ് പൂർണ്ണമായി അദ്ദേഹത്തെ നയിച്ചിരുന്നത്. ഒരു കാര്യത്തിൽ പോലും ദൈവത്തോട് മറുചോദ്യത്തിന് അദ്ദേഹം മുതിർന്നില്ല.

1870 ൽ ഒമ്പതാം പിയൂസ് പാപ്പയാണ് വിശുദ്ധ യൗസേപ്പിതാവിനെ തിരുസഭയുടെ സംരക്ഷകനും പരിപാലകനുമായി പ്രഖ്യാപിച്ചത്. ഫ്രാൻസീസ് പാപ്പയുടെ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങു പോലും 2013 മാർച്ച് 19 നാണ് ഉണ്ടായത്.ഉറങ്ങുന്ന യൗസേപ്പിതാവിൻ്റെ ചിത്രം ലോക പ്രസിദ്ധമാക്കിമാക്കിയത് ഫ്രാൻസീസ് പാപ്പയാണ്..

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ നമുക്ക് നന്മരണത്തെക്കുറിച്ച് പ്രതീക്ഷയുള്ള ചിന്തകൾ നൽകുന്നുണ്ട് -ഭയപ്പെടുവാനുള്ളതല്ല മരണം. അത് നിത്യ ജീവിതത്തിലേക്കുള്ള വാതിലാണ്. എത്രയോ ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്.. ഈശോയും മാതാവും മരണസമയത്ത് കൂടെ നിന്ന് പരിചരിക്കുവാനും യാത്ര അയക്കുവാനും ഉണ്ടാവുക എന്നത് നമുക്കും ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. നന്മരണ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ

"ദൈവമേ, വാര്‍ധക്യവും നരയുംബാധി ച്ചഎന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്‌ അങ്ങയുടെ ശക്‌തി പ്രഘോഷിക്കാന്‍ എനിക്ക്‌ ഇടയാക്കണമേ!"

സങ്കീര്‍ത്തനങ്ങള്‍ 71 : 18

Showing verified guest comments

image

Donal

19th of March 2024

"🙏🌹🙏"

Write a Review